ജനദൃഷ്ടിയില്‍ , ദൈവദൃഷ്ടിയില്‍

അല്ലാഹു കാര്യങ്ങളെ വിലയിരുത്തുന്നത് മനുഷ്യര്‍ sadaqa.1വിലയിരുത്തുന്നത് പോലെയല്ല. അല്ലാഹു കാരുണ്യവാനാണ്, പാപങ്ങള്‍ പൊറുത്ത് കൊടുക്കുന്നവനും പശ്ചാതാപം സ്വീകരിക്കുന്നവനുമാണവന്‍. ബാഹ്യ വിശകലനം കൊണ്ടല്ല അവന്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുക. മറിച്ച് ഒരാളുടെ മാനസികാവസ്ഥയും ഉദ്ദേശ്യവും പരിഗണിച്ചാണ്. അല്ലാഹുവിന്റെ ത്രാസില്‍ പ്രവര്‍ത്തനങ്ങളുടെ വലുപ്പത്തിനോ അളവിനോ അല്ല പ്രാധാന്യം. പ്രവര്‍ത്തനത്തിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും അതില്‍ എത്രത്തോളം പ്രവാചകനെ(സ) പിന്‍പറ്റുന്നുണ്ടെന്നതുമാണ് അല്ലാഹു പരിഗണിക്കുക.

അല്ലാഹുവിനെയും അവന്റെ സൃഷ്ടികളെയും തമ്മില്‍ അടുപ്പിക്കുന്ന് ദൈവഭയം മാത്രമാണ്. അല്ലാഹുവിനോട് നന്നായി ഭയഭക്തി പുലര്‍ത്തുന്നവനാണ് അല്ലാഹുവിനോട് ഏറ്റവും അടുത്തവന്‍ ഏറ്റവും മാന്യനും അവന്‍ തന്നെ.   കര്‍മങ്ങള്‍ പരിഗണിക്കപ്പെടുന്നത്  മനസിന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ്, അന്ത്യദിനത്തില്‍ മനുഷ്യന് പ്രതിഫലം നല്‍കുന്നതും അങ്ങനെ തന്നെ, അല്ലാഹു  പറയുന്നു :
‘നിഗൂഢരഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം, അവന്‍ (അല്ലാഹു) മനുഷ്യനെ വീണ്ടും സൃഷ്ടിക്കാന്‍ കഴിവുള്ളവനാകുന്നു.’ (അത്വാരിഖ്) ഇത്തരത്തില്‍ ശുദ്ധവും ആത്മാര്‍ത്ഥവുമായ കാര്യങ്ങളാണ് വെളിപ്പെടുന്നതെങ്കില്‍ അതവന് സന്തോഷവാര്‍ത്തയാണ്. ഈ രഹസ്യങ്ങള്‍ നിന്ദ്യമാണെങ്കില്‍ എല്ലാ നന്മയും (സന്തോഷവും) നഷ്ടപ്പെടുന്നു. അല്ലാഹു പറയുന്നു: ‘കല്ലറകളിലടക്കം ചെയ്യപ്പെട്ടതൊക്കെയും പുറത്തെറിയപ്പെടുകയും മാറുകളില്‍ മറഞ്ഞുകിടക്കുന്നതൊക്കെയും വെളിപ്പെടുത്തി പരിശോധിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തെക്കുറിച്ച് അവര്‍ അറിയുന്നില്ലെന്നോ’ (അല്‍-ആദിയാത്)

ദുര്‍ബലനും രോഗിയും ദരിദ്രനുമായി അടിമയുടെ പ്രവര്‍ത്തനം ഉന്നതങ്ങളിലേക്ക് ഉയരുന്നതിന്റെ അടിസ്ഥാനം ഇതാണ്. ഉദ്ദേശ്യ ശുദ്ധിയില്ലാത്തത് കാരണം വലിയ ധനികന്റെ വലിയ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമായി മാറുകയും ചെയ്യുന്നു. ഇതിനെക്കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞത് നോക്കൂ അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ നോക്കുന്നില്ല, പക്ഷെ അല്ലാഹു നോക്കുന്നത,് നിങ്ങളുടെ ഹൃദയത്തിലേക്കാണ്. (മുസ്‌ലിം) ഇതിനെ വിശദീകരിച്ചു കൊണ്ട് മനാവി പറയുന്നു : പ്രത്യക്ഷപരമായ കാര്യങ്ങള്‍ നോക്കി അല്ലാഹു പ്രതിഫലം നല്‍കില്ല അങ്ങനെയുള്ള കര്‍മങ്ങള്‍ കൊണ്ട് ഫലവുമില്ല അതുവഴി ദൈവഭക്തിയുമുണ്ടാകില്ല. എന്നാല്‍ അല്ലാഹു ശ്രദ്ധിക്കുന്നത് ദൈവഭയം നിലകൊള്ളുന്ന ഹൃദയത്തിലേക്കാണ്.

ഈ നിലപാട് അന്ത്യ ദിനത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് നോക്കാം, ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിയുണ്ടാകണമെന്നാ ഗ്രഹിച്ച് കര്‍മം ചെയ്തവരെ അല്ലാഹു അവര്‍ക്ക് ചെയത് കൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ച് ബോധിപ്പിച്ച ശേഷം നിന്ദിക്കും. അവര്‍ക്ക് സല്‍കര്‍മങ്ങളില്ലാത്തത് കൊണ്ടല്ല അവരെ ശിക്ഷിക്കുന്നത് അവര്‍ വലിയ കര്‍മങ്ങള്‍ ചെയ്തവരാണ്. പക്ഷെ അവരുടെ കര്‍മങ്ങളുടെ ഉദ്ദേശ്യം മോശമായതിനാലാണ് അവരെ ശിക്ഷിക്കുന്നത്. അവരില്‍ നന്നായി ഖുര്‍ആന്‍ പാരായണം ചെയ്തവനും ദാന ധര്‍മം ചെയ്തവരുമെല്ലാം ഉണ്ടാകും.

അബൂ ഹുറൈറ (റ) പ്രവാചകനെ ഉദ്ദരിക്കുന്നു. അന്ത്യദിനത്തില്‍ ജനങ്ങളില്‍ ആദ്യം വിചാരണക്ക് വിധേയമാകുന്നത് ദൈവമാര്‍ഗത്തില്‍ രക്തസാക്ഷിയായ വ്യക്തിയായിരിക്കും. അയാളെ കൊണ്ട് വരപ്പെടും, അയാള്‍ക്ക് അല്ലാഹു ചെയത് കൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ച് അയാള്‍ക്ക് അറിയിച്ച് കൊടുക്കുകയും, അയാള്‍ക്ക് അത് മനസിലാകുകയും ചെയ്യും. എന്നിട്ട് ആ അനുഗ്രഹങ്ങള്‍ കൊണ്ട് എന്ത് ചെയ്തു എന്ന് ചോദിക്കും. അപ്പോള്‍ അദ്ദേഹം പറയും ഞാന്‍ ദൈവമാര്‍ഗത്തില്‍ രക്തസാക്ഷിയാകും വരെ നിന്റെ മാര്‍ഗത്തില്‍ പോരാടി. അപ്പോള്‍ അല്ലാഹു പറയും കളവാണ് നീ പറഞ്ഞത്. നീ ധീരനാണെന്ന് പറയിക്കുന്നതിനാണ്  യുദ്ധം ചെയ്തത്. പിന്നീട് അവനെ പിടികൂടാന്‍ കല്‍പിക്കുകയും, അവന്റെ മുഖം കുത്തി നരകത്തിലേക്ക് വലിച്ചെറിയുകയും ചെയ്യും. വിജ്ഞാനം അഭ്യസിക്കുകയും അത് പഠിപ്പിക്കുകയും ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്ത വ്യക്തിയെയാണ് പിന്നീട് കൊണ്ട് വരിക അയാള്‍ക്ക് അല്ലാഹു ചെയ്ത് കൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ച് ചോദിക്കുകയും അയാളത് അംഗീകരിക്കുകയും ചെയ്യും പിന്നീട് ആ അനുഗ്രഹങ്ങള്‍കൊണ്ട് എന്ത് പ്രവര്‍ത്തിച്ചു എന്ന് ചോദിക്കും അപ്പോള്‍ അയാള്‍ പറയും ഞാന്‍ അറിവ് പഠിക്കുകയും, അത് പഠിപ്പിക്കുകയും, ഖുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്തു. അപ്പോള്‍ അല്ലാഹു അയാളോട് പറയും നീ വിദ്യയഭ്യസിച്ചത് നിന്നെ പണ്ഡിതന്‍ എന്നു പറയാനാണ് നീ നല്ല ഖാരിആണെന്ന് അറിയപ്പെടാനാണ് നീ ഖുര്‍ആന്‍ പാരായാണം ചെയ്തത്. പിന്നീട് അവനെ പിടികൂടാന്‍ അല്ലാഹു കല്‍പിക്കുകയും അവന്റെ മുഖം കുത്തി നരകത്തിലേക്ക് വലിച്ചെറിയുകയും ചെയ്യും. മൂന്നാമതായി അല്ലാഹു ധാരാളം സമ്പത്ത് നല്‍കിയ ഒരാളെ ഹാജറാക്കും. അയാള്‍ക്ക് അല്ലാഹു ധാരാളം ധനം നല്‍കിയിട്ടുണ്ടായിരുന്നു. അയാള്‍ക്ക് അല്ലാഹു ചെയത് കൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ച്  അറിയിച്ച് കൊടുക്കുകയും അയാള്‍ക്കത് മനസിലാകുകയും ചെയ്യും. എന്നിട്ട് അയാളോട് ആ അനുഗ്രഹങ്ങള്‍ കൊണ്ട് എന്ത് പ്രവര്‍ത്തിച്ചുവെന്ന് ആരായും. അപ്പോള്‍ അയാള്‍ പറയും അത് മുഴുവന്‍ ദൈവമാര്‍ഗത്തില്‍ ചെലവഴിച്ചു. അപ്പോള്‍ അയാളോട് അല്ലാഹു പറയും കളവാണ് നീ പറഞ്ഞത്  ദൈവമാര്‍ഗത്തില്‍ ധനം ചെലവഴിച്ചത് നീ വലിയ ഉദാരനാണ് എന്ന് പറയിക്കുന്നതിന് വേണ്ടിയാണ്.  പിന്നീട് അവനെ പിടികൂടാന്‍ അല്ലാഹു കല്‍പിക്കുകയും അവന്റെ മുഖം കുത്തി നരകത്തിലേക്ക് വലിച്ചെറിയുകയും ചെയ്യും.

മൂല്യമുള്ള കര്‍മങ്ങള്‍ ജീവിതത്തിലുണ്ടാവുകയെന്നത് സത്യസന്ധരായ വിശ്വാസികള്‍ക്ക് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. വിശ്വാസികള്‍ അവരുടെ ഹൃദയം നന്നാക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്താല്‍ അല്ലാഹു അവരുടെ കര്‍മങ്ങളുടെ മൂല്യം ഇരട്ടിപ്പിക്കുകയും പൊതുവെ ചെറിയ കര്‍മങ്ങളായി ജനങ്ങള്‍ കണക്കാക്കുന്ന പല കാര്യങ്ങളും അല്ലാഹുവിന്റെ അടുക്കല്‍ വലിയ പ്രതിഫലമുള്ള കര്‍മങ്ങളാണ്. ഇബ്‌നുല്‍ മുബാറക് ഒരിക്കല്‍ പറഞ്ഞു : ‘എത്രയെത്ര ചെറിയ കര്‍മങ്ങളാണ് ഉദ്ദേശ്യശുദ്ധി കൊണ്ട് മഹത്തരങ്ങളായത്, എത്രയെത്ര വലിയ പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശ്യശുദ്ധി നിസ്സാരമാക്കിയിരിക്കുന്നത്.’
ഇമാം ഇബ്‌നു തൈമിയ്യ(റ) പറഞ്ഞു : കര്‍മങ്ങളില്‍ ഒരിനം മനുഷ്യന്‍ അത് ആത്മാര്‍ത്ഥതയോടും അല്ലാഹുവിന് കീഴൊതൊങ്ങിയും അനുഷ്ഠിക്കുന്നവയാണ്. അവ മുഖേനെ അവന്റെ പാപങ്ങള്‍ പൊറുത്ത് കൊടുക്കുക്കപ്പെടും.’

ആയിശ(റ) പറയുന്നു : രണ്ടു പെണ്‍കുട്ടികളുമായി അഗതിയായ ഒരു സ്ത്രീ എന്റെയടുക്കല്‍ വന്നു. ഞാനവര്‍ക്ക് മൂന്ന് ഈത്തപ്പഴങ്ങള്‍ നല്‍കി. ആസ്ത്രീ അതില്‍ നിന്ന് ഓരോന്ന് രണ്ടു കുഞ്ഞുങ്ങള്‍ക്കുമായി വീതിച്ച് നല്‍കി. പിന്നെ ആ സ്ത്രീ മൂന്നാമത്തെ ഈത്തപ്പഴം മുറിച്ച് രണ്ട് പകുതിയാക്കി തന്റെ കുഞ്ഞുങ്ങള്‍ക്ക് നല്‍കി. ഈ സ്ത്രീയുടെ പ്രവര്‍ത്തനത്തില്‍ അല്‍ഭുതം പൂണ്ട ഞാന്‍ അക്കാര്യം നബിയോട് സൂചിപ്പിച്ചു അപ്പോള്‍ നബി(സ) പറഞ്ഞു ‘അല്ലാഹു അവരുടെ ആ പ്രവര്‍ത്തനം അവര്‍ക്ക് സ്വര്‍ഗം അനിവാര്യമാക്കിയിരിക്കുന്നു, അല്ലെങ്കില്‍ നരഗത്തില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നു.’  (മുസ്‌ലിം)

പ്രവാചകന്‍(സ)യില്‍ നിന്ന് അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തീരെ നന്മകള്‍ ചെയ്യാത്ത ഒരു മനുഷ്യനുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ തന്റെ ഭൃത്യനോട് ഇങ്ങനെ പറയാറുണ്ടായിരുന്നു : ധനികരില്‍ നിന്ന് തിരിച്ചു വാങ്ങുകയും പ്രയാസമനുഭവിക്കുന്നവര്‍ക്ക് വിട്ടുവീഴ്ച്ച അനുവദിക്കുകയും ചെയ്യുക, അല്ലാഹു നമ്മോടും വിട്ടുവീഴ്ച്ച കാണിച്ചേക്കാം. പിന്നീട് അയാള്‍ മരിച്ചപ്പോള്‍ അല്ലാഹു അയാളോട് ചോദിച്ചു-നീ എപ്പോഴെങ്കിലും നന്മ പ്രവര്‍ത്തിച്ചിട്ടുണ്ടോ? അപ്പോള്‍ അയാള്‍ പറയും : ഇല്ല, ഞാന്‍ ആളുകള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. കടം പിരിച്ചെടുക്കാന്‍ പോകുമ്പോള്‍ അവരിലെ സമ്പന്നരില്‍നിന്ന് കടം പിരിച്ചെടുക്കാനും പ്രയാസമനുഭവിക്കുന്നവരെ ഒഴിവാക്കാനും, അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അല്ലാഹു നമ്മോടും വിട്ടുവീഴ്ച്ച കാണിക്കുമെന്ന് എന്റെ ഭൃത്യനോട് പറഞ്ഞിരുന്നു. അപ്പോള്‍ നിന്നോട് ഞാന്‍ വിട്ടുവീഴ്ച്ച കാണിച്ചിരിക്കുന്നു എന്ന് അല്ലാഹു അവനോട് പറയും. (നസാഇ)

ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസില്‍ അബൂഹുറൈറ(റ) പ്രവാചകനെ ഉദ്ധരിക്കുന്നു. ഒരുമനുഷ്യന്‍ നടന്ന് പോകുകയായിരുന്നു. അയാള്‍ക്ക് ദാഹം തോന്നി അയാള്‍ കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ദാഹം മാറ്റി പുറത്ത് വന്നു. അപ്പോള്‍ ദാഹിച്ച് വലഞ്ഞ നായയെക്കണ്ടു. കഠിന ദാഹത്താല്‍ അത് മണ്ണ് കപ്പിക്കോണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അയാള്‍ പറഞ്ഞു. എനിക്ക് ദാഹമുണ്ടായിരുന്നത് പോലെ ഇതിനും ദാഹമുണ്ട്. അദ്ദേഹം തന്റെ കാലുറ അഴിക്കുകയും അതില്‍ വെള്ളം നിറച്ച് നായയെ കുടിപ്പിക്കുകയും ചെയ്തു. എന്നിട്ട് അല്ലാഹുവിന് നന്ദി രേഖപ്പെടുത്തി. അല്ലാഹു അയാള്‍ക്ക് പൊറുത്തുകൊടുക്കുകയും ചെയ്തു. അപ്പോള്‍ സ്വാഹാബികള്‍ പ്രവാചകനോട് ചോദിച്ചു : ഞങ്ങളുടെ മൃഗങ്ങളില്‍ ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടോ ? പ്രവാചകന്‍ പറഞ്ഞു പച്ചക്കരളുളള ഓരോ ജീവിയിലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.

അബൂഹുറൈ(റ) പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു’ജനങ്ങള്‍ക്ക് വഴിയില്‍ ഉപദ്രവമായി നിന്നിരുന്ന ഒരു മരക്കൊമ്പ് മുറിച്ച് മാറ്റിയതിനാല്‍ സ്വര്‍ഗം ആസ്വദിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടു.’

ഖാലിദ് റൂശ
വിവ : അബ്ദുല്‍ മജീദ് കോഡൂല്‍

(Islam Online)

Related Post