തൊഴിലെടുക്കാനുള്ള മനസ്സ്‌

ലോകത്ത് നിയുക്തരായ എല്ലാ പ്രവാചകന്മാരും ജീവിതത്തിലെ മുഴുരംഗങ്ങളിലേക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജീവിത സരണിയില്‍ നാം ആര്‍ജിക്കേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ ആവശ്യമായ സന്ദര്‍ഭങ്ങളിലോക്കെ അവര്‍ നല്‍കിയിരുന്നതായി നമുക്ക് കാണാം. നബിമാര്‍ വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും ഒരുപോലെ ലോകര്‍ക്ക് മാതൃക കാണിച്ചവരായിരുന്നു. നമസ്‌കാരം പോലെയുള്ള ആരാധനാനുഷ്ടാനങ്ങളില്‍ വഴി കാണിച്ചപോലെ കച്ചവടം, കൃഷി, തൊഴിലുകള്‍ തുടങ്ങിയ മേഖലകളിലും വ്യക്തമായ മാതൃക നമുക്ക് കാണിച്ച് തന്നിട്ടുണ്ട്.
അധ്വാനിച്ച് ജീവിക്കേണ്ടതിന്റെ അനിവാര്യതയും അതിന്റെ മഹത്വവും നമുക്ക് ബോധ്യപ്പെടാവുന്ന മഹിതമായ മാതൃകകള്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍ നിന്നും നമുക്ക് ധാരാളമായി ദര്‍ശിക്കാം. വിദ്യാഭ്യാസം ലക്ഷ്യം തെറ്റി കേവലം തൊഴിലന്വേഷണമായിത്തീര്‍ന്നിട്ട് കാലമേറെയായി. ഭൗതിക വിദ്യാഭ്യാസരംഗത്ത് ഉണ്ടായിത്തീര്‍ന്ന അഭൂതപൂര്‍വമായ വമ്പിച്ച പുരോഗതി അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ ആയിരങ്ങളെ സമൂഹത്തിലെങ്ങും സംഭാവന ചെയ്തിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ അതിപ്രസരം ഒരു ഭാഗത്ത് മഹത്തായ വികാസം പ്രാപിക്കുമ്പോള്‍ ഇവക്കിടയില്‍ പരാജയപ്പെട്ട് കാലിടറി പാതിവഴിയില്‍ കൊഴിഞ്ഞ് വീഴുന്നവരുടെ സ്വപ്‌നങ്ങള്‍ ചിറകറ്റു പോകുന്നത് പലരും അറിയുന്നില്ല.

ഇത്തരക്കാരുടെ നൊമ്പരങ്ങള്‍ പലപ്പോഴും വനരോദനമായി മാറുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ മുമ്പത്തേതുപോലെ വിദേശികള്‍ക്ക് വേണ്ടി വാതായനങ്ങള്‍ മലര്‍ക്കെ തുറന്ന് വെച്ചിട്ടുമില്ല. സ്വദേശിവത്കരണത്തിന്റെ പാതയില്‍ മുന്നേറാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ അനുധാവനം ചെയ്യാന്‍ പറ്റുമെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധി കാരികള്‍ ദൈനംദിനം ഗവേഷണങ്ങള്‍ ആസൂത്രണം ചെയ്ത് കൊണ്ടിരിക്കുകയാണ്. അതിനായി പ്രത്യേകം വിശാരദന്മാര്‍ പ്രായോഗികപഠനങ്ങള്‍ നടത്തി വേണ്ട നടപടികള്‍ കൈകൊള്ളുന്നതും ഓരോ പ്രവാസിയും ഹൃദയമിടിപ്പോടെ ഇപ്പോള്‍ കണ്ട് കൊണ്ടിരിക്കുന്നു.

മുസ്‌ലിം സമുദായം മറ്റുള്ളവരെ അതിരുവിട്ട് ആശ്രയിച്ച് ജീവിക്കേണ്ടവരുടേയും ഒന്നിനും കൊള്ളരുതാത്തവരുടെയും ഒരു സംഘമാകാവതല്ല. സാധ്യമാകുന്ന തൊഴിലെടുത്ത് അധ്വാനിച്ച് ജീവിക്കാന്‍ നമുക്കാവണം. ഏതെങ്കിലും ഒരു ഗുണം അന്തര്‍ലീനമായി കിടക്കാത്ത ഒരാളുമില്ല. കായികമായി ഓരോരുത്തര്‍ക്കും വ്യതിരിക്തമായ കഴിവുകളാണ് സൃഷ്ടാവ് നല്‍കിയിരിക്കുന്നത്. കല്ലുവെട്ട് മുതല്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം വരെ വിവിധ തൊഴില്‍ ശേഷി നേടിയവര്‍ ധാരാളമാണ്. നമ്മുടെ നാടുകളില്‍ തെറ്റായ തൊഴില്‍ വിഭജനം ഇപ്പോഴും ഒരു തീരാശാപമായി നിലനില്‍ക്കുന്നു. ഇതിനെക്കുറിച്ച് ശരിയായി നാം വിലയിരുത്തുമ്പോള്‍ നമ്മുടെ തന്നെ തെറ്റായ സമീപനത്തിന്റെ പരിണിതഫലമായി ഇതിനെ നമുക്ക് കാണാം.

മരപ്പണിയെടുക്കുന്നവന്‍ ആശാരിയും കല്‍പ്പണിയെടുക്കുന്നവന്‍ മണ്ണാനും ഇരുമ്പ് പണിയെടുക്കുന്നവന്‍ കൊല്ലനും സ്വര്‍ണപ്പണിയെടുക്കുന്നവന്‍ തട്ടാനും ആണ് എന്ന അവസ്ഥക്ക് വലിയ മാറ്റങ്ങളൊന്നും ഇന്നും സമൂഹത്തില്‍ കാണാന്‍ കഴിയില്ല. ജാതീയതയുടെ അടിസ്ഥാനത്തിലുള്ള ഈ തൊഴില്‍ വേര്‍തിരിവില്‍ മുസ്‌ലിം ‘ഖൗമി’നു കിട്ടിയത് ബാര്‍ബര്‍ പണിയാണെന്ന് ചിലരെങ്കിലും പറയുന്നത് നമുക്ക് കേള്‍ക്കാം. മാത്രമല്ല ഈ തൊഴില്‍ വിഭജന കാരണത്താല്‍ ബാര്‍ബര്‍മാരെ വേറൊരു ഉപജാതിയായി മാറ്റിവെച്ചവരും സമൂഹത്തിലുണ്ട്. നാട്ടില്‍ കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകള്‍ ഇന്ന് മറ്റുപലരുമാണ് കയ്യടക്കി വെച്ചിരിക്കുന്നത് എന്നതും ഒരു വസ്തുതയായി ഇപ്പോഴും നിലനില്‍ക്കുന്നു. അനുവദനീയമായ മാര്‍ഗത്തിലൂടെയാണെങ്കില്‍ ഏതു തൊഴിലും ഇസ്‌ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഏത് ജോലി ചെയ്യുന്നവനും ഇസ്‌ലാമില്‍ ഒരേ സ്ഥാനമാണുള്ളത്. ജോലി ചെയ്യുന്നത് ഹലാലായ മാര്‍ഗത്തിലൂടെയാണോ എന്നതാണ് ഇസ്‌ലാം പരിഗണിക്കുന്നത്. സ്വയം അധ്വാനിച്ച് ജീവിക്കുന്നവര്‍ക്ക് മഹത്വം കൂടുതലാണെന്ന് നബിവചനങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം.’ കായികാധ്വാനത്തിലൂടെ പരിക്ഷീണിതനാകുന്നവന്‍ അതുവഴി പാപമോചിതനാകുന്നു’ എന്ന പ്രവാചകവചനം ഇതാണ് നമുക്ക് പഠിപ്പിച്ചു തരുന്നത്. പ്രവാചകന്മാരുടെ ചരിതങ്ങള്‍ നാം പഠന വിധേയമാക്കുമ്പോള്‍ ജീവിതത്തിന്റൊ വിവിധ രംഗങ്ങളില്‍ വ്യത്യസ്ഥ തൊഴിലുകളില്‍ അവര്‍ എര്‍പ്പെട്ടിരുന്നതായി നമുക്ക് ബോധ്യമാകും. ദാവൂദ് നബി പ്രവാചകനും ഭരണാധികാരിയുമായിരുന്നുവെങ്കിലും അദ്ദേഹം ജീവിതം നയിച്ചിരുന്നത് കൊല്ലപ്പണിക്കാരനായിട്ടായിരുന്നു. സകരിയാനബി ആശാരിപ്പണി ചെയ്തിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇബ്‌റാഹീംനബി കര്‍ഷകനും മരപ്പണിക്കാരനുമായിരുന്നുവെന്ന് ചരിത്രം നമുക്ക് വിവരിച്ച് തരുന്നു. ഇദ്‌രീസ് നബി തുന്നല്‍ക്കാരനും ഹൂദ്, സാലിഹ് എന്നീ നബിമാര്‍ കച്ചവടക്കാരായും അയ്യൂബ് നബി കര്‍ഷകനായും മൂസ, ശുഹൈബ്, മുഹമ്മദ് എന്നീ പ്രവാചകന്മാര്‍ ഇടയവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതായും ചരിത്ര വായനയിലൂടെ നമുക്ക് മനസ്സിലാക്കാം. എല്ലാ പ്രവാചകന്മാരും സ്വകരങ്ങളാല്‍ അധ്വാനിച്ച് ജീവിച്ച മാതൃകയാണ് നമുക്ക് കാണിച്ച് തന്നിരിക്കുന്നത്. ‘ഏറ്റവും ഉത്തമമായ ഭക്ഷണം സ്വന്തംകൈകള്‍ കൊണ്ട് അധ്വാനിച്ച് തിന്നുന്നതാണ്’ എന്ന് മുഹമ്മദ്‌നബി പറഞ്ഞതും ഈ സന്ദര്‍ഭത്തില്‍ നാം സ്മരിക്കുക.

നാട്ടിലും സോഷ്യല്‍ മീഡിയകളിലും അലഞ്ഞുതിരിഞ്ഞ് കളിതമാശകള്‍ക്ക് വിലപ്പെട്ട സമയത്തിന്റെ നല്ലൊരു ഭാഗം വ്യയം ചെയ്ത് സ്വയം നശിക്കുന്നവരെ വിവിധ തൊഴില്‍ മേഖലകളിലേക്ക് തിരിച്ച് വിടാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സ്വയം അഭിവൃദ്ധി നേടുന്നുവെന്നത് മാത്രമല്ല; സമുദായത്തിന് നിര്‍ഭയത്വവും പുരോഗതിയും ഇതിലൂടെ ലഭിക്കുകയും ചെയ്യും. ആരാധനകള്‍ മാത്രമല്ല; അധ്വാനവും പുണ്യകരമായ കര്‍മമാണ്. ജീവിതായോധനത്തിന്റെ മാര്‍ഗത്തില്‍ ഏര്‍പ്പെട്ടവന് പാപങ്ങളില്‍ ചിലത് അല്ലാഹു പൊറുത്തു കൊടുക്കും. പണിയെടുത്ത് ജീവിക്കാനാണ് ഇസ്‌ലാം നമ്മോട് ആഹ്വാനം ചെയ്യുന്നത്. നാം അലസരായി മാറിക്കൂടാ. ‘വൈറ്റ്‌കോളര്‍’ മനസ്ഥിതി പുതുതലമുറയിലേക്ക് വരാതിരിക്കാന്‍ നാം ജാഗ്രത കൈകൊള്ളേണ്ടത് കാലഘട്ടത്തിന്റെ ഇപ്പോഴത്തെ ഒരനിവാര്യതയാണ്. സ്വന്തം ഭൂമിയുള്ളവര്‍ അവ പ്രയോജനപ്പെടുത്തി എന്തെങ്കിലും കൃഷി ചെയ്യാന്‍ മുന്നോട്ടു വരേണ്ടതുണ്ട്. വിശാലമായ ഭൂമി സ്വന്തമായുള്ള പലരും കുറഞ്ഞ ഭൂമി കയ്യിലുള്ള കര്‍ഷകരില്‍ നിന്നും സാധങ്ങള്‍ വാങ്ങുന്നതിലെ വൈരുദ്ധ്യത്തെ കുറിച്ച് നാമെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? സ്വന്തം വീടിന്റെ പരിസരത്തും പറമ്പിലും അല്‍പമെങ്കിലും അധ്വാനിക്കാനുള്ള മനസ്സ് എന്ത് കൊണ്ട് നമുക്കില്ലാതെ പോകുന്നു?

തൊഴിലൊന്നും ചെയ്യാതെ അലസത കാട്ടി നടന്നിരുന്ന ഒരാളോട് നബി തിരുമേനി കോടാലി വാങ്ങി കാട്ടിലേക്ക് പോകാന്‍ കല്‍പിച്ചു. പതിനഞ്ചു ദിവസങ്ങള്‍ നാട്ടില്‍ കാണരുതെന്നും അവിടുന്ന് താക്കീത് നല്‍കി. ഇക്കാരണത്താല്‍ മടിയനായിരുന്ന അയാള്‍ ജോലി ശീലിച്ച് രക്ഷപെടുകയും ചെയ്തു. പള്ളിയില്‍ ചടഞ്ഞിരിക്കലല്ല സല്‍ക്കര്‍മം, തൊടിയില്‍ പണിചെയ്യുന്നതും വിറക് വെട്ടുന്നതും, തൊഴില്‍ കേന്ദ്രങ്ങളില്‍ കഴിയുന്നതും മറ്റുള്ള ഏത് അധ്വാന പരിശ്രമങ്ങളില്‍ മുഴുകുന്നതും നല്ലകര്‍മങ്ങളായി തന്നെ വിലയിരുത്തപ്പെടും. അല്ലാഹു വിലക്കിയതല്ലാത്ത എതു സമ്പാദ്യവും ഒരാള്‍ക്ക് ജീവിതത്തില്‍ ഏത് ജോലി മുഖേന നേടാനും ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. ഇന്ന് ലോകത്ത് യാചകരുടെ എണ്ണം സമൂഹത്തില്‍ ഏറി വരികയാണ്. അലസന്മാരും തട്ടിപ്പുകാരും, പിടിച്ചുപറിക്കാരും ആധുനിക സാങ്കേതിക വിദ്യകള്‍ വരെ ഉപയോഗപ്പെടുത്തി ചൂഷണം ചെയ്ത് മറ്റുള്ളവരുടെ സമ്പത്ത് നേടുന്നവരും സകല സീമകളും ലംഘിച്ചു സമൂഹത്തില്‍ സ്വൈര വിഹാരം നടത്തുകയാണ്. ശരീര തൃഷ്ണയില്‍ മാത്രം മേഞ്ഞുനടന്ന് അതിരുവിട്ടലയുന്ന മടിയന്മാരുടെ കൂട്ടം നമ്മുടെ സമൂഹത്തിന്റെ തീരാശാപമായി മാറാന്‍ ഇനിയും നാം അനുവദിക്കരുത്. പുതുതലമുറക്ക് നേരായ രീതിയിലുള്ള സമ്പാധ്യശീലത്തെ കുറിച്ച ബോധവത്കരണം സജ്ജീവമായി നടക്കേണ്ടതുണ്ട്. അധ്വാനത്തിന്റെ് മഹത്വത്തെ കുറിച്ചുള്ള ചിന്തകള്‍ നമ്മുടെ വളര്‍ന്നുവരുന്ന മക്കള്‍ക്ക് നമ്മുടെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കണം. എങ്കില്‍ മാത്രമേ പ്രവാചകസരണി അനുധാവനം ചെയ്ത്, നിഷ്‌ക്രിയത കൈവെടിഞ്ഞ് പണിയെടുക്കുന്ന ഒരു ഒരു തലമുറയെ നമുക്ക് സ്വപ്‌നം കാണാനാവൂ.
2706686582_d4d1a63529_z
അനീസുദ്ദീന്‍ ചെറുകുളമ്പ്<

Related Post