സ്വാതന്ത്ര്യസമരത്തില്‍ മുസ് ലിംകളുടെ പങ്ക്

 

Flag_of_India.svg

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ അധിനിവേശിക്കുമ്പോള്‍ മുസ്്‌ലിംകളായിരുന്നു ഇവിടത്തെ ഭരണാധികാരികള്‍. മുസ്്‌ലിം ഭരണകൂടങ്ങളെ തോല്‍പിച്ചാണ്, ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ചത്. സ്വാഭാവികമായും ബ്രിട്ടീഷ് ഭരണം ഹിന്ദുക്കളെക്കാള്‍ മുസ്്‌ലിംകളെയാണ് പ്രകോപിപ്പിച്ചത്. മാത്രമല്ല, ഇന്ത്യയിലെ ബ്രിട്ടീഷ് നയം തുടക്കം മുതലേ ഹിന്ദു അനുകൂലവും മുസ്്‌ലിം വിരുദ്ധവുമായിരുന്നു. ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തെ പ്രീണനത്തിലൂടെ വശത്താക്കുകയും മുസ്്‌ലിംകളെ ബോധപൂര്‍വം അവഗണിക്കുകയും ചെയ്യുക എന്നതായിരുന്നു പ്രസ്തുത നയത്തിന്റെ കാതല്‍. ഹിന്ദുക്കളെ സംബന്ധിച്ചേടത്തോളം വിദേശ ഭരണംകൊണ്ട് കൂടുതലൊന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. മുഗളരുടെ സ്ഥാനത്ത് ബ്രിട്ടീഷുകാര്‍-അത്രമാത്രം. മുസ്്‌ലിം ഭരണകാലത്ത് പേര്‍ഷ്യന്‍ ഭാഷ പഠിച്ച് ഭരണത്തില്‍ പങ്കാളികളായ ഹിന്ദുക്കള്‍ ഇപ്പോള്‍ ഇംഗ്ലീഷ് ഭാഷ പഠിച്ച് ബ്രിട്ടീഷ് ഭരണത്തിലും പങ്കാളികളായി. എന്നാല്‍ മുസ്്‌ലിംകളുടെ സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക-മതരംഗങ്ങളിലെല്ലാം ഇംഗ്ലീഷ് ഭരണം ആഘാതങ്ങള്‍ വരുത്തിവെച്ചു. അവരുടെ വിശ്വാസം പോലും ചോദ്യം ചെയ്യപ്പെട്ടു.

മുഗളരോടും ഇസ്്‌ലാമിനോടുമുള്ള വിരോധം മൂലം മുസ്്‌ലിംകളുടെ ശക്തി ക്ഷയിപ്പിക്കാന്‍ ഇംഗ്ലീഷുകാര്‍ ബോധപൂര്‍വം തന്നെ ശ്രമിച്ചിരുന്നു. ഇതിന്റെയൊക്കെ ഫലമായി, ഇന്ത്യയില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ആദ്യമായി രംഗത്തുവന്നതും ബഹുജന പ്രസ്ഥാനം കെട്ടിപ്പടുത്തതും മുസ്്‌ലിംകളായിരുന്നു.
മുഗള്‍ ഭരണത്തിന്റെ പതനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ മുസ്്‌ലിംകളെ ഗ്രസിച്ച സാംസ്‌കാരിക ജീര്‍ണതകളില്‍നിന്ന് കരകയറാന്‍ അവരെ പ്രാപ്തരാക്കുന്നതിന് ധിഷണാപരമായ അടിത്തറ നല്‍കിയ മഹാനാണ് പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഷാ വലിയ്യുല്ലാഹിദ്ദഹ്്‌ലവി.    പില്‍ക്കാലത്ത് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കിടയില്‍ ദൃശ്യമായ വിദ്യാഭ്യാസ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പരിഷ്‌കരണ സംരംഭങ്ങള്‍ക്കെന്നപോലെ ഇന്ത്യന്‍ മുസ്്‌ലിംകളുടെ സ്വാതന്ത്ര്യപോരാട്ടങ്ങളുടെയും മുഖ്യപ്രചോദനം ഷാ വലിയ്യുല്ലായുടെ ചിന്തകളായിരുന്നു.
വലിയ്യുല്ലാഹിയുടെ മരണശേഷം ഇമാമുല്‍ ഹിന്ദ് പദവിയിലേക്കുയര്‍ന്ന മൂത്ത പുത്രന്‍ ഷാ അബ്്ദുല്‍ അസീസ് ദഹ്്‌ലവി ഇന്ത്യ ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി) ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ നീക്കത്തിന് തുടക്കമിട്ടു. ബ്രിട്ടീഷുകാരെ മനസാ വെറുത്ത് കഴിയുകയായിരുന്ന മുസ്്‌ലിംകള്‍ക്ക് ദഹ്്‌ലവിയുടെ ഫത്‌വ ഒരു വിശുദ്ധ സമരം തുടങ്ങുന്നതിനുള്ള അനുമതി പത്രം കൂടിയായി. ഷാ അബ്്ദുല്‍ അസീസിന്റെ ശിഷ്യന്‍ സയ്യിദ അഹ്്മദ് സ്ഥാപിച്ച മാജാഹിദീന്‍ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ മുസ്്‌ലിംകളുടെ ആദ്യത്തെ ബഹുജന പ്രസ്ഥാനമായിരുന്നു. സയ്യിദ അഹ്്മദിന്റെ ജിഹാദ് പ്രത്യക്ഷത്തില്‍ ബ്രിട്ടീഷുകരുടെ സഹകാരികളായിരുന്ന സിക്കുകാര്‍ക്കെതിരായിരുന്നുവെങ്കിലും അതിന്റെ യഥാര്‍ഥ ഉന്നം ബ്രിട്ടീഷുകാരായിരുന്നു എന്നതില്‍ തര്‍ക്കമില്ല. സിക്കു വിരുദ്ധ നീക്കത്തിനിടയില്‍ സയ്യിദ് അഹ്്മദ് ശഹീദും തന്റെ വലംകൈയായ ഷാ ഇസ്്മാഈല്‍ ശഹീദും രക്തസാക്ഷികളായെങ്കിലും അവരുടെ അനുയായികള്‍ പിന്നീട് പൂര്‍ണമായും ബ്രിട്ടീഷുകാര്‍ക്കെതിരെ തിരഞ്ഞു. അവരില്‍ പ്രധാനികളായിരുന്നു ബിഹാറിലെ സാദിഖ്പൂര്‍ കുടുംബത്തില്‍പെട്ട മൗലാനാ ഇനായത് അലിയും വിലായത് അലിയും.’ അവിശ്വാസികളായ ബ്രിട്ടീഷുകാര്‍ക്കെതിരെ ഓന്നിക്കല്‍ ഓരോ മുസല്‍മാന്റെയും കര്‍ത്തവ്യമാണ്. അതിന് കഴിയാത്തവര്‍ രാജ്യത്തുനിന്ന് പലായനം ചെയ്യട്ടെ. അല്ലാത്തവര്‍ വികാരത്തിന്റെ അടിമകളാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കട്ടെ ‘ എന്ന അവരുടെ പ്രഖ്യാപനം ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതികാരവാഞ്ഛയെ ഇളക്കിവിട്ടു. (ഞമാ ഏീുമഹകിറശമി ങൗഹെശാ:െ അ ജീഹശശേരമഹ ഒശേെീൃ്യ, ു.24). സഹോദരന്‍മാരായ വിലായത് അലിയും ഇനായത് അലിയും മരണംവരെ മുജാഹിദീന്‍ പ്രസ്ഥാനത്തെ നയിക്കുകയും പഞ്ചാബിലും അതിര്‍ത്തിയിലും നിരവധി വര്‍ഷങ്ങളോളം ഇംഗ്ലീഷുകാര്‍ക്കെതിരില്‍ ചെറുത്തുനില്‍ക്കുകയും ചെയ്തു.
മൗലവി ശരീഅതുല്ലായും പുത്രന്‍ ദാതുമിയാനും നയിച്ച ബംഗാളിലെ ഫറാഇദീ പ്രസ്ഥാനവും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള വിശുദ്ധ യുദ്ധമായിരുന്നു. ബ്രിട്ടീഷ്-ജന്‍മി കൂട്ടുകെട്ടിനെതിരെ സംഘടിപ്പിക്കപ്പെട്ട ഈ സമരം മലബാര്‍ സമരത്തെപ്പോലെ കാര്‍ഷിക പ്രശ്‌നങ്ങളില്‍നിന്നാണുദ്ഭവിച്ചത്. കാര്‍ഷകരെ ഉപദ്രവിച്ച ഹിന്ദു-മുസ്്‌ലിം ജന്‍മിമാരെ മതഭേദം കൂടാതെ അവര്‍ ആക്രമിച്ചു. ബ്രിട്ടീഷ് ഭരണത്തോട് വിരോധമുള്ള ഹിന്ദുക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും ഫറാഇദീ പ്രസ്ഥാനത്തെ സഹായിച്ചുരുന്നു. ഓട്ടേറെ ജന്‍മിമാരും ബ്രിട്ടീഷുദ്യോഗസ്ഥരും ഫറാഇദികളുടെ ആക്രമണത്തിന് വിധേയരായി. കിഴക്കന്‍ ബംഗാളില്‍ നാസ്വിര്‍ അലി നയിച്ച ജന്‍മി വിരുദ്ധ സമരവും ബ്രിട്ടീഷ് വിരുദ്ധമായിരുന്നു.
മുസ്്‌ലിംകളെ ബ്രിട്ടീഷുകാര്‍ വളരെ കരുതലോടെയാണ് വീക്ഷിച്ചത്. സയ്യിദ് അഹ്്മദിന്റെ മുജാഹിദീന്‍ പ്രസ്ഥാനവുമായി സഹകരിച്ചവരെ പിടികൂടുകയും നിരവധി പേരെ തൂക്കിലേറ്റുകയും ചെയ്തു. അനേകം പേരെ വിവിധ പ്രദേശങ്ങളിലേക്ക് നാടു കടത്തി. ധാരാളം പ്രവര്‍ത്തകര്‍ ഇങ്ങനെ അന്തമാന്‍ ദ്വീപുകളിലുമെത്തി. ഇതെല്ലാം മുസ്്‌ലിംകളില്‍ കൂടുതല്‍ പകയും വിദ്വേഷവും സൃഷ്ടിച്ചു. 1871-ല്‍ ബംഗാള്‍ ചീഫ് ജസ്റ്റിസ് ജോണ്‍ പാക്സ്റ്റന്‍ നോര്‍മാനെ മുജാഹിദ് പ്രവര്‍ത്തകര്‍ വധിച്ചു. അതേവര്‍ഷം അന്തമാനില്‍ സന്ദര്‍ശനം നടത്തിയിരുന്ന വൈസ്രോയി മേയോവിനെ ശേര്‍ അലി എന്ന മറ്റൊരു മുജാഹിദ് പ്രവര്‍ത്തകനും വധിച്ചു.
ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷ് താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ തടസ്സം സൃഷ്ടിച്ചതും മുസ്്‌ലിംകളായിരുന്നു. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഹൈദര്‍ അലിയുടെയും ടിപ്പുസുല്‍ത്വന്റെയും നേതൃത്വത്തിലുള്ള മൈസൂറും പിന്നീട് മലബാറിലെ മുസ്്‌ലിം മാപ്പിളമാരും ബ്രിട്ടീഷുകാരുടെ കോളനി വ്യാപനത്തിനെതിരെ ദീര്‍ഘമായ ചെറുത്തുനില്‍പ് നടത്തി. 1767-നും 1799-നുമിടയില്‍ മൈസൂറുമായി നാല് യുദ്ധങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് നടത്തേണ്ടിവന്നു.
1857-ലെ കലാപത്തില്‍ മുഖ്യ പങ്ക് മുസ്്‌ലിംകളുടെതായിരുന്നു. ഇന്ത്യയിലെ പണ്ഡിതരും സ്വൂഫികളും അവരോടൊപ്പം ഭൂരിപക്ഷം മുസ്്‌ലിം ഭരണാധിപന്‍മാരും ഒരുമിച്ച് നടത്തിയ മുന്നേറ്റമായിരുന്നു അത്. അവരോടൊപ്പം ബ്രിട്ടീഷ് നീതിയില്‍ വിശ്വാസം നശിച്ച ഹിന്ദു ഭരണാധികാരികളും പ്രജകളും അതില്‍ പങ്കുചേര്‍ന്നു. മുഗള്‍ ഭരണത്തിന്റെ പുനരുത്ഥാനമായിരുന്നു കലാപകാരികളുടെ ലക്ഷ്യം. കലാപത്തില്‍ മുസ്്‌ലിം ശിപായിമാരെയും ബഹുജനങ്ങളെയും രംഗത്തിറക്കിയത് ഫൈദാബാദ് മൗലവി എന്ന പേരില്‍ അറിയപ്പെട്ട മൗലവി അഹ്്മദുല്ലയുടെയും ദല്‍ഹിയിലെ പണ്ഡിത വര്യനായ ഫദ്‌ലുല്‍ ഹഖ്ഖ് ഖൈറാബാദിയുടെ ഫത്‌വകളായിരുന്നു. ലഖ്‌നൗ ആസ്ഥാനമാക്കി ഹിന്ദുക്കളും മുസ്്‌ലിംകളുമടങ്ങുന്ന വലിയൊരു സൈന്യത്തെ സംഘടിപ്പിച്ച് ഫൈദാബാദ് മൗലവി പല സ്ഥലങ്ങളിലും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തി. മൗലവിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവര്‍ക്ക് ബ്രിട്ടീഷുകാര്‍ 50,000 രൂപ ഇനാം പ്രഖ്യാപിച്ചു. ഒരു ഹിന്ദു നാടുവാഴി മൗലവിയുടെ തലയറുത്ത് മജിസ്‌ട്രേറ്റിന് കാഴ്ചവെച്ചുകൊണ്ട് പ്രസ്തുത ഇനാം കരസ്ഥമാക്കി. കലാപകാരികളില്‍ ജിഹാദീ ആവേശം ഉത്തേജിപ്പിച്ച മൗലാനാ ഫദ്‌ലുല്‍ ഹഖ്ഖ് ഖൈറാബാദി ദല്‍ഹിയില്‍ ഒരു പണ്ഡിത സമ്മേളനം വിളിച്ചുകൂട്ടി. ബ്രിട്ടീഷുകാര്‍ക്കെതിരെ ഓരോ മുസ്്‌ലിമും ആയുധമണിയണമെന്ന് സമ്മേളനം സംയുക്ത ഫത്‌വയിറക്കി. മൗലാനാ ഇംദാദുല്ലാ, അബ്്ദുല്‍ ജലീല്‍, ലിയാഖത് അലി, മുഹമ്മദ് ഖാസിം നാനൂതവി, റശീദ് അഹ്്മദ് ഗങ്കോഹി, പീര്‍ അലി, ഗുലാം ഹുസൈന്‍ തുടങ്ങിയ ഒട്ടേറെ പണ്ഡിതന്‍മാര്‍ 1857-ലെ കലാപത്തിന് നായകത്വം വഹിച്ചിരുന്നു. അവധിലെ ബീഗം ഹദ്്‌റത് മഹല്‍ എന്ന ധീരവനിത നാനാ സ്വാഹിബിനോടൊപ്പം തന്റെ സൈന്യത്തിന് നേതൃത്വം നല്‍കി. വിപ്ലവം പരാജയപ്പെട്ടപ്പോള്‍ അവര്‍ നേപ്പാളിലേക്ക് രക്ഷപ്പെട്ടു. അവിടെവച്ചായിരുന്നു അവരുടെ അന്ത്യവും. 1857-ലെ വിപ്ലവത്തില്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ഥാന ഭവന്‍ വിപ്ലവം. പൂര്‍ണമായും പണ്ഡിതന്‍മാരും ഇംഗ്ലീഷ് പട്ടാളവും തമ്മില്‍ നടന്ന ഒരു സംഘട്ടനമായിരുന്നു അത്. അഹ്്മദ് ശഹീദിന്റെയും ഷാ വലിയ്യുല്ലായുടെയും അനുയായികളായിരുന്ന ഈ പണ്ഡിതന്മാരുടെ സര്‍വസൈന്യാധിപന്‍ ഇംദാദുല്ലാ മുഹാജിര്‍ മക്കിയായിരുന്നു. ജനറല്‍ കമാന്ററായി മുഹമ്മദ് ഖാസിം നാനൂതവിയും ഉണ്ടായിരുന്നു. റശീദ് അഹ്്മദ് ഗങ്കോഹി ജഡ്ജിയായും മൗലാനാ മുഹമ്മദ് മനീര്‍ നാനൂതവി, ഹാഫിള് ദാമിന്‍ എന്നിവര്‍ ഇടത്-വലത് സൈനിക വ്യൂഹങ്ങളുടെ നായകന്‍മാരായും നിലകൊണ്ടു. ജനസ്വീകാര്യതയുള്ള പണ്ഡിതന്മാരുടെ നേരിട്ടുള്ള നേതൃത്വം ജനങ്ങളെ ആവേശഭരിതരാക്കി. ദയൂബന്ദിനടുത്തുള്ള മുളഫ്ഫര്‍ നഗറില്‍പെട്ട ഥാന ഭവനിലാണ് ആദ്യമായി വിപ്ലവം അരങ്ങേറിയത്. ഥാന ഭവനും പരിസരങ്ങളും പിടിച്ചടക്കിയ അവര്‍ വിപ്ലവ ഗവണ്‍മെന്റ് സ്ഥാപിച്ച് ഭരണം തുടങ്ങി. വൈകാതെ സഹാറന്‍പൂരില്‍നിന്ന് ഇംഗ്ലീഷ് സേന പീരങ്കികളുമായി പാഞ്ഞെത്തി. നാടന്‍ തോക്കുകളുമായി അവരെ മുഖാമുഖം നേരിടുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലാക്കിയ മൗലാനാ റശീദ് അഹ്്മദ് ഗങ്കോഹിയും സംഘവും പതിയിരുന്ന് ബ്രിട്ടീഷ് സേനയെ ആക്രമിച്ചു. ഓര്‍ക്കാപുറത്തുള്ള ആക്രമണത്തില്‍ നലതെറ്റിയ ബ്രിട്ടീഷ് സൈന്യം പീരങ്കികളും മറ്റും വഴിയിലുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വിപ്ലവകാരികള്‍ അവ കൈക്കലാക്കി. സംഭവം വിപ്ലവകാരികളില്‍ ആവേശം പകര്‍ന്നു. പക്ഷേ, വീണ്ടും വിദേശ സേന പൂര്‍വാധികം സന്നാഹങ്ങളോടെ തിരിച്ചുവന്നു. ഘോരയുദ്ധം നടന്നു. മുഹമ്മദ് ദാമിന്‍ രക്തസാക്ഷിയായി. എങ്കിലും വിപ്ലവകാരികള്‍ ഉറച്ചുപൊരുതി. പക്ഷേ, ദല്‍ഹിയിലും മറ്റും വിപ്ലവം പരാജയപ്പെട്ടതോടെ ഥാന ഭവനിലും മനോധൈര്യം തകര്‍ന്നു. രക്ഷപ്പെടുകയല്ലാതെ മാര്‍ഗമുണ്ടായില്ല. ഇംദാദുല്ലാ മക്കഃയിലേക്ക് രക്ഷപ്പെട്ടു. മൗലാനാ റശീദ് അഹ്്മദ് ഗങ്കോഹിയും ഖാസിം നാനൂതവിയും തടവിലായി പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ വിട്ടയയ്ക്കപ്പെട്ട ഖാസിം നാനൂത്വവി അജ്ഞാതവാസം വരിച്ചു.
വളരെ പണിപ്പെട്ടാണ് ബ്രിട്ടീഷുകാര്‍ ദല്‍ഹിയിലും മറ്റും കലാപം അടിച്ചമര്‍ത്തിയത്. എങ്കിലും മുസ്്‌ലിംകളുടെ സ്വാതന്ത്ര്യവാഞ്ഛയെ അത് തെല്ലും ശമിപ്പിച്ചില്ല. അവസരം കിട്ടുമ്പോഴൊക്കെ അത് വീണ്ടും അണപൊട്ടി ഓഴുകി.
ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍കിയുടെയും മറ്റും സഹായത്തോടെ ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിക്കാനായി ദയൂബന്ദ് പണ്ഡിതനായ ശൈഖ് മഹ്്മൂദുല്‍ ഹസനും ശിഷ്യന്‍ ഉബൈദുല്ലാ സിന്ധിയും നടത്തിയ സാഹസിക വിപ്ലവം സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്്മരണീയമായ അധ്യായങ്ങളിലൊന്നാണ്. വ്യക്തമായ ആസൂത്രണത്തോടുകൂടിയുള്ളതായിരുന്നു ശൈഖ് മഹ്്മൂദുല്‍ ഹസന്റെ വിപ്ലവ പദ്ധതികള്‍. വടക്കു പടിഞ്ഞാറേ അതിര്‍ത്തിയിലെ രണശൂരരായ സ്വതന്ത്ര ഗോത്രങ്ങളെ സംഘടിപ്പിച്ച് അവരില്‍ സമരാവേശം വളര്‍ത്താനാണ് അദ്ദേഹം ആദ്യമായി ശ്രമിച്ചത്. അതിനായി ദയൂബന്ദിലെ തന്റെ ശിഷ്യന്‍മാരില്‍നിന്ന് പ്രഗല്‍ഭരായ ചിലരെ തിരഞ്ഞെടുത്ത് രഹസ്യമായി അവിടങ്ങളില്‍ നിയോഗിച്ചു. അവര്‍ അതിര്‍ത്തി ഗോത്രക്കാരില്‍ സമരാവേശം ജനിപ്പിച്ച് അവരെ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ യുദ്ധ സജ്ജരാക്കി. ലോകയുദ്ധം ആരംഭിച്ചപ്പോള്‍ അവരില്‍നിന്ന് ബ്രിട്ടീഷ് സൈനികര്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. തന്റെ വിപ്ലവത്തിന് പിന്തുണ നേടാനായി മഹ്്മൂദുല്‍ ഹസന്‍ ശിഷ്യന്‍ ഉബൈദുല്ലാ സിന്ധിയെ അഫ്്ഗാനിസ്്താനിലേക്കയച്ചു. അവിടത്തെ ഭരണാധികാരിയായിരുന്ന അമീര്‍ ഹബീബുല്ലാ ഖാനെ ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഉറപ്പിച്ചുനിര്‍ത്തുക, തുര്‍കി, ജര്‍മനി തുടങ്ങിയ വിദേശ രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട്്, അതിര്‍ത്തികളില്‍ പൊരുതുന്ന ഗോത്രങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിക്കുക തുടങ്ങിയവയായിരുന്നു ഉബൈദുല്ലായെ ഏല്‍പിച്ച ദൗത്യം. 1915 ആഗസ്ത് 15-ന് കാബൂളിലെത്തിയ ഉബൈദുല്ലാ രാജാ മഹേന്ദ്ര പ്രതാപിന്റെ നേതൃത്വത്തില്‍ അവിടെ വിപ്രവാസ ഗവണ്‍മെന്റ് രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. മഹ്്മൂദുല്‍ ഹസന്റെ വിപ്ലവലക്ഷ്യത്തെ സമ്പൂര്‍ണതയിലെത്തിക്കുകയായിരുന്നു പ്രസ്തുത ഗവണ്‍മെന്റ് രൂപീകരണത്തിലൂടെ അവര്‍ ലക്ഷ്യമിട്ടത്. വിപ്രവാസ ഗവണ്‍മെന്റ് അതിന്റെ ദൗത്യ സംഘങ്ങളെ റഷ്യ, തുര്‍കി, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളിലേക്ക് അയയ്ക്കുകയുണ്ടായി. ഇന്ത്യയില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നോട്ടപ്പുള്ളിയായി കഴിഞ്ഞ മഹ്്മൂദുല്‍ ഹസന്‍ ഹിജാസിലേക്ക് നാട് വിടാന്‍ തീരുമാനിച്ചു. ഹിജാസിലെത്തിയ അദ്ദേഹം തുര്‍കിയുടെ ഗവര്‍ണര്‍ ഗാലിബ് പാഷയെ സന്ദര്‍ശിച്ച് തങ്ങളുടെ വിപ്ലവ ശ്രമങ്ങളെ പരിചയപ്പെടുത്തി സഹായം ആവശ്യപ്പെട്ടു. യുദ്ധാനന്തരം തുര്‍കിയും സഖ്യകക്ഷികളും ഇന്ത്യയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതാണെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. അനന്തരം, ശൈഖ് മഹ്്മൂദുല്‍ ഹസന്‍ അന്‍വര്‍ പാഷയെ കണ്ടും സഹായമഭ്യര്‍ഥിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ചയ്യാമെന്ന് അന്‍വര്‍ പാഷയും വാഗദത്തം ചെയ്തു. ശൈഖിന്റെ ആവശ്യപ്രകാരം, സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ ജനതയെ ആഹ്വാനം ചെയ്യുന്ന സന്ദേശം അറബിയിലും പേര്‍ഷ്യനിലും തുര്‍കിയിലും തയ്യാറാക്കി നല്‍കുകയും ചെയ്തു. ഇന്ത്യയുടെ പടിഞ്ഞാറുള്ള സ്വതന്ത്ര ഗോത്രപ്രദേശങ്ങളില്‍ ഇന്ത്യയിലൂടെയല്ലാതെ മറ്റൊരു വഴിക്ക് തന്നെ എത്തിക്കണമെന്ന്കൂടി ശൈഖ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, റഷ്യന്‍ സൈന്യം ഇറാനില്‍ പ്രവേശിച്ചതുമൂലം അഫ്്ഗാനിസ്താനിലേക്കുള്ള മാര്‍ഗം തടസ്സപ്പെട്ടതിനാല്‍ പ്രസ്തുത അപേക്ഷ സ്വീകരിക്കാന്‍ അന്‍വര്‍ പാഷക്ക് മാര്‍ഗമുണ്ടായിരുന്നില്ല. ഹിജാസിലോ തുര്‍കിയുടെ കീഴിലുള്ള മറ്റേതെങ്കിലും പ്രദേശത്തോ താമസിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
അതിര്‍ത്തി ഗോത്രത്തിലെത്താന്‍ മാര്‍ഗമില്ലെന്ന് കണ്ടപ്പോള്‍ മഹ്്മൂദുല്‍ ഹസന്‍ അന്‍വര്‍ പാഷയുടെ സന്ദേശത്തിന്റെ കോപ്പികള്‍ എടുത്ത് മരപ്പെട്ടിയില്‍ വസ്ത്രങ്ങള്‍ക്ക് കീഴെ അടക്കം ചെയ്ത് ഒരു സഹപ്രവര്‍ത്തകന്റെ കൈയില്‍ ഇന്ത്യയിലേക്ക് കൊടുത്തയച്ചു. സുരക്ഷിത സ്ഥാനത്തെത്തിയാല്‍ ആവശ്യമായ കോപ്പികള്‍ എടുത്ത് വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും നിര്‍ദേശിച്ചിരുന്നു. പോലീസിന്റെ കണ്ണില്‍പെടാതെ പെട്ടി സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒന്നര മാസത്തിന് ശേഷം പെട്ടിയുടെ രഹസ്യം പോലീസ് കണ്ടെത്തിയെങ്കിലും അത് പിടികൂടാനുള്ള ശ്രമം വിഫലമാവുകയാണുണ്ടായത്. മഹ്്മൂദുല്‍ ഹസന്‍ ഹിജാസില്‍ തന്നെ തങ്ങി. പക്ഷേ, യുദ്ധത്തില്‍ ജര്‍മനിയും തുര്‍കിയും അടങ്ങുന്ന സഖ്യരാഷ്ട്രങ്ങള്‍ പരാജയപ്പെട്ടതോടെ ഹിജാസിലെ ശരീഫ് ഹുസൈന്‍ ബ്രിട്ടീഷ് പാവയായി മാറുകയും മഹ്്മൂദുല്‍ ഹസനെയും രണ്ട് സഹപ്രവര്‍ത്തകരെയും പിടികൂടി ബ്രിട്ടീഷുകാരെ ഏല്‍പിക്കുകയും ചെയ്തു. ബ്രിട്ടീഷ് ഗവണ്‍മെന്റ് ആദ്യം അവരെ ഈജിപ്തിലും പിന്നീട് മാര്‍ട്ടയിലും കൊണ്ടുപോയി തടവിലിട്ടു. മൂന്ന് കൊല്ലവും ഏഴ് മാസവും ജയിലില്‍ കഴിഞ്ഞ അവര്‍ 1920 ജൂണ്‍ 8-നാണ് മോചിതരായത്. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയും തുര്‍കിയും വിജയിച്ചിരുന്നുവെങ്കില്‍ മഹ്്മൂദുല്‍ ഹസനും ഉബൈദുല്ലാ സിന്ധിയും രാജാ മഹേന്ദ്ര പ്രതാപും നയിച്ച വിപ്ലവ പ്രസ്ഥാനം ഇന്ത്യയുടെ ഭാഗധേയനിര്‍ണയത്തില്‍ സുപ്രധാന ശക്തിയായിത്തീരുമായിരുന്നു.

അവലംബം: ഇസ്്‌ലാമിക വിജ്ഞാനകോശം – ഐ.പി.എച്ച്

Related Post