ഇസ്‌ലാം എപ്രകാരമാണ് മനുഷ്യനെ ആദരിച്ചത്!

ഇസ്‌ലാമിക ശരീഅത്ത് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക الانسانമാത്രമല്ല ചെയ്തത്. അതിനപ്പുറത്ത് മനുഷ്യന് ഉന്നതമായ ആദരവും അന്തസ്സും നല്‍കുകയുണ്ടായി. ഇതര ജീവജാലങ്ങളേക്കാള്‍ ശ്രേഷ്ടതയും അനുഗ്രഹങ്ങളും അവന് ചൊരിഞ്ഞു. വാനഭുവനങ്ങള്‍ അവന് കീഴ്‌പെടുത്തിക്കൊടുക്കുകയും ചെയ്തു. അല്ലാഹു വിവരിക്കുന്നു: ‘തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.’ (ഇസ്രാഅ് 70). വര്‍ഗ- വര്‍ണ- മത -ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍ എന്ന അര്‍ഥത്തിലാണ് ഈ ആദരണീയത. ‘ബുദ്ധിശക്തി നല്‍കി അ്ല്ലാഹു മനുഷ്യനെ ആദിച്ചിരിക്കുന്നു’ എന്നാണ് ഇബ്‌നു അബ്ബാസ് ഇതിനു നല്‍കിയ വിശദീകരണം. മനുഷ്യന്‍ മരണപ്പെട്ടാല്‍ മയ്യിത്ത് നജസല്ല എന്നതിന് തെളിവായി ഇമാം ശാഫി സ്ഥിരീകരിച്ച്ത് ഈ ആദരവിന്റെ അടിസ്ഥാനത്തിലാണ്. ഇമാം സഅദീ അദ്ദേഹത്തിന്റെ തഫ്‌സീറില്‍ വിവരിക്കുന്നു: ‘എല്ലാ അര്‍ഥത്തിലുള്ള ആദരവും മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നു. ബുദ്ധിയും വിജ്ഞാനവും നല്‍കിയും വേദഗ്രന്ഥത്തെ ഇറക്കിയും പ്രവാചകന്മാരെ അയച്ചും പ്രത്യക്ഷവും പരോക്ഷവുമായ അനുഗ്രഹങ്ങളേകിയും അല്ലാഹു മനുഷ്യരെ അനുഗ്രഹിച്ചിരിക്കുന്നു’.
ഇബ്‌നു ആശൂര്‍ ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിക്കുന്നു: ‘ഭൂമിയിലെ ഇതര സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ സവിശേഷതയാണ് ആദരവ്. നടത്തത്തിലും ചലനത്തിലും രൂപത്തിലും തൊലിയിലുമെല്ലാം അല്ലാഹു ഏറ്റവും നല്ല രൂപം നല്‍കി. മറ്റു ജീവികള്‍ക്ക് വൃത്തിയെ കുറിച്ചോ വസ്ത്രധാരണത്തെ കുറിച്ചോ കിടപ്പാടത്തെ കുറിച്ചോ ഒന്നും കൃത്യമായ ധാരണയില്ല. നല്ല രീതിയില്‍ ഭക്ഷണ പാനീയങ്ങള്‍ കഴിക്കാനും നന്മകള്‍ക്ക് വേണ്ടി നിലകൊള്ളാനോ തിന്മകളെ പ്രതിരോധിക്കാനോ കഴിയില്ല. ജീവിതത്തിലും നാഗരികതക്കും പുതിയ ആവിഷ്‌കാരങ്ങള്‍ നല്‍കാനോ നിര്‍മാണപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനോ കഴിയില്ല’.

മനുഷ്യന് ലഭ്യമായ ആദരവിന്റെ പ്രധാന ഘടകങ്ങള്‍:
1. ഏറ്റവും നന്നായി സൃഷ്ടിച്ചു :
അല്ലാഹു വിവരിക്കുന്നു: ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും, നിന്നെ സംവിധാനിക്കുകയും , നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍'(അല്‍ ഇന്‍ഫിത്വാര്‍ 6-8), ‘അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി’ (ഗാഫിര്‍ 64)., ‘തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.(അത്തീന്‍ 4). ഇമാം ഇബ്‌നു കസീര്‍ വിവരിക്കുന്നു: അല്ലാഹ മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും നല്ല രൂപത്തിലും ഘടനയിലുമാണ്. അവയവങ്ങളെയെല്ലാം ഏറ്റവും നല്ല നിലയില്‍ ശരിപ്പെടുത്തുകയും തല്‍സ്ഥാനത്ത് സ്ഥാപിക്കുകയും ചെയ്തു.

2.ബുദ്ധിയും വിജ്ഞാനവും നല്‍കി.
‘ നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞ് കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ടു വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി’. (അന്നഹല്‍ 78), ‘അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചുമാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു'(അല്‍മുഅ്മിനൂന്‍ 78). മനുഷ്യരെ ഇതര ജീവികളില്‍ നിന്നും വസ്തുക്കളില്‍ നിന്നും വ്യതിരക്തമാക്കുന്ന അടിസ്ഥാനം ഈ വിജ്ഞാനവും ഗ്രാഹ്യതയുമാണ്. അവന്റെ സേവനത്തിനായി ഇതര ജീവജാലങ്ങളെയും വസ്തുക്കളെയും സൃഷ്ടിച്ചത് ഈ ആദരവിന്റെ അടിസ്ഥാനത്തിലാണ്.

3.ദിവ്യചൈതന്യം സന്നിവേശിപ്പിച്ചു:
‘പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും, തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു.’ (സജദ 9), ‘അങ്ങനെ ഞാന്‍ അവനെ സംവിധാനിക്കുകയും, അവനില്‍ എന്റെ ആത്മാവില്‍ നിന്ന് ഞാന്‍ ഊതുകയും ചെയ്താല്‍ നിങ്ങള്‍ അവന്ന് പ്രണാമം ചെയ്യുന്നവരായി വീഴണം’ (സ്വാദ് 72). വാഹിദി വിവരിക്കുന്നു: ‘മനുഷ്യനിലേക്ക് അല്ലാഹുവിന്റെ ചൈതന്യം ഊതിയത് ഈ ആദരവിന്റെയും പരിഗണനയുടെയും അടിസ്ഥാനത്തിലാണ്’

4. മലക്കുകളോട് സാഷ്ടാംഗം ചെയ്യാനുള്ള കല്‍പന:
‘ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക ) . അവര്‍ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ.അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു'(അല്‍ ബഖറ 34). ഇമാം ഇബ്‌നു കസീര്‍ വിവരിക്കുന്നു: ആദം സന്തതികള്‍ക്ക് അല്ലാഹു നല്‍കിയ മഹത്തായ ആദരവാണിത്.

5.ആദമിന് നാമങ്ങള്‍ പഠിപ്പിച്ചു ;
‘അവന്‍ ( അല്ലാഹു ) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും’ (അല്‍ ബഖറ 31-32). ഇമാം ഇബ്‌നു കസീര്‍ വിവരിക്കുന്നു: ‘എല്ലാറ്റിന്റെയും നാമങ്ങള്‍ പഠിപ്പിക്കുക മൂലം മലക്കുകളേക്കാള്‍ മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ സ്ഥാനത്തെ എടുത്തുദ്ധരിക്കുകയാണ് അല്ലാഹു ഇവിടെ ചെയ്തത്’.

6. മനുഷ്യനെ ഭൂമിയിലെ പ്രതിനിധിയാക്കി :
‘ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക ‘(അല്‍ ബഖറ 30)
ഇമാം ബഗവി വിശദീകരിക്കുന്നു: അല്ലാഹുവിന്റെ വിധികളും നിയമങ്ങളും ഭൂമിയില്‍ നടപ്പിലാക്കാനുള്ള ഖലീഫയാണ് മനുഷ്യന്‍’.’ മനുഷ്യ വര്‍ഗത്തെ പറ്റി മലക്കുകളിലുള്ള തെറ്റായ ധാരണകളെ തിരുത്തുകയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ നിര്‍വഹിക്കുന്നത്.(ഇബ്‌നു ആശൂര്‍)

7. ഉത്തമവിഭവങ്ങള്‍ നല്‍കുകയും അനുവദനീയമാക്കുകയും ചെയ്തു:
‘ തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു’. (ഇസ്രാഅ് 70), ‘.മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക.പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷശത്രു തന്നെയാകുന്നു'(അല്‍ ബഖറ 168)

8.ഇതര സൃഷ്ടികളേക്കാള്‍ ശ്രേഷ്ടത നല്‍കി :
‘  നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.’ (ഇസ്രാഅ് 70)
ഇമാം ശൗകാനി വിവരിക്കുന്നു:’ഏതെല്ലാം സൃഷ്ടികളെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടില്ല. ഇതില്‍ നിന്നും ധാരാളം സൃഷ്ടികളില്‍ നിന്ന് അല്ലാഹു മനുഷ്യന് ശ്രേഷ്ടത നല്‍കിയിരിക്കുന്നു എന്നു മനസ്സിലാക്കാം. ശ്രേഷ്ടതയുടെ മഹത്വത്തെ കുറിക്കാനാണ് ‘തഫ്ദീല്‍’ എന്ന പദം ഉപയോഗിച്ചത്. മനുഷ്യന്റെ മേല്‍ അവന് നന്ദിപ്രകടിപ്പിക്കാനും നന്ദികേട് കാണിക്കുന്നതില്‍ നിന്ന് ജാഗ്രത പുലര്‍ത്താനും ഇതുമൂലം സാധിക്കേണ്ടതുണ്ട്.

9. സൃഷ്ടികളെ മനുഷ്യന് കീഴ്‌പെടുത്തി
അല്ലാഹു പറഞ്ഞു: ‘ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നിങ്ങള്‍ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്റെ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു'(ലുഖ്മാന്‍ 20)., ‘അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.(ജാസിയ 12,13).
ഇബ്‌നു സഅദി വിവരിക്കുന്നു: ആകാശ ഭൂമികളിലെ ഗോളങ്ങളും വസ്തുക്കളും വാഹനങ്ങളും വിവിധയിനം ജീവികളും സസ്യങ്ങളും പഴവര്‍ഗങ്ങളം ഖനിജങ്ങളുമെല്ലാം ആദം സന്തതിയുടെ ഉത്തമ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്

10. സന്മാര്‍ഗ ദര്‍ശനത്തിനായി വേദഗ്രന്ഥമവതരിപ്പിക്കുകയും പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു :
‘തീര്‍ച്ചയായും നാം നമ്മുടെ ദൂതന്‍മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു. ഇരുമ്പും നാം ഇറക്കി കൊടുത്തു. അതില്‍ കഠിനമായ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരങ്ങളുമുണ്ട്. ‘ (അല്‍ ഹദീദ് 25) . ഇസ്‌ലാമിക ശരീഅത്തിന്റെ നിയമങ്ങളും വിധികളുമെല്ലാം സൂക്ഷമാര്‍ഥത്തില്‍ പരിശോധിക്കുകയാണെങ്കില്‍ അതെല്ലാം മനുഷ്യന്റെ നന്മയും ഉത്തമ താല്‍പര്യങ്ങളുമാണ് ലക്ഷ്യം വെക്കുന്നതെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Post