കലാഷ്‌നിക്കോവിന്റെ പശ്ചാത്താപം

kalashnikovഎ.കെ 47 റൈഫിള്‍ എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല. ലോകത്തെ ഏറ്റവും മാരകമായ കൈത്തോക്കിന്റെ പേരാണത് – എ.കെ 47 അസാള്‍ട്ട് റൈഫിള്‍. റഷ്യക്കാരനായ മിഖായേല്‍ കലാഷ്‌നിക്കോവാണത് കണ്ടുപിടിച്ചത്. രണ്ടാം ലോക യുദ്ധത്തില്‍ സോവിയറ്റ് ചെമ്പട നേരിട്ട വലിയൊരു പ്രശ്‌നമായിരുന്നു ഫലപ്രദമായ ആയുധങ്ങളുടെ അഭാവം. യുദ്ധാനന്തരം പ്രഹരശേഷിയേറിയ ഒരു തോക്ക് ഡിസൈന്‍ ചെയ്യാന്‍ വര്‍ഷങ്ങള്‍ നീണ്ട ക്ലിഷ്ടമായ ഗവേഷണത്തിലേര്‍പ്പെട്ട കലാഷ് നിക്കോവ് ഒടുവില്‍ എ.കെ 47 റൈഫിള്‍ കണ്ടുപിടിക്കുകയായിരുന്നു. കുറഞ്ഞ ഭാരം, ലളിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം, പ്രചണ്ഡമായ പ്രഹരശേഷി, കുട്ടികള്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാവുന്നത്. ഇതൊക്കെയാണ് എ.കെ 47-ന്റെ വൈശിഷ്ട്യങ്ങള്‍. ഇതിനേക്കാള്‍ മെച്ചപ്പെട്ടതോ ഇതിനു തുല്യമോ ആയ മറ്റൊരു തോക്ക് കണ്ടെത്താന്‍ അമേരിക്കയും യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളും ഏറെ ഗവേഷണം ചെയ്‌തെങ്കിലും വിജയിക്കാനായില്ല. പാരമ്പര്യ ആയുധങ്ങളുടെ ചോരക്കളങ്ങളില്‍ ഇന്നും എ.കെ 47-ന് തന്നെയാണ് ആധിപത്യം. ലൈസന്‍സോ അന്താരാഷ്ട്ര നിയന്ത്രണമോ ഇല്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കില്‍ എ.കെ 47 ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യവസ്ഥാപിത സൈന്യങ്ങള്‍ക്ക് പുറമെ വിഘടനവാദികള്‍, സ്വാതന്ത്ര്യപ്പോരാളികള്‍, മാവോവാദികള്‍, നക്‌സലുകള്‍, സായുധ വിപ്ലവകാരികള്‍, ഭീകര സംഘങ്ങള്‍ തുടങ്ങിയവര്‍ക്കൊക്കെ ഏറെ പ്രിയങ്കരമായ ആയുധമാണിത്.

എ.കെ 47 കണ്ടുപിടിച്ച കലാഷ്‌നിക്കോവ് കഴിഞ്ഞ ഡിസംബറില്‍ 94-ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. തുടര്‍ന്നു വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍, ജീവിതത്തിന്റെ അവസാന കാലത്ത് കലാഷ്‌നിക്കോവ് സ്വന്തം കണ്ടുപിടുത്തത്തെ ചൊല്ലി വല്ലാതെ ദുഃഖിച്ചിരുന്നതായും കുറ്റബോധത്താല്‍ വേട്ടയാടപ്പെട്ടിരുന്നതായും വെളിപ്പെടുത്തുന്നു. താന്‍ കണ്ടുപിടിച്ച തോക്ക് ഉപയോഗിച്ച് ലോകത്തെങ്ങും ലക്ഷക്കണക്കിന് ആളുകള്‍ കൊന്നൊടുക്കപ്പെടുന്നതില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കരുതി. നേരത്തെ ദൈവവുമായോ മതവുമായോ ഒരു ബന്ധവുമില്ലാതിരുന്ന കലാഷ്‌നിക്കോവ് ഒടുവില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെത്തി. മൂന്നു വര്‍ഷം മുമ്പ് 91-ാം വയസ്സില്‍ പള്ളിയില്‍ ചെന്ന് ചട്ടപ്രകാരം ക്രിസ്തുമതം കൈക്കൊണ്ടു. മരിക്കുന്നതിന് ഏതാനും മാസം മുമ്പ്, കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹം ചര്‍ച്ച് പുരോഹിതന് വികാരനിര്‍ഭരമായ ഒരു കത്തെഴുതുകയുണ്ടായി. താന്‍ കണ്ടുപിടിച്ച തോക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ജീവനാശം ഓര്‍ക്കുന്തോറും താന്‍ പരിഭ്രാന്തനാവുകയാണെന്നും ഈ മനസ്സംഘര്‍ഷം അസഹനീയമായിത്തീര്‍ന്നിരിക്കുന്നുവെന്നും അതിലെഴുതിയിരുന്നു. കലാഷ്‌നിക്കോവ് വിറയാര്‍ന്ന കൈകൊണ്ട് ഒപ്പു ചാര്‍ത്തിയ ഈ കത്ത് റഷ്യന്‍ പത്രമായ ഇസ്‌വെസ്തിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കലാഷ്‌നിക്കോവിന്റെ കുറ്റസമ്മതം അവസാന നാളുകളില്‍ അദ്ദേഹത്തിന് ആശ്വാസം നല്‍കിയിരിക്കാം. മരണാനന്തരം അദ്ദേഹത്തിന്റെ ഗതിയെന്ത് എന്ന് ദൈവത്തിനേ അറിയൂ. ജീവിതകാലത്ത് കുറ്റം ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചത് ഏതായാലും നല്ല കാര്യമാണ്. റോബര്‍ട്ട് ഓപ്പന്‍ ഹീമറും സംഘവും ന്യൂക്ലിയര്‍ ബോംബ് നിര്‍മിക്കാന്‍ ആധാരമാക്കിയ  E=mc2 എന്ന തിയറി കണ്ടുപിടിച്ച ഐന്‍സ്റ്റീനും അവസാനകാലത്ത് ദുഃഖിതനായിരുന്നുവെന്ന് പറയപ്പെടുന്നുണ്ട്. ഐന്‍സ്റ്റീന്റെ ഇതര ശാസ്ത്ര നേട്ടങ്ങള്‍ മനുഷ്യവര്‍ഗത്തിന് നല്‍കിയ പ്രയോജനങ്ങളെ ബഹുദൂരം മറികടക്കുന്നതാണ് അണുബോംബ് വരുത്തിവെച്ച വിനകള്‍.

കായബലം, സമ്പത്ത്, അധികാരം, വിജ്ഞാനം തുടങ്ങിയവയെല്ലാം ദൈവാനുഗ്രഹങ്ങളാണ്. ഓരോരുത്തരെയും അവര്‍ക്ക് നല്‍കിയ വിഭവങ്ങള്‍ കൊണ്ട് പരീക്ഷിക്കുകയാണവന്‍. വിഭവങ്ങള്‍ ദൈവാഭീഷ്ടത്തിനു വിധേയമായി സമസൃഷ്ടി സേവനത്തിനും അങ്ങനെ ലോകത്തിന്റെ സംസ്‌കരണത്തിനും വികസനത്തിനും ഉപയോഗിക്കുന്നുവോ അതല്ല, ദൈവധിക്കാരപരമായും ജനദ്രോഹപരമായും ഉപയോഗിച്ച് ഭൂമിയില്‍ നാശമുണ്ടാക്കുന്നുവോ എന്നാണ് പരീക്ഷിക്കുന്നത്. ബലവാനും സമ്പന്നനും അധികാരിയും തങ്ങളുടെ കഴിവുകള്‍ ചൂഷണത്തിനും ജനദ്രോഹത്തിനും നശീകരണത്തിനും ഉപയോഗിക്കുന്നത് എപ്രകാരം അധര്‍മവും അക്രമവുമാണോ അപ്രകാരം തന്നെ അധര്‍മവും അക്രമവുമാണ് വിദ്വാന്‍ തന്റെ വിദ്യ നശീകരണ മാര്‍ഗത്തില്‍ വിനിയോഗിക്കുന്നത്. ആദ്യം പറഞ്ഞ കൂട്ടര്‍ പിന്നീട് മനസ്സ് മാറി പശ്ചാത്തപിച്ചാല്‍ തങ്ങള്‍ സൃഷ്ടിച്ച വിനകള്‍ കുറെയൊക്കെ പരിഹരിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ഐന്‍സ്റ്റീന്റെയും കലാഷ്‌നിക്കോവിന്റെയും പശ്ചാത്താപം കൊണ്ട് അണുബോംബും എ.കെ 47-ഉം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിനാശങ്ങളില്‍ ഒരു മാറ്റവുമുണ്ടാകുന്നില്ല. അവരുടെ പശ്ചാത്താപം കൊണ്ട് വല്ല മെച്ചവുമുണ്ടെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടവര്‍ക്ക് അതൊരു പാഠമാകുന്നു എന്നത് മാത്രമാണ്. പക്ഷേ, ആ പാഠമുള്‍ക്കൊള്ളാന്‍ സന്നദ്ധരായി ആരുണ്ട്?

ലോകമെങ്ങും ആയുധ ഗവേഷണവും കമ്പോളവും അനുദിനം പുരോഗമിക്കുകയാണ്. നവംനവങ്ങളായ  നശീകരണായുധങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വന്തം ജനങ്ങളെ പട്ടിണിക്കിട്ടും മോഹവിലക്ക് അത് വാങ്ങിക്കൂട്ടാന്‍ സര്‍ക്കാറുകള്‍ ആര്‍ത്തിപൂണ്ട് ക്യൂ നില്‍ക്കുന്നു. പല രാജ്യങ്ങളുടെയും മുഖ്യ വരുമാനം ആയുധ വിപണിയില്‍ നിന്നാണ്. പല രാജ്യങ്ങളും ദാരിദ്ര്യത്തിലാണ്ടുപോകുന്നതും ആയുധ വിക്രയം കൊണ്ടുതന്നെ. യൂറോപ്പും അമേരിക്കയുമാണ് ആയുധ വിപണിയുടെ മുഖ്യ പങ്ക് കൈകാര്യം ചെയ്യുന്നത്. മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ ക്രിസ്തുമതത്തിന്റെ അനുയായികളെന്നവകാശപ്പെടുന്നവരാണവര്‍. പുതിയ പുതിയ നശീകരണായുധങ്ങള്‍ക്ക് വേണ്ടി ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദാത്തമായ ക്രൈസ്തവ തത്ത്വങ്ങളൊന്നും അവര്‍ക്ക് തടസ്സമാകുന്നില്ല. അവരുടെ ഡ്രോണ്‍ പോലുള്ള യുദ്ധോപകരണങ്ങള്‍ ഭീകരതയുടെ പേര് പറഞ്ഞ് ദുര്‍ബല രാജ്യങ്ങളില്‍ കടന്നുചെന്ന് സ്ത്രീകളെയും കുട്ടികളെയും വൃദ്ധജനങ്ങളെയുമെല്ലാം കൂട്ടത്തോടെ ചുട്ടെരിച്ചുകൊണ്ടിരിക്കുകയാണ്. ആറ്റം ബോംബും രാസായുധങ്ങളും പോലുള്ള കൂട്ട നശീകരണോപാധികളുടെ ഉല്‍പാദനവും വിപണനവും ഇസ്‌ലാം മതത്തിന്റെ ജീവകാരുണ്യപരമായ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ശരീഅത്ത് നിഷിദ്ധമാക്കിയിരിക്കുന്നുവെന്ന് ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ ആഗോളവേദികള്‍ ആധികാരികമായി വിധിച്ചിരിക്കുന്നുവെന്നത് ഇത്തരുണത്തില്‍ അനുസ്മരണീയമാകുന്നു.

(Prabodhanam- 07/02/2014)

 

Related Post