New Muslims APP

കറാമത്തുകളും സിദ്ധികളും

ആരുടെ കറാമതാണ് കൂടുതല്‍ ശരി

പ്രവാചക കാലത്തെ രണ്ടു പ്രബല വിഭാഗങ്ങളായ ജൂത ക്രിസ്ത്യാനികള്‍ പരസ്പരം ‘നിങ്ങള്‍ ഒന്നുമല്ല’ എന്ന് ആരോപണം ഉന്നയിച്ച സംഭവം ഖുര്‍ആന്‍ എടുത്തു പറയുന്നു. ആരുടെ കറാമതാണ് കൂടുതല്‍ ശരി എന്നതാണ് പലരുടെയും ചര്‍ച്ച. ഒരു വിഭാഗം മറ്റേ വിഭാഗത്തിന്റെതു തട്ടിപ്പായ കറാമത്താണ് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. രണ്ടു കൂട്ടരോടും നമുക്ക് പറയാനുള്ളതു രണ്ടും ഒന്ന് തന്നെയെന്നാണ്.

കറാമത്തുകളും മറ്റു സിദ്ധികളും സംഘടനകള്‍ക്ക് നല്‍കുന്ന കാര്യം നമുക്കറിയില്ല. പ്രാര്‍ത്ഥന സദസ്സില്‍ പങ്കെടുത്താല്‍ അസുഖം മാറുന്ന കഥകള്‍ എല്ലാ മതത്തില്‍ നിന്നും പറഞ്ഞു കേള്‍ക്കുന്നു. സ്വലാത് സദസ്സില്‍ പങ്കെടുത്തവരും പ്രാര്‍ത്ഥന  സദസ്സില്‍ പങ്കെടുത്തവരും ധ്യാനത്തിലും പൂജയിലും പങ്കെടുത്തവരും ഇതെല്ലാം വിളംബരം ചെയ്യുന്നു. മറ്റേ വിഭാഗം ചെയ്യുന്നത് തട്ടിപ്പാണ് എന്ന് പറഞ്ഞു പരസ്പരം കലഹിക്കുക എന്നതില്‍ അപ്പുറം എല്ലാവരും തട്ടിപ്പു തന്നെ എന്ന് പറയാന്‍ വിശ്വാസികള്‍ക്ക് കഴിയണം.

ദിക്ര്‍ സ്വലാത് സദസ്സുകള്‍

കണ്ണ് കാണാത്തവരും യുദ്ധത്തില്‍ മുറിവേറ്റവരും അംഗവൈകല്യം സംഭവിച്ചവരുമൊക്കെ പ്രവാചക കാലത്തു ജീവിച്ചിരുന്നു. അവരെയെല്ലാം പ്രാര്‍ത്ഥനയിലൂടെ പ്രവാചകന്‍ സുഖപ്പെടുത്തിയ ഒരു വിവരവും നമുക്കറിയില്ല. കണ്ണ് കാണാത്തത് കാരണം പള്ളിയില്‍ ജമാഅത്തിനു വരാന്‍ കഴിയില്ല എന്ന് പറഞ്ഞ സഹാബിയയോട് ബാങ്ക് കേട്ടാല്‍ വരണം എന്നല്ലാതെ കൈ കൊണ്ട് തടവി കണ്ണ് തിരിച്ചു കൊടുത്ത സംഭവം നാം കേട്ടിട്ടില്ല. പക്ഷെ നമ്മുടെ ദിക്ര്‍ സ്വലാത് സദസ്സുകള്‍ എല്ലാ അസുഖങ്ങള്‍ക്കും പരിഹാരമാണ്. എന്നിട്ടും നാട്ടിലെ അസുഖങ്ങള്‍ക്ക് കുറവില്ല.

അദൃശ്യ കാര്യങ്ങള്‍ അറിയുക എന്നത് അല്ലഹുവില്‍ മാത്രം പരിമിതമായ കാര്യമാണ്. അത് അവന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചിലപ്പോള്‍ അറിയിച്ചു കൊടുത്തേക്കാം. അതിനു പല വഴികളുമുണ്ട്. ഒന്ന് വഹ്‌യ് രൂപത്തിലാണ്. അതിപ്പോള്‍ നിലവിലില്ല. ‘ഇല്‍ഹാം’ എന്നതാണ് അടുത്ത വഴി. തോന്നിപ്പിക്കല്‍ എന്നൊക്കെ അതിനു പറയാം. ചില വിവരങ്ങള്‍ ചില സമയത്തു അള്ളാഹു ആ വഴിക്കും അറിയിച്ചു കൊടുക്കും. പക്ഷെ അതൊരു ആഘോഷമായി അണികള്‍ കൊണ്ട് നടക്കുന്നത് ദുരന്തമാണ്. അല്ലാഹുവിന്റെ സഹായം പലപ്പോഴും വിശ്വാസികള്‍ അനുഭവിച്ചിട്ടുണ്ട്.  പ്രവാചകരെ അല്ലാഹു സഹായിച്ച സംഭവങ്ങള്‍ ഖുര്‍ആന്‍ എടുത്തു പറയുന്നു. പ്രവാചകന്മാര്‍ അണികളോട് അതിന്റെ മഹത്വം പറഞ്ഞു ആളാവാന്‍ ശ്രമിച്ചില്ല. അണികള്‍ അത് ഉയര്‍ത്തികാട്ടി നേതാവിനെ ആളാക്കാനായും ശ്രമിച്ചില്ല. അസുഖം മാറ്റുക എന്നത് ചില സമയങ്ങളില്‍ ഈസാ നബിക്കു നല്‍കിയ കഴിവായി ഖുര്‍ആന്‍ പറയുന്നു. പക്ഷെ നമ്മുടെ നാട്ടില്‍ ശൈഖിനെ വിളിച്ചു വരുത്തിയാണ് അസുഖം മാറ്റിക്കുന്നത്.

മഹത്വം

ഇസ്ലാമില്‍ ആളുകളുടെ മഹത്വം അവരുടെ ത്യാഗവുമായി ബന്ധപ്പെട്ടതാണ്. പ്രവാചകന്മാര്‍ മഹാന്മാരായത്. അവരുടെ ത്യാഗം കാരണമാണ്. അണികളുടെ തക്ബീര്‍ വിളിയില്‍ അഭിരമിച്ചതു കൊണ്ടല്ല. ഇസ്ലാമിന്റെ മാര്‍ഗത്തില്‍ ത്യാഗ സന്നദ്ധ മനസ്സോടെ ഇറങ്ങി പുറപ്പെടുമ്പോള്‍ ആ വഴിയില്‍ അല്ലാഹുവില്‍ നിന്നുണ്ടാകുന്ന സഹായത്തെയാണ് കറാമത്തുകള്‍ എന്ന് പറയാന്‍ കഴിയുക. അസുഖം മാറ്റലും വിഷയങ്ങള്‍ സാധിപ്പിച്ചു കൊടുക്കലും കറാമത്തിന്റെ ഭാഗമല്ല. അത് ചെയ്യേണ്ടത് ചികിത്സ പഠിച്ച ആളുകളാണ്. ഇങ്ങിനെ അസുഖം മാറ്റുന്നവര്‍ പോലും അവസാനം ആശ്രയിക്കുന്നത് വൈദ്യശാസ്ത്രത്തെ തന്നെയാണ്.

ആദ്യ കാല ഔലിയാക്കള്‍ ജീവിതം ത്യാഗ വഴിയില്‍ ചിലവഴിച്ചവരാണ്. സഹാബത് മുതല്‍ മദ്ഹബീ ഇമാമുകള്‍ തുടങ്ങി സലഫുകള്‍ വരെ അതിനു തെളിവാണ്. അവരെ കുറിച്ച് ഇന്ന്  നാം പറഞ്ഞു കേള്‍ക്കുന്ന പലതും പറഞ്ഞു കേട്ടില്ല. പച്ച മനുഷ്യരായി മനുഷ്യര്‍ക്കിടയില്‍ അവര്‍ ജീവിച്ചു. അവരുടെ ജീവിതത്തില്‍ സന്നിഗ്ദ ഘട്ടങ്ങളില്‍ അവരെ പലപ്പോഴും അല്ലാഹു സഹായിച്ചു. പക്ഷെ അത് ഇന്നത്തെ പോലെ സംഘടന വളര്‍ത്താനും ഇസ്ലാമിനെ അപഹസിക്കാനും അവര്‍ ഉപയോഗിച്ചില്ല.

ഒരുപാട് മനുഷ്യരുടെ ത്യാഗമാണ് ഉരുള്‍ പൊട്ടല്‍ നടന്നിടത്തു കഴിഞ്ഞ  ദിവസങ്ങളില്‍ നാം കണ്ടത്. അവിടെ ഊന്നി പറയേണ്ടത് നിസ്വാര്‍ത്ഥരായ സേവന രംഗത്തു ഇറങ്ങിയ ജനത്തെയാണ്. ഒരു പ്രദേശം മുഴുവന്‍ ദുരന്തത്തിന് സാക്ഷിയായപ്പോള്‍ പെരുന്നാള്‍ പോലും വേണ്ടെന്നു വെച്ച് ചെളിയിലും മണ്ണിലും പെരുന്നാള്‍ കഴിച്ച ഒരു പാട് മനുഷ്യരാണ് അവിടുത്തെ ‘ഔലിയാക്കള്‍’. അവരാണ് ഗിരിമാരം താണ്ടി കടന്നവര്‍. എന്തും വിറ്റു കാശാക്കാനുള്ള ചിലരുടെ വളഞ്ഞ ബുദ്ധി ആര്‍ക്കും മനസ്സിലാവുന്നില്ല എന്ന് മാത്രം കരുതരുത്.

 

Leave a Reply


This site uses Akismet to reduce spam. Learn how your comment data is processed.