നിങ്ങള്‍ ഇണയോട് നന്ദി പറയാറുണ്ടോ?

മനുഷ്യസമൂഹത്തിലെ ഇടപഴകലുകളില്‍ പരിചിതമായ tightsസവിശേഷതയാണ് നന്ദി പ്രകാശിപ്പിക്കല്‍. നിങ്ങള്‍ക്കൊരാള്‍ നന്മ ചെയ്താല്‍ അയാള്‍ നന്ദിക്കര്‍ഹനാണ്. സല്‍കര്‍മങ്ങളും നല്ല പ്രവര്‍ത്തികളും ചെയ്യുന്നവര്‍ പ്രശംസിക്കപ്പെടേണ്ടതുണ്ട്. ചൊവ്വായ മനസിനെയും ശുദ്ധമായ മനുഷ്യപ്രകൃതിയുടെയും ഭാഗമാണത.് നന്ദി കാണിക്കുന്ന അടിമകളെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. ‘നിങ്ങള്‍ നന്ദികാണിക്കുന്നുവെങ്കില്‍, അതാണവന്‍ നിങ്ങള്‍ക്കിഷ്ടപ്പെടുന്നത്.’ (അസ്സുമര്‍ : 7)  പ്രവാചക ശ്രേഷ്ഠരുടെ ഉന്നത ഗുണമായി അല്ലാഹു എടുത്ത് പറഞ്ഞത് നന്ദികാണിക്കുക എന്നതാണ്. പ്രവാചകന്‍ നൂഹ്(അ) കുറിച്ച് പറയുന്നത് അല്ലാഹു പറയുന്നത് നോക്കൂ.  ‘നാം നൂഹിന്റെ കൂടെ കപ്പലില്‍ കയറ്റിയവരുടെ സന്തതികളല്ലോ നിങ്ങള്‍. തീര്‍ച്ചയായും നൂഹ് ഏറെ നന്ദിയുളള ദാസനായിരുന്നു.’ (അല്‍ ഇസ്‌റാഅ് : 3)

പ്രവാചകന്‍ ഇബ്രാഹീമിനെക്കുറിച്ച് അല്ലാഹുവിന്റെ പരാമര്‍ശം നോക്കൂ. ‘അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു. അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും നേര്‍മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്തില്‍ അദ്ദേഹത്തിന് നന്മ നല്‍കി.’ (അന്നഹ്ല്‍ : 121) പ്രവാചകന്‍(സ) ഇക്കാര്യത്തില്‍ ഉന്നതനിലവാരം പുലര്‍ത്തിയിരുന്നു. ഞാനൊരു നന്ദിയുള്ള ദാസനാകേണ്ടേ എന്ന പ്രവാചകന്റെ വചനം പ്രശസ്തമാണല്ലോ. പ്രതാപത്തില്‍ ജനങ്ങളില്‍ ഒന്നാമനാണ പ്രവാചകന്‍(സ). അങ്ങേയറ്റം നന്ദിക്ക് അര്‍ഹരായ പലര്‍ക്കും അത് ലഭിക്കാറില്ല എന്നതിനാലാണ് അതിവിടെ സൂചിപ്പിക്കുന്നത്. അര്‍ഹതപ്പെട്ടവരോട് നന്ദി കാണിക്കുന്നതില്‍ വരുത്തുന്ന വീഴ്ച്ച അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യമാണ്. തിര്‍മിദിയും അബൂദാവൂദും ഉദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു : ‘ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാത്തവന്‍ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നില്ല.’ പ്രിയപ്പെട്ടവരോട് പോലും നന്ദി കാണിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്ന നിങ്ങള്‍ അല്ലാഹുവിനോട് നന്ദി കാണിക്കണമെന്ന് ആരെങ്കിലും ആവശ്യപ്പെടുമോ?

സ്ത്രീയോട് നന്ദി കാണിക്കണം എന്നു ഞാന്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്ന സ്ത്രീ ഉമ്മയല്ല. നമ്മുടെ നന്ദിപ്രകടനത്തിന്റെ വലിയ ഭാഗം അവര്‍ക്കവകാശപ്പെട്ടതാണ്. അത് നിര്‍ബന്ധമാണെന്നതും അതിന്റെ പ്രാധാന്യവും വിസ്മരിക്കുകയോ കുറക്കുകയോ അല്ല ഞാന്‍ ചെയ്യുന്നത്. നമുക്കായി വളരെയധികം കഷ്ടപ്പെടുന്ന ഒരു സ്ത്രീയെയാണ് ഞാനുദ്ദേശിക്കുന്നത്. വീട്ടില്‍ നമുക്കും നമ്മുടെ കുട്ടികള്‍ക്കുമായി സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കുന്നത് അവളാണ്.  ഭക്ഷണം പാകം ചെയ്യുന്നതും, വസ്ത്രം തയ്യാറാക്കി വെക്കുന്നതും, മുറികള്‍ വൃത്തിയാക്കുന്നതും ഒതുക്കി വെക്കുന്നതും, നമ്മുടെ സന്തോഷത്തിനായി രാത്രിയില്‍ ഉറക്കമിളക്കുന്നതും അവള്‍ തന്നെ. സ്ത്രീ വീട്ടില്‍ ഏകദേശം എട്ട് മണിക്കൂറോളം ശമ്പളമില്ലാതെ ജോലിചെയ്യുന്നുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതെ ഈ പറയുന്ന സ്ത്രീകള്‍  ഭാര്യമാരാണ്.

ജീവസുറ്റ നന്ദിവാക്കുകള്‍ കൊണ്ട് എപ്പോഴെങ്കിലും അവരെ അഭിസംബോധന ചെയ്യാന്‍ നമുക്കായിട്ടുണ്ടോ? പതിറ്റാണ്ടുകളായി അവര്‍ ചെയ്യുന്ന ഈ നന്മക്ക് നന്ദി പറയേണ്ടതല്ലേ?  നമ്മുടെ ഭാര്യ എന്ന സ്ത്രീ പതിറ്റാണ്ടുകളായി നമുക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് നാം ആലോചിച്ചിട്ടുണ്ടോ? അവള്‍ കൃതജ്ഞത അര്‍ഹിക്കുന്നില്ലേ? നമുക്കും നമ്മുടെ നമ്മുടെ ജീവിതത്തിനും മക്കള്‍ക്കും നമ്മുടെ ഭാര്യയായ ആ സ്ത്രീ നല്‍കുന്ന മഹത്വമുള്ള കാര്യങ്ങളെക്കുറിച്ച് സഹോദരാ നിനക്കെന്തറിയാം? ക്ഷീണിക്കുംവരെ അവര്‍ ചെയ്യുന്ന ഈ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ മൂല്യം നല്‍കാന്‍ നമുക്ക് കഴിയാറുണ്ടോ? അലക്കിവെളുപ്പിച്ച നമ്മുടെ വസ്ത്രം, രുചികരമായ ഭക്ഷണം, അടുക്കി ഒതുക്കി വൃത്തിയായി സംരക്ഷിക്കപ്പെട്ട ഭവനം, സംസ്‌കാര സമ്പന്നരായ നമ്മുടെ മക്കള്‍ ഇതു കൂടാതെയുള്ള മറ്റുപലതും അവളുടെ കൈകള്‍ കാലങ്ങളായി പണിത പണിത്തരങ്ങളല്ലേ! നിങ്ങളെപ്പോഴെങ്കിലും നിങ്ങളുടെ ഭാര്യമാരുടെ അവകാശങ്ങളെക്കുറിച്ച് ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടുണ്ടോ?  നമുക്കതെല്ലാം നിസാരമാണ്.

അല്ലാഹുവിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് നോക്കൂ. ‘അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും  അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍ നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.’ (അര്‍റൂം : 21)  ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസില്‍ പ്രവാചകന്‍(സ) പറയുന്നു: ഇഹലോകം വിഭവങ്ങളാണ്. ഇഹലോകത്തെ ഏറ്റവും നല്ല വിഭവം സദ്‌വൃത്തയായ സ്ത്രീയാകുന്നു. പ്രവാചകന്റെ ഭാഷാനൈപണ്യത്തിന്റെ തെളിവാണ് ഈ ഹദീസ്. രണ്ട് വാക്കുകള്‍ കൊണ്ടാണ് പ്രവാചകന്‍ ദുന്‍യാവിനെ വിശേഷിപ്പിച്ചത്. ഇഹലോകം വിഭവമാകുന്നു എന്നു പറഞ്ഞ ശേഷം സദ്‌വൃത്തയായ ഭാര്യക്ക് ഉന്നതമായ പദവി നല്‍കിക്കൊണ്ടാണ് പ്രവാചകന്‍ വിശദീകരിക്കുന്നത്. ഈ ഹദീസ് മുന്നില്‍ വെച്ച് കൊണ്ട് നമ്മുടെ ഭാര്യമാരെ നമ്മള്‍ വിലയിരുത്തുമ്പോള്‍, വളരെ പ്രയാസപ്പെട്ട് നമ്മള്‍ സമ്പാദിക്കുന്ന ധനത്തേക്കാളും എത്തണമെന്നാഗ്രഹിക്കുന്ന പദവികളേക്കാളും ഉന്നതമാകുകയാണ് ഭാര്യയുടെ മൂല്യം. നമ്മളില്‍ പലരോടും കുട്ടികള്‍ പഠിക്കുന്ന ക്ലാസ് ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ നമുക്ക് കഴിയില്ല. പക്ഷെ നമ്മുടെ ഭാര്യമാര്‍ക്ക് അതിനെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകും. കാരണം അവരാണ് കൂടുതല്‍ സമയം അവരോട് ഇടപഴകുന്നവര്‍.

‘സ്ത്രീകളോട് നന്മയില്‍ വര്‍ത്തിക്കുക.’ എന്നാണ് നബി(സ) കല്‍പിച്ചിട്ടുള്ളത്. ഇങ്ങനെ പറയുമ്പോള്‍ സ്ത്രീകള്‍ പാപസുരക്ഷിതരായ മാലാഖമാരാണെന്ന് വാദിക്കുകയല്ല. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പിച്ച കാര്യത്തെ കുറിച്ച് ഉണര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. ‘നിങ്ങള്‍ അവരോട് മാന്യമായി സഹവര്‍ത്തിക്കേണ്ടതാകുന്നു. ഇനി അവരെ വെറുക്കുന്നുവെങ്കില്‍, ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നതില്‍ അതേ അവസരം അല്ലാഹു അതില്‍ ധാരാളം നന്മനകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം.’ (അന്നിസാഅ് : 19) മുകളില്‍ പാരാമര്‍ശിച്ച സൂക്തം ലോക രക്ഷിതാവായ അല്ലാഹുവിന്റെ കല്‍പനയാണ്. എല്ലാ നന്മകളും ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ‘മഅ്‌റൂഫ്’ എന്ന പദമാണ് അതിന് ഉപയോഗിച്ചിരിക്കുന്നത്. അതായത് സ്ത്രീകളോട് വാക്കിലും കര്‍മത്തിലും സൂചനയിലും തുടങ്ങി എല്ലാ വിധത്തിലുള്ള പെരുമാറ്റത്തിലും നന്മയില്‍ സഹവര്‍ത്തിക്കല്‍ അനിവാര്യമാണ്.

‘നിങ്ങള്‍ അവരെ വെറുക്കുന്നുവെങ്കില്‍’ എന്നും വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ചിലപ്പോള്‍ നിങ്ങള്‍ വെറുക്കുന്നത് ന്യായമായ കാരണത്തിന്റെ പേരിലായിരിക്കാം, അല്ലെങ്കില്‍ എന്തെങ്കിലും തെറ്റിധാരണയുടെ അടിസ്ഥാനത്തിലാവാം. എന്നാല്‍ നിങ്ങള്‍ വെറുക്കുന്ന ഒന്നിലായിരിക്കാം അല്ലാഹു നിങ്ങള്‍ക്ക് നന്മകള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നാണ് തുടര്‍ന്ന് പറയുന്നത്. അതായത് നിങ്ങള്‍ ചുറ്റുമുള്ള വെളിച്ചവും പ്രകാശവും കാണാതെ എവിടെയോ കിടക്കുന്ന ഇരുട്ടിലേക്ക് മാത്രം കണ്ണു തുറന്നു വെക്കരുത്. സ്ത്രീകളുടെ തെറ്റിനെ മാത്രം കാണുകയും നന്മ കാണാതിരിക്കുകയും ചെയ്യരുത് എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഈ ആശയത്തെ ഒന്നു കൂടി ശക്തിപ്പെടുത്തുന്നതാണ് പ്രവാചകന്‍(സ) ഈ വാക്കുകള്‍ : ‘വിശ്വാസിയായ സ്ത്രീയും പുരുഷനും പിണങ്ങരുത്, അവളില്‍ വെറുപ്പുളവാക്കുന്ന ചില സ്വഭാവങ്ങളുണ്ടെങ്കിലും തൃപ്തിപ്പെടുന്ന മറ്റു ചില ഗുണങ്ങളുണ്ടാകും.’  (മുസ്‌ലിം) നിന്റെ വിശ്വാസിനിയായ ഇണയുടെ ഭാഗത്ത് നിന്ന് വന്ന് പോയ ഒരു തെറ്റിന്റെ പേരില്‍ നീ ഒരിക്കലും അവളെ വെറുക്കരുത്. നീ ഇഷ്ടപ്പെടുന്ന നിരവധി ഗുണങ്ങള്‍ അവളിലുണ്ടാവും. മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവനാണ് നിങ്ങളില്‍ ഭാര്യയോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍.’ (തിര്‍മിദി) ഒരാള്‍ തന്റെ ഭാരമ്യമാരോട് നല്ല നിലയില്‍ പെരുമാറുന്നില്ലെങ്കില്‍ അവരല്ലാത്തവരോട് അതിലേറെ മോശമായിട്ടായിരിക്കും പെരുമറുക.

ഭാര്യമാരോട് നല്ല ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍ എന്ന് പ്രഖ്യാപിച്ച പ്രവാചകന്‍(സ) മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാണ്. നബി(സ) ഭാര്യമാരോട് കാണിച്ച നന്മകളെ കുറിച്ച് വിശദീകരിക്കാന്‍ ഒരു ലേഖനം പരിമിതമാണ്. രോഷം കൊള്ളുന്നവരും കോപിക്കുന്നവരും പലപ്പോഴും പ്രവാചകനേക്കാള്‍ ഉച്ചത്തില്‍ ശബ്ദമുയര്‍ത്തുന്നവരുമായിരുന്നു അവര്‍. എന്നാല്‍ അതെല്ലാം അവഗണിച്ചു കൊണ്ട് പ്രവാചക നന്മകള്‍ അവരെ ഉള്‍ക്കൊള്ളുന്നതാണ് നാം കാണുന്നത്. അവക്കെല്ലാം നന്ദിയും അനുകമ്പയും നന്മകളും പ്രകടിപ്പിച്ചാണ് നബി(സ) അവരോട് പകരം വീട്ടിയത്.

ഡോ. അലി ഉമര്‍ ബാദ്ഹദഹ്
വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

(Islam Onlive)

T

Related Post