അധ്യാപനം എന്ന കല

teacher

സെപ്തംബര്‍ 5 അധ്യാപക ദിനം

അധ്യാപനം ഒരു കലയാണ്. മനുഷ്യ സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കിയ പ്രവാചകന്മാര്‍ കലാകാരന്മാരായ അധ്യാപകരായിരുന്നു. പ്രവാചക പാഠശാലയില്‍ നിന്ന് സംസ്‌കരണവും ശിക്ഷണവും ലഭിച്ചവരായിരുന്നു ലോകത്തിന് തുല്യതയില്ലാത്ത മാതൃകയുടെ സ്രഷ്ടാക്കളായ ഉത്തമതലമുറ. സമൂഹത്തിന് വേണ്ടി സ്വയം കത്തിയെരിയെന്ന വിളക്കുമാടങ്ങളാണ് യഥാര്‍ഥ അധ്യാപകര്‍. ഉത്തമമായ തലമുറയുടെ സ്രഷ്ടാക്കളും സംഹര്‍ത്താക്കളുമാകാന്‍ അധ്യാപകന് കഴിയും. ആധുനിക രീതിയിലുള്ള വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കില്‍ നവജാത ശിശുക്കളെ കൊന്നൊടുക്കിയതിന്റെ പേരില്‍ ഫറോവാ ചക്രവര്‍ത്തി ഇത്രമേല്‍ പഴി കേള്‍ക്കില്ലായിരുന്നു എന്ന അക്ബര്‍ ഇലാഹാബാദിയുടെ വാക്കുകള്‍ നമ്മുടെ വിദ്യാഭ്യാസ ക്രമത്തില്‍ തലമുറകളുടെ സംഹര്‍ത്താക്കളാകാന്‍ അധ്യാപകര്‍ക്ക് കഴിയും എന്നതിന്റെ നിദര്‍ശനമാണ്.

അധ്യാപനവൃത്തി ഇമാം ഗസ്സാലിയുടെ വീക്ഷണത്തില്‍ മഹത്തായ ഒരു ദൗത്യമാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു. അധ്യാപകവൃത്തി ദൈവാരാധനയുടെ ഭാഗവും ദൈവ പ്രാതിനിധ്യനിര്‍വഹണത്തിന്റെ ഭാഗവുമാണ്. അധ്യാപകന്റെ സ്ഥാനം അമ്പിയാക്കളുടെ സ്ഥാനത്തോളം മഹോന്നതമാണ്. പഠിതാവിന്റെ മനസ്സ് സംസ്‌കരിച്ചും ശുദ്ധീകരിച്ചും ദൈവത്തിലേക്ക് അടുപ്പിക്കുന്നു. സൃഷ്ടികളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിലും സ്വര്‍ഗത്തിലേക്ക് നയിക്കുന്നതിലും ദൈവത്തിനും ദൈവദാസനുമിടയില്‍ മധ്യസ്ഥാനത്ത് നില്‍ക്കുന്നതിനേക്കാള്‍ മറ്റെന്ത് പദവിയാണ് കിട്ടാനുള്ളത്! എന്ന് ഇമാം ഗസ്സാലി ചോദിക്കുന്നു. ഇത്തരത്തില്‍ ‘മതാധ്യാപകന്‍/ഉസ്താദ്’ എന്നു വിളിക്കുന്ന നമ്മുടെ നാട്ടിലെ അധ്യാപകര്‍ക്ക് സമൂഹം നല്‍കുന്ന ‘വില’യെന്തെന്നും അവര്‍ നിര്‍വഹിക്കുന്ന ജോലിയുടെ മഹത്തരമെന്തെന്നും നാം പഠന വിധേയമാക്കേണ്ടതുണ്ട്.
അധ്യാപകന്‍ പിതാവിനെ പോലെയാകണം. പഠിതാക്കളെട് സ്‌നേഹമസൃണമായി പെരുമാറണം. പിതാവ് സൃഷ്ടികര്‍മം നിര്‍വഹിക്കുന്നു. ഐഹികലോകത്തെ സാന്നിധ്യത്തിനു നിമിത്തം പിതാവാണ്. അനശ്വരമായ പരലോക ജീവിതത്തിനു നിമിത്തം അധ്യാപകനാകുന്നു. കാരണം, വിദ്യാര്‍ഥികളെ ദൈവത്തിലേക്കും പരലോക മോക്ഷത്തിലേക്കും കൈപിടിച്ചാനയിക്കുന്നവനാണ് അധ്യാപകന്‍. അതിനാല്‍ അധ്യാപകന്‍ മാര്‍ഗദര്‍ശിയും സത്യസന്ധനുമാവണമെന്നും ഗസ്സാലി ചൂണ്ടിക്കാട്ടുന്നു.
താന്‍ പഠിപ്പിക്കുന്ന വിഷയത്തില്‍ മാത്രമല്ല ഇതരശാഖകളും പഠിക്കാന്‍ അധ്യാപകന്‍ വിദ്യാര്‍ഥികളെ പ്രോല്‍സാഹിപ്പിക്കുകയും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് യഥാര്‍ഥ വഴിയിലേക്ക് തിരിച്ചു വിടുകയും ചെയ്യണം. വിദ്യാര്‍ഥിയുടെ മനശ്ശാസ്ത്രം അധ്യാപകന്‍ അവശ്യം അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇമാം വിരല്‍ ചൂണ്ടുന്നു. രോഗികളെ കുറിച്ച് ഡോക്ടറുടെ അജ്ഞത രോഗം തിരിച്ചറിയാനും നിര്‍ണയിക്കാനും കഴിയാതെ വരുകയും അത് രോഗിയുടെ മരണത്തിനു നിമിത്തമാവുകയും ചെയ്യും. ഒരേ ചികിത്സാരീതി എല്ലാ രോഗികളിലും പ്രയോഗിച്ചാലും വിപരീത ഫലമായിരിക്കും ഉളവാക്കുക. പഠിതാക്കളുടെ വൈവിധ്യം മനസ്സിലാക്കി അവരെ മാനിക്കുകയും ആദരിക്കുകയും ചെയ്യണം. ആധുനിക ബോധന ശാസ്ത്രത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്രിയാത്മകവും ശാസ്ത്രീയവുമായ നൈപുണികള്‍ നേടിയെടുത്ത് കൊണ്ട് ഇസ്‌ലാമിക വിദ്യാഭ്യസ രംഗത്ത് പ്രവാചക മാതൃകയില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഇത്തരം ദിനങ്ങള്‍ നമുക്ക് പ്രചോദനമാകട്ടെ.
അബ്ദുല്‍ ബാരി കടിയങ്ങാട്

Related Post