സ്ത്രീകളെ നോക്കുന്ന ദുശ്ശീലം ?
ചോ: എന്റെ പ്രശ്‌നമിതാണ്; സ്ത്രീകളെ കണ്ടാല്‍ അവരെ നോക്കിയിരിക്കുകയെന്നത് എന്റെ ശീലമാണ്. ഈ ദുഃശീലത്തില്‍നിന്ന് മോചിതനാകാന്‍ എന്താണ് പോംവഴി?
…………………………………………………..
ഉത്തരം: വിശ്വാസിയെന്ന നിലക്ക് തന്റെ ദൃഷ്ടിയെ നിയന്ത്രിക്കുകയെന്നത് പരമപ്രധാനമാണ്. അതുവഴി അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് സ്വന്തത്തെ അവന് കാത്തുരക്ഷിക്കാനാകും. അതിനാല്‍ തന്നെ കണ്ണിന്റെ വഴിവിട്ട നോട്ടങ്ങളെ നിയന്ത്രിക്കാന്‍ പ്രായോഗികനടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
ശരീഅത് തിന്‍മകളിലേക്കുള്ള എല്ലാ വഴികളും അടച്ചുകൊണ്ടാണ് ആഗതമായിട്ടുള്ളത്. അന്യസ്ത്രീകളെ നോക്കുന്നതില്‍നിന്നും വിശ്വാസികളെ അത് താക്കീത് ചെയ്തിരിക്കുന്നു.
‘പ്രവാചകന്‍, വിശ്വാസികളോട് പറയുക: അവര്‍ കണ്ണുകള്‍ താഴ്ത്തിവെച്ചുകൊള്ളട്ടെ. അവരുടെ ഗുഹ്യഭാഗങ്ങള്‍ കാത്തുകൊള്ളുകയും ചെയ്യട്ടെ. ഇതാകുന്നു അവര്‍ക്കുള്ള ഏറ്റം സംസ്‌കൃതമായ നടപടി. അവര്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നു.'(അന്നൂര്‍ 30). ഈ സൂക്തത്തെ വിശദീകരിച്ച് ഇമാം ഇബ്‌നുകഥീര്‍ ഇങ്ങനെ എഴുതി: ‘ഇത് അല്ലാഹുവിനെ അനുസരിക്കുന്ന വിനീതരായ ദാസരോടുള്ള അവന്റെ കല്‍പനയാണ്. തങ്ങള്‍ക്ക് വിലക്കപ്പെട്ട സംഗതികളിലേക്ക് ദൃഷ്ടികള്‍ പായിക്കാതെ നോട്ടം താഴ്ത്തണമെന്ന് അവന്‍ ആജ്ഞാപിക്കുന്നു. നിഷിദ്ധങ്ങളിലേക്ക് നോക്കാതിരിക്കാനാണ് ദൃഷ്ടിതാഴ്ത്താന്‍ പറഞ്ഞത്. അതിനാല്‍ നിഷിദ്ധങ്ങളിലേക്ക് കണ്ണുകള്‍ പരതുമെന്ന ഭയംഉണ്ടെങ്കില്‍ ദൃഷ്ടിതാഴ്ത്തുകതന്നെ വേണം.’
ജാബിറുബ്‌നു അബ്ദില്ല(റ) പറയുന്നു:’ അറിയാതെയുണ്ടാകുന്ന നോട്ടങ്ങളെ സംബന്ധിച്ച് അല്ലാഹുവിന്റെ ദൂതരോട് ഞാന്‍ ചോദിച്ചു: നോട്ടം താഴ്ത്താന്‍ അദ്ദേഹം എന്നോട് കല്‍പിച്ചു.(മുസ്‌ലിം) ‘ഇമാം നവവി പറഞ്ഞു: ‘നാമറിയാതെ നമ്മുടെ ദൃഷ്ടി അന്യസ്ത്രീയില്‍ പതിയുന്നതിനെയാണ് യാദൃശ്ചികയാ ഉള്ള നോട്ടം എന്നതുകൊണ്ടുദ്ദേശിച്ചത്. അവന്റെ ആദ്യനോട്ടത്തില്‍ പാപമില്ല. പക്ഷേ , ഉടന്‍തന്നെ അവന്‍ ദൃഷ്ടി മാറ്റേണ്ടതുണ്ട്. അവന്‍ തന്റെ നോട്ടം ഒഴിവാക്കിയാല്‍ അവനുമേല്‍ ശിക്ഷയില്ല. അതിനുപകരം അവന്‍ നോക്കിക്കൊണ്ടേയിരിക്കുകയാണെങ്കില്‍ അത് പാപമാണ്.’
പുരുഷന്‍മാര്‍ തങ്ങള്‍ക്ക് അല്ലാഹു വിലക്കിയ സംഗതികളിലേക്ക് ദൃഷ്ടിപതിപ്പിക്കുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നോട്ടം അനിവാര്യമായേക്കാം. ഉദാഹരണത്തിന് ചികിത്സ, സാക്ഷ്യം, വിവാഹാലോചന, വാണിജ്യ-സാമ്പത്തിക ക്രയവിക്രയം തുടങ്ങിയവ നടക്കുന്ന ഘട്ടത്തില്‍ ആവശ്യമുണ്ടെങ്കില്‍ നോട്ടം ആകാവുന്നതാണ്. അതില്‍കൂടുതല്‍ ഉള്ളത് പാപവൃത്തിയാണ്. ഒരു മനുഷ്യന് തന്റെ നോട്ടം നിയന്ത്രിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്. അത് പ്രായോഗികജീവിതത്തില്‍ നടപ്പില്‍വരുത്താന്‍ അല്ലാഹുവോട് നാം പ്രാര്‍ഥിക്കുക.
1. അല്ലാഹു സദാ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്ന് മനസ്സില്‍ എപ്പോഴും ഓര്‍മയുണ്ടായിരിക്കുക. നിങ്ങളുടെ അയല്‍വാസിക്കോ, നിങ്ങളുടെ ഒപ്പമുള്ളയാള്‍ക്കോ അറിയാത്തതുപോലും അല്ലാഹു കാണുന്നുണ്ടെന്ന് മനസ്സിലോര്‍മയുണ്ടായിരിക്കട്ടെ.’അല്ലാഹു കള്ളനോട്ടങ്ങള്‍ പോലും അറിയുന്നുണ്ട്. മാറിടങ്ങളിലൊളിച്ചുവെച്ച രഹസ്യങ്ങള്‍ അവന്‍ അറിയുന്നു’. (ഗാഫിര്‍ 19)
2. അല്ലാഹുവിനോട് വിനയപൂര്‍വം താണുകേണ് ആവശ്യപ്പെടുക. അല്ലാഹുപറയുന്നു: ‘നിങ്ങളുടെ നാഥന്‍ പറയുന്നു: എന്നോട് പ്രാര്‍ഥിക്കുവിന്‍; ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം.ഗര്‍വിഷ്ഠരായി എന്റെ ഇബാദത്തില്‍നിന്ന് പിന്തിരിയുന്നവര്‍, തീര്‍ച്ചയായും നിന്ദിതരും നികൃഷ്ടരുമായി നരകത്തില്‍ കടക്കുന്നതാകുന്നു'(ഗാഫിര്‍ 60)
3. താങ്കള്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവില്‍നിന്നുള്ളതാണെന്ന ബോധ്യം വെച്ചുപുലര്‍ത്തുക. ആ ബോധ്യം താങ്കളുടെ നന്ദിപ്രകാശനത്തിലൂടെ മാത്രമാണ് സത്യസന്ധമാകുക. കണ്ണ് എന്ന അനുഗ്രഹത്തിനുള്ള നന്ദിപ്രകാശിപ്പിക്കുന്നത് അതിന് കേടുപാടുകള്‍ പറ്റാതെ സംരക്ഷിക്കുന്നതിലൂടെയാണ്. നന്‍മയ്ക്ക് നന്‍മയല്ലാതെ മറ്റെന്താണ് പ്രതിഫലം നല്‍കുക.’നിങ്ങള്‍ക്കു ലഭിക്കുന്ന ഏതൊരനുഗ്രഹവും അല്ലാഹുവിങ്കല്‍നിന്നു മാത്രമുള്ളതാകുന്നു’ (അന്നഹ്ല്‍ 53).
4. ഓരോ വ്യക്തിയും തന്റെ നോട്ടം നിയന്ത്രിക്കുന്ന പരിശീലനപ്രക്രിയയില്‍ ക്ഷമയവലംബിച്ചുകൊണ്ടായിരിക്കണം അതിനെ സമീപിക്കേണ്ടത്. ക്രമപ്രവൃദ്ധമായേ നമുക്ക് ആ കഴിവ് നേടിയെടുക്കാനാകൂ. അതുകൊണ്ടുതന്നെ നിരാശനായി ആ പരിശീലനം ഉപേക്ഷിക്കരുത്.അല്ലാഹു വിവരിക്കുന്നത് കാണുക’നമുക്കുവേണ്ടി പരിശ്രമങ്ങള്‍ ചെയ്യുന്നവര്‍ക്ക് നമ്മുടെ മാര്‍ഗങ്ങള്‍ നാം കാണിച്ചുകൊടുക്കും'(അല്‍അന്‍കബൂത്69) പ്രവാചകന്‍ (സ) പറഞ്ഞു:’ആര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശുദ്ധിപ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവോ അല്ലാഹു അവനെ സംസ്‌കൃതചിത്തനാക്കും. ആര്‍ ജീവിതവിഭവങ്ങളെതൊട്ട് നിരാശ്രയന്‍ ആകാന്‍ കൊതിക്കുന്നുവോ അല്ലാഹു അവനെ നിരാശ്രയനാക്കും. ആര്‍ ക്ഷമാലുവാകാന്‍ ഇഷ്ടപ്പെടുന്നുവോ അല്ലാഹു അവനെ ക്ഷമാശീലനാക്കും.(അല്‍ബുഖാരി)’
5. അന്യസ്ത്രീകളെ നോക്കാന്‍ പ്രേരിപ്പിക്കുന്ന ഇടങ്ങള്‍ ഒഴിവാക്കുക. ഉദാഹരണത്തിന് അങ്ങാടികള്‍, ഷോപിങ്മാളുകള്‍, വഴിയോരങ്ങള്‍, സ്ത്രീകള്‍ക്കായുള്ള പൊതുഇടങ്ങള്‍ തുടങ്ങിയവ. നബിതിരുമേനി ഒരിക്കല്‍ പറയുകയുണ്ടായി:’നിങ്ങള്‍ വഴിയോരങ്ങളില്‍ ഇരിക്കുന്നത് സൂക്ഷിക്കുക.’ അനുചരന്‍മാര്‍ ഇതുകേട്ട് ചോദിച്ചു: ‘ഞങ്ങള്‍ക്ക് വര്‍ത്തമാനം പറയാനും ഇരിക്കാനും അതല്ലാതെ മറ്റുവഴിയൊന്നുമില്ലല്ലോ?’ തിരുമേനി പ്രതിവചിച്ചു: ഇനി നിങ്ങള്‍ക്ക് അങ്ങനെ ഇരുന്നേ മതിയാകൂ എന്നാണെങ്കില്‍ വഴിയുടെ അവകാശം നല്‍കുക. അപ്പോള്‍ അവര്‍ ചോദിച്ചു:’എന്താണ് വഴിയുടെ അവകാശങ്ങള്‍ അല്ലാഹുവിന്റെ ദൂതരേ?’ നിഷിദ്ധങ്ങളില്‍ വിട്ടുനില്‍ക്കുക, ദൃഷ്ടിതാഴ്ത്തുക(ബുഖാരി-മുസ്‌ലിം)
6. ഏതുസാഹചര്യമായാലും, എത്രതന്നെ പ്രലോഭനമുണ്ടായാലും അന്യസ്ത്രീകളെ നോക്കുക എന്ന വിഷയത്തില്‍ താങ്കള്‍ക്ക് അനുവദനീയമായതൊന്നുമില്ല എന്ന് തിരിച്ചറിയുക. എല്ലാസമയത്തും എല്ലാ സ്ഥലങ്ങളിലും നിഷിദ്ധമായ സംഗതികളിലേക്ക് ദൃഷ്ടിപതിയാത്ത വിധം താഴ്ത്തുകയെന്നതാണ് ചെയ്യാനുള്ളത്. ആധുനികജീവിതസാഹചര്യം അതാണ്, ചുറ്റുപാടും പ്രലോഭനങ്ങള്‍മാത്രമേ ഉള്ളൂ എന്ന ന്യായമുയര്‍ത്തി ചെയ്തികളെ നീതീകരിക്കാന്‍ ശ്രമിക്കരുത്.
7. ആരാധനാകര്‍മങ്ങള്‍ വര്‍ധിപ്പിക്കുക. നിര്‍ബന്ധബാധ്യതയായി ചെയ്യുന്നവയ്ക്കുപുറമേ ഐശ്ചികകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് നമ്മുടെ ഇച്ഛാനിയന്ത്രണത്തിന് ശക്തിപകരും. ഖുദ്‌സിയായ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘എന്റെ അടിമ ഐശ്ചികകര്‍മങ്ങളിലൂടെ എന്നോട് അടുക്കാന്‍ ശ്രമിക്കുന്നപക്ഷം ഞാന്‍ അവനെ സ്‌നേഹിക്കും. ഞാന്‍ അവനെ സ്‌നേഹിച്ചുകഴിഞ്ഞാല്‍ അവന്‍ കേള്‍ക്കുന്ന കാത് എന്റേതാകും. അവന്റെ കാഴ്ച എന്റെതാകും, അവന്റെ കരം എന്റേതാകും, അവന്‍നടക്കുന്ന കാല്‍ എന്റേതാകും. അവന്‍ എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത് ഞാനവന് നല്‍കും. അവനെന്നോട് അഭയം ചോദിച്ചാല്‍ ഞാനത് നല്‍കും.(അല്‍ബുഖാരി)’
8. ഓര്‍ക്കുക! നാം ഭൂമിയില്‍വെച്ച് ചെയ്യുന്ന ഏത് തെറ്റുകള്‍ക്കും അത് സാക്ഷിപറയും. അല്ലാഹു പറയുന്നു: ‘അന്നേ ദിവസം അത് അതിന്റെ വിശേഷങ്ങള്‍ പറയും.'(അസ്സല്‍സല4)