ബഹു ഭാര്യാത്വം.

 

ബഹുഭാര്യാത്വവും കേരള മുസ്‌ലിംകളും

430302_160685140719682_100003345921958_240060_353625620_n

മുനീര്‍ മുഹമ്മദ് റഫീഖ്‌

മതേതര പുരോഗമനവാദികളുടെ ബഹുഭാര്യത്വ സങ്കല്‍പ്പത്തോടുള്ള വിരോധം നമ്മുടെ നാട്ടിലെ മുസ്‌ലിം ഉല്‍പതിഷ്ണുക്കളെന്ന് കരുതുന്ന സംഘടനകളെയും ബാധിച്ചിട്ടുണ്ടെന്ന് തോന്നുംവിധമാണ് അടുത്തിടെയുണ്ടായ ചില സംഭവവികാസങ്ങള്‍. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടാവുക എന്നതിനെ പുച്ഛമനോഭാവത്തില്‍ തരം താഴ്ന്ന ഏര്‍പ്പാടായി കാണുന്ന ഒരു രീതിയിലേക്കു മുസ് ലിം പൊതുമനസ്സ് മാറിപ്പോകുന്നുണ്ടെങ്കില്‍ അത് അപകടകരമാണ്. രണ്ടാം വിവാഹം എന്നത് നിഷിദ്ധമോ പാപമോ അപമാനമോ ആയി കാണേണ്ട ഒന്നാണോ? ഇസ് ലാം മത നിയമങ്ങള്‍ അങ്ങനെ നമ്മെ പഠിപ്പിക്കുന്നുണ്ടോ? ഇസ് ലാമിക പണ്ഡിതന്‍മാര്‍ക്ക് ഇതൊരു വൃത്തികെട്ട ഏര്‍പ്പാടാണെന്ന അഭിപ്രായമുണ്ടോ? ഇതൊന്നുമില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് മുസ്‌ലിം പൊതുബോധം ഇസ്‌ലാം വിമര്‍ശകരോടൊപ്പം നിന്ന് ബഹുഭാര്യത്വത്തെ അപലപിക്കുന്നു?

ഇസ് ലാം വിമര്‍ശകരുടെ വാദങ്ങളെ പ്രതിരോധിക്കേണ്ടതിനു പകരം അവരുടെ വാദങ്ങളെ അംഗീകരിക്കുകയാണ് ഈ ക്ഷമാപണ സമീപനത്തിലൂടെ ചില ഉല്‍പതിഷ്ണു മുസ്‌ലിംകള്‍ ചെയ്യുന്നത്. ഇവ്വിഷയകമായി ഇസ്‌ലാമിന്റെ വീക്ഷണങ്ങള്‍ പലപ്പോഴായി വായിക്കുകയും കേള്‍ക്കുകയും ചെയ്തവരാണ് മലയാളി മുസ്‌ലിംകള്‍. എങ്കിലും വിഷയത്തിന്റെ ഇസ് ലാമിക വീക്ഷണം പറയാതെ കേരളീയ സാഹചര്യത്തിലെ ബഹുഭാര്യാത്വത്തെ കുറിച്ചുള്ള ധാരണയെ വിലയിരുത്താന്‍ സാധ്യമല്ലാത്തതിനാല്‍ വളരെ ചുരുക്കി ഈ വിഷയത്തിന്റെ ഇസ് ലാമിന്റെ വീക്ഷണം പറയുകയാണ്.

ഇസ് ലാമില്‍ ഒരു മുസ്‌ലിം നിര്‍ബന്ധമായി അനുഷ്ഠിക്കേണ്ട ഒന്നല്ല ബഹു ഭാര്യാത്വം. ഒരാളെ മാത്രം പത്‌നിയായി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു മതമാണ് ഇസ്‌ലാം. എന്നാല്‍ ചില ഉപാധികളിന്‍മേല്‍ ഇസ്‌ലാം ബഹുഭാര്യാത്വത്തെ അനുവദിച്ചിട്ടുണ്ട്. (സൂറത്തുന്നിസാഅ് 3). ഭാര്യമാരോടു തുല്യ നീതിയില്‍ വര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ ഒരാള്‍ക്ക് ഒരേസമയം നാലുഭാര്യമാര്‍ വരെ ആകാമെന്ന നിയമസാധുത ഇസ് ലാമിലുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് മിക്കവാറും എല്ലാ സമൂഹങ്ങളിലും ബഹുഭാര്യാത്വം നില നിന്നിരുന്നു. അതാകട്ടെ നാലില്‍ പരിമിതവുമായിരുന്നില്ല. തനിഷ്ടപ്രകാരം എത്ര വേണമെങ്കിലും വിവാഹം ചെയ്യാമായിരുന്ന സാഹചര്യമാണ് അന്ന് നിലനിന്നിരുന്നത്. സത്യത്തില്‍ ഇസ്‌ലാം അതിന്റെ അനുയായികളില്‍ വിവാഹത്തിന് ഒരു പരിധി വെയ്ക്കുകയാണ് ചെയ്തത്.
ഇവിടെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രധാനമായുംരണ്ടു ധാരണകളാണ് ബഹുഭാര്യാത്വത്തെകുറിച്ചുള്ളത്.  ബഹുഭാര്യാത്വം അനുവദനീയമാണെന്നും എപ്പോള്‍ വേണമെങ്കിലും വിവേചനരഹിതമായി അതുപയോഗിക്കാം എന്നതാണ് അതിലൊന്ന്. പ്രവാചക സുന്നതില്‍പെട്ടതാണ് ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്യല്‍ എന്നുപോലും ചില ആളുകള്‍ ധരിച്ചുവശായിരിക്കുന്നതാണ് രണ്ടാമത്തേത്. വാസ്തവം പറഞ്ഞാല്‍ ഇസ്‌ലാം  ബഹുഭാര്യത്തെ അടിസ്ഥാനപരമായി പ്രോത്സാഹിപ്പിക്കുന്നില്ല. ചില സാഹചര്യങ്ങളില്‍ അനിവാര്യമായി വരുമ്പോള്‍ അങ്ങനെയാകാം എന്നുമാത്രമാണ് ഇസ്‌ലാമിന്റെ നിലപാട്. അത്തരം അനിവാര്യ സന്ദര്‍ഭങ്ങള്‍ പിന്നീട് സൂചിപ്പിക്കാം. ഇസ് ലാമിലെ ഓരോ കര്‍മ്മങ്ങളെയും അതിന്റെ പ്രാധാന്യവും  ദോഷവും മാനദണ്ഡമാക്കി  അഞ്ചായി തരം തിരിച്ചിട്ടുണ്ട്.  ഇസ്‌ലാമില്‍ നിര്‍ബന്ധമായ കര്‍മ്മങ്ങളുണ്ട്. അഭിലഷണീയവും നിഷിദ്ധവും അനഭിലഷണീയവും അനുവദനീയവും നിഷിദ്ധവുമായ ചെയ്തികളുമുണ്ട്. ഇതില്‍ ബഹുഭാര്യാത്വത്തിന്റെ സ്ഥാനമെവിടെയാണ്.

1) ഫര്‍ദ് (നിര്‍ബന്ധം)
2) മുസ്തഹബ്ബ് (അഭിലഷണീയം),
3) മുബാഹ് (അനുവദനീയം) 
4) മക്‌റൂഹ് (അനഭലഷണീയം)
5) ഹറാം(നിഷിദ്ധം)

ഇതില്‍ അനുവദനീയം എന്ന കാറ്റഗറിയിലാണ് ബഹുഭാര്യാത്വം വരിക. ചില അമുസ്‌ലിംസഹോദരങ്ങള്‍ ധരിച്ചിരിക്കുന്നത് മുസ്‌ലിംകളുടെ ഒരു നിര്‍ബന്ധ ബാധ്യതയാണ് ഇതെന്നാണ്. ഇസ്‌ലാംഅനുവദിക്കുന്ന, ഈ രാജ്യത്തെ നിയമമനുവദിക്കുന്ന ഒരു കാര്യം വ്യഭിചാരത്തെക്കാള്‍ നീചവൃത്തിയായി സമൂഹത്തില്‍ അവതരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
മുസ് ലിം സമൂഹത്തില്‍ ഉല്‍പതിഷ്ണുക്കളായ ഒരു വിഭാഗം ബഹു ഭാര്യാത്വത്തോടു സ്വീകരിക്കുന്ന നിലപാട് അനഭിലക്ഷണീയമോ നിഷിദ്ധമോ എന്നു തോന്നിപ്പിക്കും വിധമാണ്. ബഹുഭാര്യാത്വത്തെ മതേതര പുരോഗമനവാദികള്‍ എതിര്‍ക്കുന്നതു പോലെ അവരും എതിര്‍ക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. അങ്ങനെ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുന്നു. അവരെ സംഘടനയില്‍നിന്ന് പുറത്താക്കുന്നു. പ്രവാചകനാഗരികതയ്ക്കുമുമ്പേ നിലവിലിരുന്ന, ഇസ്‌ലാം വിലക്കിയിട്ടില്ലാത്ത ഒരു ഏര്‍പ്പാട് എന്ന നിലയില്‍ അതിനെ പ്രതിരോധിക്കുമ്പോഴും കേരളീയ സമൂഹത്തില്‍ അങ്ങനെ പാടില്ലെന്ന ശാഠ്യമുള്ളതു പോലെയാണ് അവരുടെ നിലപാട്. ഇസ്‌ലാമിന്റെ ഈ നിയമസാധുത സാര്‍വ കാലികവും സാര്‍വദേശീയവുമല്ലേ? അത് അറേബ്യന്‍ നാടുകളിലും ആഫ്രിക്കന്‍ നാടുകളിലും മാത്രം അനുവദനീയമാക്കപ്പെട്ടിട്ടുള്ളൂ. ഇങ്ങ്  ഇന്ത്യയിലും മറ്റുനാടുകളിലും അനഭലഷണീയമോ നിഷിദ്ധമോ ആണെന്നാണോ വിചാരിക്കുന്നത്?
ബഹുഭാര്യാത്വം അനുവദനീയമാണെന്നല്ല, ചിലപ്പോള്‍ നിര്‍ബന്ധമാകേണ്ട ഘട്ടവും സമൂഹത്തില്‍ ഉണ്ടായെന്നു വരും. സ്ത്രീകള്‍ പൊതുവെ പുരുഷന്‍മാരേക്കാള്‍ ആഗോളതലത്തില്‍ തന്നെ കൂടുതലാണ്. (ഇന്ത്യ ഇതിന്നപവാദമാണ്) കേരളത്തില്‍ തന്നെയും ആയിരം പുരുഷന്‍മാര്‍ക്ക് 1039 സ്ത്രീകള്‍ എന്നതാണ് കണക്ക്. അമേരിക്കയില്‍ പുരുഷന്‍മാരെക്കാള്‍ 30 മില്യന്‍ സ്ത്രീകള്‍ കൂടുതലാണ്. ബ്രിട്ടനില്‍ നാല് മില്യന്‍ സ്ത്രീകളും ജര്‍മനിയില്‍ അഞ്ച് മില്യന്‍ സ്ത്രീകളും അവിടങ്ങളിലെ പുരുഷജനസംഖ്യയേക്കാള്‍ കൂടുതലാണ്. പ്രസിദ്ധ ഇസ്‌ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായിക് ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. എനിക്കോ നിങ്ങള്‍ക്കോ അമേരിക്കയില്‍ ജീവിക്കുന്ന ഒരു സഹോദരിയുണ്ടെങ്കില്‍ അവര്‍ക്കുമുമ്പില്‍  രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകില്‍ അവള്‍ വിവാഹിതനായ ഒരു പുരുഷനെത്തന്നെ വിവാഹം കഴിക്കുക. അല്ലെങ്കില്‍ അവള്‍ ഒരു പൊതു സ്വത്താവുക. നിരവധി അമുസ്‌ലിം സഹോദരങ്ങളോടു ഈ ചോദ്യം ചോദിച്ച അദ്ദേഹത്തിന് അവര്‍ നല്‍കിയ മറുപടി ആദ്യത്തേതാണ് തങ്ങള്‍ തെരഞ്ഞെടുക്കുക എന്നാണ്. പുരുഷന് ഒരു ഭാര്യ മാത്രമായിരിക്കുക എന്നത് എപ്പോഴും പ്രായോഗികമല്ല. എല്ലാ പുരുഷന്‍മാരും അങ്ങനെയായിരിക്കണമെന്ന് ശഠിക്കുന്നതും ശരിയല്ല. കാരണം. അങ്ങനെയാണ് അല്ലാഹുവിന്റെ സൃഷ്ടിപ്പ്. ഇത്തരം അവസ്ഥകളില്‍ ബഹു ഭാര്യാത്വം തീര്‍ച്ചയായും അനിവാര്യമായിത്തീരും. യുദ്ധമോ മറ്റു കൂട്ടമരണങ്ങളോ കാരണമല്ലാതെ തന്നെ കേരളത്തിലെ മുസ്‌ലിം സമുദായത്തില്‍ എത്രയോ വിധവകളുണ്ട്. ലോകത്തുതന്നെയും അങ്ങനെയാണ് വിഭാര്യരേക്കാള്‍ വളരെ കൂടുതലാണ് വിധവകളുടെ എണ്ണം. ഇങ്ങനെ വിധവകളാക്കപ്പെടുന്ന സ്ത്രീകള്‍ ഒരിക്കലും പിന്നീട് വിവാഹം കഴിക്കേണ്ട എന്നാണോ?  സമുദായത്തില്‍ ഭര്‍ത്താക്കന്‍മാര്‍ മരണപ്പെടുകയോ അവരാല്‍ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത എത്രയോ നിര്‍ഭാഗ്യവതികള്‍ ഉണ്ട്?  ഒരു സമൂഹത്തില്‍ നിരവധിവിധവകളുണ്ടായിരിക്കെ, അവര്‍ക്ക് ഒരു ജീവിതം നല്‍കുന്നതിനു വേണ്ടിയുള്ള രണ്ടാം വിവാഹത്തെ അനഭിലഷണീയതയുടെ പട്ടികയിലാണോ ഉള്‍പ്പെടുത്തേണ്ടത്. പുരോഗമനപ്രസ്ഥാനങ്ങളുടെയും സംസ്‌ക്കരണപ്രസ്ഥാനങ്ങളുടെയും കൈയ്യില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് എന്തു ഒറ്റമൂലിയാണുള്ളത്?.

അല്‍പം കാലം മുമ്പു വരെ കേരളത്തിലെ മുസ്‌ലിം സമൂഹത്തില്‍ ഇന്ന് കാണുന്നതു പോലെ അത്രയേറെ ആക്ഷേപാര്‍ഹമായ ഒരു കാര്യമായിരുന്നില്ല, ഒന്നില്‍ കൂടുതല്‍ ഭാര്യമാരുണ്ടായിരിക്കുക എന്നുള്ളത്. മലബാര്‍ മുസ് ലിംകള്‍ക്കിടയില്‍ സാധാരണമായിരുന്ന ഒരു കാര്യം മാത്രമായിരുന്നു ഇത്. മലബാറിലെ ആ തലമുറയില്‍പെട്ടവരോ അവരുടെ സന്താനങ്ങളോ ഇന്നും ജീവിച്ചിരിപ്പുണ്ട്. സമുദായാംഗങ്ങളില്‍ ദീനിനെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യം ഇല്ലാതിരുന്ന പലരും ഈയൊരു അനുവദനീയതയെ വിവേചനരഹിതമായി ഉപയോഗിച്ചത് മൂലം നിരവധി കുടുംബങ്ങള്‍ക്ക് അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അങ്ങനെയല്ലാത്ത എത്രയോ കുടുംബങ്ങളുമുണ്ട്. അവരില്‍ എത്രയോ പേര്‍ ഒരു കുടുംബത്തെ കരകയറ്റാനും രക്ഷപ്പെടുത്താനും എന്ന ഉദ്ദേശ്യത്തോടെ വിവാഹം കഴിച്ചവരായുണ്ട്. സത്യത്തില്‍ ഇസ് ലാമിന്റെ ഇത്തരമൊരു അനുവദനീയതയെ ഏറ്റവും പോസിറ്റീവായി ഉപയോഗപ്പെടുത്താന്‍ സാധിക്കുമായിരുന്ന പല ഉല്‍പതിഷ്ണു പ്രസ്ഥാനങ്ങളും പുരോഗമനവാദികളും ഇതിന്റെ ഗുണകരമായ വശത്തെ പാടെ അവഗണിച്ച് അങ്ങനെ ചെയ്യുന്നവരെ ഒറ്റപ്പെടുത്തി ആക്ഷേപിക്കുകയാണ് ചെയ്തത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത ഒരു കാര്യം നമുക്കെങ്ങനെ സ്വീകരിക്കാന്‍ കഴിയും എന്നായിരുന്നു അവരുടെ ചിന്ത. സത്യത്തില്‍ അവരായിരുന്നു ഇസ്‌ലാമിന്റെ ഈ അനുവദനീയതയുടെ സൗഭാഗ്യം ലോകത്തിനു കാട്ടിക്കൊടുക്കാന്‍ മുന്നോട്ടു വരേണ്ടിയിരുന്നത്. സമുദായത്തിലെ സ്ത്രീ ജനങ്ങള്‍ക്ക് സുരക്ഷിതത്വവും ജീവിതവും നല്‍കാന്‍ കൂടുതല്‍ കെല്‍പുള്ളവരും മാതൃകയാകാനും കഴിയുന്നവരും അവരായിരുന്നു. ഇസ്‌ലാമിനെ നന്നായി ഉള്‍ക്കൊണ്ടവരും ഇസ്‌ലാമിനോടു പ്രതിബദ്ധതയുമുള്ളതുമായ ഒരു സമൂഹം ബഹുഭാര്യാത്വത്തിന് അനുകൂലമായി നില്‍ക്കുകയും ഒന്നില്‍ കൂടുതല്‍ ഭാര്യമാര െവിവാഹം ചെയ്യുകയും അവരോടു നീതിപൂര്‍വം വര്‍ത്തിക്കാന്‍ കഴിയുമെന്നു സമൂഹത്തെ കാട്ടിക്കൊടുക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഇന്ന് സമൂഹത്തില്‍   ഇസ്‌ലാമിന്റെ ബഹുഭാര്യാത്വത്തെ ഏവരും പ്രശംസനീയമായ നടപടിക്രമമായേ പുകഴ്ത്തുമായിരുന്നുള്ളൂ. നന്നേ ചുരുങ്ങിയത് ഇസ് ലാമിന്റെ ബഹു ഭാര്യാത്വത്തെ ആക്ഷേപിക്കാന്‍ ആര്‍ക്കും ഒരും പഴുതും അവശേഷിക്കില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ ഇത്തരമൊരു അനുവദീയതയെ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിച്ചത് ഇസ് ലാമിക ജീവിതം നയിക്കുന്നവരോ സ്ത്രീകളോടു നീതി കാണിക്കാന്‍ കഴിയാത്തവരോ ആയിപ്പോയി എന്നത് ബഹു ഭാര്യാത്വത്തെ നമ്മുടെ പൊതു സമൂഹത്തിന്റെ മുമ്പില്‍ ഒരു ആക്ഷേപാര്‍ഹമായ കാര്യമാക്കി മാറ്റിയെന്നതാണ് വാസ്തവം. കേരളീയ പൊതുസമൂഹം ബഹുഭാര്യാത്വത്തെ കുറിച്ചു മോശം വിചാരിക്കുന്നു എന്നുള്ളതു കൊണ്ട് മാത്രം അത് മോശമാകുന്നില്ല. ചില സാഹചര്യങ്ങളില്‍ ബഹു ഭാര്യാത്വം സമുദായാംഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍, നടത്തുന്നുവെങ്കില്‍, അതവരുടെ സ്തീകളോടുള്ള വിഷയാസക്തിയാലല്ല, സ്ത്രീകളുടെ സുരക്ഷിതത്തിനും സമൂഹത്തിന്റെ ഭദ്രതയ്ക്കും ധാര്‍മികതക്കും കരുത്തുപകരാനാണെന്ന് സമൂഹത്തെ മനസ്സിലാക്കിക്കൊടുക്കാന്‍ സമുദായത്തിന് ഇനിയെങ്കിലും കഴിയട്ടെ.

Related Post