കാനഡയിലെ മുസ്‌ലിംകൾ

ഇസ്‌റാഅ് ബദ്ര്‍
—————–
കാനഡയിലെ ന്യൂഫോണ്ട്‌ലാന്റിലുള്ള മെമോറിയല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ് ഡോ. മഹ്മൂദ് ഹദ്ദാറ. ന്യൂഫോണ്ട്‌ലാന്റിലുള്ള ഏക മസ്ജിദിലെ ഇhaddaraമാം കൂടിയായിരുന്ന ഹദാറ അല്‍-മുജ്തമഅ് വാരികക്ക് നല്‍കിയ അഭിമുഖമാണ് ചുവടെ. കാനഡയിലെ മുസ്‌ലിംകളുടെ അവസ്ഥയെയും പൊതുസമൂഹം അവരോട് സ്വീകരിക്കുന്ന സമീപനത്തെയും കുറിച്ചദ്ദേഹം വിവരിക്കുന്നു.

* നിങ്ങള്‍ എന്ന് മുതലാണ് കാനഡയില്‍ താമസമാക്കിയത്? കനേഡിയന്‍ സമൂഹത്തെ കുറിച്ച അഭിപ്രായം എന്താണ്? തുടക്കത്തില്‍ മുസ്‌ലിംകളുടെ അവസ്ഥ എന്തായിരുന്നു?
– ഇരുപത്തേഴ് വര്‍ഷം മുമ്പാണ് മെമോറിയല്‍ യൂണിവേഴ്‌സിറ്റിയില്‍ മറൈന്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ പ്രൊഫസറായി ഞാന്‍ കാനഡയില്‍ എത്തുന്നത്. സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശമാണ് ന്യൂഫോണ്ട്‌ലാന്റ്. പലായനം ചെയ്‌തെത്തിയ നിരവധി കുടുംബങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. കേവലം 20 മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണ് അന്ന് അവിടെയുണ്ടായിരുന്നത്. അതുകൊണ്ട് തന്നെയായിരിക്കാം കനേഡിയന്‍ സമൂഹത്തിന് ഇസ്‌ലാമിനെ കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അതുണ്ടാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 1990-ല്‍ ഇവിടെ ഞങ്ങള്‍ ആദ്യത്തെ മസ്ജിദും നിര്‍മിച്ചു. ഇപ്പോഴും അത് ഇവിടത്തെ ഏക മസ്ജിദായി നിലകൊള്ളുന്നു. മസ്ജിദിന്റെ തുടക്കം മുതല്‍ 2010 വരെ അതിലെ ഇമാം ഞാന്‍ തന്നെയായിരുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കനേഡിയന്‍ സമൂഹത്തിന് പരിചയപ്പെടുത്തുന്നതില്‍ മസ്ജിദിന്റെ സാന്നിദ്ധ്യം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

* മുസ്‌ലിംകളുടെയും മസ്ജിദിന്റെയും സാന്നിദ്ധ്യം കാനഡക്കാരെയ ആരെങ്കിലും ഇസ്‌ലാം സ്വീകരിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടോ?
– കനേഡിയല്‍ സമൂഹത്തിലേക്ക്, പ്രത്യേകിച്ചും ന്യൂഫോണ്ട്‌ലാന്റില്‍ ഇസ്‌ലാം പ്രവേശിച്ചതിന്റെ മുഖ്യ കാരണമായി അതിനെ കണക്കാക്കുന്നില്ല. എന്നാല്‍ 2001 സെപ്റ്റംബര്‍ 11 ലെ സംഭവങ്ങള്‍ ലോകത്ത് പ്രയാസങ്ങളുണ്ടാക്കിയെങ്കിലും പാശ്ചാത്യ സമൂഹങ്ങളെ ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും അത് പ്രേരകമായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ചില ആളുകള്‍ ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

* കനേഡിയന്‍ സമൂഹത്തിലുള്ള താങ്കളുടെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തില്‍, കനേഡിയന്‍ സമൂഹം ഇസ്‌ലാമിനെ സ്വീകരിക്കുന്നതായി താങ്കള്‍ക്ക് അഭിപ്രായമുണ്ടോ?
– കനേഡിയന്‍ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും മതത്തിന് വലിയ പ്രാധാന്യമൊന്നും നല്‍കുന്നില്ല. ഒരു വ്യക്തി അവന്റെ ജോലിയും ഉത്തരവാദിത്വങ്ങളും വളരെ ഭംഗിയായി നിര്‍വഹിക്കുന്നു, അവിടെ അവന്റെ മതത്തെ കുറിച്ച ചോദ്യം ഉയര്‍ന്നു വരുന്നില്ല. എന്നാല്‍ മുസ്‌ലിംകളോട് മോശമായി പെരുമാറുകയും അവരുടെ ചിത്രം വികൃതമാക്കുകയും ചെയ്യാന്‍ നടത്തുന്ന പാശ്ചാത്യ സമൂഹത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ മുസ്‌ലിംകളെ സഹായിക്കുന്നതിലും അവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നതിലും കനേഡിയന്‍ സമൂഹം വളരെയധികം താല്‍പര്യം കാണിക്കുന്നതായിട്ടാണ് ഞാന്‍ കാണുന്നത്.

* ഇപ്പോള്‍ കാനഡയിലെ മുസ്‌ലിം ജനസംഖ്യ എത്രയാണ്?
– 2001 ല്‍ നടന്ന ഒരു സര്‍വേ പ്രകാരം കാനഡയിലെ മുസ്‌ലിം ജനസംഖ്യ ആറ് ലക്ഷമാണ്. ഇന്ന് മുസ്‌ലിം ജനസംഖ്യ 12 ലക്ഷത്തിലെത്തിയതായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. ഇതിന്റെ ഔദ്യോഗികമായ കണക്കെടുപ്പുകളൊന്നും നടന്നിട്ടില്ല.

* വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും വളരെയധികം ആദരവ് കല്‍പിക്കുന്ന സമൂഹമാണ് കാനഡയിലുള്ളതെന്ന് താങ്കള്‍ പറഞ്ഞുവല്ലോ, അവിടെ മുസ്‌ലിംകള്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ?
– മുസ്‌ലിംകളും അല്ലാത്തവരുമായ എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം കനേഡിയന്‍ സമൂഹത്തില്‍ നിയമപരിരക്ഷയിലൂടെ ഉറപ്പാക്കപ്പെട്ടതാണ്. ഇവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും ഭരണസംവിധാനങ്ങളും മുസ്‌ലിംകളെ ആദരിക്കുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് ക്യൂബക് പോലുള്ള ചില പ്രവിശ്യകളില്‍ മുസ്‌ലിംകള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്താനുള്ള നിയമനിര്‍മാണ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ അത് നടപ്പാകില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. കാരണം കാനഡയിലെ ഫെഡറല്‍ ഭരണകൂടം തന്നെ ഈ നിയമനിര്‍മാണത്തിന് എതിരാണ്. അത് നടപ്പാക്കാന്‍ അവര്‍ അനുവദിക്കില്ലെന്ന് മാത്രമല്ല ജനങ്ങളും അതിനെ തള്ളിക്കളയും.

* കാനഡയിലെ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി എന്തെല്ലാമാണ്?
– കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശരിയായ ഇസ്‌ലാം എന്താണെന്ന് അറിയാത്തവരായിരുന്നു കനേഡിയന്‍ സമൂഹം. അവിടെ ജുമുഅ നമസ്‌കാരം പോലും ഉണ്ടായിരുന്നില്ല. പിന്നീട് ഘട്ടംഘട്ടമായി മുസ്‌ലിംകളുടെ എണ്ണം വര്‍ധിച്ചു. ഇസ്‌ലാമിന്റെ ചില അധ്യാപനങ്ങളൊക്കെ കനേഡിയന്‍ സമൂഹം മനസിലാക്കുകയും ചെയ്തു. ഇന്ന് ജുമുഅ നിര്‍വഹിക്കാന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. യൂണിവേഴ്സ്റ്റികളില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും അവര്‍ക്ക് ജുമുഅ നിര്‍വഹിക്കാന്‍ പോകാനും അനുവാദമുണ്ട്.
എഴുപതുകളില്‍ എന്ത് ഭക്ഷിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം സൂക്ഷമത പാലിക്കേണ്ടിയിരുന്നു. കാരണം മിക്ക ഭക്ഷ്യ വസ്തുക്കളും പന്നിയുടെ മാംസമോ കൊഴുപ്പോ ചേര്‍ന്നതായിരുന്നു. എന്നാല്‍ ഈയടുത്ത് അവയെല്ലാം പരിഗണിക്കുന്ന ചില കമ്പനികള്‍ രംഗത്ത് വന്നു. പന്നി മാംസത്തിന്റെയും കൊഴുപ്പിന്റെയും ഉപയോഗം അവര്‍ കുറച്ചു. മുസ്‌ലിംകളുടെ സാന്നിദ്ധ്യം മാത്രമായിരുന്നില്ല അതിന് കാരണം. പന്നിയുടെ മാംസവും കൊഴുപ്പും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപരമായ ദോഷങ്ങള്‍ തിരിച്ചറിഞ്ഞതും അതിന് കാരണമായിട്ടുണ്ട്.
അപ്രകാരം ഹലാലായ മാംസവും ഭഷ്യവസ്തുക്കളും ലഭിക്കുന്ന ഒരവസ്ഥയും മുമ്പുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ലൈസന്‍സോട് കൂടി പ്രവര്‍ത്തിക്കുന്ന നിരവധി അറവ് കേന്ദ്രങ്ങള്‍ തന്നെയുണ്ട്. അതിന് പുറമെ ഹലാല്‍ മാംസത്തിനും ഉല്‍പന്നങ്ങള്‍ക്കും കനേഡിയന്‍ മാര്‍ക്കറ്റില്‍ പ്രത്യേക ഇടം ലഭിക്കുകയും ചെയ്തു. നേരത്തെ മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം അവര്‍ നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി ഇതായിരുന്നു. എന്നാല്‍ ഇന്ന് അത്തരം പ്രതിസന്ധികളൊന്നും നിലനില്‍ക്കുന്നില്ല.

* ഇന്ന് മുസ്‌ലിംകള്‍ കനേഡിയന്‍ സമൂഹത്തിന്റെ ക്രിയാത്മകമായ ഒരു ഭാഗമായി മാറിയിട്ടുണ്ടെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
– കനേഡിയന്‍ മുസ്‌ലിംകള്‍ ന്യൂനപക്ഷം തന്നെയാണ്. എന്നാല്‍ മറ്റ് ന്യൂനപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസപരമായും സാംസ്‌കാരികവുമായും ശരാശരിക്ക് മുകളിലാണ് അവരുള്ളത്. ചില ഇസ്‌ലാമിക നാടുകളിലുള്ള മുസ്‌ലിംകള്‍ അനുഭവിക്കുന്നതിലേറെ മതസ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് കാനഡയിലെ മുസ്‌ലിംകള്‍. ഇന്നവര്‍ കനേഡിയന്‍ സമൂഹത്തിലെ ക്രിയാത്മകമായ ഒരു ഭാഗമാണ്. സാമൂഹിക സാംസ്‌കാരിക സേവന പരിപാടികളില്‍ അവര്‍ പങ്കാളികളാകുന്നു. നിരവധി കനേഡിയന്‍ പട്ടണങ്ങളില്‍ മുസ്‌ലിംകള്‍ പണം ശേഖരിച്ച് സ്‌കൂളുകള്‍ നിര്‍മിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗികളെ പരിചരിക്കുന്നത് പോലുള്ള പരിപാടികള്‍ക്ക് വേണ്ടിയും അവര്‍ സംഭാവനകള്‍ അര്‍പ്പിക്കുന്നു.
ഞങ്ങള്‍ താമസിക്കുന്ന ലണ്ടന്‍ ഒന്റാരിയോ നഗരത്തില്‍ മുസ്‌ലിം സാന്നിദ്ധ്യം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആരംഭിച്ചതാണ്. അറബ് കച്ചവടക്കാര്‍ അവിടെ എത്തുകയും കനേഡിയന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവരുടെ കുടുംബങ്ങളും അവരോടൊപ്പം എത്തിചേര്‍ന്നു. അതിലൂടെ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയും ചെയ്തു. കനേഡിയന്‍ സമൂഹത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭാഗമായി അവരിന്ന് മാറിയിരിക്കുന്നു.

* ലണ്ടന്‍ ഒന്റാരിയോ നഗരത്തില്‍ എത്രത്തോളം മുസ്‌ലിംകളുണ്ട്? അവര്‍ക്ക് ഇസ്‌ലാമിക് സെന്ററുകളോ മസ്ജുദുകളോ ഉണ്ടോ?
– മുപ്പതിനായിരത്തോളം മുസ്‌ലിംകളാണ് ലണ്ടന്‍ ഒന്റാരിയോയിലുള്ളത്. അവിടെ മൂന്ന് മസ്ജിദുകളുമുണ്ട്. അതോടൊപ്പം അറബ് ഇസ്‌ലാമിക് സ്‌കൂളുകളും അവര്‍ക്കിടയിലുണ്ട്. അതിന് പുറമെ മുസ്‌ലിം കുട്ടികള്‍ക്ക് ഖുര്‍ആനും അറബി ഭാഷയും പഠിപ്പിക്കുന്നതിനായി വാരാന്ത്യത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സ്‌കൂളും പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംകള്‍ക്ക് മാത്രമായി മഖ്ബറയും മയ്യിത്ത് കുളിപ്പിക്കുന്നതിനുളള പ്രത്യേക സ്ഥലവും ഓക്‌സ്‌ഫോഡിലെ മസ്ജിദിലുണ്ട്. ഏതാനും സന്നദ്ധ സേവകരാണ് മയ്യിത്ത് പരിപാലനം നടത്താറുള്ളത്.
മുസ്‌ലിം പ്രമുഖരുടെ മേല്‍നോട്ടത്തിലുള്ള ഒരു അറവ് കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഖുര്‍ആന്‍ മനപാഠ സദ്സ്സുകളും റമദാനിലും മറ്റും പ്രത്യേകമായ മത്സരങ്ങളും ഞങ്ങള്‍ സംഘടിപ്പിക്കുന്നു. അപ്രകാരം ആശുപത്രികളില്‍ രോഗികളായ മുസ്‌ലിംകളുടെ അവസ്ഥ ശ്രദ്ധിക്കുന്ന ഒരു സമിതിയും പ്രവര്‍ത്തിക്കുന്നു. ചുരക്കത്തില്‍ കാനഡയിലെ മുസ്‌ലിംകള്‍ മാതൃകാപരമായ ഒരു ജീവിതമാണ് നയിക്കുന്നത്. മറ്റ് നാടുകളിലേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ് മുസ്‌ലിംകള്‍ ഇവിടെ കഴിയുന്നത്.

വിവ : നസീഫ്‌
(Islam Onlive/Aug-30-2014)

Related Post