പുരാണകഥകള്‍ ശാസ്ത്രത്തോട് ചേര്‍ത്തുവെക്കുന്നവരോട്

plane999ആരെയും അമ്പരപ്പിക്കുന്ന സംഘ്പരിവാവറിന്റെ കണ്ടെത്തലുകളുടെയും അഹന്തനിറഞ്ഞ പ്രസ്താവനകളുടെയും മുമ്പില്‍ രാജ്യത്തെ പ്രഗത്ഭരായ ഏതാണ്ടെല്ലാ ശാസ്ത്രജ്ഞരും സാംസ്‌കാരിക നായകരും പത്രപ്രവര്‍ത്തകരുമെല്ലാം മൗനികളായിരിക്കുന്നു. ശശി തരൂരിനെ പോലുള്ള പ്രമുഖരായ പലരും അതിനെ പിന്തുണക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലാണ് മൗനത്തിന്റെ വാത്മീകം തകര്‍ത്ത് രംഗത്തുവന്ന പ്രിയ സുഹൃത്ത് സി. രാധാകൃഷ്ണന്റെ ‘സമകാലിക മലയാളത്തിലെ’ വീണ്ടുവിചാരം ഏറെ പ്രസക്തവും ശ്രദ്ധേയവുമാകുന്നത്.

അദ്ദേഹം അതാരംഭിക്കുന്നത് ഒരു സംഭവം ഉദ്ധരിച്ചു കൊണ്ടാണ്. പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനും തത്വചിന്തകനുമായ ബര്‍ട്രന്റ് റസ്സല്‍ ഒരിക്കല്‍ സാധാരണക്കാര്‍ക്കായി ഒരു പ്രസംഗം ചെയ്തു. സൗര മണ്ഡലത്തിന്റെ ഘടനയെ കുറിച്ചായിരുന്നു പ്രസംഗം. അത് കഴിഞ്ഞപ്പോള്‍ മുന്നിലിരുന്ന ഒരു മധ്യവയസ്‌ക എഴുന്നേറ്റ് നിന്ന് അദ്ദേഹം പറഞ്ഞതൊക്കെ അസംബന്ധമാണെന്ന് വിളിച്ചു പറഞ്ഞു. ഭൂമി ഉരുണ്ടതുമല്ല; അത് കറങ്ങുന്നുമില്ല, അതൊരു വലിയ ആമയുടെ പുറത്താണ്.

ആ ആമ എവിടെ ഇരിക്കുന്നുവെന്ന റസ്സലിന്റെ ചോദ്യത്തിന് ആ സ്ത്രീയുടെ മറുപടി അത് മറ്റൊരു ആമയുടെ മുതുകിലെന്നായിരുന്നു അതോടൊപ്പം ഒരു വെല്ലുവിളിയും ഉയര്‍ത്തി ‘ഞാനൊരു പുരാതന പ്രഭുകുടുംബത്തിലെ അംഗമാണ്. അവിടെ പണ്ടുള്ളവര്‍ അത് വ്യക്തമായും കൃത്യമായും അത് എഴുതിവെച്ചിട്ടുണ്ട്. കാണണോ? റസ്സല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു: ‘വേണ്ട, എനിക്കിപ്പോള്‍ ഇക്കാര്യത്തില്‍ ഒട്ടും സംശയമില്ല.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് വാര്‍ഷിക യോഗത്തില്‍ റോക്കറ്റും സ്‌പെയ്‌സ് കാപ്‌സ്യൂളും ജറ്റ് വിമാനവുമൊക്കെ പുരാതന ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്ന് പ്രസ്താവിച്ച വ്യക്തിയെ റസ്സലിനോട് കയര്‍ത്ത പെണ്ണിനോടാണ് സി. രാധാകൃഷ്ണന്‍ ഉപമിച്ചത്. അദ്ദേഹം തുടര്‍ന്നെഴുതുന്നു: ‘ശ്രീരാമന്‍ ലങ്കയില്‍ നിന്ന് അയോധ്യയിലേക്ക് പുഷ്പക വിമാനത്തിലാണ് പോയതെന്ന് രാമായണത്തിലുണ്ട്. പക്ഷേ, ഏതു വേദഗ്രന്ഥത്തിലാണ് വിമാനങ്ങളുടെ നിര്‍മിതിയും കൈകാര്യവും സംബന്ധിച്ച് അറിവുള്ളത് എന്ന് ആരും പറയുന്നില്ല. മഹാഭാരതത്തിലോ രാമായണത്തിലോ ഉള്ളതൊക്കെ യാഥാര്‍ത്ഥ്യമാണെന്ന് വാദിച്ചാല്‍ എങ്ങനെയിരിക്കും? പത്തുതലയും ഇരുപതു കൈകളുമുള്ള രാക്ഷസന്‍, ആയിരം മീറ്റര്‍ ഉയരവും അതിനൊത്ത ഭാരവുമുള്ള മറ്റൊരു രാക്ഷസന്‍. ഒരു പര്‍വ്വതം കയ്യിലെടുത്ത് കന്യാകുമാരിക്കപ്പുറത്ത് നിന്ന് ഹിമാലയ ശൃംഖങ്ങള്‍ വരെ ഒറ്റക്കുതിപ്പിന് ചാടാന്‍ കഴിയുന്ന വാനരന്‍, ഇങ്ങനെ ഒരു വാനരനുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഒരു പുഷ്പകം, എന്നെ ലങ്കയോടെ പൊക്കി അയോധ്യയില്‍ കൊണ്ടുപോയി വെയ്ക്ക് എന്ന ആ കക്ഷിയോട് പറയുകയല്ലേ ശ്രീരാമന് വേണ്ടിയിരുന്നുള്ളൂ?- തീയില്‍ ചാമ്പലായി തിരികെ ഉയിര്‍ക്കുന്ന ഒരു വനിത- അവര്‍ പിറന്നതല്ല, നിലമുഴുതപ്പോള്‍ മണ്ണിനടയില്‍ നിന്നു കണ്ടുകിട്ടിയതാണ്- സൂര്യന്‍, വായു എന്നിങ്ങനെയുള്ളവര്‍ക്കു പിറന്ന സന്തതികള്‍, തീയില്‍നിന്നുണ്ടായ പാഞ്ചാലി തുടങ്ങിയ എല്ലാരും യഥാര്‍ത്ഥ ഉടലോടെ വാണവര്‍തന്നെ എന്നാണോ?

ഒരു മാംസപിണ്ഡത്തെ നൂറായി നുറുക്കി മണ്‍കുടത്തിലിടുകയും അതിനിടെ തൂവിപ്പോയ അടിയും പൊടിയും വാരി മറ്റൊരു കുടത്തില്‍ക്കൂടി നിക്ഷേപിക്കുകയും ചെയ്ത് ഒരു മഹര്‍ഷി നൂറ്റൊന്നു കുട്ടികള്‍ക്കു ജന്മം നല്‍കി എന്ന കഥ നമുക്ക് ക്ലോണിങ്ങും ടെസ്റ്റ് ട്യൂബ് പ്രജനനവും ഒക്കെ പണ്ടേ അറിയാമായിരുന്നു എന്നതിനും തെളിവാണെന്നു പക്ഷമുള്ളവരുമുണ്ട്.’

തുടര്‍ന്ന് രാധാകൃഷ്ണന്‍ ഏറെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നു: ‘അങ്ങനെ എങ്കില്‍ ലോകത്തിന് ഇനിയും അറിയാത്തതും നമുക്ക് പണ്ടേ അറിയാവുന്നതുമായ ഒരു കാര്യം ഒന്നു പറയാമോ? അതു വയ്യ! പുതുതായി ആരെങ്കിലും എന്തെങ്കിലും കണ്ടെത്തിയാലേ പറയൂ. നമുക്കത് നേരത്തെ അറിയാമെന്ന്.

ശാസ്ത്രവും സാങ്കേതിക വിദ്യയും കണ്ടെത്തുന്നതൊക്കെ ഖുര്‍ആനിലും പ്രവാചകചര്യയിലും ഉണ്ടെന്നും പ്രവാചകന്മാര്‍ നേരത്തെ അവയൊക്കെ കണ്ടെത്തി ഉപയോഗിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന മുസ്‌ലിം പ്രാസംഗികര്‍ക്കും എഴുത്തുകാര്‍ക്കും രാധാകൃഷ്ണന്‍ ഉന്നയിച്ച് ചോദ്യങ്ങള്‍ ബാധകമാണ്.

ശൈഖ് മുഹമ്മദ് കാരകുന്ന്
(Islam Onlive, Jan-22-2015)

Related Post