മാതൃത്വം വെറുക്കപ്പെടുന്നുവോ?

പ്രയാസത്തിനു മേല്‍ പ്രയാസം അനുഭവിച്ച് താന്‍ ഗര്‍ഭം ചുമന്ന mother1സ്വന്തം മകളെ വെറുക്കാന്‍ ഏതെങ്കിലും മാതാക്കള്‍ക്ക് സാധിക്കുമോ? തനിക്കും മക്കള്‍ക്കുമിടയില്‍ ഒമ്പതു മാസത്തിലധികം നിലനിന്നിരുന്ന പൊക്കിള്‍ക്കൊടി ബന്ധത്തിന് അലക്കുകാരന്‍ ചെളിനീക്കാനുപയോഗിക്കുന്ന കയറിന്റെ വിലപോലുമില്ലാതാവുമോ? പലരെയും അലട്ടുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന ചില സംശയങ്ങളാണിവ. ഒരിക്കലും സംഭവിക്കരുതേ എന്ന് ആത്മാര്‍ത്ഥമായി പലരും ആഗ്രഹിക്കുന്ന ഇത്തരം കാര്യങ്ങള്‍ പക്ഷെ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതൊരു ദുഖസത്യമാണ്. മാത്രവുമല്ല കുടുംബത്തിന്റെ അകത്തളങ്ങള്‍ ഭേദിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ സമൂഹമദ്ധ്യത്തിലേക്ക് വ്യാപിക്കുന്ന കാഴ്ചയും ഇന്ന് പതിവാണ്. പ്രത്യേകിച്ച്, സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിന്നും മറ്റു മാര്‍ഗങ്ങളില്‍ നിന്നും കേട്ടറിഞ്ഞ ‘പരുക്കന്‍ മനസും അധികാരസ്വഭാവവും’ കാരണത്താല്‍ മാതൃത്വം മൃതിയടഞ്ഞ മാതാക്കളെക്കുറിച്ച വിവരണങ്ങള്‍ മാത്രം മനസിലാക്കിയ കൗമാരക്കാരികളായ പെണ്‍മക്കളും യുവതികളായ മാതാക്കളും തമ്മിലുള്ള അകല്‍ച്ചയാണ് ഇന്ന് വളരെ വ്യാപകമായിക്കാണുന്നത്. കൂടാതെ എന്തുകൊണ്ടാണ് തങ്ങള്‍ക്കും മാതാക്കള്‍ക്കുമിടയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നതെന്നും താനുമായുള്ള മാതാവിന്റെ ബന്ധത്തില്‍ ഗുരുതരമായ വിള്ളല്‍ വീഴാനുള്ള യഥാര്‍ത്ഥ കാരണമെന്തെന്ന് അന്വേഷിക്കാനും ഇത്തരം പെണ്‍കുട്ടികള്‍ തുനിയാറില്ലെന്ന് മാത്രമല്ല അത്തരം ചിന്തകളെ അഗണ്യകോടിയിലേക്ക് തള്ളാറാണ് പതിവ്. ലോകത്ത് നിലനില്‍ക്കുന്ന ഏറ്റവും സൗന്ദര്യാത്മകമായ ബന്ധം തകരുന്നത് എങ്ങിനെയെന്ന്  താഴെയുള്ള വിവരണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

എന്റെ ഉമ്മയാണ് പ്രശ്‌നക്കാരി ! ഒരു മനശ്ശാസ്ത്ര വിദഗ്ദന്റെ ഓഫീസിനു മുന്നിലെ കാത്തിരിപ്പു മുറിയുടെ ഒരു വശത്ത് അവളും മറുവശത്ത് അവളുടെ മാതാവും ഇരിക്കുന്നു. അത്യാധുനിക ഫാഷന്‍ വസ്ത്രമാണ് മാതാവ് ധരിച്ചിരിക്കുന്നത്. മകളും ഒട്ടും പിറകിലല്ല. പരസ്പരം ഒരു വാക്കും ഉരിയാടിയില്ലെങ്കിലും ഇടക്കിടെ രണ്ടുപേരുടെയും കണ്ണുകള്‍ ഉടക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് നേഴ്‌സ് കടന്നു വന്ന് മാതാവിനോട് മാത്രം അകത്തേക്ക് പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. ഏകദേശം ഒരു മണിക്കൂറിന് ശേഷം മാതാവ് പുറത്തിറങ്ങുകയും മകള്‍ അകത്ത് കയറുകയും ചെയ്തു. മനശ്ശാസ്ത്ര വിദഗ്ദനായ ഡോക്ടറും യുവതികളായ മാതാവും മകളും തമ്മില്‍ നടന്ന കൗണ്‍സിലിംഗില്‍ എന്തൊക്കെയായിരിക്കും ചര്‍ച്ച ചെയ്തത് എന്നറിയില്ലെങ്കിലും, അവര്‍ക്കിടയില്‍ കൊടിയ ശത്രുതയുണ്ടായിരുന്നെന്നും അവര്‍ തമ്മിലുള്ള പ്രകൃതിപരമായ ബന്ധത്തെ യഥാസ്ഥാനത്ത് തിരിച്ചു കൊണ്ടുവരുവാനാണ് കൗണ്‍സിലിംഗിനായി അവര്‍ എത്തിയതെന്ന് മാത്രം ഡോക്ടര്‍ പറഞ്ഞു. ഉമ്മയും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന് കോട്ടം തട്ടിക്കൊണ്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന ആയിരക്കണക്കായ പ്രശ്‌നങ്ങളില്‍ ഒന്നുമാത്രമാണ് ഇത്. അവര്‍ക്കിടയില്‍ മുമ്പുണ്ടായിരുന്ന എന്തോ കാര്യമായ പകവീട്ടലിന്റെ നിറം ഇത്തരം പ്രശ്‌നങ്ങളില്‍ കാണപ്പെടുന്നു. പര്‌സപരം കുറ്റം പറയാനും ആക്ഷേപിക്കാനുമുള്ള ത്വരയും അവസരം പാര്‍ത്തിരിക്കലിലുമാണ് ഇത്തരക്കാര്‍ക്ക് താല്‍പര്യം. ഇവ്വിധം പ്രശ്‌നങ്ങള്‍ക്കിടയില്‍ മാതൃത്വത്തിന്റെ യഥാര്‍ത്ഥ സത്ത ചോര്‍ന്നു പോവുന്നു. ‘അത് എന്റെ ഉമ്മയാണോ അതല്ല കേവലം എന്റെ ഉപ്പയുടെ ഭാര്യാസ്ഥാനം അലങ്കരിക്കുന്ന പെണ്ണ് മാത്രമോ?’ ‘ഞാന്‍ ഉമ്മയെ ഇഷ്ടപ്പെടുന്നുണ്ടായിട്ടും എന്തിനാണ് ഉമ്മ എന്നെ വെറുക്കുന്നത് ?’ ഇത്തരം ചോദ്യങ്ങള്‍ ഉദയം കൊള്ളുന്നത് , സ്വന്തം ഉമ്മമാരില്‍ നിന്നും മാനസിക പീഢനങ്ങളേറ്റ് ഖിന്നരായി കഴിയുന്ന മക്കളുടെ കഥകളില്‍ നിന്നാണ്.

വൊക്കേഷണല്‍ ട്രൈനിംഗ് സെന്ററില്‍ പഠിക്കുന്ന 19 കാരിയായ മറാം ഇത്തരം മാനസിക പ്രയാസമനുഭവിക്കുന്ന കൗമാരക്കാരികളില്‍ ഒരാളാണ്. പരസ്പരം പറഞ്ഞ് പരിഹരിത്തക്ക പ്രശ്‌നം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളു. എങ്കിലും അവള്‍ പറയുന്നത്, അവള്‍ക്കും മാതാവിനുമിടയിലുള്ള പ്രശ്‌നത്തിന്റെ നാരായവേര് ചെന്നെത്തുന്നത് മാതാവിലേക്ക് തന്നെയാണെന്നാണ്. ‘എന്റെ മാതാവാണ് എന്റെ പ്രശനം. അവര്‍ എന്നെ സ്‌നേഹിക്കുന്നുവെന്ന ഒരു തോന്നല്‍ പോലുമെനിക്കില്ല. എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ അവരുടെ മകളല്ലെന്നും അനാഥയായ എന്റെ സംരക്ഷണം ഏറ്റെടുത്തതാണ് എന്നുമുള്ള ഒരുവാക്ക് ആ വായില്‍നിന്നും വീഴുമെന്ന് കാത്തിരിക്കുകയാണ് ഞാന്‍’. അവള്‍ പറഞ്ഞു. ‘പരുക്കനായിട്ടാണ് തന്നോടുള്ള ഉമ്മയുടെ സമീപനം. മാതൃസഹജമായ ആര്‍ദ്രതപോലും എനിക്ക് നിഷേധിക്കുകയാണവര്‍.  എന്നെ ശപിക്കുന്നതോടൊപ്പം സഹോദരന്‍മാര്‍ക്ക് എല്ലാകാര്യത്തിലും മുന്‍ഗണ നല്‍കുകയും ചെയ്യുന്നു. എനിക്കെതിരെ മറ്റുള്ളവരുടെ പക്ഷം ചേരുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി. ഇത്രയൊക്കെയായിട്ടും ഞാനവരെ ഉമ്മയായി പരിഗണിക്കണമെന്നാണോ? ‘  അവള്‍ ചേര്‍ത്തു പറഞ്ഞു.

എന്നാല്‍ കേവലം പതിനാറു വയസു മാത്രമുള്ള യാസ്മിന്റെ സ്ഥിതി കാണുക. അവള്‍ക്കും മാതാവിനുമിടയിലുള്ള ബന്ധം തകര്‍ച്ചയുടെ വക്കിലാണ്. ഒരു ഉമ്മക്കും മകള്‍ക്കുമിടയിലുണ്ടാവേണ്ട ബന്ധത്തിന്റെ ഒരടയാളവും അവര്‍ക്കിടയിലില്ല. യാസ്മിന്റെ അഭിപ്രായത്തില്‍ അവളുടെ ഉമ്മ മാനസികരോഗിയാണ്.  ആളുകളുടെ മുന്നില്‍ വച്ചു പോലും അവളെ മര്‍ദ്ദിക്കാനും ഇകഴ്ത്താനുമുള്ള കാരണങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത് ഉമ്മയുടെ പതിവാണത്രെ. ഇത്തരം ഇകഴ്ത്തലുകളാണ് മക്കള്‍ മാതാക്കളുമായി ഇടയാനുള്ള പ്രധാനകാരണം. അത് ഉമ്മയുമായി വഴക്കിടുന്നതിലേക്കും ചീത്തപറയുന്നതിലേക്കും അവളെ നയിച്ചു. ‘എന്റെ ഉപ്പ കല്യാണം കഴിച്ചത് അവരെയല്ല. എന്റെ ഉമ്മയാകാനുള്ള അര്‍ഹതയും അവര്‍ക്കില്ല’.  യാസ്മിന്‍ വാചാലയായി. ഉമ്മയുടെ നടപടികള്‍ സഹിക്കാന്‍ കഴിയാത്തതിനാല്‍ വീട്ടില്‍ നിന്നും ഓടിപ്പോകുമെന്ന ഭീഷണി മുഴക്കുക വരെ ചെയ്തുവത്രെ അവള്‍!

‘അവര്‍ക്ക് എന്റെ ഉമ്മയാകാന്‍ കഴിയില്ല. ഉമ്മയെന്നെ വെറുക്കുന്നുവെന്ന് പറഞ്ഞിട്ടും അത് മനസിലാക്കാന്‍ ആരും തയാറാവുന്നില്ല’. നാല്‍പതുകാരിയും അവിവാഹിതയുമായ നേഴ്‌സ് ‘ഫൈറൂസ് ‘തന്റെ സംസാരം തുടങ്ങിയത് ഇപ്രകാരമായിരുന്നു. ഇത്രയും പ്രായമായിട്ടും തന്റെ  വിവാഹം മുടങ്ങും വിധം മാനസികാസ്വസ്ഥതകള്‍ക്ക് കാരണക്കാരിയായി അവള്‍ ചൂണ്ടിക്കാട്ടുന്നത് തന്റെ ഉമ്മയെയാണ്. ‘ഉമ്മ, എന്റെ ഇളയ പെങ്ങള്‍ക്ക് എന്നേക്കാള്‍ സ്ഥാനവും പരിഗണനയും നല്‍കി. എനിക്കു നേരെ കാഠിന്യത്തോടെയും അവളോട് സ്‌നേഹമസൃണമായും പെരുമാറി. അവള്‍ക്കിഷ്ടപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുമ്പോഴും എനിക്ക് അത്യാവശ്യ സാധനങ്ങള്‍ പോലും കിട്ടാക്കനിയായിരുന്നു’. ഫൈറൂസിന് തന്റെ മാതാവിലുള്ള എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടുവെന്ന് അവളുടെ സംസാരത്തില്‍ നിന്നും വ്യക്തമാണ്. തനിക്കുണ്ടായ എല്ലാ അസ്വസ്ഥതകള്‍ക്കും കാരണക്കാരിയായ പെങ്ങളെയും ഫൈറൂസ് ഈര്‍ഷ്യത്തോടെയാണ് കാണുന്നത്. അതിനാല്‍ തന്നെയാണ് അവള്‍ ഏകാന്ത ജീവിതം നയിക്കാന്‍ തീരുമാനിച്ചതും. ‘എന്റെ ഉമ്മയും പെങ്ങളും കുടുംബക്കാര്‍ മുഴുവനും തന്നെയും മരിച്ചാലും തനിക്ക് പ്രശ്‌നമില്ല. കാരണം അവരില്‍ നിന്നും അലിവും ആര്‍ദ്രതയും നിറഞ്ഞ ഒരു പെരുമാറ്റം എനിക്ക് പ്രതീക്ഷിക്കാനില്ല.’

കുടുംബത്തില്‍ അനിവാര്യമായും നടന്നിരിക്കേണ്ട സാംസ്‌കാരിക മര്യാദയുടെ പാഠങ്ങള്‍ വിസ്മരിച്ചതും തര്‍ബിയ്യത്തിന്റെ അഭാവവുമല്ലേ ഇത്തരം പവിത്രബന്ധങ്ങളെ തകര്‍ക്കുന്നതിന്‍െയും, വെറുപ്പിന്റെയും പകയുടെയും സീമകള്‍ ലംഘിക്കുന്നതിന്റെയും പ്രധാന കാരണങ്ങള്‍ ? കുടുംബപ്രശ്‌നങ്ങളും മാനസികരോഗങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദനായ ഡോ. ഹമ്മാദിയോടുള്ള ഈ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി ശ്രദ്ധിക്കുക. ‘മാതൃത്വം എന്ന വികാരം ദൈവം സ്ത്രീകള്‍ക്ക് കനിഞ്ഞരുളിയ ഒന്നാണ് എന്നതില്‍ തര്‍ക്കമില്ല. ഒരിക്കലും ദൈവം മാതാക്കളെ, മക്കളോട് വെറുപ്പുള്ളവരായി സൃഷ്ടിച്ചിട്ടില്ല. മറിച്ച് മുന്‍ചൊന്ന പ്രശ്ങ്ങളിലെ വില്ലന്‍, തെറ്റായ വളര്‍ത്തു രീതികളാണ്. ചെറുപ്പത്തില്‍ മക്കളുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധയില്ലാതെ വരുമ്പോള്‍ ഭാവിയില്‍ അത് വലിയ പ്രശ്ങ്ങള്‍ക്ക് വഴിമരുന്നായേക്കും. ശൈശവത്തിലെയും ബാല്യത്തിലെയും തിക്താനുഭവങ്ങള്‍ മാതാക്കളും മക്കളും തമ്മിലുള്ള അകല്‍ച്ചക്ക് ആക്കം കൂട്ടുന്നു. കിട്ടേണ്ടത് കൃത്യസമയത്ത് കിട്ടുന്നില്ല. വിവിധ ജീവിതഘട്ടങ്ങില്‍ പരിധിവിട്ട് പാരുഷ്യം പ്രകടിപ്പിക്കുന്നത് അപകടമാണ്. മാന്യവും സ്‌നേഹമസൃണവുമായ ഇടപെടലിലൂടെ മാത്രമേ ഇത്തരം ബന്ധങ്ങള്‍ക്ക് ശക്തി പകരാന്‍ സാധിക്കൂ. വിവരവും വിദ്യാഭ്യാസവും കുറയുന്നതും കൂടുന്നതുമല്ല അടിസ്ഥാന പ്രശ്‌നം.(അങ്ങിനെയായിരുന്നെങ്കില്‍ നമ്മുടെ പല ഉമ്മമാര്‍ക്കും വിജകരമായി മക്കളെ വളര്‍ത്താന്‍ സാധിക്കുമായിരുന്നില്ല). മറിച്ച് മക്കളെ കൈകാര്യം ചെയ്യുന്ന രീതിയാണ് പ്രധാനം. ചാനലിനുമുന്നിലും ഇന്റര്‍ നെറ്റിലും സമയത്തെ ഹോമിക്കുന്ന ആധുനിക ഉമ്മമാരുടെ കാര്യത്തിലാണ് ആധി. സ്വയം തന്നെ സംസ്‌കരണ പാഠങ്ങള്‍ മറന്നു പോവുന്ന അവര്‍ക്ക്, മക്കളെ നയിക്കാനും ഉപയോഗപ്രദമായ കാര്യങ്ങള്‍ക്കുമായി ചെലവഴിക്കാന്‍  സമയവും സന്ദര്‍ഭവുമെവിടെക്കിട്ടും ? എന്നാല്‍ പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം, മാതാവ് തന്നെ വെറുക്കുന്നുവെന്ന ന്യായം പലപ്പോഴും യഥാര്‍ത്ഥമാണോ എന്നവര്‍ ചിന്തിക്കാറില്ല. കാഠിന്യത്തോടെ മാത്രമേ ഉമ്മ പെരുമാറുന്നുള്ളൂ എന്ന് പരാതിപ്പെടുന്ന പെണ്‍കുട്ടികളിലധികവും കൗമാരക്കാരികളായിരിക്കും. ബുദ്ധിയും വിവേകവും നേര്‍വഴിക്ക് സഞ്ചരിക്കാന്‍ വളരെ പ്രയാസം നേരിടുന്ന പ്രായമായതിനാല്‍ എന്തെങ്കിലും കച്ചിത്തുരുമ്പിന്‍മേല്‍ പിടിച്ചായിരിക്കും താന്‍ മാതാവിന്റെ കണ്ണില്‍ വെറുക്കപ്പെട്ടവളും അനഭിമതയുമാണെന്ന അബദ്ധധാരണക്കുള്ള ന്യായം കണ്ടെത്തുക. അത്യാവശ്യ ഘട്ടങ്ങളിലെ ശകാരം പോലും പിടിച്ചുലക്കുന്ന മാനസികാവസ്ഥയുള്ള പ്രായമായതിനാല്‍ തന്നെ ഇരുകൂട്ടരും കാര്യങ്ങളെ മനസ്സിലാക്കി പരസ്പരധാരണയോടെ കൈകാര്യം ചെയ്താലേ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിക്കൂ. വസ്ത്രധാരണത്തിന്റെ കാര്യത്തിലോ സംസാര ശൈലിയുടെ കാര്യത്തിലോ വൈകിവീട്ടിലേക്ക് വരുന്ന വിഷയത്തിലോ വല്ലതും കാര്യമായി ചോദിക്കുക എന്നാല്‍ ഉമ്മ തന്നെ വെറുത്തു എന്ന് അതിനര്‍ത്ഥമില്ലല്ലോ. എല്ലാം നല്ലതിനാണെന്ന് ന്യായമായും കരുതുക.

വിവ : ഇസ്മായില്‍ അഫാഫ്‌

Related Post