മുസ്‌ലിം സ്ത്രീക്ക് മറ്റു വിമോചകരെ ആവശ്യമില്ല

ഇസ്‌ലാം സ്ത്രീയുടെ സ്ഥാനവും പദവിയും ഉയര്‍ത്തി മകള്‍, muslim women.2ഇണ, ഉമ്മ എന്നീ നിലകളിലെല്ലാം അവളെ വളരെയധികം ആദരിച്ചിട്ടുണ്ട്. സമൂഹത്തിലും അവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കി. അല്ലാഹു സവിശേഷമായി ആദരിച്ച മനുഷ്യകുലത്തിന്റെ ഭാഗമാണ് അവരും. പുരുഷന്‍മാര്‍ അവരുടെ പ്രതിഭ പ്രകടിപ്പിച്ചപ്പോഴെല്ലാം അതിന് പിന്നില്‍ അവര്‍ക്ക് പ്രേരകമായി വര്‍ത്തിച്ച സ്ത്രീകളുണ്ടായിരുന്നു. ‘ഓരോ മഹാന്റെ പിന്നിലും ഒരു സ്ത്രീയുണ്ടെന്ന്’ സാധാരണ പറയാറുണ്ട്.

പുരുഷ ജീവിതത്തിന് സുഗന്ധം പൂശുന്നത് സ്ത്രീകളാണ്. അവര്‍ക്ക് ഉന്‍മേഷം നല്‍കുന്ന പരിമളം അന്തരീക്ഷത്തില്‍ പരത്തുന്നതും അവരെ സജീവമാക്കുന്നതും അവരാണ്. സ്ത്രീകള്‍ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന റൈഹാന്‍ (സുഗന്ധമുള്ള ഒരു ചെടി) ചെടികളാണ്, നാമെല്ലാം റൈഹാനിന്റെ സുഗന്ധം ആഗ്രഹിക്കുന്നവരാണ് എന്നൊരു കവി കുറിച്ചിട്ടുണ്ട്. വൈജ്ഞാനിക രംഗത്തെ സ്ത്രീകളുടെ പങ്കിനെ കുറിച്ച് ജനങ്ങളധികവും അജ്ഞരാണ് അല്ലെങ്കില്‍ അവര്‍ അജ്ഞത നടിക്കുകയാണ്. വൈജ്ഞാനിക രംഗത്ത് സ്ത്രീകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

വൈജ്ഞാനിക മേഖലയില്‍ വലിയ സംഭാവനകളര്‍പ്പിച്ചവരായിരുന്നു പ്രവാചക പത്‌നിമാരും സഹാബി വനിതകളും പൂര്‍വ കാലഘട്ടത്തിലെ സ്ത്രീകളും. കര്‍മശാസ്ത്രം, ഹദീസ് നിവേദനം തുടങ്ങിയ രംഗങ്ങള്‍ക്ക് പുറമെ സാഹിത്യത്തിലും കലയിലും വരെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇസ്‌ലാമിന്റെ തണലില്‍ സത്രീ വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും ഉന്നതിയിലെത്തിയിരുന്നു എന്നത് ചരിത്രം സാക്ഷ്യപ്പെടുത്തിയ കാര്യമാണ്. എഴുത്തുകാരികളും കവികളും മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്നു. അവയില്‍ എടുത്തു പറയാവുന്ന ചില നാമങ്ങളാണ് അലിയ്യ ബിന്‍ത് അല്‍-മഹ്ദി, ആഇശ ബിന്‍ത് അഹ്മദ് ബിന്‍ ഖാദിം, വിലാദ ബിന്‍ത് അല്‍-മുസ്തക്ഫ ബില്ല തുടങ്ങിയവ.

നേത്ര രോഗ ചികിത്സയില്‍ അവര്‍ക്ക് പ്രത്യേക പാടവം തന്നെയുണ്ടായിരുന്ന ബനീ ഔദിലെ സൈനബിനെ പോലുള്ള ഡോക്ടര്‍മാരും ഇസ്‌ലാമിക ചരിത്രത്തിലുണ്ട്. പ്രവാചകന്‍(സ)യുടെ മാതൃ സഹോദരിയായ സല്‍മ നജാരിയയെയും കരീമ ബിന്‍ത് അഹ്മദ് അല്‍-മര്‍വസിയെയും പോലുള്ള ഹദീസ് നിവേദകരും ഉണ്ടായിരുന്നു. മഹതിയായ നഫീസ ബിന്‍ത് മുഹമ്മദും അറിയപ്പെടുന്ന ഹദീസ് പണ്ഡിതയായിരുന്നു. ഉയര്‍ന്ന വൈജ്ഞാനിക നിലവാരം പുലര്‍ത്തിയിരുന്നവരായിരുന്നു അവരെല്ലാം. ഇമാം ശാഫിഈ, ബുഖാരി, ഇബ്‌നുല്‍ ഖയ്യിം പോലുള്ള പ്രമുഖ പണ്ഡിതന്‍മാരുടെ ഗുരുക്കന്‍മാരും അക്കൂട്ടത്തിലുണ്ട്. വിജ്ഞാനത്തിനും ചിന്തക്കും വൈവിധ്യമാര്‍ന്ന ഇസ്‌ലാമിക സംസ്‌കാരത്തിനും ഇസ്‌ലാം സവിശേഷമായ സ്ഥാനം നല്‍കിയെന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഇവ.

ഇസ്‌ലാമും സ്ത്രീകളുടെ സാമൂഹ്യ പദവിയും
സ്ത്രീക്ക് ഇസ്‌ലാം സാമൂഹികാവകാശങ്ങലെല്ലാം വകവെച്ചു നല്‍കുന്നുണ്ട്. മറ്റൊരു മതവും ദര്‍ശനവും നല്‍കാത്ത ആദരവാണ് ഇസ്‌ലാം അവരോട് കാണിച്ചിരിക്കുന്നത്. വിമോചന പ്രസ്ഥാനങ്ങളെന്ന് അവകാശ വാദമുന്നയിച്ച് രംഗത്തു വന്ന സംഘടനകളുടെ തണലില്‍ പോലും ഇത്രത്തോളം ആദരവ് അവര്‍ക്ക് ലഭിച്ചിട്ടില്ല. ‘ഐഹിക ജീവിതത്തിലെ അധ്വാനപരിശ്രമങ്ങളില്‍ പിഴച്ചവരും അതേസമയം തങ്ങള്‍ ചെയ്യുന്നതൊക്കെയും ശരിയെന്നു ഭാവിക്കുന്നവരുമത്രെ അവര്‍.’ (അല്‍-കഹ്ഫ് : 104) ഈ സൂക്തം വിവരിക്കുന്നത് പോലെയാണ് അവരുടെ യഥാര്‍ത്ഥ അവസ്ഥ. സ്ത്രീയുടെ സംരക്ഷണ ചുമതലുള്ളവരുടെ – അത് പിതാവോ ഭര്‍ത്താവോ ആവാം – ബാധ്യതയായി ഇസ്‌ലാം കല്‍പിച്ചിട്ടുള്ള കാര്യമാണ് അവര്‍ക്ക് ചെലവനിന് നല്‍കലും അവരെ ആദരിക്കലും. ഉത്തരവാദിത്വത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യത്തില്‍ ഇസ്‌ലാം പുരുഷന് തുല്ല്യമായ സ്ഥാനം തന്നെയാണ് സ്ത്രീകള്‍ക്കും നല്‍കുന്നത്. അല്ലാഹു പറയുന്നു : ‘നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്നു പുറത്താക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ. ഉല്‍കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.’ (ആലുഇംറാന്‍ : 195)
‘പുരുഷനാവട്ടെ, സ്ത്രീയാവട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മങ്ങളാചരിക്കുന്നവന് നാം ഈ ലോകത്ത് വിശുദ്ധമായ ജീവിതം പ്രദാനംചെയ്യുന്നു. (പരലോകത്തില്‍) അവരുടെ ഏറ്റം ശ്രേഷ്ഠമായ കര്‍മങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുകയും ചെയ്യും.’ (അന്നഹ്ല്‍ : 97)

ഉമ്മയെന്ന നിലയില്‍ സ്ത്രീക്ക് മറ്റൊരിടത്തും കിട്ടാത്തത്ര ഉന്നത സ്ഥാനമാണ് ഇസ്‌ലാം കല്‍പിച്ചിരിക്കുന്നത്. ഉമ്മയോട് നന്മയില്‍ വര്‍ത്തിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ ഉപദേശിക്കുന്നുണ്ട്. ‘മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് ഭഛെഭ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പില്‍ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: ഭനാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ!’ (അല്‍-ഇസ്‌റാഅ് : 23-24) പിതാവിനെക്കാള്‍ മുന്‍ഗനണ നല്‍കി, പ്രത്യേക പരിഗണനയും സാമീപ്യവും അവരുടെ അവകാശമായി ഇസ്‌ലാം മുന്നോട്ടു വെച്ചു. അതുകൊണ്ടാണ് ആരോടാണ് എനിക്ക് ഏറ്റവും അധികം കടപ്പാട് എന്നന്വേഷിച്ച സഹാബിയോട് ‘നിന്റെ ഉമ്മയോട്’ എന്ന് മൂന്ന് തവണ പ്രവാചകന്‍(സ) ആവര്‍ത്തിച്ചത്. അതിന് ശേഷം നാലാമതായിട്ടാണ് ‘നിന്റെ പിതാവിനോട്’ എന്ന് പറഞ്ഞിട്ടുള്ളത്.

നമ്മുടെ നാടുകളിലെല്ലാം കാണുന്ന തരത്തിലുള്ള സ്ത്രീ വിമോചന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീകളെ വഴിതെറ്റിക്കലല്ല യഥാര്‍ത്ഥ സ്വാതന്ത്ര്യം. സ്ത്രീകളെയും നാടിനെയും വഴിപിഴപ്പിക്കുക മാത്രമാണ് അവയെല്ലാം ചെയ്യുന്നത്. ഇസ്‌ലാം സ്ത്രീകള്‍ക്ക് മോചനം നല്‍കിയിട്ടുള്ളതാണ്. ഇസ്‌ലാം അവര്‍ക്ക് നല്‍കിയ വിമോചനത്തിന് ശേഷം മറ്റൊരു വിമോചകന്‍ അവര്‍ക്ക് ആവശ്യമില്ല. എന്നാല്‍ ഇതെല്ലാം ഉയര്‍ത്തി രംഗത്ത് വരുന്നവര്‍ ഇസ്‌ലാമിന്റെ മേല്‍ കുതിരകയറാനാണ് ശ്രമിക്കുന്നത്. ഒരു പക്ഷേ അവര്‍ മനസ്സിലാക്കിയതില്‍ വന്ന വീഴ്ച്ചയായിരിക്കാം, അല്ലെങ്കില്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളായിരിക്കാം അതിന് പിന്നില്‍.

മുസ്‌ലിം ആയിരിക്കെ തന്നെ ഇസ്‌ലാമിനെ വെറുക്കുന്ന എത്രയോ സഹോദരിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തങ്ങളുടെ മുടിയുടെ കാര്യത്തിലാണ് അവരുടെ ആശങ്ക. അവളുടെയും അവളുടെ തലമുടിയുടെയും സ്രഷ്ടാവായ അല്ലാഹുവിന്റെ കല്‍പനക്ക് ഉത്തരം നല്‍കി അത് മറച്ചു വെക്കുന്നതില്‍ അവര്‍ ലജ്ജിക്കുന്നു. ഒരുപക്ഷേ അവള്‍ മാധ്യമ പ്രവര്‍ത്തകയോ സാമൂഹ്യ പ്രവര്‍ത്തകയോ ആയിരിക്കാം. അത്തരക്കാര്‍ ഇസ്‌ലാമിനെയും ഇസ്‌ലാമിക ചിന്തകളെയും വികലപ്പെടുത്തുകയും അതിന്‍മേല്‍ കള്ളങ്ങള്‍ കെട്ടിച്ചമക്കുകയും ചെയ്യും. ഇസ്‌ലാമിക ശരീഅത്തിനോടും ദീനീനിഷ്ഠ പുലര്‍ത്തുന്നവരോടുമുള്ള വെറുപ്പ് ഉള്ളിലൊതുക്കി വെച്ചിരിക്കുന്ന അവതാരികമാര്‍ ഇതിന്റെ വ്യക്തമായ തെളിവുകളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്‌ലാമിനെ വളരെ സുന്ദരമായി മനസ്സിലാക്കിയ മുസ്‌ലിംകള്‍ തന്നെയാണ് തങ്ങളെന്നാണ് അവരുടെ വെപ്പ്.

ഹിജാബ് നിര്‍ബന്ധമാക്കിയതിലൂടെ സ്ത്രീയെ അടിച്ചമര്‍ത്താനല്ല ഇസ്‌ലാം ഉദ്ദേശിച്ചത്. മറിച്ച് അവര്‍ക്ക് പരിരക്ഷണവും ആദരവുമാണ് അതിലൂടെ നല്‍കുന്നത്. വഴികേടില്‍ നിന്നും അരാജകത്വത്തില്‍ നിന്നും അവരെ സംരക്ഷിക്കുകയാണത്. അവളുടെയും അവളുടെ ഇണയുടെയും കുടുംബത്തിന്റെയും അവകാശമാണ് അതിലൂടെ സംരക്ഷിക്കപ്പെടുന്നത്.

സ്ത്രീയും വഴിപിഴച്ച എഴുത്തുകാരും
ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്നും മര്യാദകളില്‍ നിന്നും പുറത്തു കടക്കാന്‍ സ്ത്രീയെ പ്രേരിപ്പിക്കുന്ന നിരവധി സാഹിത്യകാരന്‍മാരുണ്ട്. പാശ്ചാത്യ സ്ത്രീയെ അനുകരിക്കാന്‍ അവര്‍ പ്രേരിപ്പിക്കുന്നു. അവര്‍ സ്ത്രീകളുടെ ദൈന്യതയും പ്രയാസവും ചിത്രീകരിക്കുന്നത് പാശ്ചാത്യരെല്ലാം സന്തോഷത്തിന്റെ ഉച്ചിയിലാണ് കഴിയുന്നതെന്ന് ധാരണ സൃഷ്ടിച്ചാണ്. വളരെ അപകടകരമായ ഒരു സാഹിത്യ പ്രവണതയാണിത്. ധാര്‍മിക വിപ്ലവത്തിന്റെ മുന്നണി പോരാളികളായവുകാണ് അവര്‍ വേണ്ടിയിരുന്നത്. അതിലൂടെ സ്ത്രീക്ക് നല്‍കേണ്ട ആദരവും പവിത്രതയും നല്‍കി ശാന്തവും സുന്ദരവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പില്‍ പങ്കാളികളാവുകയാണ് വേണ്ടത്. ആ സമൂഹത്തില്‍ ഒരു ഭര്‍ത്താവിന് തന്റെ ഭാര്യയുടെയും പിതാവിനും മാതാവിനും മകന്റെയും മകളുടെയും കാര്യത്തില്‍ നിര്‍ഭയത്വം ലഭിക്കണം. അങ്ങനെ വിശ്വാസത്തിലും ദൈവഭക്തിയിലും അധിഷ്ടിതമായ ഒരു സമൂഹം രൂപപ്പെടുകയും സമൂഹം ശക്തിപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ തങ്ങളുടെ രചനകള്‍ നിര്‍വഹിക്കുന്ന സാഹിത്യകാരന്‍മാര്‍ സമൂഹത്തെയാണ് തകര്‍ക്കുന്നത്. തങ്ങളുടെ ഇച്ഛകള്‍ക്ക് പുറകെ സഞ്ചരിക്കുന്ന അവര്‍ സമൂഹത്തിന് ദോഷകാരികളാണ്. അതിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് അവരുടെ ലക്ഷ്യം. സ്ത്രീയുടെയും പുരുഷന്റെയും വികാരങ്ങള്‍ ഒരു പോലെ ഇളക്കി വിട്ട് മൂല്യങ്ങളെ ഇല്ലാതാക്കി ധാര്‍മിക വ്യതിചലനത്തിലേക്ക് നയിക്കുന്നു.

ഓരോ സ്വതന്ത്ര മുസ്‌ലിം പിതാവിനും അത്തരക്muslim_womenകാരോട് ഇങ്ങനെ പറയാന്‍ സാധിക്കണം : ഞങ്ങളുടെ പെണ്‍മക്കളെ പതിവ്രതകളായി വിട്ടേക്കൂ, ഞങ്ങളുടെ ഭാര്യമാരെയും യുവതികളെയും ധാര്‍മികത പുലര്‍ത്തുന്നവരായി വിട്ടേക്ക്. ഞങ്ങളുടെ യുവാക്കളെ ജീവിത വിശുദ്ധി പുലര്‍ത്തുന്നവരായും വിട്ടേക്കുക. സ്വാതന്ത്ര്യത്തിന്റെയും കലയുടെയും ആവിഷ്‌കാരത്തിന്റെയും പേരില്‍ നമ്മുടെ വീടുകളെയും സംസ്‌കാരത്തെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നവരെ വെറുതെ വിടുന്നത് ശരിയല്ല. തന്റെ ഭാര്യയുടെയും പെണ്‍മക്കളുടെയും കാര്യത്തില്‍ മറ്റുള്ളവര്‍ കൈകടത്തുന്നതില്‍ രോഷം കൊള്ളുന്ന ആണുങ്ങള്‍ക്ക് യോജിച്ചതല്ല ഇത്.

വിഷലിപ്തമായ ഒരു ചിത്രീകരണം കാണുന്ന സ്ത്രീ അതില്‍ മുഴുകി താന്‍ കുടിക്കുന്നതും മക്കളെ കുടിപ്പിക്കുന്നും വിഷമാണെന്ന് തിരിച്ചറിയുന്നില്ല. അത്തരം നിലവാരം കുറഞ്ഞ സിനിമകളോടും പരമ്പരകളോടും അകലം പാലിച്ച് സ്വയം വിട്ടുനില്‍ക്കുകയും മക്കളെ അതില്‍ നിന്ന് മാറ്റി നിര്‍ത്തുകയുമാണ് യഥാര്‍ത്ഥത്തില്‍ അവര്‍ വേണ്ടിയിരുന്നത്. എല്ലാ ധാര്‍മിക മൂല്യങ്ങലും ഗുണങ്ങളും ദൈവിക കല്‍പനകളും വലിച്ചെറിഞ്ഞ സ്ത്രീകളും വാദിക്കുന്നത് തങ്ങള്‍ ശരിയായ ഇസ്‌ലാമിനെ കുറിച്ച ശരിക്ക് പഠിച്ച് മനസ്സിലാക്കിയവര്‍ ആണെന്നത് ആശ്ചര്യകരമാണ്. അവരുടെ കാഴ്ച്ചയില്‍ ഹിജാബണിഞ്ഞവരും ഇസ്‌ലാമിക മൂല്യങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നവരും ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കാത്ത തീവ്രവാദികളാണ്. എന്നു മാത്രമല്ല ശരീരം മറക്കുന്നതും മാന്യമായി വസ്ത്രം ധരിക്കുന്നതും അവരുടെ കാഴ്ച്ചപ്പാടില്‍ പിന്തിരിപ്പന്‍ ആശയങ്ങളാണ്.

സ്ത്രീ പുരുഷ വേര്‍തിരിവുകളെല്ലാം എടുത്തുകളഞ്ഞ് സമ്പൂര്‍ണ സമത്വം നടപ്പാക്കണമെന്ന് ശബ്ദമുയര്‍ത്തുന്നവരാണ് വിമോചന വക്താക്കളെന്ന് വാദിക്കുന്ന ഇക്കൂട്ടര്‍. ദൈവിക യുക്തിക്ക് വിരുദ്ധമായ പാശ്ചാത്യത്യ രീതികള്‍ സ്വീകരിക്കണമെന്നാണ് അവര്‍ പറയുന്നത്. ‘നാം ഓരോ വസ്തുവും ഓരോ കണക്ക് പ്രകാരം സൃഷ്ടിച്ചിരിക്കുന്നു.’ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ഓരോ സൃഷ്ടിക്കും അല്ലാഹു സവിശേഷമായ സ്ഥാനം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. അതില്‍ വരുത്തുന്ന മാറ്റങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതകളാണ് സൃഷ്ടിക്കുക. അപ്പോള്‍ ജീവിതത്തില്‍ തികച്ചും വ്യത്യസ്തമായ ദൗത്യങ്ങള്‍ വഹിക്കാനുള്ള സ്ത്രീയും പുരുഷനും എങ്ങനെ എല്ലാ കാര്യത്തിലും സമന്‍മാരാകും? സന്താനപരമ്പകള്‍ എങ്ങനെ നിലകൊള്ളും? സ്ത്രീക്കും പുരുഷനും ഇടയില്‍ അല്ലാഹു നിശ്ചയിച്ചിരിക്കുന്ന സ്‌നേഹവും കാരുണ്യവും എങ്ങനെയുണ്ടാകും? സ്ത്രീക്കും പുരുഷനും ഇടയിലെ വ്യത്യാസങ്ങള്‍ സൃഷ്ടിപ്പിലെ അല്ലാഹുവിന്റെ യുക്തിയെയാണ് വെളിപ്പെടുത്തുന്നത്. അല്ലാഹുവിന്റെ മഹത്തായ ദൃഷ്ടാന്തവും അല്ലാഹു സൃഷ്ടികള്‍ക്ക് കനിഞ്ഞേകിയ അനുഗ്രഹവുമാണ്. അല്ലാഹു പറയുന്നു : ‘അവന്‍ നിങ്ങള്‍ക്ക് സ്വജാതിയില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും  അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ ശാന്തി നുകരാന്‍  നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിശ്ചയം, ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്.’

ഡോ. സമീര്‍ യൂനുസ്
വിവ : അഹ്മദ് നസീഫ്‌

(Islam Onlive)

Related Post