‘പഞ്ചായത്ത് തലം മുതല്‍ അന്തര്‍ദേശീയ തലം വരെ സ്ത്രീ സമത്വത്തെക്കുറിച്ചും സംവരണത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളാല്‍ സജീവമാണ് ലോകം. ജനസംഖ്യാ പ്രാതിനിധ്യത്തോളമില്ലെങ്കിലും രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാഭ്യാസ സാമ്പത്തിക മേഖലകളില്‍ ചെറിയ തോതിലെങ്കിലും ഉണര്‍വിന്റെതായ ലോകം സ്ത്രീകള്‍ക്കിടയില്‍ സംജാതമായിട്ടുണ്ട്. സ്ത്രീ ആരാണെന്നും അവള്‍ എന്താകണമെന്നുമുള്ള കാഴ്ചപ്പാടിനപ്പുറം സ്ത്രീ എന്തല്ലാമായിക്കൊണ്ടിരിക്കുന്നു എന്ന തലത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. പക്ഷേ ഇതൊന്നുമല്ലാത്ത ഒരു ഇരുണ്ടകാലം അവള്‍ക്കുണ്ടായിരുന്നു. ചരിത്രം അവളെ അടയാളപ്പെടുത്തിയത് യാതനയും വേദനയും പേറേണ്ടവളായിട്ടാണ്. സ്ത്രീയുടെ അസ്ത്വിത്വവുമായി ബന്ധപ്പെട്ട് ഒരുപാട് നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആധുനിക മനുഷ്യാവകാശ നിയമങ്ങള്‍ ക്രോഡീകരിക്ക്‌പെട്ടത് ഗ്രീക്ക് തത്വചിന്തയില്‍ നിന്നാണ.് ഇതിന്റെ ചുവട്പിടിച്ചാണ് പില്‍ക്കാല മൗലികാവവകാശങ്ങളായ വിദ്യാഭ്യാസ തൊഴില്‍ രാഷ്ട്രീയ സാമൂഹിക പങ്കാളിത്തവും ജീവിത സുരക്ഷയും ഉറപ്പുവരുത്തുന്ന നിയമങ്ങള്‍ ഉണ്ടാക്കപ്പെട്ടത്. പക്ഷേ ഇത് സൃഷ്ടിയുടെ കാരണക്കാരായ മാതാക്കളെ പുറത്തുനിര്‍ത്തിക്കൊണ്ടായിരുന്നു. പൗരോഹിത്യ മതദര്‍ശനങ്ങളില്‍ ചൂഷണോപാധിയായി മറിക്കൊണ്ടിരിക്കുന്ന സ്ത്രീസത്വത്തിന്റെ അവകാശപ്പോരാട്ടത്തിന്റെ വിജയഗാഥ രചിച്ചുകൊണ്ടാണ് മാര്‍ച്ച 8 വനിതാ ദിനമായി കടന്നുവന്നത്.
നൂറ്റാണ്ട് തികയുന്ന പെണ്‍നോവുകളുടെ ഓര്‍മപ്പെരുന്നാള്‍ ദിനമായാണ് ലോകമെങ്ങും മാര്‍ച്ച് 8 വനിതാ ദിനമായി ആചരിക്കുന്നത്. സ്ത്രീ അവളുടെ വ്യക്തിത്വവും അസ്തിത്വവും ഉറപ്പിക്കാന്‍ തെരുവില്‍ പോരാടിയതിന്റെ ഓര്‍മ ദിനമാണത്. 1905 ല്‍ ജര്‍മന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വനിതാ നേതാവ് ക്ലാരാ സ്റ്റീവല്‍സിന്റെ നേതൃത്വത്തില്‍ പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള സോഷ്യലിസ്റ്റ് സംഘടനാ നോതാക്കള്‍ ഒത്തുചേര്‍ന്ന് വനിതാ ദിനം എന്ന ആശയം മുന്നോട്ടുവെക്കുകയും ഫ്രഞ്ച് റഷ്യന്‍ വിപ്ലവത്തിന്റെ പാശ്വാത്തലത്തില്‍ ലോകത്തുടനീളം വനിതാ ദിനം ആചരിക്കാന്‍ തീരുമാനിക്കുകയും 1975ല്‍ അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാന്‍ യു.എന്‍ അദംഗീകാരം നല്‍കുകയും ചെയ്തു. അതോടെ ലോകമെങ്ങും മാര്‍ച്ച 8 വനിതാ ദിനമായി ആചരിക്കുകയും ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതിയും സുരക്ഷയും ഉറപ്പാക്കിയാല്‍ മാത്രമേ പരിഷ്‌കൃത സമൂഹം എന്നവകാശപ്പെടാനാവൂ എന്ന ചിന്തയാണ് സ്ത്രീകള്‍ക്കായി നിയമമുണ്ടാക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിച്ചത്. ഇതിനൊക്കെയും അമ്പത് വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ. സ്ത്രീകള്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങളെ നിയന്ത്രിക്കുന്നതിനായുള്ള നിയമങ്ങള്‍ വര്‍ഷാവര്‍ഷാനം ഉണ്ടാക്കിയെടുക്കാനുള്ള ഗതികേടിലാണ് ലോകത്താകമാനമുള്ള ഭരണകൂടം. നൂറ്റാണ്ട് മുമ്പ് തുണിമില്‍ശാലയിലെ പെണ്ണുങ്ങള്‍ തുല്യകൂലിയും വോട്ടവകാശവും ആവശ്യപ്പെട്ടാണ് സമരം ചെയ്തതെങ്കില്‍ ഇന്ന് ഞാനൊരു പെണ്ണാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത ഇളം പ്രായത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന ഗതികേടില്‍ വിലപിച്ചുകൊണ്ടാണ് ഈ വനിതാ ദിനം കടന്നുപോകുന്നത്.
ഇന്ന് സ്ത്രീ സാമൂഹ്യ കുടുംബ തൊഴില്‍ ശാലകളില്‍ അനുഭവിക്കുന്ന തുല്യ നീതിക്കും തുല്യഅവസരങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഒരുപാട് സംഘടനകളോടും പ്രസ്ഥാനങ്ങളോടും കടപ്പെട്ടിട്ടുമുണ്ട്. പക്ഷേ, അതൊക്കെയും അവള്‍ നേടിയെടുത്തത് തെരുവില്‍ രക്തം ചിന്തിയാണ്. ഒരുപാട് ധര്‍ണ്ണകളും സമരങ്ങളും അതിനുവേണ്ടി നയിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ ഒരിറ്റ് രക്തം ചിന്താതെ ഒരുവരി ധര്‍ണ നടത്താതെ ഒരുനേരം ഉപവാസമിരിക്കാതെ പെണ്ണിന്റെ അവകാശങ്ങളെ ബോധ്യപ്പെടുത്തിയ കടമകളെ ഓര്‍പ്പെടുത്തിയ ഒരു ഗ്രന്ഥവും അതിന്റെ വാഹകനായ പ്രവാചകനും എല്ലാ മനുഷ്യനിര്‍മ്മിത മനുഷ്യാവകാശ നിയമങ്ങള്‍ക്കും മുമ്പേ ലോകത്തുണ്ടായിട്ടുണ്ട്. അതാണ് ഖുര്‍ആനും പ്രവാചകനായ മുഹമ്മദ് നബിയും.
ഖുര്‍ആനിന്റെ ബലത്തില്‍ വിവധ മേഘലകളില്‍ തിളങ്ങിയ സ്ത്രീകളെ ഇസ്‌ലാമിക ചരിത്രത്തില്‍ നമുക്ക് കാണാം. രണ്ടായിരത്തിലതികം ഹദീസ് റിപ്പോര്‍ട്ട് ചെയ്യുക വഴി വിജ്ഞാനത്തിന്റെ കുലപതിയായ ആയിഷ, ഉഹ്ദു യുദ്ധത്തില്‍ അടരാടിയ ഉമ്മു അമ്മാറ. യോദ്ധാക്കള്‍ക്കിടയിലൂടെ വീരകഥകള്‍ പാടി നടന്ന കവിയത്രി ഖൗല ബിന്‍ത്, ഫറോവിയന്‍ സ്വേചാതിപത്യത്തിനെതിരെ പടപൊരുതിയ സാറ. മക്കാ നഗരത്തില്‍ നാഗരികതകള്‍ പടുത്തുയര്‍ത്താന്‍ ത്യാഗം സഹിച്ച ഹാജറ, ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ മര്‍യം, ആദ്യ രക്തസാക്ഷി സുമയ്യ ഇവരൊക്കെയും ചരിത്രത്തിലെ വീരാങ്കനകളാണ്
സ്ത്രീയുടെ അവകാശത്തെ മനുഷ്യവകാശങ്ങളുമായി ബന്ധപ്പെട്ടാണ് ഖുര്‍ആന്‍ പറയുന്നത് ഇസ്‌ലാം സ്ത്രീയെ മാതാവ് മകള്‍ സഹോദരി ഇണ എന്നീ നാല് തലത്തിലൂടെയാണ് കാണുന്നത്. യാഥാര്‍ത്ഥത്തില്‍ അവളുടെ അസ്തിത്വവും അവകാശവും അതുമായി ബന്ധപ്പെട്ടതുതന്നെയാണ.് ഒരാള്‍ക്കും ഒരാളുടെയും മേല്‍ ആജ്ഞാധികാരം ഇസ്‌ലാം അനുവദിക്കുന്നില്ല. സ്ത്രീ സമുഹത്തിന്റെ അര്‍ധഭാഗമാണെന്നും സ്ത്രീയെ സമുദ്ധരിക്കാതെ ഒരു വിപ്ലവവും സാധ്യമകില്ല എന്നുമാണ് അതിന്റെ നിലപാട്. ഇസ്‌ലാമിലെ സ്ത്രീ ഒരിക്കലും പുരുഷന്റെ അടിമയല്ല. പുരുഷനെ പോലെ ആകാന്‍ ശ്രമിക്കേണ്ടവളുമല്ല. കടമകളിലും ഉത്തരവാദിത്വങ്ങളിലും ് ജൈവികമായ ഘടന അനുസരിച്ച് ചില കാര്യങ്ങളില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും ഇരു കൂട്ടര്‍ക്കുമിടയില്‍ അധീശ്വത്വ മനോഭാവം ഇസ്‌ലാം വെച്ചു പൊറുപ്പിക്കുന്നില്ല. ദൈവഭക്തിയും സല്‍കര്‍മങ്ങളും മാത്രമാണ് ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനില്‍ നിന്ന് ഉയര്‍ത്തുന്നതെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു. ”ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ
അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.’ (4:124) ‘കീഴ്‌പെടുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വിശ്വാസികളായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ഭക്തിയുള്ളവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, സത്യസന്ധരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ക്ഷമാശീലരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ വിനീതരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ദാനം ചെയ്യുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍, ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.’ (33:35) ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം
നല്‍കപ്പെട്ടുകൊണ്ടിരിക്കും.(ഗാഫിര്‍: 40) ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.’ (അന്നഹ്ല്‍ : 97)
ആരാധനാ അനുഷ്ഠാനങ്ങളില്‍ നിന്ന് സ്ത്രീയെ അകറ്റിനിര്‍ത്തിയ ചൂഷിത പൗരോഹിത്യത്തിനെതിരെയുള്ള സൃഷ്ടാവിന്റെ ആദ്യത്തെ താക്കീതായിരുന്നു അത്. പെണ്ണിനെ കുഴിച്ചുമൂടിയ ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ പുരുഷാധികാരത്തോടും ജീവിക്കാന്‍ പോലും അനുവദിക്കാതെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ കൊലചെയ്യുന്ന ആധുനിക അജ്ഞതയോടും ‘പെണ്‍കുട്ടിയുടെ ജന്മത്തെ മോശമായി കാണുന്ന ഒരു സമൂഹം നശിച്ചു എന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ‘ ആയിശ (റ) അരുളി: ” പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക് സ്വര്‍ഗം അനിവാര്യമാക്കുകയും അല്ലെങ്കില്‍ നരകത്തില്‍ നിന്ന് അയാള്‍ മോചിപ്പിക്കുകയും ചെയ്യും” (മുസ്‌ലിം) ്. ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളെ -ജീവിക്കാനുളള അവകാശം ആരാധനാ സ്വാതന്ത്ര്യം സ്വത്ത് സമ്പാദിക്കാനും വിനിമയം ചെയ്യാനും വിജ്ഞാനം കരസ്ഥമാക്കാനും രാഷ്ട്രീയ പങ്കാളിത്തം വഹിക്കാനും അവകാശം തൊഴില്‍ നേടാനുള്ള അവകാശം എന്നിവ ദൈവം അവന്റെ സൃഷ്ടി എന്ന നിലയില്‍ അവള്‍ക്ക് നല്‍കി.
ഇസ്‌ലാമില്‍ സ്ത്രീ ആശ്രയവ്യക്തിത്വവുമല്ല. സാമൂഹ്യ സ്ഥാപനങ്ങളുടെ ആദ്യപടിയായ വിവാഹത്തിലൂടെ സ്ത്രീ പരാശ്രയത്വത്തിന്റെ മേഖലകളിലേക്ക് എത്തിപ്പെടുകയല്ല. നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്. (അര്‍റൂം : 21) കുടുംബജീവിതത്തില്‍ സ്ത്രീകള്‍ക്ക് ന്യായമായ അവകാശമുണ്ട് പുരുഷന്മാര്‍ക്ക് അവരുടെ അവകാശം ഉള്ളതുപോലെ നബി (സ) പറഞ്ഞു: ”സ്ത്രീയുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സക്ഷിക്കുക. അവരെ നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നത് അല്ലാഹുവിന്റെ അമാനത്തായാണ്. ഭരിച്ചും നിയന്ത്രിച്ചും നിര്‍ത്തുന്ന ഭാര്യയല്ല ഇണ എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇണയില്‍ നിന്നും ജീവിത വിഭവങ്ങല്‍ കട്ടാനുള്ള അവകാശം അവള്‍ എത്രതന്നെ സമ്പനന്നയാണെങ്കിലും അവള്‍ക്കനുവദിച്ചുകൊടുത്തു. ”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായി രണ്ടുകൊല്ലം മുല കൊടുക്കേണ്ടതാകുന്നു. മുലകൊടുക്കുന്ന മാതാക്കള്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. ഒരാളോടും അവരുടെ കഴിവിനനുസരിച്ചല്ലാതെ നല്‍കാന്‍ നിര്‍ബന്ധിക്കരുത്.ദാമ്പത്യ ജീവിതം ഒരിക്കലും യോജിച്ചു കൊണ്ടുപോകാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍ ഫസ്ഖ് ചെയ്യാനുള്ള അവകാശം വിവാഹ മോചനം ചെയ്യപ്പെടുമ്പോള്‍ ന്യായമായ നീതി ലഭിക്കാനുള്ള അവകാശം (മതാവിനുള്ള അവകാശം) എന്നിവ ഖുര്‍ആന്‍ നല്‍കി (അത്വലാഖ്: 1, 2, 35)
പ്രവാചകന്റെ ആഗമനത്തിന് മുമ്പേ നിലവിലുണ്ടായിരുന്ന പതിനേഴാം നൂറ്റാണ്ടുവരെ ക്രൈസ്തവ യൂറോപ്പ് കൊണ്ടു നടന്ന സ്ത്രീയ പതിതയും നിന്ദ്യയുമാക്കുന്ന, എത്ര പെണ്ണിനെ വേണമെങ്കിലും തന്റെ കീഴില്‍ വെക്കാം എന്ന പ്രാകൃത സമ്പ്രദായത്തിന് കര്‍ശന നിയന്തരണമേര്‍പ്പെടുത്തി. പുരുഷനില്‍ നിന്നുമുള്ള ഭക്ഷണ വസ്ത്ര ലൈംഗിതയുടെ തുല്യത ഉറപ്പുവരുത്തി നാലില്‍ കൂടുതല്‍ സ്ത്രീകളെ ഇണയായി സ്വീകരിക്കാന്‍ പാടില്ല എന്ന ഉപാധികളോടെ ബഹുഭാര്യത്വം എന്ന സമ്പ്രദായം നിലനിര്‍ത്തി. ഇണയുടെ സ്വത്തിന് അവകാശിയാക്കി മാറ്റുക വഴി അന്തപുരത്തിലെ കാമന പൂര്‍ത്തീകരണ വസ്തു എന്ന ബഹുഭാരത്വ സങ്കല്‍പത്തെ ഇസ്‌ലാം പൊളിച്ചെഴുതി.
സ്ത്രീയുടെ അവകാശാധികാരങ്ങളെ ഇത്രയേറെ എണ്ണിപ്പറഞ്ഞ ഇസ്‌ലാമിലെ സ്ത്രീയുടെ യഥാര്‍ഥ അവസ്ഥ ഇന്ന് എന്താണ്? പാശ്ചാത്യ ലോകത്തുനിന്നുണ്ടായ വിമോചനസങ്കല്‍പങ്ങളെയും അതിന്റെ ഓര്‍മ ദിനങ്ങളെയും സ്മരിക്കാന്‍ ഒത്തുകൂടുന്നതിന് മുമ്പ് ദൈവവും അവന്റെ ഗ്രന്ഥവും പ്രവാചകനും നല്‍കിയ അവകാശാധികാരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ ബാധ്യാതാ നിര്‍വഹണം താന്‍ നടത്തിയിട്ടുണ്ടോ എന്ന് ഓരോ മുസ്‌ലിം സ്ത്രീയും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. അടിസ്ഥാന ചിന്താ അധ്യാപനങ്ങള്‍ക്കകത്ത് പ്രാദേശിക വൈജാത്യങ്ങളെ ഉള്‍ക്കൊള്ളുകയും അതിന്റെ നന്മയെ സ്വാംശീകരിക്കുകയും ചെയ്യുക എന്നത് മതം വെച്ചുനീട്ടുന്ന വിശാലതയുടെ അടയാളമാണ്. അടിസ്ഥാന ചിന്താ അധ്യപനങ്ങള്‍ പ്രാദേശികമായി എല്ലാതരം ജീര്‍ണതകളെയും വൈരുധ്യങ്ങളെയും കൂട്ടിയിണക്കിക്കൊണ്ട് ആചാര അനുഷ്ഠാനങ്ങളായി മാറുന്ന സമ്പ്രദായം എല്ലായിടത്തും സംഭവിച്ചിട്ടുമുണ്ട്.
പക്ഷേ മനുഷ്യനിര്‍മിത ആചാരാനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും കൂട്ടിക്കിഴിച്ച് പിന്നീടവ മതത്തിന്റെ വിധി വിലക്കുകളായി മാറുന്ന വിധി വൈപരീതം എല്ലായിടത്തും കാണാം. മത സാമൂഹിക രംഗത്ത് ചിരപ്രതിഷ്ഠ നേടിയ മനുഷ്യനിര്‍മിത ആചാരുനുഷ്ഠാനങ്ങളും വിധി വിലക്കുകളും ഏറെ ദോഷകരമായി ബാധിച്ചത് സ്ത്രീയെ തന്നെയാണ്. ഇസ്‌ലാമിന്റെ സ്ത്രീയെ കുറിച്ചുള്ള അടിസ്ഥാന അധ്യാപനങ്ങളും കാഴ്ചപ്പാടുകളും നിലവിലുള്ള സ്ത്രീ സ്വത്ത വാദങ്ങളോടും സാംസ്‌കാരിക സമ്പ്രദായങ്ങളോടും ഏറ്റുമുട്ടുന്നതായി കാണാം.
ഖുര്‍ആനിന്റെ അടിസ്ഥാനാധ്യാപനങ്ങളെ നിലവില്‍ പ്രചാരത്തിലുള്ള സ്ത്രീവിരുദ്ധ സാംസ്‌കാരിക സമ്പ്രദായങ്ങളോട് യോജിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് മുസ്‌ലിം സ്തീ തരം താഴ്ത്തപ്പെട്ടത്.
ലോകത്താകമാനം മുസ്‌ലിം സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ ആദര്‍ശപരവും നിലവിലെ യാഥാര്‍ഥ്യവുമായി ഒരുപാട് ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. അനിസ്‌ലാമിക സംസ്‌കാരങ്ങളെയെും വേഷവിധാനങ്ങളെയും അനുകരിക്കുകയാണ് യഥാര്‍ഥ മോക്ഷമെന്ന് സ്ത്രീകളും അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കാനുള്ള വഴി അനര്‍ഹവും തീവ്രവുമായ നിലയില്‍് നിയന്ത്രണമേര്‍പ്പെടുത്തുകയുമാണെന്ന് മതനോതാക്കന്മാരും കരുതുന്നു.
ചരിത്രം നമുക്ക് പകര്‍ത്താനുള്ളതാണ്. പാടിപ്പുകഴ്ത്താനും കവല പ്രസംഗങ്ങലിലും ഖണ്ഡന മണ്ഡന പ്രംസംഗങ്ങളിലും എടുത്തുദ്ദരിക്കാനുമുള്ളതല്ല.
കുടുംബമാണ് പവിത്രം സാമൂഹ്യസ്ഥാപനത്തിന്റെ ആദ്യ അസ്ഥിവാരമിടുന്ന അവിടെ സ്ത്രീയുടെ റോളുകള്‍ നാം ഓര്‍മിപ്പിച്ചുകൊണ്ടേയിരുക്കും. എന്നാല്‍ മുസ്‌ലിം പെണ്ണിനിന്ന് കുടുംബം തുടങ്ങണമെങ്കില്‍ കോര്‍പറേറ്റ് സ്ഥാപനം തുടങ്ങുന്നതിനെക്കാല്‍ മുതല്‍മുടക്കാണ്. ആയുസ്സിന്റെ നല്ലകാലം ചെലവിട്ട് പൊന്നും പണവും വീടും കാറും പറമ്പും സ്റ്റാറ്റസും ഉണ്ടാക്കാന്‍ ഓരോ രക്ഷിതാവും മണലാര്യണ്യത്തില്‍ പാടുപെടുന്നത് പെണ്ണായ ഒന്നിന് താന്‍ ജന്മം നല്‍കിയതിന്റെ പേരിലാണ്. ഉമ്മയായ അനേകം പെണ്ണും ഉപ്പയായ അനേകം പുരുഷനും സ്രേക്കും അറ്റാക്കും വന്ന് കുഞ്ഞുവീഴുന്നതും മരിച്ചുപോകുന്നതും തിന്നും കുടിച്ചും അര്‍മാദിച്ചിട്ട് മാത്രമല്ല്. പുന്നാരമമോള്‍ക്ക് യോജിച്ചൊരു വരനെ തിരഞ്ഞ് കിട്ടാത്തതുകൊണ്ടു കൂടിയാണ്. ദീനാണ് വിവാഹത്തിലെ എല്ലാറ്റിനെക്കാള്‍ മാനദണ്ധമാക്കേണ്ടതെന്ന് രായ്ക്കുരാമാനം പറഞ്ഞുകൊണ്ടേയിരിക്കുന്ന ഖാദിമാരും ഉസ്താദുമാരും സംഘടനാ നേതാക്കന്മാരും ഏറെയുള്ള നാടാണ് നമ്മുടെത്. സ്ത്രീധനത്തെകുറിച്ച് പറയുമ്പോള്‍ നാം പറയും ഖുര്‍ആനില്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഹദീസില്‍ ഇങ്ങനെയില്ല പ്രവാചകന്‍ അത് കാണിച്ചു തന്നിട്ടില്ല. പിന്നെന്തിനാണ് പാട്ടപ്പിരിവ് നടത്തിയും തുണിവിരിച്ചും സ്ത്രീധനത്തുകയൊപ്പിച്ചുകൊടുത്തും വിവാഹം നടത്തിക്കൊടുക്കുന്നത്? ഇങ്ങനെ വിവാഹം നടത്തിക്കൊടുക്കുന്ന ഖാദിയോട് എനിക്കീ വിവാഹം വേണ്ടാ എന്ന് പറയാന്‍ മാത്രം ഇസ്‌ലാമിലെ ഏത് വനിതാ സംഘടനയാണ് മുസ്‌ലിം പെണ്ണിനെ പ്രാപ്തമാക്കിയത്? തീരെ ചെലവില്ലാത്തതാണ് ഇസ്‌ലാമിലെ വിവാഹം എന്നിട്ടും പാവപ്പെട്ടപെണ്ണിനെ നേര്‍ച്ചകാളയാക്കിമാറ്റുന്ന സമൂഹ വിവാഹമെന്ന സമുദായ ആഭാസം നാടുനീളെ നടക്കുമ്പോഴും നാം ഏന്തേ മിണ്ടാതിരിക്കുന്നത്?
രാജ്യഭരണാധികാരിയായ ഉമറിനോട് മഹറിന്റെ കാര്യത്തില്‍ തര്‍ക്കിച്ച സഹാബി വനിതയെ നാം പഠിക്കാന്‍ മറന്നിട്ടില്ല. എത്ര പെണ്ണുണ്ട് ദൈവം തനിക്ക് നല്‍കിയ അവകാശമായ മഹ്‌റ് ചോദിച്ചുവാങ്ങിയവളായി. അറിയപ്പെടുന്ന ഇസ്‌ലാമിലെ ഏത് വനിതാ നേതാവാണ് അവളെ അതിന് പ്രാപ്തയാക്കിയത്? ഏത് മുസ്‌ലിം വനിതാ നേതാവാണ് ഈ അവകാശത്തിനു വേണ്ടി മുന്നിട്ടിറങ്ങിയത്.. പ്രബുദ്ധമെന്നും ഇസ്‌ലാമിക ഭൂമികയില്‍ നിന്ന് പോരാടുന്നവരെന്നും പറയുന്ന ഏത് വനിതാ നേതാവാണ് അറേബ്യന്‍ മണലാര്യണ്യത്തില്‍ അമര്‍ന്നൊടുങ്ങാന്‍ വിധിക്കപ്പെട്ടവളെ, അധികാരവും അറിവും നല്‍കി ലോക ജോതാവാക്കിമാറ്റിയ ഇസ്‌ലാമിക പ്രത്യയശാസ്ത്ര സങ്കല്‍പങ്ങളില്‍ നിന്നും മാറി ഇസ്‌ലാമിന് അന്യമായ ഇത്തരം ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രാപ്തയാക്കിയത്?
ഇസ്‌ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന വിഷയമാണ് ബഹുഭാര്യത്വം വിവാഹമോചന നാടകങ്ങള്‍ . ഖുര്‍ആനാണ് നമ്മുടെ മാര്‍ഗരേഖ. പ്രവാചക ജീവിതമാണ് മാതൃക. വിവാഹമേചനം ചെയ്യപ്പെട്ട കേരളത്തിലെ ഏത് പെണ്ണാണ് വിവാഹമോചനത്തിന് ശേഷം ഭര്‍തൃവീട്ടില്‍ ഇദ്ദാ കാലം ചെലവഴിച്ചത്? എല്ലാ വിഷയത്തിലും കൃത്യമായ നിലപാടുള്ള, ഒന്നുകൊണ്ടും ഔറത്ത് മറയില്ല. പര്‍ദ തന്നെ വേണം സ്ത്രീയുടെ ഔറത്ത് മറയാന്‍ അതും മുഖമടക്കം മറക്കണം എന്ന് വാശിപിടിക്കുന്ന, അതിന് വേണ്ടി സമയവും ആയുസ്സും ദുര്‍വ്യയം ചെയ്യുന്ന ഏത് മതനേതാവാണ് ഇതിനെതിരെ ഉള്ളത്. പ്രവാചക കാലഘട്ടത്തില്‍ ഒന്നും രണ്ടും മൂന്നും തവണ വിവാഹിതയായ സ്ത്രീകള്‍ ചരിത്രത്തിലുണ്ട്. എന്നാല്‍ യൗവനനാരംഭത്തില്‍ തന്നെ വിധവയാകേണ്ടി വരുന്നവള്‍ക്ക് പെണ്ണിന്റെ വൈധവ്യത്തെയും ജൈവികതയെയും തൊട്ടറിയാന്‍, അവള്‍ക്ക് വീണ്ടുമൊരു ജീവിതം ഉണ്ടാക്കിക്കൊടുക്കാന്‍ നാം എന്തുകൊണ്ട് മുതിരുന്നില്ല. വിവാഹ മോചിതക്ക് മതാഇനുള്ള അവകാശം വാങ്ങിക്കൊടുക്കാന്‍ അമുസ്‌ലിം ജഡ്ജി വരേണ്ടി വന്നു!
കേരളത്തെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിക മത ബൗദ്ധിക രംഗത്ത് സ്ത്രീളുടെ ഉണര്‍വിന് നവോഥാന ആശയക്കാരായ പുരുഷന്മാരോട് മാത്രമാണ് കടപ്പെട്ടിരിക്കുന്നത്. അവര്‍ വിദ്യ നല്‍കി, സ്റ്റേജും പേജും മാറ്റി വെച്ച് വളര്‍ത്തി വലുതാക്കിയ സ്ത്രീ രത്‌നങ്ങള്‍ ഇവിടെയുണ്ട്. മുഖ്യധാരാ വാര്‍ത്താ ചാനലുകളും അവരുടെ പണിയാളുകളും എത്രതന്നെ മറക്കാന്‍ ശ്രമിച്ചിട്ടും മറയാതെ ആര്‍ജ്ജവത്തോടെ നിളയെ സാക്ഷിനിര്‍ത്തി ഒരു സമ്മേളനം നയിക്കാന്‍ കഴിഞ്ഞ വനിതാ സംഘടനയും ഇവിടെയുണ്ട്. പ്രതീക്ഷയും സ്വപ്നങ്ങളും ഒരുപാട് തന്ന ആ സമ്മേള പ്രഖ്യാപനത്തിലെ നാല് പ്രമേയങ്ങളില്‍ മൂന്നും മുസ്‌ലിം സ്ത്രീയെ മാത്രം ബാധിക്കുന്നതായിരുന്നു. സ്ത്രീധനം ബഹുഭാര്യത്വം വിവാഹമോചനം എന്നീ വിഷയങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് മാറ്റിയെഴുതണമെന്നായിരുന്നു ഇന്ത്യന്‍ പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ മുന്നിലേക്കായ് വെച്ച ആ പ്രമേയങ്ങള്‍. അതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളെക്കൊണ്ടൊന്ന് അത് വായിച്ചുനോക്കിയോ എന്ന് ഉറപ്പുവരുത്താന്‍ പോലും അത് പാസ്സാക്കിയ വനിതാ രത്‌നങ്ങള്‍ക്കായില്ല. ആയിരുന്നെങ്കില്‍ മുസ്‌ലിം പെണ്ണിന്‍രെ രോദനങ്ങള്‍ക്കറുതിയായാനെ ഇസ്‌ലാമിന്റെ നിയമത്തില്‍ സുരക്ഷിതയാക്കാന്‍ പറ്റുന്ന ആ പ്രമേയത്തെ അധികാരികളെ ഓര്‍മിപ്പിക്കാന്‍ അതിന് വേണ്ടി പടനയിക്കാന്‍ പറ്റിയെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിം പെണ്ണിന് ഗാര്‍ഹിക പീഢന നിയമത്തിന് കീഴില്‍ സുരക്ഷിതത്വം അന്വേഷിച്ച് ചെല്ലണ്ടായിരുന്നു.
മുസ്‌ലിം പെണ്ണ് പുറം ജോലി ചെയ്യുന്നില്ലാ എന്നതിന്റെ പേരില്‍ ഇതര സാമൂഹിക ശാസ്ത്രകാരന്മാരില്‍ നിന്നും ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന പഴിയെ കാര്യമാക്കേണ്ടതില്ല, പക്ഷേ., ഇവിടെ വലിയൊരു പക്ഷേയുണ്ട്. കുടുംബത്തിന്റെ ഭാരം പറഞ്ഞ് സ്ത്രീയെ പുറം ജോലിക്ക് പറഞ്ഞയക്കാന്‍ വിസമ്മിതിക്കുന്ന പ്രവണതകാണപ്പെടുന്നു. പഴയകാല സാമ്പത്തിക സാമൂഹിക വ്യവസഥിതി കന്നുകാലി വളര്‍ത്തലും കാര്‍ഷിക രംഗവുമായും ബന്ധപ്പെട്ടതായിരുന്നു. അതുകൊണ്ട് അവളുടെ തൊഴിലിടം വീടും പരിസരവും മാത്രമായിരുന്നു ് അതുകൊണ്ട് തന്നെ വീട് കേന്ദ്രീകരിച്ചു് തന്നെ ജോലി ചെയ്യാന്‍ പറ്റുമായിരുന്നു. ഇന്ന് സ്ത്രീക്ക് ജോലിചെയ്യാന്‍, അവളുടെ അറിവും കഴിവും സമൂഹ നമുക്കുപകരിക്കാതെ തളച്ചിടുന്നത് ശരിയല്ല. വമ്പിച്ച വൈജ്ഞാനിക പുരോഗതി നേടുകയും ജോലിസാധ്യതകള്‍ തുറന്ന് കിടക്കുകയും ചെയ്യുമ്പോള്‍ സമൂഹത്തിന്റെ ഗണ്യമായൊരു വിഭാഗത്തെ വീട്ടില്‍ തളച്ചിടുന്നതും ശരിയല്ല. പക്ഷേ ഒരു സ്ത്രീക്ക് തൊഴില്‍ എന്നത് അവളുടെ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ മാത്രമല്ല, സമ്പാദിക്കാനും വിനിമയം ചെയ്യാനും ഇസ്‌ലാം അനുവാദം നല്‍കിയ ഒരു വഴികൂടിയാണ്. ടെക്‌നോളജിയുടെയും ഭാഷസാഹിത്യ മേഘലകളിലും തിളങ്ങിയ പെണ്ണിനെ കുടുംബത്തിന്റെ ഭാരം പറഞ്ഞ് വീട്ടില്‍ തളച്ചിടുന്നതിന് യാതൊരു ന്യായവുമില്ല. കഴിവുള്ള പെണ്ണിനെയൊക്കെ വീട്ടില്‍ തളച്ചിട്ട് സംവരണ പിന്നോക്കാവസ്ഥ പറയുന്നതില്‍ അര്‍ഥമില്ല. മുസ്‌ലിം ജനസംഖ്യാ എന്നത് ഇതര സമുദായത്തെപോലെ സ്ത്രീകളും പുരുഷന്‍മാരും കൂടി ചേര്‍ന്നതാണ് എന്ന് മുസ്‌ലിം പെണ്ണും സമുദായവും തിരിച്ചറിയേണ്ടിയിരിക്കുന്നു. പക്വതയും പാകതയും അറിവും കഴിവും ഉണ്ടെന്ന് പറയുന്ന കേരളീയ മുസ്‌ലിം വനിതാ സംഘടനകള്‍ യഥാര്‍ഥത്തില്‍ ക്ലാരാ സ്റ്റീവല്‍സ് മുന്നോട്ടുവെച്ച പെണ്‍ദിനത്തില്‍, അല്ലാഹുവിന്റെ പ്രവാചകന്‍ കാണിച്ചുതന്ന സ്ത്രീ വിമോചന സങ്കല്‍പങ്ങള്‍ വളര്‍ത്തിയെടുക്കുന്ന ഉണര്‍വ്വിലേക്കാണ് സ്ത്രീകളെ നയിക്കേണ്ടത്. അതിന് കഴിവുള്ള സംഘടനാ നേതാക്കള്‍ നമുക്കുണ്ടാവട്ടെ.
(Islam Onlive)