ആധുനിക അന്ധവിശ്വാസങ്ങള്‍

 fad myths

ആധുനിക അന്ധവിശ്വാസങ്ങള്‍

മനുഷ്യസമൂഹത്തില്‍ എന്നും പ്രചാരത്തിലുണ്ടായിരുന്നു.

അതേസമയം ഓരോ സമൂഹവും ഇതരവിഭാഗത്തെ അന്ധവിശ്വാസികളെന്നും പിന്തിരിപ്പനെന്നും മുദ്രകുത്തിയതായി കാണാം. യാതൊരു അടിസ്ഥാനവുമില്ലാത്തതും പ്രവാചകന്മാരാല്‍ വെളിപ്പെടുത്തപ്പെടാത്തതും കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനമില്ലാത്തതുമായ ശകുനം, രാഹു, വാസ്തു, ലക്ഷണം, പ്രേതം, പിശാച്, ജോല്‍സ്യം, കണ്ണേറ് മുതലായതില്‍ വിശ്വസിച്ച് അവയുടെ ദുഷ്ഫലങ്ങളില്‍നിന്ന് രക്ഷപ്പെടാനും പ്രീതിപ്പെടുത്തി പരിഹരിക്കാനും പലവിധ ഘോരപാതകങ്ങള്‍വരെ നടത്തുന്നവര്‍ ഈ കാലത്തും ഉണ്ടെന്ന് മാത്രമല്ല അതൊരു ഉപജീവനമാര്‍ഗമാക്കി വളര്‍ത്തുന്നവരും കുറവല്ല.

ബൈബിള്‍ പ്രകാരം യേശുവിന്റെ അവസാനത്തെ അത്താഴത്തില്‍ പങ്കെടുത്തവര്‍ പതിമൂന്ന് പേരായിരുന്നത്രെ. അതിലാണ് യൂദാസ് എന്ന ശിഷ്യന്‍ യേശുവെ ഒറ്റിക്കൊടുത്തതെന്നും പറയുന്നതിനാല്‍ പാശ്ചാത്യനാടുകളില്‍പോലും ഇന്നും ‘പതിമൂന്ന്’ വെറുക്കപ്പെട്ടുവരുന്നു. പൊതുവില്‍ നമ്മുടെ നാട്ടില്‍ പതിമൂന്നിനെ ആരും ഭയപ്പെടുന്നില്ലെങ്കിലും പരിഷ്‌കൃതരെന്നഭിമാനിക്കുന്ന പടിഞ്ഞാറന്‍ നാടുകളില്‍ പതിമൂന്ന് ഞെട്ടലുളവാക്കുന്നതാണ്. വലിയ കെട്ടിടങ്ങള്‍ക്ക് പന്ത്രണ്ടാം നില കഴിഞ്ഞാല്‍ 12.എ. യും പിന്നെ പതിനാലാം നിലയുമായിരിക്കും. ആശൂപത്രികളില്‍ പതിമൂന്നാം നമ്പര്‍ ബെഡോ വാര്‍ഡോ ഉണ്ടായിരിക്കില്ല. വളരെ സന്നിഗ്ദ ഘട്ടങ്ങളിലല്ലാതെ പതിമൂന്നാംതിയതി മേജര്‍ശസ്ത്രക്രിയകള്‍ ഒന്നും നടത്താറില്ല.

കൂടാതെ നാം നല്ല ദിവസമായി കണക്കാക്കുന്ന വെള്ളിയാഴ്ച പാശ്ചാത്യര്‍ക്ക് ദുര്‍ദിനമാണ്. ഒരു നല്ല കാര്യവും അവര്‍ക്ക് വെള്ളിയാഴ്ച ആരംഭിക്കുന്നതിഷ്ടമല്ല. യേശുവിനെ കുരിശിലേറ്റിയതും, ആദാമിനേയും ഹവ്വയേയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കിയതുമെല്ലാം ഒരു വെള്ളിയാഴ്ചയാണെന്ന് അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല ആദാമിന്റെ പുത്രന്‍ കാബില്‍ സഹോദരന്‍ ഹാബീലിനെ വധിച്ചതും – മനുഷ്യവര്‍ഗത്തിലെ ആദ്യത്തെ കൊലപാതകം -, പ്രവാചകന്‍ നൂഹിന്റെ കാലത്തെ വെള്ളപ്പൊക്കം ഉണ്ടായതും വെള്ളിയാഴ്ചയായിരുന്നത്രെ. ഇതൊക്കെയാണെങ്കിലും അവിടങ്ങളില്‍ മരണശിക്ഷ നടപ്പിലാക്കുന്നദിവസം വെള്ളിയാഴ്ചയാണ്. കുറ്റവാളിക്കും അതൊരു ദുര്‍ദിനം തന്നെയാണല്ലോ.

Related Post