പെരുകുന്ന ജനത്തെ ഭീതിയോടെ കാണും ജനസംഖ്യാ ദിനം

ലോക ജനസംഖ്യ 500 കോടി തികഞ്ഞത് 1987 ജൂലൈ 11-നാണ്. അതിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ വര്‍ഷവും ജൂലൈ 11 ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത്. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2000 ആയപ്പോഴേക്കും ഇന്ത്യന്‍ ജനസംഖ്യ 100 കോടി തികഞ്ഞതായാണ് കണക്ക്. ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ലോകത്തിലെ ഏതാണ്ട് ആറിലൊന്ന് പേരും ഇന്ത്യക്കാരാണ്. ലോക ഭൂവിസ്തൃതിയുടെ കേവലം 2.4 ശതമാനം മാത്രമായ ഇന്ത്യ ജനസംഖ്യയുടെ 16.7 ശതമാനത്തെയും ഉള്‍ക്കൊള്ളുന്നു. നിലവിലുള്ള ജനസംഖ്യാ വളര്‍ച്ചാ നിരക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍ 2030 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.

മാനവ വിഭവശേഷിയുടെ വലിയൊരു പങ്ക് നമ്മുടെ കൈവശമാണെങ്കിലും അത് ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിന് പകരം ജനസംഖ്യാ വര്‍ധനവിനെ വലിയ ഭീതിയോട് കൂടിയാണ് രാജ്യം നോക്കികാണുന്നത്. കുടുംബാസൂത്രണത്തെയും ഭ്രൂണഹത്യയെയും സര്‍ക്കാര്‍ ഏജന്‍സികള്‍ വരെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുന്നു. ജനം പെരുത്താല്‍ അവര്‍ക്കാഹരിക്കാന്‍ ഭക്ഷണം തികയില്ല, പാര്‍ക്കാന്‍ വീടുണ്ടാവില്ല, ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളുണ്ടാവില്ല, തൊഴിലവസരങ്ങളുണ്ടാവില്ല എന്നെല്ലാം അവര്‍ പരിതപിക്കുന്നു. ജനനം നിയന്ത്രിച്ച് ജനസംഖ്യ കുറക്കുക മാത്രമാണ് അതിന് പരിഹാരമെന്ന് അവര്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ ജനസംഖ്യ നിയന്ത്രിക്കണമെന്ന ബോധവല്‍കരണമാണ് ജൂലൈ 11 ന് ലോകമെങ്ങും നടക്കുന്നത്.

ആധുനിക ലോകത്തിന്റെ ഗതി പരിശോധിച്ചാല്‍ ജനപ്പെരുപ്പത്തിന്റെ പരിണതിയെ കുറിച്ച ആശങ്ക അസ്ഥാനത്താണെന്ന് കാണാം. ലോകത്തുള്ള മുഴുവന്‍ മനുഷ്യരുടെയും ആവശ്യം പൂര്‍ത്തീകരിക്കാനുള്ള വിഭവങ്ങള്‍ ഉണ്ടായിരിക്കെയാണ് ആളുകള്‍ പട്ടിണിയില്‍ കഴിയേണ്ടി വരുന്നത്. മനുഷ്യരെ സൃഷ്ടിച്ച ദൈവം അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ ഭൂമിയില്‍ സജ്ജീകരിക്കുകയും അത് തേടിപ്പിടിക്കാനുള്ള ശേഷി അവര്‍ക്ക് നല്‍കുകയും ചെയ്തു. ‘എന്നാല്‍ഭൂമിയില്‍ ചരിക്കുന്ന ഒരു ജീവിയുമില്ല അതിന്റെ ആഹാരം അല്ലാഹുവിന്റെ ഉത്തരവാദിത്വത്തിലായിട്ടല്ലാതെ.’ (ഹൂദ്: 6)
‘നിങ്ങള്‍ക്കും നിങ്ങള്‍ ആഹാരം കൊടുക്കാത്ത എത്രയോ സൃഷ്ടികള്‍ക്കും നാം അതില്‍ ജീവിതോപാധികള്‍ സജ്ജീകരിച്ചിരിക്കുന്നു. യാതൊരു വസ്തുവുമില്ല, അതിന്റെ ഖജനാവ് നമ്മുടെയടുക്കല്‍ ഉണ്ടായിട്ടല്ലാതെ.’ (അല്‍-ഹിജ്ര്‍: 21) ആ ഖജനാവുകള്‍ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയുമാണ് മനുഷ്യന്‍ വേണ്ടത്. ഉല്‍പാദനവും ഉപഭോഗവും വിതരണവും അതില്‍ നിന്നുണ്ടാകണം. ഈ വ്യവസ്ഥ ചൂഷണത്തിലധിഷ്ഠിതമാകുമ്പോഴാണ് വിഭവക്കമ്മി ഉടലെടുക്കുന്നത്. കുത്തകകളുടെ ലോകത്ത് ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല, കുത്തകകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനുള്ളവ മാത്രമാണ്. ലോകജനതയിലൊരു വിഭാഗത്തിന്റെ ഉപഭോഗ തോതും രീതിയും മറ്റൊരു വിഭാഗത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്നു.

നിലവിലുള്ള ജനങ്ങള്‍ക്ക് സുഭിക്ഷമായി ആഹരിക്കാനാവശ്യമുള്ളതിലേറെ ഭക്ഷ്യവിഭവങ്ങള്‍ ഇന്ന് ലോകത്ത് ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. വിതരണത്തിലെ അനീതി മൂലം അതിന്റെ ഗണ്യമായ ഭാഗം ആവശ്യക്കാര്‍ക്ക് ലഭിക്കാതെ പോവുകയാണ് ചെയ്യുന്നത്.

ജനസംഖ്യയില്‍ സ്ത്രീ പുരുഷ അനുപാതത്തിലുള്ള വിടവ് വര്‍ധിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആറുവയസ്സ് വരെയുള്ള ആണ്‍കുട്ടികളുടേതിനേക്കാള്‍ 70 ലക്ഷം കുറവുണ്ട് അതേ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ എണ്ണം. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഭ്രൂണഹത്യയും വ്യാപകമായി നടക്കുന്നു. കഴിഞ്ഞ മുപ്പത് കൊല്ലത്തിനിടയില്‍ 43 ലക്ഷം പെണ്‍കുട്ടികളാണ് ഇന്ത്യയില്‍ കൊല്ലപ്പെട്ടത്. മനുഷ്യന്റെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ട വൈദ്യാശാസ്ത്ര സങ്കേതങ്ങളും ഭിഷഗ്വരന്‍മാരും അവരെ സഹായിക്കാന്‍ ശസ്ത്രസജ്ജരായി ഒരുങ്ങിയിരിക്കുന്നു. വന്‍ലാഭമുള്ള ബിസിനസ്സായി അത് വളര്‍ന്നു കൊണ്ടിരിക്കുന്നു.

മുമ്പ് ജാഹിലിയാ കാലഘട്ടത്തില്‍ മക്കാ മുശ്‌രിക്കുകള്‍ പെണ്‍കുട്ടികളോട് ചെയ്തിരുന്നതും ഇതേ ക്രൂരത തന്നെയായിരുന്നു. ‘അവരിലൊരാള്‍ക്ക് പെണ്‍കുട്ടി ജനിച്ചതായി സുവാര്‍ത്ത ലഭിച്ചാല്‍, കഠിന ദുഃഖം കടിച്ചിറക്കിക്കൊണ്ട് അവന്റെ മുഖം കറുത്തുപോകുന്നു. തനിക്കു ലഭിച്ച സന്ദേശത്തിന്റെ ഹീനതയാല്‍ അവന്‍ ജനത്തില്‍നിന്നൊളിച്ചുനടക്കുന്നു. അപമാനിതനായിക്കൊണ്ട് പുത്രിയെ വളര്‍ത്തേണമോ, അതല്ല, അവളെ മണ്ണില്‍ കുഴിച്ചുമൂടിയാലോ എന്നവന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നുനോക്കുക! എത്ര ദുഷിച്ച വിധിയാണിവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ എടുക്കുന്നത്.’ (അന്നഹ്ല്‍: 58-59)

ഇസ്‌ലാം പെണ്‍കുട്ടിയുടെ ജനിക്കാനുള്ള അവകാശത്തെ പുനസ്ഥാപിച്ചു കൊണ്ട് പ്രഖ്യാപിച്ചു: ‘സ്വസന്തതികളെ ദാരിദ്യ്രം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു.’ (അല്‍-ഇസ്‌റാഅ്: 31) അന്നദാതാവ് അല്ലാഹുവാണെന്നും നിങ്ങള്‍ക്ക് അന്നം നല്‍കുന്ന അവന്ന് നിങ്ങള്‍ കുഴിച്ചുമൂടുന്ന കുഞ്ഞുങ്ങള്‍ക്കും അന്നം നല്‍കാനാവുമെന്ന് ബോധ്യപ്പെടുത്തി ആ പ്രവണതയുടെ അടിവേരറുക്കുകയാണ് ഖുര്‍ആന്‍. പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയും അവരെ ജീവനോടെ കുഴിച്ച് മൂടുകയും ചെയ്യുന്ന ഒരു കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ അനുഗ്രഹമാണെന്നാണ് ഇസ്‌ലാം പഠിപ്പിച്ചത്. ഒരാള്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ടാവുകയും അയാളവരെ നന്നായി പരിപാലിക്കുകയും ചെയ്താല്‍ അവര്‍ മൂലം അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് നബി തിരുമേനി സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നത്.

world-population-day-2015

ജനസംഖ്യ

നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ജനസംഖ്യയിലെ ലിംഗപരമായ അസന്തുലിതത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണേണ്ടതുണ്ട്. ദാരിദ്ര്യത്തിന്റെയും അരക്ഷിതാവസ്ഥയുടെയും കാരണം ജനപ്പെരുപ്പമല്ല. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അശാസ്ത്രീയതയാണ്. യഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് അതിനുള്ള പ്രതിവിധി തേടലാണ് നമുക്കിനി ചെയ്യാനുള്ളത്.
നിദ ലു ലു കെ ജി

Related Post