ഡോ. മുസ്ത്വഫാ മഹ്മൂദ്
ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകത്തെ വെല്ലുവിളിച്ച് ഖുര്‍ആന്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കാലഘട്ടത്തിന്റെ ശാസ്ത്രത്തെക്കുറിച്ച അതിന്റെ പരാമര്‍ശങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇന്ന് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥത്തെപ്പോലെയാണ് തോന്നുക. ഗോളം, പ്രകൃതി, ഭൂമി, വൈദ്യം, ജീവിതം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളില്‍ താല്‍പര്യവും അഭിരുചിയുമുള്ളവര്‍ക്ക് പോലും വിശുദ്ധ ഖുര്‍ആന്‍ അമൂല്യ നിധിയാണ്. ആത്മാവ്, മനസ്സ് തുടങ്ങിയ മനോവ്യാപാരവിജ്ഞാനീയങ്ങള്‍ക്കും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന സംഭാവന ചെറുതല്ല. സ്ഥലം, കാലം, പദാര്‍ത്ഥം, അദൃശ്യം തുടങ്ങിയവയെക്കുറിച്ച് ഖുര്‍ആന്‍ സമര്‍പിക്കുന്ന തെളിവുകളും വിവരങ്ങളും മറ്റാര്‍ക്കാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്? മതം, ദര്‍ശനം, പ്രത്യയശാസ്ത്രം, ഭരണഘടന തുടങ്ങിയവയില്‍ അന്യൂനവും അല്‍ഭുതകരവുമായ മാതൃകയാണ് ഖുര്‍ആന്‍ സ്ഥാപിച്ചത്.
സൂര്യന് ചുറ്റും വലയം വെക്കുന്ന ഏഴ് നക്ഷത്രങ്ങളെക്കുറിച്ചായിരുന്നു മുന്‍കാല ഗോളശാസ്ത്രജ്ഞന്മാര്‍ ചര്‍ച്ച ചെയ്തിരുന്നത്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയതോടെ അവരുടെ ചര്‍ച്ച കൂടുതല്‍ വികസിതമായി. യൂസുഫ് തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: ‘പ്രിയ പിതാവേ, പതിനൊന്ന് നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കണ്ടിരിക്കുന്നു.’ (യൂസുഫ് 4).
ഗോളങ്ങളെ നിരീക്ഷിക്കുന്ന ആധുനിക ടെലസ്‌കോപ്പുകള്‍ പതിനൊന്ന് നക്ഷത്രങ്ങളെ ഭൂമിയോടും ചന്ദ്രനോടും ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നുവത്രെ. സൂര്യനെ വ്യത്യസ്തമായ ദിശയില്‍ പ്രത്യേകമായ അകലത്തില്‍ വലയം വെക്കുകയാണത്രെ അവ. ഇക്കാലത്ത് മാത്രം കണ്ടെത്തിയ ഏറ്റവും പുതിയ വിജ്ഞാനമാണ് ഇതെന്ന് നാം മനസ്സിലാക്കണം.
പിറന്ന് വീഴുന്ന കുഞ്ഞിന്റെ കൈവിരലിന്റെ അഗ്രത്തിലെ അടയാളം ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്ന യാഥാര്‍ത്ഥ്യം ജാഹിലിയ്യത്തിലെ പൂര്‍വകാല അറബികള്‍ക്ക് അറിയുമായിരുന്നില്ല. ഇരട്ട പിറന്ന കുഞ്ഞുങ്ങള്‍ക്ക് പോലും ഇത് വ്യത്യസ്തമാണ് എന്നതാണ് വസ്തുത. എന്നാല്‍ ജാഹിലിയ്യ അറബികള്‍ സംശയം പുലര്‍ത്തിയിരുന്ന അന്ത്യനാളും പുനരുത്ഥാന നാളും ആഗതമാകുമെന്നും മൃതദേഹങ്ങള്‍ ശവകുടീരങ്ങളില്‍ നിന്നും എഴുന്നേറ്റ് പഴയ രൂപത്തിലേക്ക് മടങ്ങുമെന്നും സ്ഥാപിച്ച് കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ് ‘മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ച് കൂട്ടാനാവില്ലെന്ന്? എന്നാല്‍ നാം അവന്റെ വിരല്‍ത്തുമ്പ് പോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്’. (അല്‍ഖിയാമ 3-4).
ഓരോരുത്തരുടെയും വൈവിധ്യമാര്‍ന്ന വ്യക്തിത്വത്തെ അടയാളപ്പെടുന്നു വിരലിന്റെ അഗ്രമെന്ന് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. ഒരാളുടെയും വിരലിന്റെ അഗ്രവും ആവര്‍ത്തിക്കപ്പെടാത്ത വിധത്തില്‍ ക്രമീകരിച്ച നാഥന് മനുഷ്യന്റെ എല്ലുകള്‍ കൂട്ടിഘടിപ്പിച്ച് പുനഃരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്നോ?
പൂര്‍വകാല അറബികള്‍ക്ക് ഇതേക്കുറിച്ച് വല്ലതും അറിയുമായിരുന്നോ? ഇല്ല, ഒന്നും അറിയുമായിരുന്നില്ല എന്നതാണ് വസ്തുത. അറബികളെന്നല്ല, യൂറോപ്പിലെ ഫ്രഞ്ചുകാര്‍ക്കോ, സാക്ഷാല്‍ അമേരിക്കക്കാര്‍ക്കോ ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. പക്ഷെ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി.
പര്‍വതങ്ങള്‍ക്കുകീഴില്‍ അവയെ ഉറപ്പിച്ചുനിര്‍ത്തും വിധം താഴേക്ക് നീണ്ടുകിടക്കുന്ന ഭാഗങ്ങളുണ്ടെന്ന് ‘നാം പര്‍വതങ്ങളെ ആണികളാക്കി’ എന്ന്് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നതിന് വരെ ഭൂമിശാസ്ത്രകാരന്മാര്‍ കണ്ടെത്തിയിരുന്നോ? ഭൂമിക്ക് മുകളില്‍ തീര്‍ത്തും കൃത്യവും നിര്‍ണിതവുമായ വിധത്തിലാണ് പര്‍വതങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയുടെ കറക്കത്തെ സന്തുലിതമായി നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് അത്. ആധുനിക മെക്കാനിക്ക്-ചലന ശാസ്ത്രം തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ് ഇത്.
ഇരുമ്പിനെക്കുറിച്ച വിശുദ്ധ ഖുര്‍ആന്റെ പരാമര്‍ശവും ഇപ്രകാരം തന്നെയാണ്:’നാം ഇരുമ്പ് ഇറക്കിയിരിക്കുന്നു. അതിന് കഠിനമായ ശക്തിയും, അതില്‍ ജനങ്ങള്‍ക്ക് ഉപകാരവും ഉണ്ട്’. (അല്‍ഹദീദ് 25)
വിശുദ്ധ ഖുര്‍ആന്‍ സമര്‍പിച്ച ഒരു അല്‍ഭുത വിജ്ഞാനമായിരുന്നു ഇത്. ആകാശത്ത് നിന്ന് ഇറക്കപ്പെട്ടതാണ് ഇരുമ്പ് എന്നത് സാമാന്യബുദ്ധിക്ക് ഉള്‍ക്കൊള്ളാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ഇരുമ്പിന്റെ അയിര് ആകാശത്തുനിന്നുമാത്രം ഇറങ്ങുന്ന പ്രത്യേക വസ്തുക്കളില്‍ നിന്നാണ് രൂപപ്പെടുന്നതെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു. സൂപ്പര്‍ നോവ ഉല്‍ക്കകള്‍ പൊട്ടിത്തെറിച്ച് ഭൂമിയിലേക്ക് പതിക്കുന്ന കഠിനമായ ചൂടുള്ള ഈ പദാര്‍ത്ഥ കണികകള്‍ അമ്പുപോലെ ഭൂമിയെ പിളര്‍ത്തി ഉള്ളിലെ ഖനികളിലേക്ക് എത്തിച്ചേരുകയും അവിടെ വെച്ച് സംയോജിച്ച് ഇരുമ്പ് രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ വെളിപ്പെടുത്തല്‍.
ചുരുക്കത്തില്‍ ലോകം വികസിക്കുന്നതിന് അനുസരിച്ച് വിശുദ്ധ ഖുര്‍ആന്റെ മഹത്ത്വം അധികരിച്ച് കൊണ്ടേയിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആന്‍ വചനങ്ങളുടെ ശാശ്വതികത്വവും അമാനുഷികതയും വെളിപ്പെടുത്തുന്ന, ഖുര്‍ആന്‍ ദൈവിക വേദമാണെന്ന് അനുകൂലസാക്ഷ്യം മുന്നേറ്റങ്ങളാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്.