തുവാ..അവിടെ വെച്ചാണ് മൂസ(അ) അല്ലാഹുമായിസംസാരിച്ചത്. ഇന്നുവരെയുള്ള മനുഷ്യചരിത്രത്തിലെ അതുല്ല്യമായ ഒരേടാണത്. മറ്റാര്‍ക്കും ലഭിക്കാത്ത വിവരാണീതമായ മഹാസൗഭാഗ്യം. തുവാ.. അവിടെ നിന്നാണ് ഒരു ജനതക്ക് അവരുടെ പിരടികളെ ഞെരുക്കിയ അടിമത്വത്തില്‍ നിന്ന് മോചനത്തിന്റെ വെള്ളിവെളിച്ചം ലഭിച്ചത്. മഹാനായ മൂസാ പ്രവാചകനെ, ലോകര്‍ക്കാകമാനം മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിച്ച ഖുര്‍ആനില്‍ അല്ലാഹു മറ്റെല്ലാ പ്രവാചകന്‍മാരിലധികം നൂറ്റി മുപ്പത്തിയാറ് തവണ പരാമര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനതയുടെ, ഇസ്‌റാഈല്യരുടെ ചരിത്രത്തെ അല്ലാഹു ഇടക്കിടെ ഓര്‍മിപ്പിച്ചു, വിശകലനം നടത്തി, അവരെ മുന്‍നിര്‍ത്തി താക്കീതുകള്‍ നല്‍കി. പുതിയ വിശ്വാസികള്‍ക്ക് അവരിലൂടെ മനുഷ്യചരിത്രത്തിന്റെ ഉത്ഥാന പതനങ്ങളുടെ അനധിസാധാരണമായ ജീവിതപാഠം പകര്‍ന്ന് നല്‍കി.
അടിമത്വത്തിന്റെ അധമത്വവും വിമോചനത്തിന്റെ പ്രതീക്ഷയും ഇടകലര്‍ന്ന ഒരു ജനസമൂഹത്തിന്റെ മനോഭാവത്തെയാണ് ഖുര്‍ആന്‍ മൂസാ പ്രവാചകനിലൂടെ നമുക്ക് മുമ്പില്‍ അനാവരണം ചെയ്യുന്നത്. ഉത്തമ സമുദായ പദവിയില്‍ നിന്ന് തനിമ ബോധത്തിന്റെ അബദ്ധ ജടിലമായ അന്ധകാരത്തിലേക്ക് കാലിടറി വീണ ഒരു സമൂഹമായിരുന്നു ഇസ്‌റാഈല്യര്‍. ഈജിപ്തിന്റെ തന്നെ ചരിത്രത്തില്‍ ഔന്നിത്യത്തിന്റെ മഹത്വവും അടിമത്വത്തിന്റെ പതിത്വവും ഇഴകിചേര്‍ന്ന ആ ജനതയുടെയും, അവരെ നേര്‍വഴിക്ക് നയിക്കാന്‍ ആഗതനായ മൂസ(അ)യുടെയും ചരിത്രത്തില്‍ തീര്‍ച്ചയായും നമുക്ക് പാഠങ്ങളുണ്ട്. നൈല്‍ നദിയുടെ ഓളങ്ങളില്‍ ചാഞ്ചാടിയ പെട്ടകത്തില്‍ ജീവിത യാത്ര ആരംഭിച്ച മൂസാ(അ) സീനാ മരുഭൂമിയിലെ അന്ത്യനിമിഷങ്ങളെ അഭിമുഖീകരിക്കും വരെ ചാഞ്ചല്യചിത്ത ഹൃദയരായ ഒരു ജനതയെയാണ് നയിച്ചത്.
ഇന്ത്യന്‍ ജനതയുമായി ഏറെ സാമ്യമുള്ള ബനൂ ഇസ്‌റാഈല്യരിലേക്കാണ് മൂസാ(അ) അയക്കപ്പെട്ടത്. പാരമ്പര്യ മുസ്‌ലിം സമൂഹമായ ഇസ്‌റാഈല്യരും അമുസ്‌ലിംകളായ ഖിബ്തികളും അടങ്ങുന്ന സമൂഹം. ഫറവോന്‍ രാജവംശത്തിനടുത്ത് നിന്ന് ഹെക്‌സോസ് രാജാക്കന്‍മാര്‍ ആധിപത്യം പിടിച്ചെടുത്ത ഇസ്‌റാഈല്യരുടെ ഈജിപ്ഷ്യന്‍ കാലത്ത് യൂസുഫ്(അ) മുതലുള്ള പൂര്‍വികരുടെ അധികാരത്തിന്റെയും അപ്രമാധിത്വത്തിന്റെയും ഒരു സുന്ദരകാലമുണ്ടായിരുന്നു അവര്‍ക്ക്. പിന്നീടവര്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ജീവിതരീതികളില്‍ തളക്കപ്പെടുകയായിരുന്നു. കന്‍ആനില്‍ നിന്ന് വന്ന പൂര്‍വികരെ ഓര്‍മപ്പെടുത്തി ആ കാലത്തെ ദേശീയ വംശീയവാദികളായിരുന്ന ഖിബ്തികളാലും അവര്‍ പീഡിപ്പിക്കപ്പെട്ടു.
കക്ഷത്തില്‍ നിന്നെടുക്കുന്ന കൈപത്തിയുടെ പ്രകാശകിരണങ്ങള്‍ക്കോ, താഴെയിട്ടാല്‍ പാമ്പായി മാറുന്ന മൂസായുടെ വടിക്കോ, കാലത്തിന്റെ അനിവാര്യതയിലേക്ക് വഴിമാറിക്കൊടുത്ത ചെങ്കടലിനോ അവര്‍ക്ക് അടിയുറച്ച വിശ്വാസം പ്രദാനം ചെയ്യാന്‍ കഴിഞ്ഞില്ല.
നൈല്‍ നദിയുടെ ഓളങ്ങളിലൂടെ, ഫിര്‍ഔനിന്റെ മണിമാളികയുടെ അകത്തളങ്ങളില്‍ കയറിയിറങ്ങി, ചെങ്കടല്‍ താണ്ടി സീനാ മരുഭൂമിയില്‍ അവസാനിക്കുന്ന ഈ ചരിത്ര ദര്‍പ്പണത്തിന്, വര്‍ത്തമാനത്തിന്റെ അവശേഷിക്കുന്ന വൈരൂപ്യത്തെ തിരസ്‌കരിക്കാനും സൗന്ദര്യാത്മകമായ ഭാവിയെ സൃഷ്ടിക്കാനും സാധിച്ചേക്കാം.
islam onlive
Tags: