സന്തുഷ്ട ജീവിതം ഇസ്‌ലാമിന്റെ ലക്ഷ്യം

 

എല്ലാ ദര്‍ശനങ്ങളും തത്വചിന്തകളും വിജ്ഞാനീയങ്ങളും ലക്ഷ്യം വെക്കുന്നത് മനുഷ്യന്റെ ഐശര്യമാണ്. അവരുടെയെല്ലാം പ്രവര്‍ത്തനത്തിന്റെയും ഉത്ഭവത്തിന്റെയും അച്ചുതണ്ട് മനുഷ്യനാണ്. എന്നാല്‍ മനുഷ്യന് സന്തോഷം നല്‍കുന്നതില്‍ ഈ വിജ്ഞാനീയങ്ങള്‍ക്കും തത്വചിന്തകള്‍ക്കും അബദ്ധം പിണഞ്ഞാല്‍ അവ പരാജയമെന്ന് വിധിയെഴുതും. ഇസ്‌ലാം എന്നത് ഒരു മാനവിക മതമാണ്. നിര്‍ണിതമായ ചില മൂല്യങ്ങള്‍ മനുഷ്യരിലും സമൂഹത്തിലും സന്നിവേശിപ്പിച്ചു കൊണ്ട് മനുഷ്യന്റെ സന്തോഷവും ജീവിത വിജയവും സാക്ഷാല്‍കരിക്കാനാണ് അത് അല്ലാഹുവിങ്കല്‍ നിന്ന് അവതീര്‍ണമായത്.  മനുഷ്യരുടെ ഇഹ-പര വിജയമാണ് ആത്യന്തികമായി അതു മുന്നോട്ട് വെക്കുന്നത്.

വിജയത്തിന്റെ നിദാനമാണ് ഇസ്‌ലാമിക നിയമങ്ങള്‍ saaada
റോഡരികിലുള്ള ട്രാഫിക് സിഗ്നലുകള്‍ വാഹനമോടിക്കുന്നവര്‍ക്കും സഞ്ചരിക്കുന്നവര്‍ക്കും സുരക്ഷിതത്വത്തോടെ ലക്ഷ്യത്തിലെത്താന്‍ വേണ്ടി സ്ഥാപിച്ച നിയമ വ്യവസ്ഥകളാണെന്ന് നമുക്കറിയാം. അല്ലാഹു മനുഷ്യരെ ഭൂമുഖത്തേക്കയച്ചപ്പോള്‍ ആഹ്വാനം ചെയ്തു. ‘ ഈ മാര്‍ഗദര്‍ശനം ആരെങ്കിലും പിന്‍പറ്റിയാല്‍ അവര്‍ ഭയപ്പെടുകയോ വ്യസനിക്കുകയോ വേണ്ടിവരികയില്ല’. ശാരീരികവും മാനസികവുമായ സുരക്ഷിതത്വം നല്‍കി ഇഹപരലോകത്ത് പൂര്‍ണമായ സൗഭാഗ്യം നല്‍കുന്നതിനാണ് അല്ലാഹു മനുഷ്യര്‍ക്ക് നേര്‍വഴി കാണിക്കുകയും നിയമങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തത്. ശരീഅത്തിന്റെ പൊതു ലക്ഷ്യങ്ങളായി പ്രഖ്യാപിക്കപ്പെട്ടവ മനുഷ്യന്റെ പൂര്‍ണമായ ഐശര്യമാണ് ഉദ്ദേശിക്കുന്നത്.

മനുഷ്യന്റെ ഐശ്വര്യമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് എന്നതിന് ഖുര്‍ആനിലും ഹദീസിലും നിരവധി തെളിവുകള്‍ കാണാം. ‘നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു.’ (അന്നഹല്‍ 90) സാമൂഹികവും വ്യക്തിപരവുമായ വിജയം സാക്ഷാല്‍കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്ലാഹു ഈ മാനദണ്ഡങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ഉല്‍കൃഷ്ടമായ ജീവിതത്തിനനിവാര്യമായ നിരവധി നിര്‍ദ്ദേശങ്ങള്‍ പ്രവാചകന്‍ (സ) വിവരിക്കുന്നതായി കാണാം. ‘ നിങ്ങള്‍ ഊഹത്തെ കരുതിയിരിക്കുക. ഊഹിച്ച് പറയുക എന്നത് ഏറ്റവും വ്യാജമായ സംസാരമാണ്. നിങ്ങള്‍ ചൂഴ്ന്നന്വേഷിക്കരുത്, അസൂയ വെച്ചുപുലര്‍ത്തരുത്, വിദ്വേഷം പ്രകടിപ്പിക്കരുത് അല്ലാഹുവിന്റെ അടിയാറുകളേ, നിങ്ങള്‍ സഹോദരന്മാരായിത്തീരുക’. (ബുഖാരി) സമൂഹത്തില്‍ ഉണ്ടായിരിക്കേണ്ട സംസ്‌കാരത്തെയാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്.

മനുഷ്യര്‍ക്ക് നന്മ വരുത്തുകയും ഉപദ്രവം തടയുകയും ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക കര്‍മശാസ്ത്രം നിലകൊള്ളുന്നത്. ‘സ്വയം പീഡനമോ പരപീഡനമോ പാടില്ല. ഉപദ്രവം തടയലിനാണ് ഉപകാരം സിദ്ധിക്കുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത്.പൊതു ഉപദ്രവം തടയുന്നതിനായി പ്രത്യേക ഉപദ്രവം സഹിക്കണം, എളുപ്പമാക്കുക ഞെരുക്കമുണ്ടാക്കരത്’ എന്നു തുടങ്ങിയ കര്‍മശാസ്ത്ര പൊതുതത്വങ്ങള്‍ പ്രകാശിപ്പിക്കുന്നത് മനുഷ്യരുടെ ഐശര്യമാണ്.

സമൂഹത്തിലെ എല്ലാ വ്യക്തികളും പരസ്പര സഹവര്‍തിത്വത്തോടെ ജീവിക്കണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. സമ്പത്ത് സമ്പന്നര്‍ക്കിടയില്‍ മാത്രം കറങ്ങാതിരിക്കുക എന്നത് അതിന്റെ സാമ്പത്തിക ശാസ്ത്രമാണ്. എന്നാല്‍ ജനങ്ങളുടെ സമ്പാദിക്കാനുള്ള പ്രകൃതിപരമായ ത്വരയെ ഇസ്‌ലാം അംഗീകരിക്കുകയും ചെയ്യുന്നു.
പശ്ചാത്യന്‍ സംസ്‌കാരം പോലെ സമൂഹത്തെ പരിഗണിക്കാതെ വ്യക്തികേന്ദ്രീകൃതമായതോ, വ്യക്തികളെ അംഗീകരിക്കാതെ സമൂഹത്തെ മാത്രം പരിഗണിക്കുന്ന കമ്യൂണിസ്റ്റ് കാഴ്ചപ്പാടോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. മറിച്ച് വ്യക്തിയുടെയും സമൂഹത്തിന്റെയും ഐശര്യമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ദര്‍ശനം. മനുഷ്യന്‍ ആത്മാവും ശരീരവും കൂടിയ ജീവിയാണ്. ഇവ രണ്ടും ഇബാദത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുക. ഇസ്‌ലാമിക അധ്യാപനങ്ങള്‍ മുറുകെ പിടിച്ചു ഉല്‍കൃഷ്ട ജീവിതം നയിക്കുന്നതിലൂടെ ഐശര്യപൂര്‍ണമായ ജീവിതം സാധ്യമാകുകയുള്ളൂ.

അവലംബം : www.islamweb.net

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Post