കേരളത്തില്‍ പെണ്‍കുട്ടികളില്‍ മൂന്നിലൊരാള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി ഗവര്‍ണര്‍ പി. സദാശിവം വ്യക്തമാക്കുന്നു. ആണ്‍കുട്ടികളില്‍ ഏഴിലൊരാളും ലൈംഗിക അതിക്രമങ്ങള്‍ക്കിരയാവുന്നതായി അദ്ദേഹം തന്നെ പറയുന്നുണ്ട്. കേരള സര്‍വകലാശാലാ നിയമവിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഗവര്‍ണര്‍.
ഇത് ശരിയെങ്കില്‍ സ്ഥിതി അത്യന്തം ഗുരുതരമാണ്. ഗൗരവപൂര്‍വമായ പരിഗണനയര്‍ഹിക്കുന്നതും. ഇത് കേരളീയര്‍ക്ക് അപമാനകരവും അപകടകരവുമാണ്. എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു? ശാസ്ത്രബോധത്തിന്റെ കുറവോ വിദ്യഭ്യാസത്തിന്റെ അഭാവമോ ജീവിതവിഭവങ്ങളുടെ ക്ഷാമമോ കൊണ്ടല്ല, തീര്‍ച്ച. അപ്പോള്‍ പിന്നെ എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം. ആരാണ് ഇതിനുത്തരവാദികള്‍?
ലൈംഗിക തൃഷ്ണയും കാമവികാരവും ഉത്തേജിപ്പിക്കുന്ന സിനിമകള്‍, ടെലിസീരിയലുകള്‍, പരസ്യങ്ങള്‍, പത്രമാസികകളിലെ ചിത്രങ്ങള്‍, കഥകള്‍, നോവലുകള്‍ തുടങ്ങി എല്ലാം ഇവിടെ പ്രതിസ്ഥാനത്താണ്. ലൈംഗിക വികാരങ്ങളെ ഉത്തേജിപ്പിക്കുന്ന വേഷവിധാനങ്ങള്‍, നഗ്നതാ പ്രദര്‍ശനം, വസ്ത്രധാരണം തെറ്റായ ആണ്‍-പെണ്‍ കൂടിച്ചേരലുകള്‍, സ്‌കൂളുകളും കോളേജുകളും യൂണിവേഴ്‌സിറ്റികളും സംഘടിപ്പിക്കുന്ന സംഘടിപ്പിക്കുന്ന കലോല്‍സവങ്ങളിലെ അനിയന്ത്രിതാവസ്ഥ, പഠന വിനോദയാത്രകളിലെ തെറ്റായ ആണ്‍-പെണ്‍ സമ്പര്‍ക്കം, വീടകങ്ങളിലെ അനിയന്ത്രിതാവസ്ഥ, നിര്‍ലജ്ജതയും അധാര്‍മികതയും അശ്ലീലതയും വളര്‍ത്തുന്ന കലാപ്രകടനങ്ങള്‍, സദാചാരത്തെ നിരന്തരം കപടം എന്നാരോപിച്ച് മൂല്യബോധത്തിനേല്‍പ്പിച്ച ക്ഷതം, മതധാര്‍മിക ശിക്ഷണത്തിന്റെ അഭാവം, മതനേതാക്കളോടും പണ്ഡിതന്‍മാരോടുമുള്ള മതിപ്പുകേട്, പാപബോധത്തില്‍ വരുത്തിയ ലാഘവം, ജീവിതം പരമാവധി ആസ്വദിക്കാനുള്ളതാണെന്ന ഭൗതികവാദം വളര്‍ത്തിയെടുത്ത തെറ്റായ ധാരണ, മുതലാളിത്ത വ്യവസ്ഥ സൃഷ്ടിച്ചെടുത്ത ശരീര കേന്ദ്രീകൃതമായ ജീവിത വീക്ഷണം തുടങ്ങിയവയെല്ലാം ഈ ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമത്രെ.
രക്ഷിതാക്കള്‍ക്ക് കുട്ടികളുമായി പരമാവധി അടുത്തിടപഴകുകയും അവര്‍ക്ക് സ്‌നേഹം പകര്‍ന്നു കൊടുക്കുകയും അവരില്‍ ലൈംഗിക സദാചാരം ഉള്‍പ്പടെയുള്ളവ ധാര്‍മിക ബോധം വളര്‍ത്തുകയും സദാചാര ലംഘനം വരുത്തുന്ന ഐഹികവും പാരത്രികവുമായ വിപത്തുകളെ സംബന്ധിച്ച ജാഗ്രത ഉണ്ടാക്കുകയും ചെയ്യുക മാത്രമാണ് നിലവിലെ സാഹചര്യത്തില്‍ പരിഹാരം. സര്‍വോപരി രക്ഷിതാക്കളും അധ്യാപകരും സദാചാരത്തെയും ധര്‍മത്തെയും സംബന്ധിച്ച് സംസാരിക്കുന്ന മതനേതാക്കളും പണ്ഡിതന്‍മാരും വരുംതലമുറക്ക് അനുകരിക്കാവുന്നവരും ആദരവ് അര്‍ഹിക്കുന്നവരുമായി മാറണം.
ശൈഖ് മുഹമ്മദ് കാരകുന്ന്
(Islam Onlive/Jan-17-2015)