ഈ ഇസ്‌ലാം നേരത്തെ കേട്ടിട്ടില്ലല്ലോ..!

‘ചിലതിന്റെ മറുവശങ്ങള്‍ നിങ്ങള്‍ തിരിച്ചറിയmicrophoneണം. ചില പുസ്തകങ്ങള്‍ വായിക്കപ്പെടരുത് എന്ന ആഹ്വാനം അങ്ങനെത്തന്നെ സ്വീകരിക്കുക വായനാശീലമില്ലാത്തവരാണ്. അവര്‍ ആ വാമൊഴി ഏറ്റുപാടും. അത് പൊതുബോധമായി വളരും. അങ്ങനെ പൊതുസമൂഹത്തിന്റെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനായി, തെളിവുകളില്ലെങ്കിലും ആ പുസ്തകങ്ങള്‍ കോടതി നിരോധിക്കും’. സുല്‍ത്താന്‍ പറഞ്ഞു തുടങ്ങി. ഈ കഥയിലെ കഥാപാത്രം പൊതുജനമാണ്.

ഗള്‍ഫ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ഒരു യുവാവ് താന്‍ നേരിട്ട ചില അസ്വസ്ഥതകള്‍ പങ്കുവെച്ചു. ഒരു സാധാരണ മലയാള ഗ്രാമത്തിലായിരുന്നു അയാള്‍ ജീവിക്കുന്നത്. വിവിധ സമുദായക്കാര്‍ നല്ല സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്നു. അമ്പലം, പള്ളി, മദ്‌റസ, സ്‌കൂള്‍, ബാങ്ക്, കച്ചവടസ്ഥാപനങ്ങള്‍, കള്ള്ഷാപ്പ്, ക്ലബ് എല്ലാമുള്ള ഒരു നാട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ പരിപാടികള്‍, പ്രചരണങ്ങള്‍, മത സംഘടനകള്‍, മതാചാരങ്ങള്‍, ആഘോഷങ്ങള്‍ എല്ലാം കാണപ്പെടുന്ന ഒരു നാട്. വിദേശത്തായിരിക്കെ ഒരു സന്നദ്ധ സംഘടനയുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു. നിരവധി സേവന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിന്റെ മാനവികമുഖത്തെ കുറിച്ചും കാലികവും കാലാതീതവുമായ ജീവിത ദര്‍ശനമായ ഇസ്‌ലാമിനെ കുറിച്ചും വായിച്ച് മനസ്സിലാക്കിയതും ആയിടക്കാണ്.

നാട്ടിലെത്തിയ ശേഷം അതിന്റെ തുടര്‍ച്ചയായി അദ്ദേഹം കുറച്ച് യുവാക്കളെ സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബം നേരത്തെ തന്നെ നല്ല ഉദാരവാന്മാരും നാടിന്റെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നവരുമായിരുന്നു. പുതിയ സംരംഭത്തില്‍ അന്യസമുദായത്തില്‍ പെട്ട കുറച്ച് യുവാക്കളും സഹകരിച്ചിരുന്നു. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ കലുഷിതാവസ്ഥകളെക്കുറിച്ച് അദ്ദേഹം വായിച്ചറിയുന്നുണ്ടായിരുന്നു. പക്ഷെ, തന്റെ നാട്ടില്‍ അത്തരത്തിലൊരു തരംഗം അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. ചില ഭാഗങ്ങളില്‍ നിന്ന് അദ്ദേഹത്തിനും സംഘാംഗങ്ങള്‍ക്കുമെതിരെ ചില ആരോപണങ്ങള്‍ ഉയര്‍ന്നു. അദ്ദേഹവും കൂട്ടരും ഇസ്‌ലാം എന്ന ഐഡന്റിറ്റി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നു എന്നാണ് ആരോപണം. വായിക്കുന്നതിലും പറയുന്നതിലും ഇസ്‌ലാം കടന്നുവരുന്നു. ഈ ആരോപണങ്ങള്‍ ബോധപൂര്‍വമായി അതുന്നയിക്കേണ്ട കേന്ദ്രത്തില്‍ നിന്നാണ് വരുന്നത് എന്നദ്ദേഹത്തിനറിയാം. ‘അതിനെ ഞങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ കൂടെയുള്ള അന്യസമുദായ അംഗങ്ങള്‍ ഇസ്‌ലാമിനുവേണ്ടി സാക്ഷ്യം വഹിക്കുന്ന സന്തോഷകാഴ്ചയും കാണാനുണ്ട്. പക്ഷെ, ദുഃഖം തന്നേയും കുടുംബത്തേയും ഈ നാടിനേയും നേരത്തെ അറിയാവുന്ന നാട്ടുകാരായ ഇതര സമുദായത്തിലെ ചിലരെങ്കിലും ഈ പ്രചരണങ്ങളിലൂടെ സംരംഭത്തില്‍ നിന്ന് അകന്നിരിക്കുന്നു. ഞാനെന്തു ചെയ്യണം. ഇതൊക്കെ ആരോപണങ്ങളാണെന്ന് പറയണോ? സത്യത്തില്‍ ആരോപണങ്ങളല്ലല്ലോ.. അതാണല്ലോ സത്യം. പക്ഷെ, നാടെങ്ങിനെ ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചു എന്നതാണ് എന്റെ പ്രശ്‌നം.’

സുല്‍ത്താന്‍ അദ്ദേഹത്തോട് പറഞ്ഞു: ‘മുസ്‌ലിം സമുദായത്തിനെതിരെ എന്നു നിങ്ങള്‍ കരുതുന്ന ആസൂത്രിതമായ ഫാസിസ്റ്റ് അജണ്ടയെകുറിച്ചൊന്നും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. അത് സമുദായത്തിനെതിരെയല്ല, ഇസ്‌ലാമിനെതിരെയാണെന്നും താങ്കള്‍ക്കറിയാം. ജീര്‍ണതയിലധിഷ്ഠിതമായ ലോകക്രമത്തിന് ഏറ്റവും ഭീഷണി, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള ഇസ്‌ലാമിന്റെ വക്താക്കളാണ് എന്ന് ശത്രുക്കള്‍ക്ക് നന്നായറിയാം. ആ ഭയമാണ് എല്ലാ കാലത്തെയും ബൗദ്ധിക, കായിക ആക്രമണങ്ങളുടെയും പിന്നിലെ പ്രഭവകേന്ദ്രം. സെക്കുലരിസത്തിന്റെ, ദേശീയതയുടെ, ജനാധിപത്യത്തിന്റെ, വികസനത്തിന്റെ.. പല പ്രച്ഛന്ന വേഷങ്ങളില്‍ ഭീഷണികള്‍ വരുന്നു. ഇസ്‌ലാം അതല്ല എന്ന് ജനത്തോട് പറയാന്‍ നമുക്ക് പ്രതിക്കൂട്ടില്‍ കയറിനില്‍ക്കേണ്ടി വരുന്നു…..’

‘ഇത്രയും സുതാര്യമായി മുസ്‌ലിംങ്ങളെ അറിഞ്ഞ മലയാളി പൊതുബോധം എങ്ങനെ ഈ പുകമറയില്‍ പെട്ടു എന്ന ചിന്തയില്‍ ഒരു ആത്മ പരിശോധനയ്ക്ക് വകയുണ്ട്. ജീവിത ദര്‍ശനമെന്ന നിലക്കും കുറ്റമറ്റ ജനാധിപത്യ വ്യവസ്ഥ എന്ന നിലക്കും തന്നെ ഇസ്‌ലാമിനെ പ്രചരിപ്പിക്കാന്‍ ഈ രാജ്യത്തെ ഭരണഘടന നമുക്ക് അനുമതി നല്‍കുന്നുണ്ടായിരുന്നു. മറ്റേത് പ്രസ്ഥാനവും, മതകീയമാവട്ടെ, രാഷ്ട്രീയമാവട്ടെ, അവരുടെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കാന്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു. മുസ്‌ലിംകള്‍ക്കും പൊതു-രഹസ്യ പ്രബോധനങ്ങള്‍ക്ക്, സമാധാനപരമായ മാര്‍ഗങ്ങളുപയോഗിക്കാന്‍ അനുവാദവും അവകാശവുമുണ്ടായിരുന്നു. (ഇന്നുമുണ്ട്!).  ഒരു സായാഹ്നം. പൊതുജനം ഇസ്‌ലാമിന്റെ സന്ദേശം കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചിരിക്കുമായിരുന്നു. സമൂഹത്തെ ഗ്രസിക്കുന്ന എല്ലാ തിന്മകള്‍ക്കെതിരെയും മുസ്‌ലിം എഴുന്നേറ്റു നില്‍ക്കുന്നത്, അവന്റെ ജീവിതാദര്‍ശമായ ഇസ്‌ലാം അതനുശാസിക്കുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ആ നാട്ടുകാര്‍ അവിടെ മലയുടെ ചെരുവില്‍ തടിച്ചുകൂടിയിരിക്കുന്നു. ശക്തമായതും ഭദ്രമായതും കേള്‍ക്കാനിരിക്കുന്നവരുടെ ജീവിതവും വ്യവഹാരങ്ങളും നേരിട്ടു ബന്ധപ്പെടുന്ന ഒരു ബദല്‍ പരിചയപ്പെടുത്താന്‍ പോവുകയാണ്. മൈക്ക് പെര്‍മിഷന്‍ നല്‍കിയത് രാജ്യത്തെ പോലീസ്. പരിപാടി തുടങ്ങി. ശത്രുക്കളുടെ ചാരന്മാര്‍ നിരീക്ഷിച്ചു. ഭാഗ്യം,  നാം നമ്മുടെ കൈ വയറില്‍ വെക്കണോ, ഹൃദയത്തില്‍ വെക്കണോ എന്ന കാര്യത്തില്‍ തീര്‍പ്പു കല്‍പിക്കാന്‍ ആ ജനക്കൂട്ടത്തെ ഏല്‍പിക്കുന്ന കാഴ്ചയാണ് ആ സായാഹ്നത്തില്‍ കണ്ടത്. അതങ്ങനെ പാതിരാവോളം നീണ്ടു. ഇത് കാലങ്ങളോളം തുടര്‍ന്നു. വുദുവും, ഖുനൂത്തും, സലാം പറയലും, കൈ കെട്ടലുമായി പൊതുജനത്തിനു മുന്നില്‍ ഇസ്‌ലാം ഉശിരോടെ ആടിത്തിമിര്‍ത്തു. കാലം വികാസം പ്രാപിച്ചു. ഇന്നും ഭരണഘടനാപരമായ ആശയപ്രബോധനത്തിനുള്ള ഈ അവകാശം നമ്മള്‍ വിനിയോഗിക്കുന്നതിന്റെ സുന്ദര കാഴ്ചകള്‍ കാണാം. അവിടെ മനുഷ്യേതര സൃഷ്ടിജാലങ്ങളുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പിക്കുവാന്‍ പൊതുജനത്തെ ഏല്‍പിച്ചുകൊണ്ടാണ്. ശത്രുക്കള്‍ സമാധാനിച്ചു.

ജീര്‍ണ വ്യവസ്ഥകളുടെ അരികിലൂടെ നിശ്ശബ്ദം നടന്നുപോകുന്ന മുസ്‌ലിമിനെ അവര്‍ മതേതരന്‍, വര്‍ഗീയവാദിയല്ലാത്ത മുസ്‌ലിം എന്ന് വിളിച്ച് പ്രത്യേകം ക്ഷണിച്ച് ആദരിച്ചുകൊണ്ടിരുന്നു. നാടിനു പരിചയമുള്ള ഇസ്‌ലാമീങ്ങള്‍ അങ്ങനെയായിരുന്നു. ‘അവര്‍ക്ക് അവരുടെ നിസ്‌കാരം. ഞങ്ങള്‍ക്ക് ഞങ്ങളുടെ പൂജ. എന്നാല്‍ ഞങ്ങളിരുവരുടെയും വ്യവഹാരങ്ങളില്‍, ഇടപെടലുകളില്‍, രാഷ്ട്രീയത്തില്‍ ഞങ്ങളുടെ മതം കടന്നുവരാറില്ല’- മുസ്‌ലിം നാടുകളെ കുറിച്ച് നാട്ടുകാര്‍ നല്‍കുന്ന ഈ ഗുഡ്‌സര്‍ട്ടിഫിക്കറ്റുകള്‍ വാപൊളിച്ച് ഏറ്റുവാങ്ങുന്ന ഭക്തി നിര്‍ഭരമായ ഒരു ജാതിസമുദായം.

ഇന്നിതാ, നാടിനെ ഗ്രസിച്ചിരിക്കുന്ന ജീര്‍ണതകള്‍ക്കെതിരെ, social..ഇസ്‌ലാം എന്ന ആഹ്വാനവുമായി നിങ്ങള്‍ എഴുന്നേറ്റു നിന്നപ്പോള്‍ അവരന്തിച്ചു പോകുന്നു. ആ വര്‍ത്തമാനം പുതിയതാണല്ലോ. വഅളുകള്‍ കേട്ട പ്രബോധിതരുടെ കാതുകള്‍ പരുവപ്പെട്ടത് അങ്ങനെയല്ലല്ലോ. സര്‍വലോക രക്ഷിതാവിനെ സ്തുതിച്ചു തുടങ്ങിയ വേദികളിലെ ക്ലിപ്പിങ്ങുകളില്‍ അങ്ങനെയൊരു ഇസ്‌ലാമിക രംഗം കണ്ണിലുടക്കിയില്ലല്ലോ. കാലങ്ങളോളം ദിവസം അഞ്ചുനേരം ലാ ഇലാഹ ഇല്ലല്ലാഹ് എന്നു വിളിക്കുന്ന അവരുടെ മുക്രിയാക്ക പാവമൊരു മുസല്‍മാനും, അതേ ലാ ഇലാഹ ഇല്ലല്ലാഹ് മലയാളത്തില്‍ വിളിച്ചുപറയുന്ന താങ്കള്‍ ഭീകരവാദിയാണെന്നും ശത്രുക്കള്‍ സത്യവാങ്മൂലം നല്‍കുമ്പോള്‍, പൊതുജനം അതിലല്‍പം നേരില്ലേ എന്നു ചിന്തിച്ചുപോകാന്‍ കാരണം, നമ്മള്‍ അവരുടെ മനസ്സിലുണ്ടാക്കിയ ‘നല്ല മതിപ്പാണ്’.  ആ മതിപ്പില്ലാത്തിടത്തൊക്കെ, നിഷ്പക്ഷരായ മനുഷ്യര്‍ ഇസ്‌ലാമിന്റെ വിശ്വാസ തീരത്തേക്ക് കടന്നു വന്നില്ലെങ്കിലും അതിന്റെ മാനവികതയില്‍ സംശയാലുക്കളായില്ല. അവിടെയുള്ള പ്രബോധകര്‍ നേരത്തെ തന്നെ ശത്രുവിന്റെ കണ്ണിലെ കരടുമായിരുന്നു.

സുല്‍ത്താന്‍ സംസാരം അവസാനിപ്പിച്ചു ഒരു ഓര്‍മപ്പെടുത്തലോടെ. ‘നോക്കൂ സുഹൃത്തേ, അബൂജഹലിന്റെ ലിസ്റ്റില്‍, തങ്ങള്‍ക്ക് ഇടങ്ങേറൊന്നുമില്ലാത്ത മുസ്‌ലിം, തങ്ങള്‍ക്ക് ഭീഷണിയായ ഇസ്‌ലാമിസ്റ്റ് എന്നിങ്ങനെ രണ്ട് കാറ്റഗറി ഇല്ലായിരുന്നു. മുസ്‌ലിം എന്ന പേരു തന്നെ മതി, തങ്ങളുടെ (ചൂഷണമര്‍ദ്ദക) വ്യവസ്ഥിതിക്ക് ഭീഷണിയായവനാണ് ആ എഴുനേറ്റു നില്‍ക്കുന്നതെന്ന് അയാള്‍ക്ക് വ്യക്തമായിരുന്നു. അത് ആണാവട്ടെ, പെണ്ണാവട്ടെ, വൃദ്ധനാവട്ടെ, യുവാവാവട്ടെ. അല്ലാഹുവിന്റെ കക്ഷി (പ്രവാചകന്‍മാരും പ്രബോധകരും) എക്കാലത്തും എതിര്‍ക്കപ്പെട്ടിട്ടുണ്ട്. എതിര്‍ക്കപ്പെടാതെ, സ്വസ്ഥമായിരിക്കുന്നവര്‍ ഒന്നിരുന്നു ചിന്തിക്കട്ടെ.’

എന്‍.പി. സലാഹുദ്ദീന്‍

(Islam Onlive)

Related Post