സൂനാമി – മസ്ജിദില്‍ വീണ്ടും ഒത്തുകൂടി

masjid-baiturrahman-2_200_2002004ല്‍ സുനാമി സംഹാര താണ്ഡവമാടിയ ഇന്തോനേഷ്യയില്‍ പ്രാര്‍ത്ഥനകളുമായി അവര്‍ വീണ്ടും ഒത്തുകൂടി. ഇന്തോനേഷ്യയിലെ ബന്ദാ അകെയിലെ ബൈത്തുര്‍റഹ്മാന്‍ മസ്ജിദിലാണ് ദുരന്തത്തിന്റെ പത്താം വാര്‍ഷികത്തില്‍ വിശ്വാസികള്‍ ഒത്തു ചേര്‍ന്നത്. സുനാമിയുടെ രാക്ഷസത്തിരമാലകള്‍ അന്ന് ബന്ദാ അകെയില്‍ ബാക്കി വെച്ച അപൂര്‍വ്വം കെട്ടിടങ്ങളിലൊന്നാണ് ഈ പളളി. ബന്ദാ അകെയില്‍ മാത്രം സുനാമിയില്‍ കൊല്ലപ്പെട്ടത് 1,70,000 ആളുകളായിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം മസ്ജിദില്‍ ഒത്തു ചേര്‍ന്നവര്‍ കണ്ണീരോടെയാണ് അന്നത്തെ ആ ദിനങ്ങള്‍ ഓര്‍ത്തെടുത്തത്. സുനാമിയില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നിര്‍വഹിച്ചത്?. സുനാമിയുടെ ദുരിതങ്ങളനുഭവിക്കുന്ന ജീവിച്ചിരിക്കുന്നവര്‍ക്കും സുനാമിയില്‍ മരിച്ച ഉറ്റവര്‍ക്കും വേണ്ടി ഇവര്‍ ഉളളുരുകി പ്രാര്‍ഥിച്ചു.

സുനാമിയില്‍ ഇല്ലാതായിപ്പോയത് കുറേ ജീവനുകള്‍ മാത്രമായിരുന്നില്ല. അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നിരവധി പേരുടെ ജീവിതങ്ങള്‍ കൂടിയായിരുന്നു. ഈ പ്രാര്‍ത്ഥന സുനാമിയില്‍ മരിച്ച് പോയവരെക്കുറിച്ച് ഓര്‍ക്കാന്‍ മാത്രമുള്ളതല്ല, ജീവിച്ചിരിക്കുന്നവരോട് ഐക്യപ്പെടാന്‍ കൂടിയുള്ളതാണെന്ന് പളളിയിലെ ഇമാമായ അസ്മാന്‍ ഇസ്മാഈല്‍ പറയുന്നു. ദുരന്തനാളുകളില്‍ ഇരകള്‍ക്ക് അഭയമൊരുക്കിയ ഈ പളളിയില്‍ തന്നെ പത്താം വാര്‍ഷികത്തില്‍ ഒരുമിച്ചുകൂടുമ്പോള്‍ അത് ദുരന്തത്തിന്റെ ഒരു ഓര്‍മപുതുക്കലാവുകയാണെന്ന് വിശ്വാസികള്‍ പറയുന്നു. സംഹാര താണ്ഡവമാടിയ സുനാമിത്തിരമാലകളില്‍ തകരാതെ ബാക്കിയായ അപൂര്‍വം കെട്ടിടങ്ങളിലൊന്നാണ് 135 വര്‍ഷം പഴക്കമുള്ള ഈ പളളി.
(Islam Padasala/26 Dec 2014)

Related Post