കൗമാരക്കാരിലെ നാണം

Shyness22കൗമാരക്കാരില്‍, പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍ കാണപ്പെടുന്ന ഒന്നാണ് നാണം. പലപ്പോഴും വീട്ടുകാര്‍ ഇതൊരു പ്രശ്‌നമായി പരിഗണിക്കാറില്ല. എന്നാല്‍ എപ്പോഴാണ് നാണം ഒരു പ്രശ്‌നമായി മാറുന്നത്? കൗമാരക്കാരില്‍ ചിലര്‍ സ്‌കൂളില്‍ നാണം കുണുങ്ങികളായിരിക്കുമെങ്കിലും വീട്ടില്‍ അങ്ങനെയായിരിക്കില്ല. സ്‌കൂളിലും വീട്ടിലും നാണം കുണുങ്ങികളായി മാറുമ്പോഴാണ് അതൊരു പ്രശ്‌നമാകുന്നത്. വീട്ടുകാരും അധ്യാപകരും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. അവരുടെ സ്വഭാവം ഇങ്ങനെയാക്കി തീര്‍ത്ത പല കാരണങ്ങളുണ്ടാവും. അത്തരം ചില കാരണങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്:

1) ആഹാരം, വസ്ത്രം, താമസം, വിദ്യാഭ്യാസം തുടങ്ങിയ കുട്ടിയുടെ ശാരീരിക ആവശ്യങ്ങള്‍ അവഗണിക്കപ്പെടുക. അല്ലെങ്കില്‍ സ്‌നേഹമെന്ന ആവശ്യവും അത് പ്രകടിപ്പിക്കലും അവഗണിക്കപ്പെടുന്നു. അപ്രകാരം നിര്‍ഭയത്വം, സ്വന്തത്തിന് ലഭിക്കുന്ന പരിഗണന തുടങ്ങി വിനോദം വരെയുള്ള ആവശ്യങ്ങള്‍ അവഗണിക്കപ്പെടുന്നത് അതിന് കാരണമായേക്കും.
2) സാമൂഹിക ഇടപെടലുകള്‍ക്കും സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതിനും കുട്ടിക്ക് പരിശീലനം ലഭിക്കാതിരിക്കല്‍. മറ്റുള്ളവരുമായി ഇടപഴകുന്നതിലുള്ള പരിശീലനം ലഭിക്കാത്ത കുട്ടി ബന്ധങ്ങളിലൂടെ സ്വന്തം വ്യക്തിത്വം രൂപീകരിക്കുന്ന കൗമാരത്തിന്റെ ഘട്ടത്തിലേക്ക് വളര്‍ന്ന് കടക്കുമ്പോള്‍ വലിയ ശൂന്യത അനുഭവപ്പെടും. മറ്റുള്ളവരുടെ സൗഹൃദം നേടിയെടുക്കുന്ന ശേഷിയില്‍ തന്റെ ദൗര്‍ബല്യം അവര്‍ മനസ്സിലാക്കുന്നു. കുടുംബത്തിന് പുറത്ത് സ്വതന്ത്രമായ ഒരു വ്യക്തിത്വമായി നിലകൊള്ളുന്നതിന് സഹായിക്കുന്ന ഘടകങ്ങളിലെ തന്റെ കുറവ് തിരിച്ചറിയുകയും ചെയ്യുമ്പോള്‍ സ്വന്തത്തെ സംരക്ഷിക്കാനുള്ള ഒരു മറയായി അവര്‍ നാണത്തെ എടുത്തണിയുകയാണ് ചെയ്യുന്നത്.
3) അമിത ലാളനയാണ് മറ്റൊരു കാരണം. ഒരു പക്ഷേ കൗമാരക്കാരിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന സന്താനപരിപാലനത്തിലെ വീഴ്ച്ചയാണിത്. കുട്ടികള്‍ നാണം കുണുങ്ങികളായി തീരുന്നതിനും അത് കാരണമാകുന്നു. അമിത ലാളന കാരണം അവര്‍ക്ക് ആവശ്യമുള്ളതെല്ലാം വീട്ടുകാര്‍ ഒരുക്കി കൊടുത്തതിനാല്‍ മറ്റുള്ളവരുമായി ഇടപെടേണ്ട ആവശ്യം അവര്‍ക്കുണ്ടാവുന്നില്ല.
4) അമിതമായ കുറ്റപ്പെടുത്തലാണ് മറ്റൊരു കാരണം. കുറ്റപ്പെടുത്തുന്നത് അവരുടെ രൂപത്തെയോ പെരുമാറ്റത്തെയോ സംസാരശൈലിയെയോ ആവാം. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തല്‍ മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം തകര്‍ക്കുന്നു.
5) നാണത്തെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വീട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാരണം. ഒരു പെണ്‍കുട്ടിയില്‍ നാണം കുണുങ്ങിയാവുന്നതിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ രക്ഷിതാക്കള്‍ അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. നാണം കുണുങ്ങലിനെയും ലജ്ജയും രണ്ടായി തന്നെ വേര്‍തിരിച്ച് മനസ്സിലാവേണ്ടത് പ്രധാനമാണ്. ലജ്ജ സല്‍ഗുണമാണെങ്കില്‍ നാണം കുണുങ്ങിയാവല്‍ നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്. കാരണം ഒരാളെ സാധാര ജീവിതം നയിക്കുന്നതില്‍ നിന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ നിന്നും അത് തടയുന്നു. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളെ ലജ്ജയുള്ളവരായിരിക്കാന്‍ പ്രേരിപ്പിക്കുന്നതോടൊപ്പം നാണം കുണുങ്ങി സ്വഭാവം ഉപേക്ഷിക്കാനുള്ള പ്രേരണയും നല്‍കണം.

ഇതിനുള്ള ചികിത്സ കുടുംബ മുഖേന നല്‍കാം. അല്ലെങ്കില്‍ സ്വയം തന്നെ മാര്‍ഗദര്‍ശിയായും ഇതിനെ ചികിത്സിക്കാം. കുടുംബത്തിന് നടത്താവുന്ന ചികിത്സകളെ കുറിച്ചാണ് വായനക്കാരുമായി പങ്കുവെക്കുന്നത്.

1) കുട്ടിയുടെ കുറവുള്ള ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കുക. അവരുടെ പെരുമാറ്റം നിരീക്ഷിച്ചോ അവരോട് ചോദിച്ചോ അത് ഏതൊക്കെയാണെന്ന് മനസ്സിലാക്കാം. അവരെ നിരീക്ഷിച്ച് അത് കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കലാണ് ഏറ്റവും ഉത്തമം.
2) ആളുകളുമായി ഇടപഴകാനുള്ള പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. എങ്ങനെ ആളുകളുമായി ആശയവിനിമയം നടത്തണമെന്നും മറ്റും അവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്. ഉമ്മയോ ഉപ്പയോ മറ്റൊരു വ്യക്തിയായി അഭിനയിച്ച് കുട്ടിക്ക് അവന്റെ ശേഷി വളര്‍ത്താം. മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ ധൈര്യം പകര്‍ന്നു നല്‍കാനത് സഹായിക്കും.
3) സ്വന്തത്തെ കുറിച്ച ബോധവും ആത്മവിശ്വാസവും കുട്ടികളില്‍ വര്‍ധിപ്പിക്കുക. ഉപദേശങ്ങളിലൂടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ശേഷികള്‍ അവരില്‍ ഉണ്ടാക്കിയെടുത്തോ ഇത് ഉണ്ടാക്കിയെടുക്കാം.
4) സ്വഭാവത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാകുമ്പോള്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുക.
കുട്ടികളിലെ നാണത്തെ ചികിത്സിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപകരിക്കുന്ന ചില മാര്‍ഗങ്ങളാണ് ഇവയെല്ലാം.
————————————————-
ഈമാന്‍ അബ്ദുല്‍ ഹമീദ് അല്‍-ബിലാലി
മൊഴിമാറ്റം: നസീഫ്‌
(Islam Onlive,Feb-11-2015)

Related Post