നാം എങ്ങനെ സമ്പന്നരായി?

wealth_eggചുറ്റുമുള്ളവര്‍ നരകയാതനകള്‍ അനുഭവിക്കുമ്പോള്‍ കുടിച്ചും കൂത്താടിയും ജീവിക്കുന്നവര്‍ ചിന്തിക്കട്ടെ, അവരും നാമും എങ്ങനെ വ്യത്യസ്തരായെന്ന്? മനുഷ്യര്‍ക്കിടയില്‍ എല്ലാ കാര്യങ്ങളിലും ഏറ്റവ്യത്യാസം ദൈവസൃഷ്ടിപ്പിന്റെ ഭാഗമാണ്. ആ ഏറ്റവ്യത്യാസം സാമ്പത്തിക രംഗത്തും കാണാം. ഓരോരുത്തരുടേയും കഴിവും യോഗ്യതയുമനുസരിച്ച്, ചില ആളുകള്‍ക്ക് ആവശ്യത്തിലധികവും മറ്റു ചിലര്‍ക്ക് ജീവിത നിവൃത്തിക്കു പോലും തികയാത്ത അവസ്ഥയിലും ഈ സാമ്പത്തിക വിഭജനം കാണാവുന്നതാണ്.

അനന്തരമായി നല്ലൊരു സ്വത്ത് കൈവശം ലഭിച്ചവന് ജീവിതത്തില്‍ മെച്ചപ്പെട്ട തുടക്കം കിട്ടിയപ്പോള്‍, കൈയ്യില്‍ ഒന്നുമില്ലാതെ ജീവിത സമരത്തിലേക്ക് എറിയപ്പെട്ടവര്‍ നിസ്സഹായരായി. ജീവിത നിലവാരത്തില്‍ പൂര്‍ണ്ണ പങ്കാളിത്തം വഹിക്കാന്‍ കെല്‍പ്പില്ലാത്ത കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍, വികലാംഗര്‍ പോലുള്ളവര്‍ സമൂഹത്തിന് ഭാരമായി.

പണക്കാരന്‍ പാവപ്പെട്ടവന്റെ സ്വത്ത് കൈവശം വക്കുകയും അവരെ തീരാദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. അന്യര്‍ക്കവകാശപ്പെട്ട മുതല്‍ ധൂര്‍ത്തടിക്കുന്നു. അതുകൊണ്ട് കോട്ട കൊത്തളങ്ങളും തീയേറ്ററുകളും നിര്‍മിച്ച് പൊതു സമൂഹത്തിന്റെ അത്യാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഉപയോഗപ്പെടേണ്ട ഭൂമിയും നിര്‍മ്മാണ വസ്തുക്കളും മനുഷ്യാധ്വാനവുമെല്ലാം ആര്‍ഭാടങ്ങള്‍ക്ക് വിനിയോഗിക്കുന്നു.

മുന്തിയ തരം അപൂര്‍വ ആഭരണങ്ങളും വിലപിടിച്ച തീന്‍ പാത്രങ്ങളും വാങ്ങിക്കൂട്ടുന്നു. ഒരു വീട്ടില്‍ തന്നെ മൂന്നോ നാലോ കാറുകള്‍ അത്യാവശ്യങ്ങളാകുന്നു. വില കൂടിയ കര്‍ട്ടണ്‍ തൂങ്ങിയില്ലെങ്കില്‍, സോഫയോ ഫ്രിഡ്‌ജോ ഇല്ലെങ്കില്‍ പത്രാസ് മുഴുവന്‍ ചോര്‍ന്നു പോകുന്നു. അവ എത്രായിരം വിശന്ന വയറുകളെ ഊട്ടാനുള്ള, അവര്‍ക്ക് കൂര പണിയാനുള്ള പണമാണ് ഒരൊറ്റ താന്തോന്നിയുടെ ജീവിതത്തിനു വേണ്ടി പൊടിച്ചുകളയുന്നത്.

പണക്കാര്‍ ദരിദ്രരില്‍ നിന്ന് ക്രമിനലുകളെ സൃഷ്ടിക്കുന്നു. അവരെ അജ്ഞതയിലേക്കും അധമവൃത്തിയിലേക്കും തള്ളിവിടുന്നു. അധസ്ഥിത വിഭാഗങ്ങളുടെ ബൂദ്ധിപരവും കായികവുമായ കഴിവുകളെ മരവിപ്പിക്കുകയും അത് താന്‍ കൂടി അംഗമായ സമൂഹത്തെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല, അവര്‍ സ്വയം തന്നെ കുറ്റവാളികളായി മാറുന്നു. ടി.വി, കമ്പ്യൂട്ടര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൗകര്യങ്ങള്‍ എന്നിവ പണക്കാരെ വ്യഭിചാരത്തിന് നിര്‍ബന്ധിക്കുന്നു. ഇവരെ ചുറ്റിപ്പറ്റി വളരുന്ന അഭിനേതാക്കള്‍, ആഭാസപാട്ടുകാരുടേയും അശ്ലീല പരസ്യങ്ങളുടേയും നിര്‍മ്മാതാക്കള്‍ തുടങ്ങിയ സംഘങ്ങള്‍ സമൂഹത്തിന്റെ ധാര്‍മ്മികതയേയും ഭൗതികമായ കഴിവുകളേയും നശിപ്പിക്കുന്നു. തുടങ്ങി നാഗരികതയേയും സംസ്‌കാരത്തേയും തകര്‍ക്കുന്നതില്‍ വലിയ പങ്കാണവര്‍ വഹിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സാമ്പത്തികമായി സുസ്ഥിതി കൈവരിച്ചവര്‍ പരലോകത്ത് കൂടുതല്‍ വിചാരണ ചെയ്യപ്പെടുന്നതും. സമ്പത്ത് സമാഹരിക്കുന്നതിലും അത് വിനിയോഗിക്കുന്നതിലും അതീവ സൂക്ഷ്മത പാലിക്കുന്നവര്‍ക്കമ മാത്രമേ അവിടെ രക്ഷപ്പെടാനാവൂ.

നിദ ലുലു
(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ ശാന്തപുരം വിദ്യാര്‍ഥിനിയാണ് ലേഖിക)
(Islam Onlive,Jan-30-2015)

Related Post