Main Menu
أكاديمية سبيلي Sabeeli Academy

സ്ത്രീ സുരക്ഷ : ഇന്ത്യയിലും ഗള്‍ഫിലും

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. മലയാള പത്രങ്ങളിലേറെയും womens dayമുഖപ്രസംഗങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിരിക്കുന്നു. എതാണ്ടെല്ലാം സ്ത്രീ സുരക്ഷയെ സംബന്ധിച്ചും അവരനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ചുമാണ്.
നമ്മുടെ നാട്ടിലിന്ന് സ്ത്രീയൊട്ടും സുരക്ഷിതയല്ല. തെരുവിലും തീവണ്ടിയിലും പാഠശാലയിലും പാര്‍ട്ടി ഓഫിസിലും ബസ്‌ററാന്റിലും സര്‍ക്കാര്‍ സ്ഥാപനത്തിലും മാത്രമല്ല, സ്വന്തം വീട്ടില്‍ പോലും സ്ത്രീ അരക്ഷിതാവസ്ഥ അനുഭവിക്കുന്നു. ഏത് നിമിഷവും എവിടെ വെച്ചും ആരാലും അവള്‍ കടന്നാക്രമിക്കപ്പെട്ടേക്കാം. മാനം കവര്‍ന്നെടുക്കപ്പെട്ടേക്കാം. ലൈംഗികാതിക്രമത്തിന് ഇരയായേക്കാം. പിതാവും സഹോദരനും അടുത്ത ബന്ധുവും അധ്യാപകനും സഹപാഠിയും സഹപ്രവര്‍ത്തകനും നിയമപാലകനും ന്യായാധിപനുമുള്‍പ്പടെ ആരെയും അവള്‍ക്ക് വിശ്വസിക്കാനും ആശ്രയിക്കാനും വയ്യാതായിരിക്കുന്നു. ആള്‍കൂട്ടത്തില്‍ പോലും സ്ത്രീ അരക്ഷിത ബോധത്തില്‍ നിന്ന് തീര്‍ത്തും മുക്തമല്ല. രാപകല്‍ ഭേദമില്ലാതെ കാമവെറിയന്മാരുടെ കഴുകക്കണ്ണുകള്‍ അവളെ വേട്ടയാടുന്നു.

ഡല്‍ഹിയിലെ പുരോഗമന ചിന്തയുടെ ഗര്‍ഭഗൃഹമായി കണക്കാക്കപ്പെടുന്ന പ്രശസ്ത വനിതാ വിദ്യാഭ്യാസ സ്ഥാപനമായ ശ്രീരാം കോളേജ് അവിടത്തെ വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തിയ സര്‍വേ ഫലം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ഭയാശങ്കകള്‍ തുറന്ന് കാണിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത ആയിരത്തോളം വിദ്യാര്‍ത്ഥിനികള്‍, സ്ത്രീകള്‍ എട്ടു മണിക്കു മുമ്പ് വീട്ടിലെത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. രക്ഷിതാക്കള്‍ കൂടെയുണ്ടെങ്കിലും ഇതു തന്നെ വേണമെന്നാണ് ഉത്തരാധുനികതയെ പ്രധിനിധീകരിക്കുന്ന ആ വിദ്യാര്‍ത്ഥിനികളുടെ നിലപാട്. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിത് ആറുമണിക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന് ശക്തമായി ആവശ്യപ്പെടുകയുണ്ടായി. ഇതൊക്കെയും സ്ത്രീ ഇവിടെ അനുഭവിക്കുന്ന അരക്ഷിത ബോധത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്.

എന്നാല്‍ ഈ ലേഖകന്‍ പലതവണ സഊദി അറേബ്യയും ഖത്തറും കുവൈത്തും യു.എ.ഇ യും ഒമാനും ബഹ്‌റൈനുമൊക്കെ സന്ദര്‍ശിച്ചിട്ടുണ്ട്.  അവിടങ്ങളിലെല്ലാം ഏതു പ്രായത്തിലുള്ള പെണ്ണിനും പാതിരാവില്‍ പോലും ഒറ്റക്കു സഞ്ചരിക്കാം. ആരും ഒരു ഉപദ്രവും ചെയ്യുകയില്ലെന്ന് മാത്രമല്ല സൂക്ഷിച്ച് നോക്കുക പോലുമില്ല. ചാരപ്പണിക്കിടെ പിടികൂടപ്പെട്ട ലോക പ്രശസ്ത പത്രപ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി എഴുതിയ വാക്കുകള്‍ ഇതിനോട് ചേര്‍ത്ത് വായിക്കുക. ‘കാടന്മാരെന്ന് ലോകം വിശേഷിപ്പിച്ച അപഹര്‍ത്താക്കളെ എനിക്കങ്ങനയല്ല കാണാനായത്. വളരെ മാന്യമായാണ് അവരെന്നോട് പെരുമാറിയത് സ്ത്രീ എന്ന പരിഗണന വേണ്ടതിലധികം തന്നു. എന്നെ തൊടാന്‍ പോലും അവരാരും ധൈര്യപ്പെട്ടില്ല. വാതിലില്‍ മുട്ടി അറിയിച്ചിട്ടല്ലാതെ ആരും മുറിയില്‍ പ്രവേശിക്കാറുണ്ടായിരുന്നില്ല. ചോദ്യം ചെയ്യുന്നതിനിടെ അവരുടെ മുഖത്ത് തുപ്പിയിട്ട് പോലും എന്നെ ഉപദ്രവിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഫോണ്‍ തരാത്തതില്‍ പ്രതിഷേധിച്ച് ഭക്ഷണം കഴിക്കാതിരുന്നപ്പോള്‍ പാവങ്ങളായ ഞങ്ങളുടെ ഭക്ഷണം ഇഷ്ടപ്പെടാഞ്ഞിട്ടാണോയെന്ന് ചോദിച്ച് വീഞ്ഞ് വരെ തരാന്‍ തയ്യാറാണെന്ന് അറിയിച്ചു.”
ശൈഖ് മുഹമ്മദ് കാരകുന്ന്

(Islam Onlive)

 

Related Post