സ്ത്രീ സ്വാതന്ത്ര്യം

താലിബാനികളാല്‍ പിടിക്കപ്പെടുന്നതു വരെ മഫ്ത ധരിച്ച സ്ത്രീകളെക്കാണുമ്പോള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗമായി മാത്രമേ ഞാന്‍ കണക്കാക്കിയിരുന്നുള്ളൂ. 2001 സെപ്തംബറില്‍ ഒരു പത്രത്തിനു വേണ്ടി ഞാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടു. പക്ഷെ, നീല ബുര്‍ഖ ധരിച്ചു പോയ ഞാന്‍ പിടിക്കപ്പെട്ടു. പിന്നീട് 10 ദിവസത്തെ തടവു ജീവിതം. എന്നെ തടവിലാക്കിയവരോട് ഞാന്‍ വഴക്കടിക്കുകയും അവരുടെ നേര്‍ക്ക് തുപ്പുകയും ചെയ്തു. അവരെന്നെ ചീത്ത സ്ത്രീയെന്നു വിളിച്ചു. പക്ഷെ എന്നെ ദ്രോഹിക്കുകയോ ഒന്നും ചെയ്തില്ല. ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാമെന്നും ഖുര്‍ആന്‍ വായിക്കാമെന്നും വാക്കു കൊടുത്തപ്പോള്‍ അവര്‍ എന്നെ മോചിപ്പിക്കുകയും ചെയ്തു. (സത്യത്തില്‍ ഞാന്‍ സ്വതന്ത്രയായപ്പോള്‍ അവരാണോ ഞാനാണോ സന്തോഷിച്ചത് എന്നതില്‍ എനിക്കിപ്പോഴും സംശയമാണ്)

redly

സ്ത്രീ സ്വാതന്ത്ര്യം

ലണ്ടനില്‍ വീട്ടില്‍ തിരിച്ചെത്തിയ ഞാന്‍ വാക്കു പാലിച്ചു. ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചു. നല്‍കുന്ന വചനങ്ങള്‍ക്കു പകരം ഖുര്‍ആനില്‍ എങ്ങനെ നിങ്ങള്‍ ഭാര്യയെ അടിക്കണമെന്നും നിങ്ങളുടെ മകളെ നിയന്ത്രിക്കണമെന്നുമൊക്കെയുള്ള വചനങ്ങളാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷെ സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. എന്നെ തടവിലിട്ട് രണ്ടര വര്‍ഷം കഴിയുമ്പോള്‍ പലരെയും പ്രകോപപ്പിച്ചുകൊണ്ടും അതിലുപരി സൗഹൃദങ്ങളില്‍ നിന്നും കുടംബങ്ങളില്‍ നിന്നുമുള്ള നല്ല പ്രോത്സാഹനത്തോടെയും ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നു.

ഇപ്പോള്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്‌ട്രോ നിഖാബിനെ വളരെ മോശമായി ചിത്രീകരിക്കുമ്പോള്‍, അത് സ്ത്രീകളുടെ വളര്‍ച്ചക്ക് തടസ്സം നില്‍ക്കുന്ന ഒരു സംവിധാനമാണെന്ന് അഭിപ്രായപ്പെടുമ്പോള്‍ പ്രധാനമന്ത്രി ടോണി ബ്ലയറും എഴുത്തുകാരന്‍ സല്‍മാന്‍ റുശ്ദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി റൊമാനോ പ്രോഡിയുമൊക്കെ അതിനെ പിന്തുണക്കുമ്പോള്‍ എനിക്കു തോന്നുന്നത് വല്ലാത്ത വെറുപ്പാണ്. ഇസ്‌ലാമിക രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരില്‍ ക്രൂരത നടക്കുന്ന എന്ന് പറഞ്ഞു നടക്കുന്ന പടിഞ്ഞാറന്‍ പുരുഷ രാഷ്ട്രീയക്കാര്‍ അവര്‍ പറയുന്നതിനെക്കുറിച്ച് വിവരമില്ലാതെ സംസാരിക്കുന്നവരാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയും. ശൈശവ വിവാഹം, സ്ത്രീധനം, സ്ത്രീകളുടെ ദാരുണാവസ്ഥ തുടങ്ങി എല്ലാത്തിനും അവര്‍ ഇസ്‌ലാമിനെ പഴി ചാരുന്നു. സൂക്ഷ്മമായി പഠിച്ചു നോക്കിയാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്നു കാണാം. 1970 കളില്‍ പടിഞ്ഞാറന്‍ ഫെമിനിസ്റ്റുകള്‍ തങ്ങള്‍ക്ക് നേടിയെടുക്കാന്‍ വേണ്ടി സമരം ചെയ്ത അവകാശങ്ങളൊക്കെ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ചു നല്‍കിയതായിരുന്നു. ആത്മീയതയില്‍, വിദ്യാഭ്യാസത്തില്‍, സമ്പത്തിന്റെ വിഷയത്തില്‍ എല്ലായിടത്തും സ്ത്രീക്ക് പുരുഷനെപ്പോലെ അവകാശമുണ്ടെന്ന് ഇസ്‌ലാം പഠിപ്പിച്ചു. ഇസ്‌ലാം സ്ത്രീക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയപ്പോള്‍ എന്തിനാണ് പടിഞ്ഞാറന്‍ വിശാരദന്‍മാര്‍ അവരുടെ വസ്ത്രധാരണ രീതിയുടെ പേരില്‍ ഇങ്ങനെ ആക്രമിക്കുന്നത്.

ഞാന്‍ ഇസ്‌ലാം സ്വീകരിക്കുയും മഫ്ത ധരിക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ വളരെ മോശമായിരുന്നു പ്രതികരണങ്ങള്‍. എന്റെ തലയും മുടിയും മറച്ചതിന്റെ പേരില്‍ ഞാന്‍ രണ്ടാം കിട പൗരയായി കാണപ്പെട്ടു. ഇസ്‌ലാമോഫോബിയയുടെ തുടര്‍ഗീതങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അപരിചിതരില്‍ നിന്നുപോലും ഇത്രയധികം എതിര്‍പ്പ് നേരിടേണ്ടി വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. രാത്രിയില്‍ എന്റരികിലൂടെ ടാക്‌സികള്‍ പോയ്‌കൊണ്ടിരുന്നു. എന്റെ തൊട്ടു മുന്നില്‍ ഒരു വെളുത്ത മനുഷ്യനെ ഇറക്കിയ ടാക്‌സിക്കാരന്‍ എന്നെ തുറിച്ചു നോക്കി ഓടിച്ചു പോയി. മറ്റൊരാള്‍ എന്നോട് പറഞ്ഞു: പുറകിലെ സീറ്റില്‍ ബോംബ് വക്കരുതെന്ന്..! വേറൊരാള്‍ പറഞ്ഞു: എവിടെയാണ് ബിന്‍ലാദനെ ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന്..! യഥാര്‍ഥത്തില്‍ ഈ വസ്ത്രധാരണ രീതി ഒരു വ്യക്തിത്വ നിര്‍വചനമാണ്. വാള്‍സ്ട്രീറ്റിലെ ഒരു ബാങ്കുദ്യോഗസ്ഥന്‍ പറയും ബിസ്സിനസ് വസ്ത്രം ധരിക്കുമ്പോള്‍ അത് നിങ്ങളെ ആളുകള്‍ കുറെക്കൂടി ഗൗരവത്തില്‍ സമീപിക്കും എന്ന്. അതുപോലെ ഞാനൊരു മുസ്‌ലിമാണെന്നും വളരെ മാന്യമായാണ് എന്നോട് പെരുമാറേണ്ടതെന്നും എന്റെ വസ്ത്രം നിങ്ങളോട് പറയുന്നുണ്ട്.

ഞാന്‍ വര്‍ഷങ്ങളോളം ഒരു പടിഞ്ഞാറന്‍ ഫെമിനിസ്റ്റായിരുന്നു. പക്ഷെ മുസ്‌ലിം ഫെമിനിസ്റ്റുകള്‍ മതേതര ഫെമിനിസ്റ്റുകളെക്കാള്‍ തീവ്രചിന്താഗതിക്കാരാണെന്നതാണ് എന്റെ തിരിച്ചറിവ്. അത്തരം മ്ലേച്ഛമായ സൗന്ദര്യക്കൂത്തുകളെ നാം എതിര്‍ക്കുന്നു. 2003 ലെ സൗന്ദര്യ മത്സരത്തില്‍ അല്‍പ വസ്ത്രം ധരിച്ചെത്തിയ വിദ സമാദ്‌സായി എന്ന അഫ്ഗന്‍ പെണ്‍കുട്ടിയെ സ്ത്രീസ്വാതന്ത്ര്യം ലഭിച്ചവളുടെ ഉദാഹരണമായി എടുത്തുകാട്ടിയ തരത്തിലുള്ള പ്രചാരണങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്ത്രീകളുടെ അവകാശങ്ങളുടെ വിജയത്തിന്റെ പ്രതിനിധി എന്ന അര്‍ഥത്തില്‍ അവര്‍ ചിലപ്പോള്‍ സമാദ്‌സായിക്ക് ഒരു സ്‌പെഷ്യല്‍ അവാര്‍ഡ് നല്‍കുമായിരിക്കും. ചില മുസ്‌ലിം ഫെമിനിസ്റ്റുകള്‍ ഹിജാബിനെയും നിഖാബിനെയും ഒരു രാഷ്ട്രീയ ചിഹ്നമായാണ് കാണുന്നത്. പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ മദ്യപാനം, ലൈംഗികത, ലഹരിയുപയോഗം തുടങ്ങിയവയെയൊക്കെ തള്ളിക്കളയുന്നതിനുള്ള മാര്‍ഗമാണിത് എന്ന രീതിയില്‍. എന്താണ് സ്വാതന്ത്ര്യം..? നിങ്ങളുടെ പാവാടയുടെ നീളം നോക്കി തീരുമാനിക്കേണ്ടതാണോ അത്? അതോ സര്‍ജറിയിലൂടെ കൃത്രിമമായി രൂപമാറ്റം വരുത്തിയ നിങ്ങളുടെ മാറിടത്തിന്റെ വലുപ്പം നോക്കിയാണോ അത് തീരുമാനിക്കേണ്ടത്? അതോ നിങ്ങളുടെ സ്വഭാവവും ബുദ്ധിശക്തിയും നോക്കിയാണോ നിശ്ചയിക്കേണ്ടത്? ഇസ്‌ലാമില്‍ ഔന്നത്യം നല്‍കപ്പെടുന്നത് ദൈവഭക്തി നോക്കിയാണ്. നിങ്ങളുടെ സമ്പത്തോ, സൗന്ദര്യമോ, അധികാരമോ, ലിംഗമോ ഒന്നും തന്നെ നോക്കിയല്ല.

ഇറ്റാലിയന്‍ പ്രധാനമന്ത്രി പ്രോഡി ഹിജാബ് ധരിക്കുന്നതിലൂടെ സാമൂഹ്യ ബന്ധങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കപ്പെടുന്നതിനാല്‍ കോമണ്‍സെന്‍സുള്ളവര്‍ അത് ധരിക്കില്ല എന്നു പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണോ ദേഷ്യമാണോ വന്നതെന്നറിയില്ല. അന്തക്കേട്. സംസാരിക്കുന്ന ആളെ കാണുന്നില്ല എന്നു പറഞ്ഞ് ആരും റേഡിയോ ഓഫ് ചെയ്യുന്നില്ലല്ലോ? എന്തിനാണ് മൊബൈല്‍ ഫോണുകള്‍, ഇ-മെയ്‌ലുകള്‍, ടെക്‌സ്റ്റ് മെസ്സേജുകള്‍. അങ്ങനെയുള്ളതൊക്കെയും ആളെക്കണ്ടിട്ടാണോ നാം ഉപയോഗിക്കുന്നത്? ഇസ്‌ലാമിനു കീഴില്‍ ഞാന്‍ ആദരിക്കപ്പെട്ടു. ഞാന്‍ വിവാഹിതയോ അവിവാഹിതയോ ആകട്ടെ, എനിക്ക് വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ട് എന്നല്ല, അതെന്റെ ബാധ്യതയാണ് എന്ന് ഇസ് ലാം എന്നെ പഠിപ്പിച്ചു.ഇസ് ലാമിനെ വിമര്‍ശിക്കുന്നവര്‍ പലപ്പോഴും ഹദീസുകളുടെ ചില ഭാഗങ്ങള്‍ ഉദ്ദരിച്ചു കൊണ്ട്് ഇസ് ലാം സ്ത്രീ വിരുദ്ധമാണെന്ന് വരുത്താനാണ് ശ്രമിക്കാറ്. എന്നാല്‍ അവയിലധികവും അവാസ്തവങ്ങളാണ്. എന്നാല്‍ ദേശീയ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് നടന്ന സര്‍വ്വേയില്‍ 4 മില്ല്യണ്‍ അമേരിക്കന്‍ സ്ത്രീകളും തങ്ങളുടെ പുരുഷന്‍മാരില്‍നിന്നും കേവലം 12 മാസത്തിനുള്ളില്‍ തന്നെ ക്രൂരമായ പീഡനങ്ങളേല്‍ക്കുന്നതായി കാണുന്നു. മാത്രമല്ല, ഓരോ ദിനവും മൂന്നിലധികം സ്ത്രീകളെങ്കിലും അവരുടെ ഭര്‍ത്താവിനാലോ ബോയ് ഫ്രണ്ടിനാലോ കൊല്ലപ്പെടുന്നു എന്നും കണക്കുകള്‍ പറയുന്നു. ലോകത്തെല്ലായിടത്തും സ്ത്രീകള്‍ക്കെതിരില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. അതെല്ലാം ഏതെങ്കിലും മതങ്ങളുമായി ബന്ധപ്പെടുത്തുന്നത് തികച്ചും ശരിയല്ലാത്തതാണ്.

യഥാര്‍ഥത്തില്‍ പടിഞ്ഞാറ് ഇന്നും പുരുഷന്‍മാര്‍ തങ്ങള്‍ സ്ത്രീകളെക്കാള്‍ ഉയര്‍ന്നവരാണെന്ന് ചിന്തിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.സ്ത്രീയാകട്ടെ ഒരു ലൈംഗിക ഉപകരണമായാണ് കണക്കാക്കപ്പെടുന്നത്. അവരുടെ രൂപ ഭംഗിയില്‍ മാത്രമാണ് അവരുടെ കഴിവിരിക്കുന്നത്. അപ്പോള്‍ ആരാണ് നാഗരികരെന്നും ആരാണ് അതല്ലാത്തതെന്നും നിങ്ങള്‍ പറയുക..

വിവ: അത്തീഖുറഹ്മാന്‍

Related Post