എന്താണ് ഫിത്ർ സകാത്ത്?
നോമ്പ് മുറിക്കുന്നതിനാണ് ‘ഫിത്ര്‍’ എന്നു പറയുക. റമദാനിലെ നോമ്പ് അവസാനിക്കുന്നതോടു കൂടി നിര്‍ബന്ധമാവുന്ന കര്‍മ്മമായതിനാല്‍ ആ പേരില്‍ തന്നെയാണത് അറിയപ്പെടുന്നത്. അതിന്റെ ലക്ഷ്യമായി രണ്ടുകാര്യങ്ങളാണ് നബി(സ) പറഞ്ഞിട്ടുള്ളത്. ഒന്ന് നോമ്പ്കാരന് വിശുദ്ധി കൈവരിക്കാനുളള മാര്‍ഗമാണത്. പാവങ്ങളുടെ സംതൃപ്തിയാണ് രണ്ടാമത്തേത്.
ധനത്തിന്റെ സകാത്തില്‍ നിന്ന് വ്യത്യസ്തമായി ഫിത്ര്‌സകാാത്ത് എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ഇബ്നു ഉമര്‍ പറഞ്ഞതായി ബുഖാരി ഉദ്ദരിക്കുന്നു: ‘അല്ലാഹുവിന്റെ ദൂതന്‍ മുസ്ലിമായ അടിമക്കും സ്വതന്ത്രനും പുരുഷനും സ്ത്രീക്കും ചെറിയവനും വലിയവനും ഫിതര്‍ സകാത്ത് നിര്‍ബന്ധമാക്കി. കാരക്ക ഒരു സ്വാഅ്, അല്ലെങ്കില്‍ ഗോതമ്പ് ഒരു സ്വാഅ്എന്താണ് ഫിത്ർ സകാത്ത്,
മക്കയിലും മദീനയിലും തിരുമേനിയുടെ കാലത്തുണ്ടായിരുന്ന പ്രധാന ഭക്ഷ്യവിഭവങ്ങളില്‍ നിന്നെല്ലാം ഒരു സ്വാഅ് ആണ് നബി(സ) വാങ്ങിയിരുന്നത്. വിലയില്‍ ഇരട്ടി വരുന്ന മുന്തിയ വിഭവങ്ങളാണെങ്കില്‍ പകുതികൊടുത്താല്‍ മതിയെന്ന് മുആവിയ(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. വിലയെന്തായാലും അളവാണ് പ്രധാനം എന്നാണ് അബു സഈദില്‍ ഖുദ്രിയുടെ അഭിപ്രായം. ഈ രണ്ട് അഭിപ്രായങ്ങള്‍ക്കും ന്യായത്തിന്റെ പിന്‍ബലമുണ്ടെങ്കിലും കൂടുതല്‍ പ്രാബല്യം മുആവിയയുടെ അഭിപ്രായത്തിനാണ്. ഒരു സ്വാഅ് എന്നത് ഇന്നത്തെ മെട്രിക് തൂക്കമനുസരിച്ച് 2167 ഗ്രാമുണ്ടാവുമെന്ന് ഡോ. ഫരീദ് വജ്ദി മുതല്‍ ഡോ. ഖറദാവി വരെയുള്ള ആധുനിക ഗവേഷക പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു.
വില കൊടുക്കാമോ?
സകാത്ത് വിലയായി കൊടുക്കാന്‍ പറ്റില്ലെന്നാണ് മാലിക്, ശാഫിഈ, അഹ്മദ് എന്നീ മൂന്ന് ഇമാമുകളുടെയും അഭിപ്രായം. എന്നാല്‍ ഉമറുബ്നു അബ്ദില്‍ അസീസ്, ഹസന്‍ ബസ്വരി എന്നിവര്‍ക്കൊപ്പം സൗരി, അബൂഹനീഫ എന്നിവരുടെ അഭിപ്രായം മറിച്ചാണ്. വിലകൊടുത്താല്‍ മതിയാകുമെന്നാണവരുടെ പക്ഷം. ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തില്‍ നിന്ന് അര ദിര്‍ഹം ഫിതര്‍ സകാത്ത് വാങ്ങാന്‍ ഉമറുബ്നു അബ്ദില്‍ അസീസ് തന്റെ ഗവര്‍ണര്‍മാര്‍ക്കെഴുതിയിരുന്നതായി ഇബ്നു അബീ ശൈബ ഉദ്ധരിച്ചിട്ടുണ്ട്.
നബി(സ)യുടെ കാലത്ത് നാണയങ്ങള്‍ വളരെ വിരളമായിരുന്നുവെന്നത് നാം ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. അക്കാലത്ത് നാണയങ്ങള്‍ ഫിത്ര് സകാത്തായി നല്‍കണമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ക്കത് പ്രയാസകരമാകുമായിരുന്നു. മറിച്ച് ഭക്ഷ്യവസ്തുക്കളായിരുന്നു അവര്‍ക്ക് എളുപ്പം. മാത്രമല്ല നാണയങ്ങളുടെ മൂല്യം കാലകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അതിനാല്‍ നിശ്ചയിക്കപ്പെടേണ്ടത് ഭക്ഷ്യധാന്യങ്ങളുടെ അളവ് തന്നെയാണ്. കാരണം എക്കാലത്തും മനുഷ്യന്റെ വിശപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നത് ഭക്ഷണത്തിന്റെ അളവാണല്ലോ. പക്ഷേ, അതേ അളവ് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്ന വിലനാണയം ഓരോ കാലങ്ങളിലും നല്‍കാവുന്നതാണെന്ന പറയുന്നത് ഈ കല്‍പ്പനക്ക് വിരുദ്ധമല്ല. ഇന്ന് ഇതാണ് നടപ്പാക്കാന്‍ കൂടുതല്‍ എളുപ്പമായിട്ടുള്ളത്. പാവങ്ങള്‍ കൊതിക്കുന്നതും അതാണ്. കാരണം ആ വിലകൊടുത്ത് ധാന്യങ്ങളുടെ അളവില്‍ അല്‍പം കുറവ് വരുത്തിയിട്ടെങ്കിലും, അതിലേക്കാവശ്യമായ മറ്റു സാധനങ്ങള്‍ കൂടി വാങ്ങാന്‍ അതവര്‍ക്ക് സൗകര്യം നല്‍കുന്നു. കാരക്കയോ ഗോതമ്പോ ഭക്ഷണമായിരുന്ന അറേബ്യന്‍ സമൂഹത്തില്‍ ഇതൊന്നും ഒരാവശ്യമായിരുന്നില്ല. അതിനാല്‍ വില നല്‍കിയാല്‍ സാധുവാകുമെന്ന പക്ഷമാണ് ബുദ്ധിക്കും യുക്തിക്കും ആധുനിക കാലഘട്ടത്തിനും കൂടുതല്‍ അഭിപ്രായമായി നമുക്ക് തോന്നുന്നത്. ശരീഅത്തിന്റെ മറ്റേതെങ്കിലും അടിസ്ഥാനങ്ങളുമായി അതേറ്റുമുട്ടുന്നുമില്ല.
നിര്‍ബന്ധമാകുന്നതെപ്പോള്‍?
റമദാന്‍ നോമ്പ് അവസാനിക്കുന്നതോടു കൂടിയാണ് ഫിത്ര് സകാത്ത് നിര്‍ബന്ധമാകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കൃത്യമായി അതിന്റെ സമയമേതാണ്? റമദാനിലെ അവസാന ദിവസം അസ്തമിക്കുന്നതോടുകൂടിയാണ് അത് നിര്‍ബന്ധമാകുന്നതെന്ന് ഇമാം ശാഫിഇയും ഇമാം അഹ്മദും അഭിപ്രായപ്പെടുന്നു. ഇമാം മാലികില്‍ നിന്നുള്ള ഒരു റിപോര്‍ട്ടും അത് തന്നെ. കാരണം, നോമ്പിന്റെ വിശുദ്ധിക്കുവേണ്ടിയാണ് പ്രധാനമായും അത് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അതിനാല്‍ നോമ്പവസാനിക്കുന്നതോടു കൂടി അത് നിര്‍ബന്ധമാകണമെന്നാണ് ഇസ്ഹാഖ്, സൗരി എന്നിവരും അഭിപ്രായപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പെരുന്നാള്‍ ദിവസം പ്രഭാതത്തോട് കൂടിയേ അത് നിര്‍ബന്ധമാവുകയുളളൂ എന്നാണ് ഇമാം അബൂഹനീഫയുടെയും കൂട്ടുകാരുടെയും അഭിപ്രായം. അവരുടെ വീക്ഷണത്തില്‍ പെരുന്നാളുമായി ബന്ധപ്പെട്ട ഒരു പുണ്യകര്‍മമാണത്. അതിനാല്‍ പെരുന്നാളിന് മുമ്പ് അത് നിര്‍ബന്ധമാവുകയില്ല. ബലി പെരുന്നാളിന് ബലിയെന്നതു പോലെയാണത്.
നിര്‍ബന്ധമാകുന്ന സമയത്തെ കുറിച്ചാണ് ഇവിടെ പറഞ്ഞത്. എന്നാല്‍ അതിന് മുമ്പ് കൊടുക്കല്‍ അനുവദനീയമാണോ? അനുവദനീയമല്ലെന്നാണ് ഇബ്നു ഹസമിന്റെ പക്ഷം. എന്നാല്‍ സ്വഹാബികളില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന റിപോര്‍ട്ടുകള്‍ ഇതിനെതിരാണ്. ‘അവര്‍ പെരുന്നാളിന്റെ ഒരു ദിവസവും രണ്ട് ദിവസവും മുമ്പ് ഫിതര്‍ സകാത്ത് കൊടുക്കാറുണ്ടായിരുന്നു.’ എന്ന് ഇബ്നു ഉമര്‍ ഉദ്ധരിച്ചതായി ബുഖാരി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘അവര്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സ്വഹാബികളാണെന്നത് വ്യക്തമാണ്.
ചില ഹമ്പലികളുടെ അഭിപ്രായത്തില്‍ റമദാന്‍ പാതിവരെ അതു മുന്തിക്കുന്നതിന് വിരോധമില്ല. ഇമാം ശാഫിഇ പറയുന്നു: റമദാന്‍ ആദ്യം മുതല്‍ അതനുവദനീയമാവും. കാരണം, നോമ്പും അതില്‍ നിന്നുള്ള മുക്തിയുമാണ് ഈ സകാത്ത് നിര്‍ബന്ധമാകാന്‍ കാരണം. അതില്‍ ഒരു കാരണമുണ്ടായാല്‍ സകാത്തും അനുവദനീയമാകും. എന്നാല്‍ ഇമാം അബൂഹനീഫയുടെ അഭിപ്രായത്തില്‍ കൊല്ലാരംഭത്തില്‍ തന്നെ ഫിത്ര് സകാത്ത് കൊടുക്കല്‍ അനുവദനീയമാകും. കാരണം, ഇതൊരു സകാത്താണ്. ധനത്തിന്റ സകാത്തില്‍ അടിസ്ഥാനപരമായി ഇതിന് വ്യത്യാസമൊന്നുമില്ല. ധനത്തിന്റെ സകാത്തില്‍ അതനുവദനീയമാണ്.
ചുരുക്കത്തില്‍ ഫിത്ര് സകാത്ത് നേരത്തെ കൊടുക്കാന്‍ പറ്റുമെന്ന അഭിപ്രായത്തിനാണ് പ്രാബല്യമുള്ളത്. സഹാബികള്‍ പെരുന്നാളിന്റെ രണ്ടു ദിവസവും മൂന്നു ദിവസവും മുമ്പ് ഫിതര്‍ സകാത്ത് നല്‍കിയിരുന്നുവെങ്കില്‍ റമദാന്‍ ആദ്യം മുതല്‍ അത് നല്‍കാമെന്നതിന് തെളിവാണത്. കാരണം പെരുന്നാളിന് മുമ്പാകാമെങ്കില്‍ ഒന്നോ രണ്ടോ ദിവസം മുമ്പാകുന്നതും കൂടുതലാകുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. സ്വഹാബികള്‍ അഭിപ്രായ വ്യത്യാസമില്ലാതെ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അതിന് തിരുമേനിയുടെ അംഗീകാരമുണ്ടായിരുന്നു എന്നു വേണം അനുമാനിക്കാന്‍.
ഫിത്ര് സകാത്ത് വ്യക്തികള്‍ നല്‍കുന്ന രീതിക്ക് പകരം സന്നദ്ധ സംഘടനകളിലൂടെയോ മഹല്ല് സംവിധാനത്തിലൂടെയോ നല്‍കുകയാണ് വേണ്ടത്. മറ്റു സമുദായങ്ങളുടെ മുമ്പില്‍ യാചക സംഘത്തെ പ്രദര്‍ശിപ്പിക്കുന്ന പഴയ സമ്പ്രദായം ഇസ്ലാം പഠിപ്പിച്ചിട്ടുള്ളതല്ല. ഫിതര്‍ സകാത്ത് മുന്‍ കൂട്ടി നല്‍കുന്നത് ഇത്തരം സംഘങ്ങള്‍ക്കും സഹായകമാണ്. അത് മുന്തിക്കുന്നതിനെ കുറിച്ചാണ് ഇതുവരെ പറഞ്ഞത് എന്നാല്‍ പിന്തിക്കുകയാണെങ്കില്‍ എത്രവരെയാകാം? പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് നല്‍കിയില്ലെങ്കില്‍ അത് സകാത്തായി ഗണിക്കപ്പെടുകയില്ലെന്ന് ഹദീസില്‍ വന്നിരിക്കുന്നു. ഇബ്നു അബ്ബാസ് പറയുന്നു: ‘നോമ്പ്കാരന് വ്യര്‍ഥമായ വാക്കില്‍ നിന്നും മ്ലേഛതയില്‍ നിന്നും മനസ്സിനെ ശുദ്ധീകരിക്കുന്നതിനും ദരിദ്രന്‍മാര്‍ക്ക് ആഹാരത്തിനും വേണ്ടി അല്ലാഹുവിന്റെ ദൂതന്‍ ഫിതര്‍ സകാത്ത് നിര്‍ബന്ധമാക്കി. നമസ്‌കാരത്തിന് മുമ്പ് അതാരെങ്കിലും നല്‍കിയാല്‍ സ്വീകാര്യമായ സകാത്താണത് ഇനി നമസ്‌കാരത്തിന് ശേഷമാണ് നല്‍കിയതെങ്കില്‍ അത് ഒരു ധര്‍മം മാത്രം.’
ആര്‍ക്കാണ് കൊടുക്കേണ്ടത്?
സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എടുത്തു പറഞ്ഞ എട്ടു വിഭാഗത്തിന് തന്നെയാണോ ഫിത്ര് സകാത്തും നല്‍കേണ്ടത്? അവര്‍ക്ക് സമമായി നല്‍കണമെന്നാണ് ശാഫീഈ മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം. ളാഹിരി മദ്ഹബുകാരനായ ഇമാം ഇബ്നു ഹസമിനും ഇതു തന്നെയാണഭിപ്രായം.
എന്നാല്‍ ഇമാം ഇബ്നുല്‍ ഖയ്യിം ഈ അഭിപ്രായത്തെ ശക്തിയായി ഖണ്ഡിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു. ഫിത്ര് സകാത്ത് ദരിദ്രന്‍മാര്‍ക്ക് മാത്രം നല്‍കുകയായിരുന്നു തിരുമേനിയുടെ ചര്യ. അല്ലാതെ എട്ടുവിഭാഗത്തിന് ഓരോ പിടിയായി തിരുമേനി അത് ഭാഗിച്ച് നല്‍കിയിട്ടില്ല. അങ്ങനെ ചെയ്യാന്‍ കല്‍പ്പിച്ചിരുന്നുമില്ല. സ്വഹാബികളോ അതിനു ശേഷമുള്ളവരോ ആരും അങ്ങനെ ചെയ്തിരുന്നില്ല.’ (സാദുല്‍ മആദ് 1/315)
മാലിക്കികളുടെ വീക്ഷണത്തിലും ദരിദ്രന്‍ എന്നു വിശേഷിപ്പിക്കാവുന്നവര്‍ക്കേ ഫിത്ര് സകാത്ത് നല്‍കാന്‍ പറ്റുകയുള്ളൂ. ഭൂരിപക്ഷം പണ്ഡിതന്‍മാരും വ്യക്തമാക്കിയിരിക്കുന്ന മൂന്നാമതൊരു അഭിപ്രായം കൂടിയുണ്ട്. അതനുസരിച്ച് ഫിത്ര് സകാത്ത് ദരിദ്രന്‍മാര്‍ക്ക് മാത്രമായി നല്‍കുന്നതിന് വിരോധമില്ല. സകാത്ത് നല്‍കപ്പെടേണ്ടവരായി ഖുര്‍ആന്‍ പറഞ്ഞ എട്ടു വിഭാഗങ്ങളില്‍ വിഭജിക്കുന്നതിനും വിരോധമില്ല.
‘പെരുന്നാള്‍ ദിവസം പാവങ്ങള്‍ക്ക് നിങ്ങള്‍ ഐശ്വര്യമുണ്ടാക്കുക.’ ‘ദരിദ്രര്‍ക്ക് ആഹാരമായിക്കൊണ്ടാണ് അത് നിര്‍ബന്ധമാക്കിയത്.’ എന്നിങ്ങനെയുള്ള ഹദീസുകള്‍ വെച്ച് നോക്കുമ്പോള്‍ ദരിദ്രര്‍ക്ക് തന്നെയാണതില്‍ മുന്തിയ പരഗണന ലഭിക്കേണ്ടത്. പക്ഷേ, സന്ദര്‍ഭാനുസരണം എപ്പോഴെങ്കിലും മറ്റിനങ്ങളില്‍ അത് ചെലവഴിക്കുന്നതിന് അതൊരു തടസ്സമാവാനും പാടില്ല.
ഒരു നാട്ടില്‍ സകാത്ത് വാങ്ങാന്‍ അര്‍ഹരായ ആളുകളുണ്ടായിരിക്കെ അവിടെ തന്നെയാണത് വിതരണം ചെയ്യേണ്ടത്. എന്നാല്‍ അന്നാട്ടില്‍ വാങ്ങാന്‍ അര്‍ഹരില്ലെങ്കില്‍ അന്യനാടുകളിലേക്ക് നീക്കുന്നതാണ് ഇസ്ലാമിന്റെ ആത്മാവിനിണങ്ങുന്നത്. സഹാബികളുടെ ചര്യയില്‍ നിന്ന് മനസ്സിലാവുന്നതും അതു തന്നെ. നിലവിലുള്ള സാഹചര്യത്തില്‍ കേരളത്തിനേക്കാള്‍ ഫിത്ര് സകാത്തിന് അര്‍ഹത ആസാം പോലുള്ള വിഷമങ്ങളനുഭവിക്കുന്ന പ്രദേശത്തുള്ളവരാണെങ്കില്‍ അവര്‍ക്ക് വിതരണം ചെയ്യാവുന്നതാണ്.