മുഹമ്മദ് അലി ക്ലേ

Clay

മുഹമദ് അലി ക്ലേ മാധ്യമം പത്ര ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍

മുഹമ്മദലി ക്ലേ യുമായുള്ള അഭിമുഖം

യങ് മുസ്‌ലിം’ മാഗസിന് വേണ്ടി 20 വര്‍ഷം മുമ്പ് മുഹമ്മദ് അലിയുടെ വീട്ടില്‍ വെച്ച് ഷഹീന്‍ അഹ്മദും അബ്ദുല്‍ മലിക് മുജാഹിദും ചേര്‍ന്ന് നടത്തിയതാണ് ഈ അഭിമുഖം.

ശബ്ദം താഴ്ത്തി വളരെ സൗമ്യമായി സംസാരിച്ചിരുന്നതിനാല്‍ അലിയുടെ വാക്കുകള്‍ കേള്‍ക്കുക വളരെ പ്രയാസകരമായിരുന്നു. അതുകൊണ്ട് തന്നെ പൊതുപ്രസ്താവന നടത്താന്‍ ഉദ്ദേശിച്ചാലും മറ്റും ഭാര്യ യോളണ്ടാ ലോണി അലിയോ, അല്ലെങ്കില്‍ കൂട്ടുകാരനും പ്രശസ്ത ഫോട്ടോഗ്രാഫറുമായ ഹൊവാര്‍ഡ് ബ്രിംഗ്ഹാമോ ആയിരുന്നു അലിക്ക് വേണ്ടി സംസാരിച്ചിരുന്നത്.

ചോദ്യം: എല്ലായ്‌പ്പോഴും താങ്കള്‍ക്ക് താങ്കളില്‍ തന്നെ വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. താങ്കള്‍ സ്വയം തന്നെ ‘ദി ഗ്രേറ്റസ്റ്റ്’ എന്ന് വിളിച്ചു. താങ്കളിലുള്ള ഈ വിശ്വാസവും ഒരു മുസ്‌ലിം എന്ന നിലക്കുള്ള താങ്കളുടെ ലജ്ജാശീലവും എങ്ങനെ ഒരുമിച്ച് കൊണ്ട് പോകുന്നു?

അലി: അല്ലാഹുവാണ് അത്യുന്നതന്‍. ഞാന്‍ കേവലം മഹാനായ ബോക്‌സര്‍ മാത്രമാണ്.

ചോദ്യം: ഒളിപിക്‌സ് ദീപശിഖ തെളിയിച്ചതിനെ താങ്കള്‍ എങ്ങിനെ നോക്കികാണുന്നു? ദീപശിഖ തെളിയിക്കാന്‍ അവസരം ലഭിച്ച ഏക മുസ്‌ലിം താങ്കള്‍ മാത്രമാണ്.

മുഹമ്മദ് അലി: വലുതായിട്ടൊന്നുമില്ല, അത്രയും പ്രധാനപ്പെട്ട ദൗത്യം ഒരു മുസ്‌ലിം നിര്‍വഹിക്കുന്നത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം ഗുണകരമാണെന്ന് ഞാന്‍ കരുതി. അതെന്നില്‍ സന്തോഷമുണര്‍ത്തി.

ചോദ്യം: ഇസ്‌ലാമിലേക്കുള്ള താങ്കളുടെ കടന്നുവരവ് മൈക്ക് ടൈസണ്‍, കരീം അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവരുടെ ഇസ്‌ലാം സ്വീകരണം എളുപ്പമാക്കി തീര്‍ത്തുവെന്ന് കരുതുന്നുണ്ടോ?

മുഹമ്മദ് അലി: അതൊക്കെ അല്ലാഹുവിന് മാത്രം അറിയാവുന്ന കാര്യമാണ്.

ചോദ്യം: ഇന്ന് മുഹമ്മദ് അലി എന്ന പേരിലാണ് താങ്കളെ എല്ലാവരും അറിയുന്നത്. പക്ഷെ സ്‌പോര്‍ട്‌സ് എഴുത്തുകാരും, അവതാരകരും താങ്കളുടെ മുസ്‌ലിം പേര് അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

മുഹമ്മദ് അലി: അതൊന്നും എന്നെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ല.

ലോണി അലി: മുഹമ്മദ്.. തുടക്കത്തില്‍? എല്ലാ സ്‌പോര്‍ട്‌സ് എഴുത്തുകാരും, മാധ്യമപ്രവര്‍ത്തകരും താങ്കളെ മുഹമ്മദ് അലിയെന്ന് അഭിസംബോധന ചെയ്യാന്‍ വിസമ്മതിക്കുകയും, താങ്കളുടെ ക്രിസ്ത്യന്‍ പേരായ കാഷ്യസ് ക്ലേ എന്ന് വിളിക്കുന്നത് തുടരുകയും ചെയ്തപ്പോള്‍?

മുഹമ്മദ് അലി: ഞാനവരെ ഇടിച്ച് പരത്തി കളഞ്ഞു.

(മുഹമ്മദ് അലി തമാശരൂപേണ കൈചൂരുട്ടി ഇടിച്ച് കൊണ്ട് ഒച്ചയെടുക്കുന്നു) എന്റെ പേരെന്താണ്? എന്റെ പേരെന്താണ്?

ലോണി അലി: മുസ്‌ലിം പേര് കാരണം കുട്ടികള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ എനിക്കറിയാം. അവര്‍ അതിനോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് 5 വയസ്സുള്ള ഒരു കുഞ്ഞുണ്ട്, അസദ്. കുട്ടികള്‍ അവരുടെ സമപ്രായക്കാരെ പോലെയാവാനാണ് ഇഷ്ടപ്പെടാറ്. അവരുടെ വംശം, മനോഭാവം, മൂല്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്. ഭാഗ്യവശാല്‍, അസദിനെ സംബന്ധിച്ചിടത്തോളം, അവന്‍ എല്ലായിടത്തും സ്വീകാര്യനാണ്. അവന്റെ ഒരു ഭാഗമാണ് അവന്റെ പേര്. അതാണ് അവന്‍.

ചോദ്യം: ജനകീയരാവാന്‍ വേണ്ടി വിശ്വാസത്തില്‍ വിട്ടുവീഴ്ച്ചകള്‍ ചെയ്യേണ്ടി വരുന്ന സാഹചര്യം അനുഭവിക്കുന്ന യുവാക്കള്‍ക്ക് എന്ത് ഉപദേശമാണ് താങ്കള്‍ക്ക് നല്‍കാനുള്ളത്?

മുഹമ്മദ് അലി: വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക. പ്രാര്‍ഥിക്കുക.. അല്ലാഹുവിനെ സ്തുതിക്കുക. ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളെ സഹായിക്കും.

ചോദ്യം: ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി എല്ലാ വെല്ലുവിളികളെയും നേരിടാന്‍ പ്രാര്‍ഥന എവ്വിധമാണ് താങ്കളെ സഹായിച്ചത്?

മുഹമ്മദ് അലി: പ്രാര്‍ഥനയാണ് എന്നെ കരുത്തനാക്കുന്നത്.

ഹൊവാര്‍ഡ്: നിങ്ങള്‍ അലിയുടെ ഫൈറ്റ് എപ്പൊഴെങ്കിലും കണ്ടിട്ടുണ്ടോ? മത്സരം തുടങ്ങുന്നതിന് മുമ്പ് റിംഗിന്റെ വലത് മൂലയില്‍ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി പ്രാര്‍ഥനാനിര്‍ഭരനായി ഇരിക്കുന്ന അലിയെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും.

(ഹൊവാര്‍ഡ് പ്രാര്‍ഥിക്കുന്നത് പോലെ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തുന്നു)

ചോദ്യം: താങ്കള്‍ക്ക് മേല്‍ എഫ്.ബി.ഐ-യുടെ ചാരകണ്ണുകള്‍ ഉണ്ടായിരുന്നു, വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ താങ്കളുടെ കുറ്റം ചാര്‍ത്തപ്പെട്ടു, താങ്കളുടെ ചാമ്പ്യന്‍പട്ടം തിരികെ വാങ്ങി, പാസ്‌പോര്‍ട്ട് കണ്ടുകെട്ടി, മൂന്നര വര്‍ഷക്കാലം താങ്കള്‍ക്ക് ബോക്‌സിംഗില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി. ഈ ദുരിത കാലത്തെ താങ്കള്‍ എങ്ങനെയാണ് മറികടന്നത് ?

മുഹമ്മദ് അലി: ഞാന്‍ എന്തൊക്കെ ചെയ്തിട്ടുണ്ടോ, അതൊക്കെ അല്ലാഹുവിന് വേണ്ടിയാണ് ചെയ്തത്.

ലോണി അലി: മുഹമ്മദിന് ആരോടും വിദ്വേഷമുണ്ടായിരുന്നില്ല. ജീവിതത്തില്‍ എന്തൊക്കെ തടസ്സങ്ങള്‍ മുന്നില്‍ വന്ന് നിന്നാലും അതൊക്കെ അല്ലാഹുവിന്റെ വിധിപ്രകാരമാണ് എന്നതാണ് അദ്ദേഹത്തിന്റെ മനോഗതി.

ചോദ്യം: കെന്‍ നോര്‍ട്ടണുമായുള്ള ഒരു പോരാട്ടത്തിനിടെ താങ്കളുടെ താടിയെല്ല് പൊട്ടിയിരുന്നു. പക്ഷെ 12 റൗണ്ട് മുഴുവനും താങ്കള്‍ പോരാടി. അതുപോലെ സോണി ലിസ്റ്റണുമായുള്ള പോരാട്ടത്തില്‍ താങ്കളുടെ ഒരു കണ്ണ് ഇടികൊണ്ട് വീര്‍ത്ത് കാഴ്ച്ചമറയുകയും ആ റൗണ്ട് മുഴുവന്‍ ഒരു കണ്ണ് കൊണ്ട് ഒന്നും കാണാനാകാതെ പോരാടുകയും ചെയ്തു. പക്ഷെ താങ്കള്‍ തന്നെയാണ് വിജയിച്ചത്. അപ്രതീക്ഷിതിവും വിചിത്രവുമായ കാര്യങ്ങള്‍ മുന്നില്‍ വന്ന് നില്‍ക്കുമ്പോഴും എന്താണ് താങ്കളെ മുന്നോട്ട് തന്നെ പോകാന്‍ സഹായിക്കുന്നത്?

മുഹമ്മദ് അലി: (നമസ്‌ക്കരിക്കുന്നത് പോലെ കാണിക്കുന്നു)പ്രാര്‍ഥന തന്നെ.

ചോദ്യം: ഇപ്പോള്‍ ആരുമായി ഫൈറ്റ് ചെയ്യാനാണ് ഏറെ ഇഷ്ടപ്പെടുന്നത്?

മുഹമ്മദ് അലി: ജോ ഫ്രേസിയര്‍

ലോണി അലി: അതെ, അലി-ഫ്രേസിയര്‍ യുദ്ധം ഒരിക്കലും അവസാനിക്കാന്‍ പോകുന്നില്ല, അല്ലെ മുഹമ്മദ്?
(അഭിമുഖത്തിന്റെ ഈ ഘട്ടത്തില്‍, മുഹമ്മദ് അലി ഉറക്കത്തിലേക്ക് വഴുതിവീഴുന്നുണ്ട്)

ലോണി അലി: ഒന്നും വിചാരിക്കരുത്, രോഗം കാരണം അദ്ദേഹം വളരെ പെട്ടെന്ന് തന്നെ തളര്‍ന്ന് പോവുകയും ഉറങ്ങുകയും ചെയ്യും. ഫ്രേസിയറുമായുള്ള പോരാട്ടത്തിന്റെ ഓര്‍മകള്‍ ഇന്നും അദ്ദേഹത്തിന്റെ മനസ്സിലുണ്ട്, ഉറക്കത്തിലും അദ്ദേഹം പഞ്ചുകള്‍ ഉതിര്‍ക്കും.

(ഉറക്കത്തില്‍ കൂര്‍ക്കം വലിച്ചു കൊണ്ടിരിക്കെ തന്നെ മുഹമ്മദ് അലി വായുവിലേക്ക് മുഷ്ടിചുരുട്ടി ഇടിക്കുന്നു. പെട്ടെന്ന്, അദ്ദേഹം എന്റെ നേര്‍ക്ക് കുതിച്ച് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി, ‘ബൂ…!’ പെട്ടെന്ന് അത്ഭുതപരിഭ്രാന്തനായ ഞാന്‍ കസേരയില്‍ നിന്നും വീഴാന്‍ പോയി.)

ലോണി അലി: കുര്‍ക്കം വലിക്കാന്‍ തുടങ്ങുമ്പോള്‍, ഫ്രേസിയറുമായുള്ള പോരാട്ടത്തിന്റെ ഓര്‍മകള്‍ പറയുകയെന്നത് എന്റെ സൂത്രമാണ്.

ചോദ്യം: മൈക്ക് ടൈസണെ കുറിച്ച് എന്താണ് കരുതുന്നത്?

മുഹമ്മദ് അലി: ടൈസണ്‍ ഒരു മുസ്‌ലിമാണ്.

ചോദ്യം: താങ്കള്‍ ഇപ്പോഴും മത്സരരംഗത്തുണ്ടായിരുന്നെങ്കില്‍, ടൈസണെ തോല്‍പ്പിക്കാന്‍ താങ്കള്‍ കഴിയുമോ?

മുഹമ്മദ് അലി: വളരെ എളുപ്പം കഴിയും.

ലോണി അലി: മുഹമ്മദുമായി ഒരു റൗണ്ട് പോലും അങ്കത്തിന് വരാന്‍ ടൈസണ്‍ ധൈര്യപ്പെടില്ല. ടൈസണെ തറപറ്റിക്കാന്‍ ഒരു റൗണ്ട് തന്നെ ധാരാളമാണ്.

ചോദ്യം: ഇസ്‌ലാമില്‍ സ്‌പോര്‍ട്‌സിന് സ്ഥാനമുണ്ടോ?

മുഹമ്മദ് അലി: ഖുര്‍ആന്‍ സ്‌പോര്‍ട്‌സിന് എതിരാണോ?

അബ്ദുല്‍ മലിക് മുജാഹിദ്: അല്ല, സ്‌പോര്‍ട്‌സിന് എതിരെ ഒന്നും തന്നെയില്ല. പ്രവാചകന്‍(സ) പോലും മല്ലയുദ്ധം പോലുള്ള കായിക ഇനങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നു.

മുഹമ്മദ് അലി: ഖുര്‍ആനില്‍ അങ്ങനെയൊന്നും പറയുന്നില്ലെങ്കില്‍ അതുകൊണ്ട് യാതൊരു പ്രശ്‌നവുമില്ല.

ചോദ്യം: താങ്കള്‍ മുസ്‌ലിമായി മാറുന്നതിന് മുമ്പ്, താങ്കള്‍ ഒന്നും തന്നെ വായിക്കാറുണ്ടായിരുന്നില്ലെന്ന് കേട്ടിരുന്നു?

ലോണി അലി: കുട്ടിയായിരിക്കുമ്പോള്‍ മുഹമ്മദിന് ചിലപ്പോല്‍ റീഡിംഗ് ഡിസോര്‍ഡര്‍ ഉണ്ടായിരുന്നിരിക്കാം. വായനയുടെ രീതിശാസ്ത്രങ്ങളില്‍ അദ്ദേഹം ഒരിക്കലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കില്ല. പക്ഷെ ഇപ്പോള്‍ ഒരു ദിവസത്തില്‍ ഒരുപാട് സമയം വായനക്ക് ചിലവഴിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഉള്ളില്‍ തട്ടുന്ന സൂക്തങ്ങള്‍ അദ്ദേഹം പകര്‍ത്തിയെഴുതും. ഇസ്‌ലാമിക് ബുക്കുകള്‍, ഗവേഷണ ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് ബൈബിളിലെ വൈരുദ്ധ്യങ്ങല്‍ ചൂണ്ടികാണിക്കുന്ന ഗ്രന്ഥങ്ങള്‍ എന്നിവ വായിക്കാറുണ്ട്. അവയില്‍ എന്തെങ്കിലും പിശകുകള്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടി അദ്ദേഹം അവയെല്ലാം സൂക്ഷ്മമായി പരിശോധിക്കും.

ചോദ്യം: വിജയത്തെ എങ്ങനെയാണ് നോക്കികാണുന്നത്?

മുഹമ്മദ് അലി: അല്ലാഹുവിന് നന്ദി.

ചോദ്യം: ജീവിതത്തിലെയും ഇടികൂട്ടിലെയും പരാജയത്തെ എങ്ങനെയാണ് നോക്കികാണുന്നത്?

മുഹമ്മദ് അലി: പരമാവധി ചെയ്യാന്‍ എനിക്ക് കഴിയും, ബാക്കിയെല്ലാം അല്ലാഹുവിന് വിട്ട് കൊടുക്കുന്നു.

ചോദ്യം: ജീവിതത്തിലുണ്ടായ ഏറ്റവും കഠിനമായ അനുഭവം എന്താണ്?

മുഹമ്മദ് അലി:(കുറച്ച് നേരത്തേക്ക് ആലോചനയില്‍ മുഴുകുന്നു) ആദ്യ ഭാര്യയുമായുള്ള വിവാഹമോചനം. അതായിരുന്നു ഏറ്റവും കഠിനതരം.

ലോണി: എന്തുകൊണ്ടായിരുന്നു എന്ന് കൂടി അവരോട് പറയൂ. അല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ തെറ്റിദ്ധരിച്ചേക്കാം.

മുഹമ്മദ് അലി: വിശ്വാസവുമായി പൊരുത്തപ്പെടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.

ചോദ്യം: താങ്കള്‍ മൂന്ന് തവണ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടുകയും, 19 തവണ വിജയകരമായി അത് കാത്തുസൂക്ഷിക്കുകയും ചെയ്തു. ഇപ്പോള്‍ എന്തൊക്കെയാണ് താങ്കളുടെ ലക്ഷ്യങ്ങള്‍?

മുഹമ്മദ് അലി: ഇസ്‌ലാമിനെ പ്രചരിപ്പിക്കുക. അത്രമാത്രം.

ലോണി അലി: മ്യൂസിയത്തെ കുറിച്ച് അവരോട് പറയുന്നില്ലെ. ലുയിസ്‌വില്ലെയില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു മ്യൂസിയം തുടങ്ങാനുള്ള പ്രോജക്ടിലാണ് മുഹമ്മദ് ഇപ്പോഴുള്ളത്. അവിടെയാണല്ലോ അദ്ദേഹം വളര്‍ന്നത്. അദ്ദേഹത്തിന്റെ പേരായിരിക്കും അതിന് നല്‍കുക. കുട്ടികള്‍ക്ക് ചിലതൊക്കെ തിരിച്ച് കൊടുക്കാനും, ഒരു ലക്ഷ്യത്തിന് പിന്നാലെ പോകാന്‍ അവരെ പ്രോത്സാഹിപ്പിക്കുക എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത്. മുഹമ്മദിന്റെ കുട്ടിക്കാലത്ത്, ലൂയിസ്‌വില്ല ഒരു ഒറ്റപ്പെട്ട പ്രദേശമായിരുന്നു. പരിശീലനത്തിനുള്ള സ്ഥലങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. പരിശീലനം നടത്താന്‍ മുഹമ്മദിന് ജിമ്മിലേക്ക് കുറേ ദൂരം ഓടേണ്ടതുണ്ടായിരുന്നു. അതു പോലെ സ്‌കൂളിലേക്കും. ഒരു സാധാരണ ജീവിതം നയിച്ചിരുന്നെങ്കിലെന്ന് എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?

മുഹമ്മദ് അലി: ഇല്ല. ഒരിക്കലുമില്ല.

ലോണി അലി: ദൈവം അനുഗ്രഹിച്ച ഒരാളാണ് മുഹമ്മദ് അലി. പ്രശസ്തരാവുന്ന ചില ആളുകള്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാറില്ല. പ്രശസ്തി നിങ്ങളില്‍ അര്‍പ്പിക്കുന്ന കര്‍ത്തവ്യങ്ങളെ കുറിച്ച് അവര്‍ മനസ്സിലാക്കാറില്ല. മുഹമ്മദിനെ പ്രശസ്തനാക്കണമെന്ന് തീരുമാനിച്ചതിന് പിന്നില്‍ അല്ലാഹുവിന് അതിന്റേതായ കാരണങ്ങളുണ്ട്. ഒരു നല്ല ഉദ്ദേശത്തിന് വേണ്ടിയും, ഉത്തരവാദിത്തപൂര്‍ണ്ണമായ, നല്ലൊരു ജീവിതം നയിക്കുന്നതിനും വേണ്ടിയാണ് മുഹമ്മദ് തന്റെ പ്രശസ്തിയെ ഉപയോഗിക്കുന്നത്.

ചോദ്യം: താങ്കളുടെ ഉദാരമനസ്‌കത പ്രസിദ്ധമാണ്. തീരെ പരിചയമില്ലാത്തവര്‍ക്ക് പോലും ധാരാളം സമ്പത്ത് നല്‍കി സഹായിച്ചതിന്റെ സംഭവകഥകള്‍ കേട്ടിട്ടുണ്ട്. സമ്പത്തിനെ താങ്കള്‍ എങ്ങനെയാണ് നോക്കികാണുന്നത്?

ലോണി അലി: ആവശ്യക്കാരെന്ന് തോന്നിയാല്‍ മതി, ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകള്‍ക്ക് അദ്ദേഹം ധനസഹായം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തെരുവില്‍ ഒരുപാട് വീടില്ലാത്തവര്‍ ഉണ്ടാകും, പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ മുഹമ്മദ് അവര്‍ക്ക് പണം നല്‍കും. അവര്‍ ചിലപ്പോള്‍ ആ പണം കൊണ്ട് മദ്യം വാങ്ങാനായിരിക്കും പോവുക. എനിക്കതറിയാം. അദ്ദേഹത്തിനും അറിയാം. എങ്കിലും അദ്ദേഹം പണം നല്‍കും.

മുഹമ്മദ് അലി: നല്ലത് മാത്രമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് ഞാനത് ചെയ്യുന്നത്. ഉദ്ദേശശുദ്ധിയാണ് എല്ലാം.

ചോദ്യം: 1990-കള്‍ അമേരിക്കയില്‍ കൊലപാതകത്തിന്റെയും, അക്രമസംഭവങ്ങളുടെയും കാലമായിരുന്നു. മാല്‍ക്കം എക്‌സ്, ജോണ്‍ എഫ്. കെന്നഡി, ബോബ് കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്. ജീവന്‍ നഷ്ടപെടുമെന്ന് ഭയപ്പെട്ടിരുന്നോ?

മുഹമ്മദ് അലി: ഇല്ല, ഞാനവരെ ഇടിച്ച് വീഴ്ത്തും.

(മുഹമ്മദ് അലി ഇടിക്കുന്നത് പോലെ അഭിനയിക്കുന്നു. ഞാന്‍ അടുത്ത ചോദ്യം ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും, അദ്ദേഹം പെട്ടെന്ന് മരിച്ചത് പോലെ കസേരയിലേക്ക് വീഴുന്നു. ഞങ്ങളെല്ലാവരും ചിരിക്കുന്നു)

ചോദ്യം: ഏറ്റവും മഹത്തായ നേട്ടമായി കരുതുന്നത് എന്താണ് ?

മുഹമ്മദ് അലി: ഇസ്‌ലാം സ്വീകരണം.

ചോദ്യം: കഴിഞ്ഞ കാലത്തേക്ക് തിരിച്ച് പോകാനും, എന്തെങ്കിലും മാറ്റിതിരുത്താനും കഴിഞ്ഞിരുന്നെങ്കില്‍ എന്തായിരിക്കും താങ്കള്‍ ചെയ്യുക?

മുഹമ്മദ് അലി: ഞാന്‍ പത്താം വയസ്സില്‍ തന്നെ ഇസ്‌ലാം സ്വീകരിക്കും.

ചോദ്യം: താങ്കള്‍ ഏറെ ഇഷ്ടപ്പെടുന്ന മസ്ജിദ് ഏതാണ് ?

മുഹമ്മദ് അലി: എല്ലാ മസ്ജിദും എനിക്കിഷ്ടമാണ്. കാരണം എല്ലാ മസ്ജിദും മക്കക്ക് അഭിമുഖമായിട്ടാണ് നില്‍ക്കുന്നത്.

ഹൊവാര്‍ഡ്: എവിടേക്ക് യാത്ര പോയാലും, നമസ്‌കാരം നിര്‍വഹിക്കുന്നതിന് വേണ്ടി സമീപത്ത് മസ്ജിദ് ഉണ്ടോയെന്ന് അദ്ദേഹം അന്വേഷിക്കും.

ചോദ്യം: താങ്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന്യത്തോടെ നിര്‍വഹിച്ച പ്രാര്‍ഥന എന്നായിരുന്നെന്ന് ഓര്‍ക്കുന്നുണ്ടോ?

മുഹമ്മദ് അലി: ഫ്രേസിയറുമായുള്ള പോരാട്ടത്തിന് മുമ്പ് നടത്തിയത്.

ചോദ്യം: ഇഷ്ടപ്പെട്ട പുസ്തകം ?

മുഹമ്മദ് അലി: അതൊരു അനാവശ്യ ചോദ്യമാണ്! അത് ഖുര്‍ആന്‍ തന്നെയാണ്.

ചോദ്യം: ഇഷ്ടപ്പെട്ട ഭക്ഷണം ?

മുഹമ്മദ് അലി: ചിക്കനും, ചോറും. ഏതെങ്കിലും മുസ്‌ലിം രാജ്യത്താണെങ്കില്‍ ആട്ടിറച്ചിയും ചോറും. ഐസ്‌ക്രീമും ഇഷ്ടമാണ്.

ചോദ്യം: ഇഷ്ടപ്പെട്ട നിറം?

മുഹമ്മദ് അലി: കറുപ്പ്

ചോദ്യം: ഇഷ്ടപ്പെട്ട പൂവ്?

മുഹമ്മദ് അലി: റോസ്. പക്ഷെ അല്ലാഹുവില്‍ നിന്നുള്ള എല്ലാത്തിനെയും ഞാന്‍ ഇഷ്ടപ്പെടുന്നു.

ചോദ്യം: ഏത് രാജ്യമാണ് താങ്കള്‍ ഏറെ ഇഷ്ടപ്പെടുന്നത്?

ഹൊവാര്‍ഡ്: ഞങ്ങള്‍ ജക്കാര്‍ത്തയില്‍ പോയിരുന്നു. അദ്ദേഹത്തെ കാണാനായി 70000-ത്തിലധികം ആളുകള്‍ വന്നിട്ടുണ്ടാകും, എല്ലാവരും മുസ്‌ലിംകള്‍. മുഹമ്മദ് എല്ലായിടത്തും സഞ്ചരിച്ചിട്ടുണ്ട്. പക്ഷെ മുസ്‌ലിം രാഷ്ട്രങ്ങളില്‍ പോകാനാണ് അദ്ദേഹം കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

അഭിമുഖം അവസാനിപ്പിച്ച് ഞങ്ങള്‍ പോകാനുള്ള ഒരുക്കം തുടങ്ങിയപ്പോള്‍, മുഹമ്മദ് അലി ഞങ്ങളെ കൈകൊണ്ട് ആംഗ്യം കാട്ടി അടുത്തേക്ക് വിളിച്ചു.

മുഹമ്മദ് അലി: ഞാന്‍ നിങ്ങള്‍ക്ക് ഒരു കാര്യം കാണിച്ച് തരാം.

(അദ്ദേഹം തന്റെ മുഷ്ടി ചുരുട്ടി പിടിച്ചു, എന്നിട്ട് അടച്ചുപിടിച്ച കൈതലത്തിലേക്ക് ഒരു തൂവാല തിരുകികയറ്റി. എന്നിട്ട് രണ്ട് കൈകളും ഒരുമിച്ച് തുറന്നു. അദ്ദേഹത്തിന്റെ കൈകള്‍ ശൂന്യമായിരുന്നു. തൂവാല എങ്ങോ അപ്രത്യക്ഷമായി. അദ്ദേഹം വീണ്ടും തന്നെ വലതുകൈത്തലം അടച്ചുപിടിച്ച് അതില്‍ നിന്നും പതുക്കെ തൂവാല വലിച്ചെടുത്തു. അദ്ദേഹം വീണ്ടും ആ മാജിക്ക് ഞങ്ങള്‍ക്ക് കാണിച്ചു തന്നു. എങ്ങനെയാണ് ആ തൂവാല ഒളിപ്പിക്കുന്നതെന്നും അദ്ദേഹം ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു)

മുഹമ്മദ് അലി: പിശാച് എങ്ങനെയാണ് നിങ്ങളെ വഴിതെറ്റിക്കുകയും ചതിയില്‍ വീഴ്ത്തുകയും ചെയ്യുന്നതെന്ന് കാണിച്ചു തരാനാണ് ഞാന്‍ ഈ മാജിക് കാണിച്ചത്.

Related Post