വനിതാദിനങ്ങള്‍ സ്ത്രീത്വം തിരികെത്തരുമോ ?

1909 ഫെബ്രുവരി അമേരിക്കയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ആദ്യമായി അന്താരാഷ്ട്രവനിതാദിനം ആചരിച്ചത്. പ്രസ്തുത നടപടികളില്‍ പ്രചോദിതനായ ജര്‍മന്‍ സോഷ്യലിസ്റ്റായ ലൂയിസ് സെയ്റ്റ്‌സ്  1910 ആഗസ്റ്റില്‍ കോപന്‍ഹേഗനില്‍വെച്ചുനടന്ന രണ്ടാം അന്താരാഷ്ട്രസോഷ്യലിസ്റ്റ് സമ്മേളനത്തില്‍ ,ആഗോളതലത്തില്‍ഒരു വനിതാദിനം കൊണ്ടാടണമെന്ന നിര്‍ദേശം വെക്കുകയും കമ്മ്യൂണിസ്റ്റുകാരിയായ ക്ലാര സെറ്റ്കിന്‍ അതിനെ പിന്തുണക്കുകയും ചെയ്തു. പ്രസ്തുതസമ്മേളനത്തില്‍ പതിനേഴ് രാജ്യങ്ങളില്‍നിന്നായി നൂറോളം സ്ത്രീപ്രതിനിധികള്‍ സംബന്ധിക്കുകയും തങ്ങള്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെടുകയും  ചെയ്തു. ഒന്നാം ലോകയുദ്ധത്തില്‍ നിരവധി റഷ്യന്‍ ഭടന്‍മാര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് സ്ത്രീകള്‍ ഭക്ഷണവും സമാധാനവും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. തുടര്‍ന്ന് പലരാജ്യങ്ങളിലും രാഷ്ട്രീയഗതിമാറ്റങ്ങളുണ്ടായതിനോടൊപ്പം തന്നെ സ്ത്രീഅവകാശവാദങ്ങള്‍ക്കുള്ള മുറവിളികളും ഉയര്‍ന്നുവന്നു.

യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലാണ് കൂടുതല്‍ ചടുലമായ നീക്കങ്ങളുണ്ടായതെന്നത് ശ്രദ്ധേയമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും കൗമാരക്കാരും യുവത്വത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നവരുമായ സ്ത്രീസമൂഹം ഈ ദിവസം ഇന്നും ഗൗരവത്തോടെ  കൊണ്ടാടുന്നില്ലയെന്നത് ദൃശ്യമാണ്.

പലകോണുകളില്‍നിന്നുമുയര്‍ന്ന സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 1975ലാണ് യുഎന്‍ ഔദ്യോഗികപ്രഖ്യാപനത്തോടെ മാര്‍ച്ച് 8 അന്താരാഷ്ടവനിതാദിനമായി കൊണ്ടാടിത്തുടങ്ങിയത്. പക്ഷേ സ്ത്രീകള്‍ക്ക് അവരര്‍ഹിക്കുന്ന അവകാശങ്ങളോ സ്വാതന്ത്ര്യമോ ലഭിച്ചിട്ടില്ലായെന്ന നഗ്നയാഥാര്‍ഥ്യം ഇപ്പോഴും ബാക്കിനില്‍ക്കുന്നു. ലോകം കമ്പോളവത്കരിക്കപ്പെട്ടപ്പോള്‍ ഏറ്റവും വിപണിമൂല്യമുള്ള വ്യാപാരഉല്‍പന്നമായി അവളെ മാറ്റിത്തീര്‍ന്നു എന്നതാണ് അവകാശപ്രഖ്യാപനങ്ങള്‍ വിളംബരംചെയ്യുന്ന ആളുകള്‍ ചെയ്തത്. സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ലൈംഗികാക്രമണങ്ങള്‍ക്കറുതിവരുത്താന്‍  കേവലഅവകാശപ്രഖ്യാപനങ്ങള്‍കൊണ്ട് സാധ്യമല്ലായെന്നതിന് വര്‍ത്തമാനലോകം തന്നെയാണ് സാക്ഷി. സ്ത്രീയെക്കുറിച്ച വികലകാഴ്ചപ്പാടുകള്‍ക്ക് മതമതേതര പ്രത്യയശാസ്ത്രങ്ങള്‍ നിമിത്തമായിട്ടുണ്ട്. ശരിയായ ദൈവികദര്‍ശനം മനുഷ്യരാശിയുടെ പക്കല്‍ ആഗതമായിട്ടും അതിനെ വേണ്ടരീതിയില്‍ പരിഗണിക്കുന്നില്ലയെന്നത് ദുഃഖകരമാണ്. എങ്കിലും ആഗോളതലത്തില്‍ സ്ത്രീസമൂഹം  പുരുഷസമൂഹത്തിന്റെ ചട്ടുകമാകാതെ  ദൈവസമര്‍പ്പണത്തിന് സനദ്ധയായി അവളുടെ അന്തസ്സും പദവിയും വീണ്ടെടുക്കുന്നത് കാണാനാകുന്നു.

Related Post