മുസ്ലിം സമൂഹം ഇസ്ലാമിന്റെ അന്തസത്തയില്‍ നിന്ന് വ്യതിചലിക്കുകയും ഇസ്ലാമിന്റെ മൗലിക സിദ്ധാന്തങ്ങളെ കൈയ്യൊഴികെയും ചെയ്യുമ്പോഴൊക്കെ അതിനെ ഇസ് ലാമിന്റെ അച്ചുതണ്ടിലേക്ക് കൊണ്ടെത്തിക്കുവാന്‍ പ്രാപ്തരായ പണ്ഡിതന്മാരുടെയും പരിഷ്ക്കര്‍ത്താക്കളുടെയും ഇടപെടലുണ്ടാവുകയെന്നത് ചരിത്രത്തില്‍ എന്നും സംഭവിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിഭാസത്തിന്റെ രസതന്ത്രം ഇസ്ലാമിക പ്രമാണങ്ങള്‍ തന്നെ വിശദീകരിക്കുന്നുമുണ്ട്. പ്രവാചകന് തിരുമേനിയുടെ ഒരു വചനമിങ്ങനെയാണ് ‘തീര്‍ച്ചയായും എല്ലാ നൂറ്റാണ്ടിന്റെ ആദ്യത്തിലും ഈ ദീനിനെ പുനരുജ്ജീവിപ്പിക്കുന്ന പരിഷ്ക്കര്‍ത്താക്കളെ അല്ലാഹു അയക്കുക തന്നെ ചെയ്യും’.
പ്രവാചകന് തിരുമേനിയുടെ മരണശേഷംമുതല് ഇന്നേവരെയുള്ള ചരിത്രം അതിന് തെളിവാണ്. ഇസ് ലാമിന്റെ ആദര്‍ശങ്ങളില്‍ നിന്ന് മുസ്ലിം സമൂഹം വഴുതി വീണ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ ഇസ്ലാമിക സമൂഹം അതിജയിച്ച് മുന്നോട്ടു നീങ്ങിയത് അല്ലാഹുവിന്റെ അപാരമായ ഇടപെടല്‍മൂലമാണ്. ഈ ദീനിനെ ലോകാവസാനം വരെ നിലനിര്‍ത്താനുള്ള ദൈവികഇടപെടല്‍ തന്നെയാണ് പരിഷ്ക്കര്ത്താക്കളിലൂടെ നിര്‍വഹിക്കപ്പെടുന്നത്.ഉമറുബ്നു അബ്ദുല്‍അസീസ് ഒന്നാം നൂറ്റാണ്ടിലും രണ്ടാം നുറ്റാണ്ടില്‍ മദ്ഹബിന്റെ ഇമാമുകളും ഇമാം ഗസാലിയും ഇബ്നു തൈമിയയും അവരവരുടെ കാലഘട്ടത്തില്‍ ഇസ്ലാമിന്റെ പുനരുജ്ജീവനത്തിനു വേണ്ടി മുന്നോട്ടു വന്ന ഇസ് ലാമിന്റെ നവോത്ഥാന നായകന്മാരാണ്. 12 ാം നൂറ്റാണ്ടിലെ ശൈഖ് മുഹമ്മദി ബ്നു അബ്ദുല്‍ വഹാബും ഈ നിരയില്‍ എണ്ണപ്പെടുന്നവരാണ്. പതിമൂന്നാം നൂറ്റാണ്ടിലെ പരിഷ്ക്കര്‍ത്താക്കളെ എണ്ണുന്നതില്‍ ഇസ് ലാമികലോകത്ത് ഒരു ചെറിയ മാറ്റമുണ്ട്. മുന്‍ കാലങ്ങളില്‍ ഒരു വ്യക്തി ചെയ്ത ഇസ്ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഇസ് ലാമിക പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കുകയും നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ നവജാഗരണത്തില് ഏറ്റവും ശക്തമായ പങ്കുവഹിച്ച ഇഖ്വാനുല്‍ മുസ്ലിമൂന് എന്ന സംഘടനയുടെ അമരക്കാരന് എന്ന നിലയില്‍ ശഹീദ് ഹസനുല്‍ ബന്നയുടെ പ്രവര്‍ത്തനങ്ങളെ ഒരു നവോത്ഥാന നായകന് എന്ന നിലയില്‍ വിലയിരുത്തുന്നത് തെറ്റായിരിക്കില്ല. ഇഖ്വാനുല്‍ മുസ്ലിമൂന് പോലെ ലോകത്തിന്റെ പല ഭാഗങ്ങളിലും പല പ്രസ്ഥാനങ്ങളും ഇസ് ലാമിന്റെ നവോത്ഥാന സംരഭങ്ങളുമായി മുന്നോട്ടു വരികയും നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ആധുനിക കാലത്തെ മനുഷ്യ നിര്‍മ്മിത ഭൗതിക പ്രത്യയശാസ്ത്രങ്ങളെ അതിജയിക്കാന്‍ കെല്പുള്ള ഇസ്ലാമികാധ്യാപനങ്ങളെ ലോകത്തിന് മുമ്പില്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ലോകത്തിലെ ഇതരഇസ് ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിച്ചത് ഇമാം ഹസനുല്‍ ബന്ന രൂപീകരിച്ച ഇഖ് വാനുല്‍ മുസ്ലിമൂന് ആയിരുന്നുവെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.
ശഹീദ് ഹസനുല്‍ ബന്നയുടെ പ്രവര്‍ത്തനങ്ങളെയും ആധുനിക ഇസ്ലാമിക ലോകത്തിന് അദ്ദേഹം നല്കിയ സംഭാവനകളെയും അറബ് വസന്തത്തിന് ശേഷമുള്ള കാലത്ത് വിലയിരുത്തപ്പെടുമ്പോള്‍ തീര്‍ച്ചയായും അതിന് കാതലായ വ്യത്യാസമുണ്ട്. അറബ് വസന്തത്തിന് മുമ്പുംശേഷവും ശഹീദ് ഹസനുല്‍ ബന്ന ലോകജനതക്കു മുമ്പില്‍ വീക്ഷിക്കപ്പെടുന്നതിന്റെ പ്രകടമായ മാറ്റം ശ്രദ്ധേയമാണ്.
അധിനിവേശകര്‍ക്കു മുമ്പില്‍ അടിയറവു പറഞ്ഞ ഈജിപ്തിലെ ഫറൂഖ് രാജാവിനോട് ഈജിപ്തിന്റെ ഇസ്ലാമികപാരമ്പര്യത്തെയും ഇസ്ലാമിന്റെ അജയ്യതയെയും ബോധ്യപ്പെടുത്തിക്കൊടുക്കുമ്പോള്‍ അത് ആന്ദോളനം സൃഷ്ടിച്ചത് ഫറൂഖ് രാജാവിലും ഈജിപ്ത്യന്‍ ജനതയിലും മാത്രമായിരുന്നില്ല, അധിനിവേശത്തിന്റെ നിന്ദ്യത ഏറ്റുവാങ്ങിയ മുഴുവന്‍ അറബുരാജ്യങ്ങളിലുമായിരുന്നു. ഇസ്ലാമിന്റെ സമഗ്രത ഉള്‍ക്കൊണ്ട് ഇസ്ലാമിക നാഗരികതയുടെ ഉത്തുംഗതയില്‍ വിരാചിച്ച ഒരു ഉത്തമ സൂമൂഹത്തിന്റെ പിന്‍ഗാമികളെ അധിനിവേശകരില്‍ നിന്ന് ലഭിക്കുന്ന രാഷ്ട്രീയസ്വാതന്ത്ര്യം എന്ന ചെറിയ ലക്ഷ്യത്തിലേക്ക് നയിക്കുക എന്നതായിരുന്നില്ല ശഹീദ് ഹസനുല്‍ ബന്നയുടെ ലക്ഷ്യം. ഈജിപ്ത്യന്‍ ജനതക്ക് പ്രതാപത്തിന്റെയും ഐശ്വര്യത്തിന്റെയും സുന്ദര നാളുകള്‍ പ്രദാനം ചെയ്ത ഇസ് ലാമിന്റെ ശാദ്വല തീരത്തേക്ക് ഈജിപ്ത്യന്‍ ഭരണ സാമൂഹിക വ്യവസ്ഥയെ കൈപിടിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. പാശ്ചാത്യ മേല്‍ക്കോയ്മയോട് എതിരിടാന്‍ പോന്ന ആദര്‍ശപരവും ബൗദ്ധികവുമായ ഇസ്ലാമിന്റെ ശേഷിയെ തിരിച്ചറിയാന്‍ കഴിയാതിരുന്ന പടിഞ്ഞാറിന്റെ റാന്മൂളികള് അദ്ദേഹത്തിനെതിരെ തിരിഞ്ഞതും അതിനാലാണ്. |