ഇന്ന് യു.എന്‍ വിദ്യാഭ്യാസ സാംസ്കാരിക വിഭാഗമായ യുനെസ്കോ ലോകമൊട്ടുക്കും അറബിക് ഭാഷാ ദിനമായി ആചരിക്കുന്നു. അറബി ഭാഷ ലോക നാഗരികതക്ക് നല്കിയ സംഭാവനകളെ ലോക സമക്ഷം അവതരിപ്പിക്കാനുള്ളതാണ് അറബിക് ഭാഷാ ദിനം.
2010-ലാണ് യു.എനിലെ ഔദ്യോഗിക ഭാഷ കൂടിയായ അറബിയുടെ ഉന്നമനത്തിന് വേണ്ടി പ്രത്യേക ദിവ സമെന്ന ആശയം യുനെസ്കോ ആരംഭിച്ചത്. ഒരു ബില്യണ്‍ ആളുകളുടെ സംസാര ഭാഷയും 20-ലധികം രാഷ്ട്രങ്ങളുടെ മാതൃഭാഷയുമാണ് അറബി.
തത്വശാസ്ത്രം, സാഹിത്യം, വൈദ്യം തുടങ്ങിയ വിജ്ഞാന ശാഖകളുടെ വളര്‍ച്ചക്കും ലോക സംസ്കാര ത്തിനും അറബി ഭാഷ നല്കിയ സംഭാവനകള്‍ വലുതാണെന്ന് യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഇറിന ബൊവാകൊ പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞു. അറബിയിലെ ഗദ്യ-പദ്യ രചനകള്‍ക്കും കാലിഗ്ര ഫി എഴുത്ത് രൂപങ്ങള്‍ക്കും സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. അറബി ഭാഷയുടെ പ്രാധാന്യവും സംഭാ വനകളും എടുത്തു കാണിക്കുന്ന നിരവധി പരിപാടികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ലോകത്തി ന്റെ വിവിധ കോണുകളില്‍ അരങ്ങേറും.
ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക (celebrate multilingualism and cultural diversity) എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോ ഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുട നീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.
ലോക അറബിക് ഭാഷാ ദിനം : “അറബി ഭാഷയുടെ മാധുര്യവും മഹത്വവും” – ഡോ. അബ്ദുറഹ്മാന് സുദൈസിന്റെ വാക്കുകൾ
സമൂഹങ്ങളുടെ ചരിത്രവും നാഗരികതകള്‍ മാറി വരുന്നതും പരിശോധിച്ചാല്‍ അവയുടെയെല്ലാം അടിസ്ഥാനം ഭാഷയാണെന്ന് കാണാം. മുസ്ലിം സമൂഹത്തെ ശ്രേഷ്ഠവും ശുദ്ധവുമായ ഒരു ഭാഷ നല്കി അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു- അത് ഖുര്‍ആനിന്റെ ഭാഷയായ അറബിയാണ്. അറബി നറുമണം വീശുന്ന ഒരു പുഷ്പവും ലോകത്തിന്റെ സത്യപ്രകാശവുമാണ്. മനുഷ്യ തലമുറകളുടെ സാക്ഷ്യവും ഉന്നതിയുടെ ഉറവിടവുമാണ്.
ദാഹിക്കുന്ന മനസ്സുകള്‍ക്ക് ദാഹശമനം നല്കുന്ന നീര്‍ത്തടവും തലമുറകള്‍ക്ക് വെളിച്ചമേകുന്ന ജ്വലിക്കുന്ന ദീപവുമാണ്.
അറബികള്‍ ഇസ്ലാമിന് മുമ്പ് പരസ്പരം പോരടിച്ച് അനൈക്യത്തില്‍ കഴിയുന്ന സമൂഹമായിരുന്നു. ഖുര്‍ആന്റെ സുന്ദരമായ ഭാഷ അവരെ ഏകോപിപ്പിച്ചു. അവര്‍ക്കു മനുഷ്യത്വവും ധീരതയും പ്രദാനം ചെയ്തു. അങ്ങനെ ഭാഷയുടെ വിരിപ്പില്‍ അവര്‍ ഒന്നിച്ചിരുന്നു. അതിന്റെ തണലില്‍ ഗദ്യവും പദ്യവും രചിച്ചു. പ്രശംസാ കാവ്യങ്ങളും വിലാപ കാവ്യങ്ങളും ആക്ഷേപ കാവ്യങ്ങളും പാടി.
മഹത്തായ അറബി ഭാഷയോട് നമുക്ക് ചില കടമകളുണ്ട്. നാം അതിനെ നനച്ചു വളര്‍ത്തണം. അതിന്റെ സ്ഥാനം പരിരക്ഷിക്കണം. അതിനു നേരെ ആക്രമണമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കണം. ഇത് ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടമാണ്.
വികലമായ നാടന്‍ അറബി സര്‍വ വ്യാപകമാവുകയാണ്. വിജ്ഞാന വിസ്ഫോടനവും ചാനല്‍- ഇന്റര്‍നെറ്റ് വിപ്ലവവും അറബി ഭാഷയുടെ സൗന്ദര്യം നശിപ്പിക്കുകയാണ്. മുമ്പ് അറബി ഒരു മധുര
ഗാനം പോലെ ഹൃദയവര്‍ജകമായിരുന്നു. പൂര്‍വികര്‍ അതില്‍ അഭിമാനം കൊണ്ടിരുന്നു. അവരുടെ ചിന്തകളും വിജ്ഞാനങ്ങളും സുന്ദരമായ അറബിയിലാണ് പ്രകാശിപ്പിച്ചിരുന്നത്. മാറി വന്ന നാഗരി കതകള് പലതിനെയും അത് സത്യസന്ധമായി അവതരിപ്പിച്ചു. ഇസ്ലാം സ്വീകരിച്ച എല്ലാ സമൂഹങ്ങ ളെയും അത് കൂട്ടിയിണക്കി. അവരുടെ ആശയങ്ങളെയും അഭിരുചികളെയും ഏകീകരിപ്പിച്ചു.
എന്നാല്‍ ഇന്ന് പല മുസ്ലിം സമൂഹങ്ങള്‍ക്കിടയിലും അതിന് ശക്തിക്ഷയം സംഭവിച്ചിരിക്കുന്നു. അതിന്റെ സുഗന്ധത്തിന്റെ വീര്യം കുറഞ്ഞിരിക്കുന്നു. അനറബി സ്വാധീനം വര്‍ദ്ധിച്ചിരിക്കുന്നു. അതിന്റെ സുന്ദരമായ ഉടുപ്പിന് പകരം മറ്റൊന്നണിയിച്ചിരിക്കുന്നു. നമ്മുടെ മുന്‍ഗാമികള്‍ അറബി ഭാഷക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്. വ്യാകരണത്തെറ്റ് വരുത്തുന്ന കുട്ടികളെ അവര്‍ ശിക്ഷിക്കുമായിരുന്നു. ശുദ്ധമായ, സാഹിത്യ ശൈലിയുള്ള ഭാഷ ഉപയോഗിച്ചാല്‍ അവര്‍ സമ്മാനം നല്‍കുമായിരുന്നു.
ഉമറുബ്നുല്‍ ഖത്താബ് പറയുന്നു: നിങ്ങള്‍ അറബി പഠിക്കുക. അത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കും.
അബൂമൂസല്‍ അശ്അരിയുടെ എഴുത്തുകാരന് ഉമറിന് അയച്ച കത്തിന്റെ തുടക്കം ഇതായിരുന്നു. ‘മിന് അബൂ മൂസാ…’ (ശരിയായ രൂപം മിന് അബീ മൂസാ) ഉടനെ ഉമര്‍ മറുപടി എഴുതി: ‘അവനെ ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കി മറ്റൊരാളെ നിയമിക്കൂ!’.
ഇമാം ശാത്വിബീ പറയുന്നു: ശരീഅത്ത് അറബി ഭാഷയിലാണ്. അറബി പഠിക്കാതെ അത് യഥാവിധി മനസ്സിലാക്കാന്‍ കഴിയില്ല. അറബി പഠിക്കാന്‍ ആരംഭിക്കുന്നതിനര്ത്ഥം ശരീഅത്ത് പഠിക്കാന്‍ ആരം ഭിക്കുന്നു എന്നതാണ്.
ഇമാം ഇബ്നു കസീര്‍ പറയുന്നു: അറബി, ഭാഷകളില്‍ വെച്ച് ഏറ്റവും അധികം സ്ഫുടതയും തെളിമയും മാധുര്യവുമുള്ളതും ഏറ്റവും മികച്ചതും വിശാലമായതുമായ ഭാഷയാണ്. ഉള്ളിലെ ആശയങ്ങള്‍ പ്രകാശിപ്പിക്കാന്‍ ഇത്രയും പറ്റിയ ഭാഷ വേറെയില്ല. അതുകൊണ്ടാണല്ലോ അതിവിശിഷ്ടമായ ഗ്രന്ഥം അതിവിശിഷ്ടമായ ഈ ഭാഷയില്‍ അവതരിച്ചത്.
മനുഷ്യര്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ ഈ ഭാഷക്കുള്ള കഴിവ് അംഗീകരിക്കപ്പെട്ടതാണ്. അതുകൊണ്ടാണ് ശത്രുക്കള്‍ അറബിക്കെതിരില്‍ ഇത്രമാത്രം ശബ്ദമുയര്‍ത്തുന്നത്. ഒരു അറബി വിരോധിയുടെ വാക്കുകള്‍ ഇങ്ങനെ: ‘മുസ്ലിംകള് ഖുര്‍ആന്‍ പാരായണം ചെയ്യുകയും അറബി സംസാരിക്കുകയും ചെയ്യുന്നേടത്തോളം കാലം അവരെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് അവരുടെ മുഖത്തു നിന്ന് ഖുര്‍ആന്‍, വേര്‍പ്പെടുത്തുകയും അവരുടെ നാവുകളില്‍ നിന്ന് അറബി പിഴുതെറിയുകയും വേണം’- ക്രൂരമായ ഒരാക്രമണമാണ് അവര്‍ അറബിക്കെതിരില്‍ അഴിച്ചുവിടുന്നത്. അറബിയുടെ സാഹിത്യാംശം നഷ്ടപ്പെടുത്തി അതിനെ ഒരു സങ്കരഭാഷയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷേ, അവരുടെ സ്വപ്നങ്ങളെല്ലാം പരാജയപ്പെട്ട് ഭാഷ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. കവി പാടിയത് പോലെ:
സുഗന്ധം വമിക്കുന്ന അമ്പറിന് എന്ത് കുഴപ്പം-
അതിനെ ലഹരിബാധയേറ്റവനും നാറുന്നവനും മണത്തെങ്കില്‍
ഈ വെല്ലുവിളികളും പ്രതികൂലതകളുമെല്ലാമുണ്ടെങ്കിലും അറബി സുരക്ഷിതമാണ്. കാരണം അതിന് സംരക്ഷണം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അതിന് നേരെ തുരുതുരെ അമ്പുകള്‍ എയ്യുന്നവര്‍ ആ ഭാഷ അതിന്റെ ജന്മനാട്ടില് തന്നെ അപരിചിതമാകുമെന്ന് സ്വപ്നം കാണുന്നു. എന്നാല്‍ അറബി ഭാഷ അവരുടെ വായ മൂടിക്കെട്ടി തല ഉയര്‍ത്തി നില്‍ക്കുകയാണ്.
അതങ്ങനെത്തന്നെയായിരിക്കും. കാരണം കവി പറഞ്ഞപോലെയാണ് അറബി ഭാഷയുടെ അവസ്ഥ: ‘ദൈവിക ഗ്രന്ഥത്തെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാഷ, ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങ ളെയും ഉപകരണങ്ങളെയും വിവരിക്കാന്‍ അതിന് എങ്ങനെ കഴിയാതിരിക്കും.’
അതിനാല്‍ നിങ്ങള്‍ ഈ ഭാഷയെ മുറുകെ പിടിക്കുക. നിങ്ങള്‍ മക്കളെ ഇത് പഠിപ്പിക്കുക. നിങ്ങള്‍ക്ക് ഭൗതിക ജീവിതത്തിലും മരണാനന്തരവും നേട്ടങ്ങള്‍ ആര്‍ജ്ജിക്കാം. ഖുര്‍ആനിന്റെ ഭാഷയോട് പൂര്‍വി കര്‍ക്ക് എന്തൊരു കൂറായിരുന്നു. അഅ്മശ് ഒരു മനുഷ്യ സംസാരത്തില്‍ വ്യാകരണത്തെറ്റ് വരുത്തുന്നത് കേട്ടപ്പോള്‍ പറഞ്ഞതിങ്ങനെ: ‘ഇത് കേട്ടിട്ട് എന്റെ മനസ്സ് പൊള്ളുന്നു!’
ഹസന് ബസരി പറയുന്നു: ഞാന്‍ ദുആ ചെയ്യുമ്പോള്‍ വ്യാകരണത്തെറ്റ് സംഭവിച്ചാല്‍ എനിക്ക് പ്രാര് ത്ഥനക്ക് ഉത്തരം കിട്ടുകയില്ലേ എന്നാണ് ഭയം.
അയ്യൂബുസ്സിഖ്തിയാനി വ്യാകരണത്തെറ്റ് പറ്റിയാല്‍ ‘അസ്തഗ്ഫിറുല്ലാ…’ എന്നു പറയുമായിരുന്നു.
ഖലീഫ മഅ്മൂന്‍ അദ്ദേഹത്തിന്റെ ചില കുട്ടികള്‍ വ്യാകരണത്തെറ്റ് വരുത്തുന്നത് കണ്ടപ്പോള്‍ പറഞ്ഞു: നിങ്ങള്‍ക്കെന്തു കൊണ്ട് അറബി നന്നായി പഠിച്ച് സമപ്രായക്കാരെ കവച്ചുവെക്കാന്‍ ശ്രമിച്ചുകൂടാ.
അറബി ഭാഷയെപ്പറ്റി കവി പറഞ്ഞു:
‘കര്‍ണ്ണപുടങ്ങളില്‍ വന്ന് മുട്ടിയാല്‍ കരളില്‍ തണുപ്പ് അനുഭവപ്പെടുന്ന ഭാഷ.’
ഇമാം ശാഫിഈ പറഞ്ഞു: എല്ലാ മദ്ഹബുകളെയും ഉള്‍ക്കൊള്ളുന്നതും പദസമ്പത്ത് വര്‍ദ്ധിച്ചതുമായ ഭാഷ. എന്നാല്‍ ഭാഷാഭിമാനം ഒരിക്കലും ഇതര ഭാഷകള്‍ പഠിക്കുന്നതിന് തടസ്സമാകാന്‍ പാടില്ല. കാരണം ഇസ്ലാം എല്ലാ ഭാഷക്കാരെയും സമൂഹങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു സാര്‍വ്വലൗകിക സന്ദേശമാണ്.
(മസ്ജിദുല്‍ ഹറമില്‍ ഡോ. അബ്ദുറഹ്മാന് സുദൈസ് നടത്തിയ ജുമുഅ ഖുത്ബയുടെ സംഗ്രഹം.
തയാറാക്കിയത്: പി. മുഹമ്മദ് കുട്ടശ്ശേരി