മനുഷ്യമനസ്സ് ഏറ്റവും മലീമസമായിത്തീര്‍ന്ന ഒരു കാലത്താണ് നമ്മുടെ ജീവിതം. മാനവികതക്കെതിരായ അതിക്രമങ്ങള്‍ അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു. സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്തോറും അതുമൂലമുണ്ടാവുന്ന കടന്നാക്രമണങ്ങളും കൈയേറ്റങ്ങളും എല്ലാ സീമകളും ലംഘിച്ചിരിക്കയാണ്. ധാര്‍മികമൂല്യങ്ങള്‍ക്ക് കനത്ത വിലയിടിവ് സംഭവിച്ച കാലം. പരിഹാരത്തിനായി മനുഷ്യന്‍ നെട്ടോട്ടമോടുകയാണ്.
ഇവിടെയാണ് ആത്മസംസ്കരണത്തിന്റെ പ്രാധാന്യം. മനുഷ്യമനസ്സിനെ സംസ്കരിക്കുക എന്നത് എല്ലാ മതങ്ങളുടെയും അന്തര്‍ധാരയാണ്. ഓരോ മതത്തിനും അതിന്റേതായ വൈവിധ്യമാര്‍ന്ന ആത്മസംസ്കരണ പ്രക്രിയകള്‍ ഉണ്ടാവാമെങ്കിലും അതിന് പ്രത്യേകമായ ഊന്നല്‍ നല്‍കാത്ത മതങ്ങളോ ആത്മീയ പ്രസ്ഥാനങ്ങളോ ഇല്ല. ആത്മാവിനെ സ്പര്‍ശിച്ചറിയാന്‍ ശ്രമിച്ചിട്ടില്ലാത്ത പ്രസ്ഥാനങ്ങള്‍ മനുഷ്യനെ കേവലം പദാര്‍ഥമായി മാത്രം കാണുന്നതിനാല്‍ അവയുടെ പരിധിക്കു പുറത്താണ് ആത്മസംസ്കരണം. മതശൃംഖലയിലെ അവസാനക്കണ്ണിയായ ഇസ്‌ലാമിന്റെ മുഖ്യ അജണ്ടകളിലൊന്ന് മനസ്സിന്റെ സംസ്കരണം തന്നെ.
ശരീരം, ആത്മാവ്, മനസ്സ്, ഹൃദയം എന്നിവ അതീവ സന്തുലിതത്തോടെ ഉള്‍ച്ചേര്‍ന്ന അതുല്യവും അത്ഭുതകരവുമായ സൃഷ്ടിയാണല്ലോ മനുഷ്യന്‍. ശരീരത്തിന്റെ വികാസത്തിനും വളര്‍ച്ചക്കും പോഷകാഹാരം അനിവാര്യമാണ്. ശരീരത്തിന് ഹാനികരമായ വിഷഹാരികള്‍ അകത്ത് പ്രവേശിക്കാതിരിക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ മനസ്സിന്റെ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പോഷകാഹാരം നല്‍കുകയും അതിന്റെ വികാസത്തിന് ഹാനികരമായത് തടയുകയും ചെയ്തില്ലെങ്കില്‍ വളര്‍ച്ച പ്രാപിച്ച ശരീരത്തില്‍ വളര്‍ച്ച പ്രാപിക്കാത്ത മനസ്സിന്റെ സാന്നിദ്ധ്യം സൃഷ്ടിക്കുന്ന അവസ്ഥ സങ്കല്പിക്കാവുന്നതെയുള്ളൂ.
വിശുദ്ധഖുര്‍ആനില്‍ അദ്ധ്യായം 91 ഈ അണ്‍ധകടാഹത്തിലെ പതിനൊന്ന് കാര്യങ്ങള്‍ കൊണ്ട് സത്യം ചെയ്തതിന് ശേഷം പറയുന്നത് ആത്മസംസ്കരണത്തിലൂടെ മാത്രമേ മനുഷ്യന് വിജയിക്കാന്‍ കഴിയൂ എന്നാണ്. മനുഷ്യാത്മാവിനെ സംസ്കരിക്കലായിരുന്നു മുഹമ്മദ് നബി ഉള്‍പ്പെടെയുള്ള എല്ലാ പ്രവാചകന്മാരെയും നിയോഗിച്ചതിന്റെ സുപ്രധാനമായ ലക്‌ഷ്യം. ഖുര്‍ആന്‍ പറയുന്നു: “തങ്ങളില്‍നിന്നു തന്നെ അവര്‍ക്ക് ഒരു പ്രവാചകനെ നിയോഗിച്ചയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ അനുഗ്രഹം ചെയ്തിരിക്കുന്നു. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തങ്ങള്‍
ഓതിക്കൊടുക്കുന്നു. അവരുടെ ജീവിതം സംസ്കരിക്കുന്നു. അവരെ വേദവും യുക്തിജ്ഞാനവും പഠിപ്പിക്കുന്നു. ഇതിന് മുമ്പാകട്ടെ ഈ ജനം വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു”(ആലു ഇംറാന്‍164).
വിശ്വാസികള്‍ ശാരീരികമായ ആരാധനകളില്‍ മാത്രം മുഴുകുകയും ഹൃദയത്തിന്റെ ആരാധനകള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലത്താണ് ഇമാം ഗസാലി തന്റെ പ്രസിദ്ധ ഗ്രന്ഥമായ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ രചിച്ചത്. അന്ന് ഇസ്‌ലാമിക കര്‍മശാസ്ത്രം എന്ന് പറയുന്നത് മുലകുടിബന്ധം, വിവാഹം, വിവാഹമോചനം തുടങ്ങിയ ഏതാനും പ്രശ്നങ്ങളുടെ വിധികളിലേക്ക് ചുരുങ്ങിപ്പോയിരുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള ആത്മീയമായ പുനരുജ്ജീവനമായിരുന്നു ഇഹ്യ ലക്‌ഷ്യം വെച്ചിരുന്നത്. നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ അവസ്ഥയും മറ്റൊന്നല്ല.
എന്താണ് ആത്മസംസ്കരണം?
ആത്മസംസ്കരണം എന്നാല്‍ ശരീരത്തെ പീഡിപ്പിക്കലാണ് എന്ന് കരുതുന്നവരുണ്ട്. വനാന്തരങ്ങളില്‍ കഴിഞ്ഞ് സന്യാസജീവിതം നയിക്കലാണ് എന്ന വിശ്വാസക്കാരുണ്ട്. അവിവാഹിതരായി കഴിഞ്ഞാല്‍ ആത്മസംസ്കരണത്തിന്റെ സായൂജ്യം അനുഭവിച്ചു എന്ന് ആശ്വാസം കൊള്ളുന്നവരെയും കാണാം. ഇതൊന്നും ഇസ്ലാമിന്റെ ആത്മസംസ്കരണ രീതിയല്ല.
ആത്മസംസ്കരനത്തിനു അറബിയില്‍ ‘തസ്കിയത്തു നഫ്സ്’ എന്നാണ് പറയുന്നത്. വിശുദ്ധി, വളര്‍ച്ച എന്നീ അര്‍ത്ഥങ്ങളുള്ള അറബി പദമായ ‘സകാ’യില്‍ നിന്നുള്ളതാണ് ‘തസ്കിയത്ത്’ എന്നത്. ഇബ്നു തൈമിയ്യ(റ)യുടെ അഭിപ്രായത്തില്‍ , പ്രയോജനപ്രദമായ അറിവ് കൊണ്ടും സല്‍കര്‍മങ്ങള്‍ കൊണ്ടും അല്ലാഹു കല്പിച്ച കര്‍മങ്ങള്‍ ചെയ്യുകയും നിരോധിക്കപ്പെട്ട കാര്യങ്ങള്‍ ഉപേക്ഷിക്കുകയുമാണ് ആത്മസംസ്കരണം.
ഹൃദയ രോഗങ്ങള്‍
ചികിത്സ അനിവാര്യമായി വരുന്ന മറ്റൊന്നാണ് ഹൃദയരോഗങ്ങള്‍ . മാംസപേശികള്‍ കൊണ്ട് നിര്‍മിതമല്ലാത്ത അദൃശ്യമായ ഹൃദയം. ദൈവികവും പൈശാചികവുമായ സ്വാധീനങ്ങളുടെ വിളനിലം. ശരീരത്തിന്റെ സര്‍വസൈന്യാധിപന്‍. അതിനെ ബാധിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്. കോപം, അസൂയ, പിശുക്ക്, ഭൗതികപ്രമത്തത,അഹങ്കാരം, പ്രകടനാത്മകത,തനിക്കു താന്‍ പോന്നവനാണെന്ന വിചാരം തുടങ്ങി ഹൃദയത്തെ കാര്‍ന്നു തിന്നുന്ന അനേകം വൈറസുകള്‍ . ഇതില്‍ നിന്നെല്ലാം മുക്തമാവണമെന്ന വിചാരം മനസ്സിനെ സദാ മഥിച്ചുകൊണ്ടിരിക്കണം. അല്ലെങ്കില്‍ മരത്തില്‍ ചിതല്‍പുററുകള്‍ കണക്കെ ആ രോഗങ്ങള്‍ നമ്മെ നശിപ്പിക്കും.
കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ പെട്ടെന്നൊരു നിമിഷത്തില്‍ സംഭവിക്കുന്നതല്ല. ആലോചിച്ചും ആസൂത്രണം ചെയ്തും തന്നെയാണ് ഓരോ കുറ്റകൃത്യവും നടക്കുന്നത്.
ഏകദൈവത്തിലധിഷ്ടിതമായ വിശ്വാസവും ആരധനാകര്‍മങ്ങളും ആത്മസംസ്കരണത്തിനും ഹൃദയരോഗത്തിനുമുള്ള ഒന്നാന്തരം ചികിത്സയാണ്. മനസ്സിനകത്ത് ഒരു രാസത്വരകം പോലെ അത് പ്രവര്‍ത്തന നിരതമായാല്‍ മാത്രമേ ജീവിതത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണുകയുള്ളൂ. പതിവായ ഒരനുഷ്ടാനം എന്ന നിലയിലാണ് നാം ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതെങ്കില്‍ , അതിനു ഷഡ്പദത്തിന്റെ ആയുസ്സേയുള്ളൂ.ദിനേനയുള്ള അഞ്ചു നേരത്തെ നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എല്ലാം മനുഷ്യനെ വിവിധ രൂപേണ ശുദ്ധീകരിക്കുന്ന റിഫൈനറികളാണ്.മ്ലേച്ചപ്രവൃത്തികളില്‍നിന്നും മാനസികചാപല്യങ്ങളില്‍നിന്നും നമസ്കാരവും, സാമ്പത്തിക രോഗങ്ങളില്‍നിന്നു മുക്തിപ്രാപിക്കാന്‍ സകാത്തും, സഹാനുഭൂതിയും കാരുണ്യവും സൃഷ്ടിക്കാന്‍ വ്രതാനുഷ്ടാനവും, എകമാനവികബോധം രൂപപ്പെടുത്താന്‍ ഹജ്ജും ഫലപ്രദമായ ആത്മസംസ്കരണ വഴികള്‍ തന്നെ.
മനസ്സിന് നവോന്മേഷം പകരാനും പുതിയ പാഠങ്ങള്‍ പഠിക്കാനും യാത്രകള്‍ ഉപകരിക്കും. നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കണമെന്നും സത്യനിഷേധികളുടെ പരിണാമം എങ്ങനെയായിരുന്നുവെന്ന് ചിന്തിക്കണമെന്നും ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തിയത് എത്ര അന്വര്‍ഥം. പക്ഷെ വ്യക്തിയുടെ മനസ്സില്‍ മാറ്റമുണ്ടാവാതെ ഈ ആരാധനകള്‍ കൊണ്ട് പ്രയോജനമില്ല. “മനുഷ്യ ശരീരത്തില്‍ ഒരു മാംസപിണ്‍ധമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാലോ ശരീരം മുഴുവന്‍ ദുഷിച്ചു. അതത്രേ ഹൃദയം”.
ഫലങ്ങള്‍
ആത്മവിശുദ്ധി കൈവരിച്ച ഒരു മനസ്സിന്റെ ഉടമക്ക് ലഭിക്കുന്ന ആത്മീയവും ഭൗതികവുമായ ഫലങ്ങള്‍ അളവറ്റതാണ്. അല്ലാഹുവും ആഖിരത്തും നിറഞ്ഞു നില്‍ക്കുന്ന മനസ്സ്. ഈമാന്‍ വെട്ടിത്തിളങ്ങുന്ന ഹൃദയം. പ്രവാചകന്റെ മാതൃകകള്‍ സ്വായത്തമാക്കാന്‍ തുടിക്കുന്ന ആത്മാവ്. മനസ്സിന്റെ പോഷകാഹാരമായ ദൈവഭക്തി, ക്ഷമ, ദൈവത്തില്‍ ഭരമേല്പിക്കല്‍ തുടങ്ങിയ ഗുണങ്ങള്‍ ഹൃദയത്തില്‍ തഴച്ചു വളരും. അസൂയ, വിദ്വേഷം, പരദൂഷണം തുടങ്ങിയ മനസ്സിന്റെ കളകള്‍ പിഴുതെറിയപ്പെടും. ഇത്തരമൊരു ജീവിതം നയിക്കാന്‍ കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ക്ക് മക്കളെക്കുറിച്ച് പരിഭവിക്കേണ്ടതില്ല.ഭാര്യക്ക് ഭര്‍ത്താവിനെക്കുറിച്ചും ആശങ്കിക്കേണ്ടി വരില്ല. പരലോകത്ത്, വിശുദ്ധി കൈവരിച്ചവര്‍ക്കുള്ള പ്രതിഫലം ഖുര്‍ആന്‍ ഇപ്രകാരം വ്യക്തമാക്കുന്നു: “സത്യവിശ്വാസികളായി ഹാജരാവുന്നവര്‍ക്കൊക്കെയും (പരലോകത്ത്) ഉന്നത പദവികളുണ്ട്. നിത്യവസന്തമണിഞ്ഞ ആരാമങ്ങള്‍ . അവയ്ക്ക് കീഴിലൂടെ ആറുകള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ അതില്‍ ശാശ്വതമായി വസിക്കും. വിശുദ്ധി കൈക്കൊള്ളൂന്നവര്‍ക്കുള്ള പ്രതിഫലമാണിത്”(ത്വാഹാ 75,76).
അത്തരം ചെറിയ സംഘങ്ങള്‍ക്ക് ഈ ഭൂമിയില്‍ തന്നെ അല്ലാഹുവിന്റെ ഹിതത്താല്‍ വന്‍സംഘങ്ങളെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (2:249, 8:65). ചരിത്രം അതിനു സാക്ഷിയാണ്. ഉമറുല്‍ ഫാറൂഖിന്റെ ഭരണമാണ് ഇന്ത്യക്കനുയോജ്യമെന്ന് ഗാന്ധിജി പറഞ്ഞപ്പോഴും, തന്റെ പാല്‍ക്കാരി ദൈവവിശ്വാസിയായിരിക്കുന്നതാണ് തനിക്ക് ഇഷ്ടം എന്ന് വോള്‍ട്ടയര്‍ പറഞ്ഞപ്പോഴും ഇത്തരം മനസ്സംസ്കരണം സാധിച്ചവരെയാവും അവരുദ്ദെശിച്ചിട്ടുണ്ടാവുക.
(ഇബ്റാഹീം ശംനാട്)