ഇസ്ലാമിന്‍റെ മധ്യമ നിലപാട്
ഇസ്ലാം ഇടതുപക്ഷമോ വലതുപക്ഷമോ അല്ല. കേവല ഭൌതികമോ കേവല ആത്മീയമോ അല്ല. കേവല സാംസ്കാരികമോ കേവല രാഷ്ട്രീയമോ അല്ല. എല്ലാറ്റിലും തീവ്രതക്കും ആലസ്യത്തിനും മധ്യേ മിതമായ നിലപാടനുവര്‍ത്തിക്കുന്ന പ്രസ്ഥാനമാണത്. അതാണ് ഇസ്ലാം. മധ്യമ സമൂഹം -ഉമ്മതന്‍ വസത്വന്‍- എന്നാണ് ഖുര്‍ആന്‍ അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഏതു ദിശയിലുമുള്ള നന്മയെയും അതംഗീകരിക്കുന്നു. തിന്മയെ നിരാകരിക്കുകയും ചെയ്യുന്നു. മധ്യത്തില്‍ നിലകൊള്ളുന്നവന്‍ ഇടത്തുനിന്നും വലത്തുനിന്നും മുന്നില്‍നിന്നും പിന്നില്‍നിന്നുമെല്ലാം ആക്രമിക്കപ്പെടും.
സ്വന്തം താല്‍പര്യങ്ങള്‍ക്കനുഗുണമെന്ന് കാണുമ്പോള്‍ തച്ചവര്‍ തന്നെ തലോടുകയും ചെയ്യും. ഇസ്ലാമിക പ്രബോധനത്തിന് ആഗതരായ പ്രവാചകവര്യന്മാരെല്ലാം എതിര്‍ക്കപ്പെട്ടിട്ടുണ്ട്. എതിര്‍പ്പുകാര്‍ ചിലപ്പോള്‍ സംഭാഷണത്തിനും സന്ധിക്കും സന്നദ്ധരാകുന്നു. അവര്‍ തന്നെ പിന്നീട് പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ പട നയിച്ചതായും കാണാം. അതാണ് ചരിത്രം. പഴയതു മാത്രമല്ല, പുതിയതും. കഴിഞ്ഞ നൂറ്റാണ്ടില്‍ ഈജിപ്തില്‍ വിപ്ളവം നടത്തിയത് വിപ്ളവ സൈന്യവും മുസ്ലിം ബ്രദര്‍ ഹുഡും ചേര്‍ന്നായിരുന്നു. അതേ വിപ്ളവ ഗവണ്‍മെന്റാണ് പിന്നീട് ബ്രദര്‍ ഹുഡ് നേതാവ് സയ്യിദ് ഖുത്വ്ബിനെ തൂക്കി കൊന്നതും ബ്രദര്‍ ഹുഡിനെ നിരോധിച്ചതും.
ഇന്ത്യാ രാജ്യത്ത് ഇസ്ലാമിക പ്രവര്‍ത്തനത്തില്‍ നാം പ്രവര്‍ത്തിക്കുമ്പോള്‍ ഇവിടത്തെ സകലമാന കക്ഷികളും അതിനെ പട്ടുമെത്ത വിരിച്ച് സ്വീകരിച്ചുകൊള്ളുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല; കടുത്ത എതിര്‍പ്പുകളും വിമര്‍ശനങ്ങളുമുണ്ടാകു മെന്നറിഞ്ഞു കൊണ്ടുതന്നെയാണ്. എതിര്‍പ്പുകള്‍ക്കിടയിലും കുറെ നിഷ്പക്ഷരായ സത്യാന്വേഷികള്‍ അതിനെ കണ്ടെത്തുമെന്ന് തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ തെറ്റിയിട്ടില്ല.
മാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍
വിശേഷിച്ചും സത്യസന്ധതയുടെയും മര്യാദയുടെയും എല്ലാ അതിരുകളും ഭേദിച്ചു കൊണ്ട് ഈ ഇസ്ലാമിക വിരുദ്ധ അങ്കം പൊലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു വിഭാഗം എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും പട വേറെ. ഉത്തരം ലളിതമാണ്. രാഷ്ട്രീയക്കാര്‍ക്ക് താല്‍ക്കാലിക രാഷ്ട്രീയ താല്‍പര്യങ്ങള്‍. മാധ്യമങ്ങള്‍ക്ക് കച്ചവടം. ബുദ്ധിജീവികളില്‍ ചിലര്‍ക്ക് തെറ്റിദ്ധാരണകളാണെങ്കില്‍ മറ്റു ചിലര്‍ക്ക് പകപോക്ക ലാണ്. ഇതില്‍നിന്ന് വ്യക്തമാണീ കോലാഹലത്തിന്റെ നിരര്‍ഥകത.
.
ഇസ്ലാംവിമര്‍ശനങ്ങളുടെ ലക്ഷ്യം ഇസ്ലാമിനെ നേരിട്ട് മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത സാധാരണക്കാരില്‍ തെറ്റുധാരണ സൃഷ്ടിക്കാന്‍ സഹായകമാകും.. മുസ്ലിം ഈ ആരോപണങ്ങളില്‍ പ്രകോപിതരാവരുത്. തികഞ്ഞ സംയമനത്തോടെ ബഹുജന സമ്പര്‍ക്കം പൂര്‍വോപരി വര്‍ധിപ്പിച്ചും ഇസ്ലാമിന്റെആദര്‍ശവും നയനിലപാടുകളും യഥാവിധം വിശദീകരിച്ചുകൊണ്ടുമാണ് ഈ സാഹചര്യത്തെ മറികടക്കേണ്ടത്. അസത്യം എത്ര പൊലിപ്പിക്കപ്പെട്ടാലും ഏറെക്കാലം നിലനില്‍ക്കാന്‍ പോകുന്നില്ല; ഹിമാലയത്തോളം പൊങ്ങിയാലും സത്യത്തിന്റെ സ്പര്‍ശമേറ്റാല്‍ അത് പൊട്ടിപ്പോകും. അല്ലാഹുവിന്റെ സഹായത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക. അവന്‍ തുണച്ചാല്‍ ഈയൊരു ലോകമല്ല, ഇരേഴു ലോകം ഒന്നിച്ചു വേട്ടയാടിയാലും ഒന്നും സംഭവിക്കുകയില്ല.
ഇസ്ലാമിനെ കുറിച്ചുള്ള തെറ്റുധാരണകള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ തീവ്രമായ പരിശ്രമങ്ങള്‍ നടത്തുന്ന പല പ്രസ്ഥാനങ്ങളും വ്യക്തികളും ആധുനികകാലഘട്ടത്തിലുണ്ട്. ഇസ്ലാം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വംശീയതയുടെയും മതമാണെന്നും സഹിഷ്ണുതയും മനുഷ്യസ്നേഹവും ഇസ്ലാമിന് അന്യമാണെന്നും ഇസ്ലാമിനെതിരില്‍ ആശയപ്രചരണം നടത്തുന്നവര്‍ പ്രചരിപ്പിച്ചു .
ശരിയായ അറിവ്
ഒരു മതമെന്ന നിലയില്‍ ഇസ്ലാമിനെക്കുറിച്ച് ശരിയായ വിധത്തില്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യാത്ത വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരം വികലമായ ആശയങ്ങളും ചിന്താരീതികളും അതിവേഗം വ്യാപിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു എന്നത് വര്‍ത്തമാനകാലഘട്ടത്തിന്റെ ദുരനുഭവങ്ങളില്‍ ഒന്നാണ്. ഇസ്ലാം തീവ്രവാദമാണ്, ഭീകരവാദമാണ്, മാനവികവിരുദ്ധമായ വിശ്വാസസംഹിതയാണ് എന്നിങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോ അവരെ പിന്‍പറ്റുന്നവരോ ഒന്നുകില്‍ ഇസ്ലാമിനെ അടുത്തറിയാത്തവരോ, അതല്ലെങ്കില്‍ അറിയാവുന്ന ഗുണങ്ങള്‍ മറച്ചുവെച്ച് ഇസ്ലാമിന്റെ പേരില്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരോ ആയിരിക്കും.
ഇസ്ലാം അതിന്റെ ആശയങ്ങളിലും, തത്ത്വങ്ങളിലും പുലര്‍ത്തുന്ന മനുഷ്യോന്‍ മുഖങ്ങളായ നന്മകളും ഗുണങ്ങളും അതുല്യങ്ങളാണ.് മധ്യമമാര്‍ഗ സമീപനം അവലംബിച്ചുകൊണ്ട് വിശ്വാസപരവും കര്‍മപരവുമായ മേഖലകളില്‍ കാലത്തിന്റെ പ്രത്യാശയും പ്രതീക്ഷയുമായിത്തീരുവാനാണ് ഇസ്ലാം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. യാതൊരു കാര്യത്തിലും തീവ്രത പാടില്ല, അതിരുലംഘനം പാടില്ല, മതത്തിന്റെ മൌലികവശങ്ങള്‍ക്കെതിരായ സ്വയംവ്യാഖ്യാനങ്ങള്‍ പാടില്ല, മതത്തിന്റെയും വ്യക്തികളുടെയും നിലനില്‍പിനെ അപകടപ്പെടുത്തുന്ന ചിന്താഗതികള്‍ നിര്‍മിക്കുവാനും പ്രചരിപ്പിക്കുവാനും പാടില്ല എന്നിങ്ങനെയുള്ള കണിശമായ നിര്‍ദേശങ്ങള്‍ ക്വുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീവ്രവാദം, ഭീകരവാദം, മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവ ഇസ്ലാമുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടാവുന്ന വിഷയങ്ങളുമല്ല. സത്യം ഇതായിരുന്നിട്ടും, ലോകത്ത് ഒരു മതത്തിനും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തത്ര രൂക്ഷവും ശക്തവുമായ ആരോപണങ്ങള്‍ ഇസ്ലാമിനുനേരെ ഉയര്‍ന്നു വന്നുകഴിഞ്ഞിരിക്കുന്നു.
മുഹമ്മദ് നബി(സ്വ)യില്‍ നന്മ ദര്‍ശിക്കാത്ത, കരുണയുടെ അംശം കാണാത്ത യുക്തിവാദികള്‍ വിമര്‍ശകരുടേതല്ലാത്ത നബിചരിത്രം ഒരാവര്‍ത്തി വായിക്കണം. അദ്ദേഹത്തിന്റെ വചനാമൃതങ്ങള്‍ പഠിക്കണം. മുഹമ്മദ് നബി (സ്വ)പറഞ്ഞു: “ജനങ്ങളോട് കരുണ കാണിക്കാത്തവന് അല്ലാഹു കരുണ ചെയ്യില്ല” (ബുഖാരി, മുസ്ലിം).
മക്കയില്‍ ജീവിച്ച പതിമൂന്നു വര്‍ഷക്കാലം കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു പ്രവാചകനും അനുയായികള്‍ക്കും. പക്ഷേ, തിരിച്ചൊന്നും ചെയ്തില്ല. വിമര്‍ശകന്‍ പറയുന്നതുപോലെ അത് ആള്‍ബലവും അധികാരവും ഇല്ലാത്തതിന്റെ പേരിലായിരുന്നില്ല.
അല്ലാഹുവിന്റെ അനുമതി ലഭിക്കാത്തതിനാലായിരുന്നു. ചുമട് വീട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുന്ന വൃദ്ധയുടെ ചുമട് തലയിലേറ്റി വീട്ടിലെത്തിച്ചുകൊടുത്ത പ്രവാചകന്‍(സ്വ), പിതൃവ്യനായ ഹംസയെ കൊന്ന് കരള്‍പറിച്ചെടുത്തു ചവച്ചുതുപ്പിയ വ്യക്തിക്ക് മാപ്പുകൊടുത്ത പ്രവാചകന്‍(സ്വ), ജൂതന്റെ മൃതദേഹം കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന തിരുദൂതന്‍… അതെ, അദ്ദേഹം കാരുണ്യത്തിന്റെ ദൂതനായിരുന്നു; ആ ദൂതനിലൂടെ അല്ലാഹു ലോകത്തിനു സമര്‍പിച്ച മതം മാനവികതയുടെ മതവും.
ധര്‍മം ചോദിച്ചുവന്ന, സംസ്കാരമെന്തെന്നറിയാത്ത ഒരു ഗ്രാമീണ അറബി പ്രവാചകന്റെ ചുമലില്‍ കിടക്കുന്ന മുണ്ടില്‍ ശക്തമായി പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടും പുഞ്ചിരിയോടെ അയാളെ നോക്കുകയും അയാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കല്‍പിക്കുകയുമാണ് അദ്ദേഹം ചെയ്തത്! മാനവരാശിക്കാകമാനമുള്ള മാതൃകാപുരുഷന്റെ സ്വഭാവ വൈശിഷ്ഠ്യം! ‘ഒരു ഗ്രാമീണന് ഇത്രയും ധിക്കാരമോ, അല്ലാഹുവിന്റെ ദൂതനും വിശ്വാസികളുടെ നേതാവുമായ എന്നെ അപമാനിച്ച ഈ മനുഷ്യനെ വെറുതെ വിട്ടുകൂടാ’ എന്നൊന്നും ആ മഹാനുഭാവന്‍ ചിന്തിച്ചില്ല.
വിശുദ്ധ ക്വുര്‍ആനിന്റെ കല്‍പനകള്‍ കൃത്യമായും ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. അല്ലാഹു പറയുന്നു:
“വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക” (7:195).
പ്രവാചകന്‍(സ്വ) തനിക്കുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാര നടപടി സ്വീകരിച്ചിട്ടില്ല! സ്ത്രീകളെയോ ഭൃത്യരെയോ ഒരിക്കലും പ്രഹരിച്ചിട്ടില്ല!
‘ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല”(ബുഖാരി).
അന്യമതസ്ഥരോടുള്ള നിലപാട്
സ്വന്തം ആദര്‍ശം മുറുകെപ്പിടിച്ചുകൊണ്ട് അന്യമതസ്ഥരുമായി സ്നേഹത്തിലും സൌഹാര്‍ദത്തിലും കഴിയുവാനാണ് ഇസ്ലാം കല്‍പിക്കുന്നത്. അയല്‍വാസി ഏതു മതക്കാരനാണെങ്കിലും അയാള്‍ പട്ടിണി കിടക്കുകയാണെങ്കില്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാതെ വയര്‍നിറച്ചുണ്ണുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ല എന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധംചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍ നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (60:8).
പരിണാമവാദം
ദൈവനിഷേധത്തിന് സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കാന്‍ ശാസ്ത്രത്തെ ഉപയോഗിക്കുവാന്‍ ശ്രമിച്ചവരാണ് ഭൌതികവാദികള്‍. ശാസ്ത്രീയമായ ഗവേഷണങ്ങളെല്ലാം ദൈവാസ്തിത്വത്തിന് തെളിവു നല്‍കുകയാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കുകയും അസത്യജഢിലമായ വാദങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ മുഖംമൂടിയണിയിക്കുകയും ചെയ്തുകൊണ്ടാണ് ഇവര്‍ ദൈവനിഷേധത്തെ ശാസ്ത്രവല്‍കരിക്കാന്‍ ശ്രമിക്കുന്നത്.