ജീവിതവീക്ഷണം

ജീവിതവീക്ഷണം
അബ്ദു റസ്സാക്ക്  kid_painting

പ്രപഞ്ചവും അതിലെ വസ്തുക്കളും അതിനെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്ന നിയമങ്ങളും എല്ലാം തന്നെ ദൈവം സൃഷ്ടിച്ചതാണ്. മനുഷ്യന്‍ ദൈവത്തിന്റെ സവിശേഷസൃഷ്ടിയുമാണ്. അവന്റെ ശരീരം ഭൗമധാതുക്കളാല്‍ സംഘടിക്കപ്പെട്ടിരിക്കുന്നു; അതേ സമയം അവന് അഭൗമികമായ ആത്മാവുമുണ്ട്. ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധി എന്നതാണ് മനുഷ്യന്റെ സവിശേഷസ്ഥാനം. ദൈവത്തിനു പകരക്കാരന്‍ എന്ന അര്‍ഥത്തിലല്ല ഇത്. മറിച്ച്, ദൈവത്തിന്റെ ധാര്‍മികനിയമങ്ങളും, വിധിവിലക്കുകളും പാലിച്ച് അവന് ഹിതകരമായ ദിശയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവന്‍ എന്ന അര്‍ഥത്തിലും, പ്രവര്‍ത്തന തിരഞ്ഞെടുപ്പുസ്വാതന്ത്ര്യമുള്ള സകല കാര്യങ്ങളിലും ദൈവത്തെ പരമമായ മാനദണ്ഢമാക്കി ദൈവത്തിനുവേണ്ടി എല്ലാം ചെയ്യുന്നവന്‍ എന്ന അര്‍ഥത്തിലുമാണിത്. ഈ വിധേയത്വത്തിന്റെ പ്രത്യക്ഷവും അല്ലാത്തതുമായഎല്ലാ ആവിഷ്‌കാരങ്ങളെയുമാണ് ‘ഇബാദത്ത്’ എന്ന് പറയുന്നത്. ആരാധനകളും കര്‍മങ്ങളും സാമൂഹികരാഷ്ട്രീയവ്യവഹാരങ്ങളും സാമ്പത്തികഇടപാടുകളും സേവനങ്ങളും വികാരവിചാരങ്ങളും പെരുമാറ്റവും എല്ലാം അതിലുള്‍പ്പെടും. ”വിധേയത്വവും അല്ലാഹുവിനുമാത്രമാക്കി അവനെ മാത്രം വഴിപ്പെട്ട് നേര്‍വഴിയില്‍ ജീവിക്കാനല്ലാതെ അവരോട് കല്‍പിച്ചിട്ടില്ല. ഒപ്പം നമസ്‌കാരം നിഷ്ടയോടെ നിര്‍വഹിക്കാനും സകാത്ത്്് നല്‍കാനും അതാണ് ചൊവ്വായ ജീവിതക്രമം.” (ഖുര്‍ആന്‍. 98:5).  ”ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെട്ട് ജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (ഖുര്‍ആന്‍ 51:56) ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായിരിക്കുന്നതിന് ആവശ്യമായ ശാരീരികവും മാനസികവും ബുദ്ധിപരവുമായ യോഗ്യതകളും കഴിവുകളും മനുഷ്യനു ദൈവം നല്‍കിയിരിക്കുന്നു. തിരിച്ചു പറഞ്ഞാല്‍ മനുഷ്യന്റെ സവിശേഷഗുണങ്ങളുടെ ലക്ഷ്യം അവന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധ്യം പൂര്‍ത്തീകരിക്കുക എന്നതാണ്. കരുണ, നീതി, സൃഷ്ടിപരത, യുക്തിഭദ്രത, നന്മ തുടങ്ങിയ അനേകം വിശിഷ്ടങ്ങളായ ദൈവീകഗുണങ്ങള്‍ക്ക് ഭൂമിയില്‍ സാക്ഷിനില്‍ക്കുക എന്നതാണ്. മനുഷ്യനെ ”വിശിഷ്ടമായ ഘടനയില്‍” സൃഷ്ടിച്ചുവെന്നും (ഖുര്‍ആന്‍ 95:4), അവന് ”കണ്ണും,നാക്കും ചുണ്ടും നല്കി”യെന്നും നന്മതിന്മകളുടേതായ ”രണ്ടു പാതകള്‍ കാണിച്ചുകൊടുത്തുവെന്നും” (90:810), ശ്രവണ ദര്‍ശന ശേഷിയും ചിന്താ ശേഷിയും നല്കിയെന്നും (67:24), അവനെ പേന കൊണ്ട് പഠിപ്പിച്ചുവെന്നും (96:45) ദൈവം ഓര്‍മിപ്പിക്കുന്നു.എന്നിട്ടും മനുഷ്യന്‍ നന്ദി കാണിക്കുന്നില്ലെന്ന് ചൂണ്ടികാട്ടുന്നു. ഇതരസൃഷ്ടികളില്‍ നിന്നും മനുഷ്യന്റെ ശാരീരികപ്രവര്‍ത്തനങ്ങളില്‍ ദൈവികനിയമങ്ങളോടുള്ള വിധേയത്വം പ്രകടവും അലംഘനീയവുമാണ്. എന്നാല്‍ ബോധപൂര്‍വമായ അനുസരണം കൂടി മനുഷ്യനില്‍ നിന്ന് ദൈവം ആവശ്യപ്പെടുന്നു. അതിനായി മനുഷ്യന് ഇച്ഛാശക്തിയും സ്വാതന്ത്യ്രവും മാര്‍ഗദര്‍ശനവും നല്‍കിയിരിക്കുന്നു. മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ഈ സ്വാതന്ത്ര്യം അവര്‍ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക മലക്കുകള്‍ പ്രകടിപ്പിച്ചുവെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ദൈവത്തിന്റെ ആജ്ഞകളെ ആനുസരിക്കാതിരിക്കാനാവാത്ത മലക്കുകളില്‍നിന്ന് ഭിന്നമായി മനുഷ്യന് ഇച്ഛാ സ്വാതന്ത്യം നല്‍കിയിരിക്കുന്നു. അത് അവന്റെ ഉത്തരവാദിത്തം കൂടിയാണ്. അവന്റെ മഹത്വവും അതാണ്. കാര്യങ്ങള്‍ വിവേചിച്ചറിഞ്ഞ് ശരിയായത് ചെയ്യുകയാണ് അവന്റെ കടമ. ”മനുഷ്യമക്കളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്ക് നാം കരയിലും കടലിലും വാഹനങ്ങളേകി. ഉത്തമവിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു.”(ഖു. 17 : 70) മനുഷ്യന്‍ ഇഛാപൂര്‍ണം നടത്തുന്ന തെരഞ്ഞെടുപ്പുകളും ചെയ്തികളുമാണ് അവന്റെ മൂല്യം നിര്‍ണയിക്കുന്നത്. ”മനുഷ്യരേ, നിങ്ങളെ മുഴുവന്‍ നാം സൃഷ്ടിച്ചത് ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. നിങ്ങളെ വിവിധ സമുദായക്കാരും ഗോത്രക്കാരുമാക്കിയത് പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിയാണ്. നിങ്ങളില്‍ ഏറ്റവും ജാഗ്രത്തായി സൂക്ഷ്മത പുലര്‍ത്തുന്നവനാണ് ദൈവത്തിനുമുമ്പില്‍ ഉന്നതന്‍” (ഖുര്‍ആന്‍ 49:13). വെളുത്തവന് കറുത്തവനേക്കാളോ അറബിക്ക് അനറബിയേക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ലെന്നും ആദമിന്റെ മക്കളെന്ന നിലക്ക് എല്ലാവരും സമന്‍മാരാണെന്നും മുഹമ്മദ്‌നബി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതം നന്മതിന്‍മകള്‍ തമ്മിലുള്ള നിരന്തരസമരമാണ്. നന്മ ദിവ്യമാണ്; തിന്മ പൈശാചികവും. പിശാച് മനുഷ്യനെ നല്ല വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. മനുഷ്യന്റെ ഇച്ഛകളേയും മോഹങ്ങളേയും സ്വാതന്ത്യ്രത്തെയും പ്രലോഭിപ്പിച്ചും സ്വാധീനിച്ചുമാണ് പിശാച് അവനെ നന്മയില്‍നിന്ന് അകറ്റുന്നത്. മതത്തിന്റെ പേരില്‍ പോലും മനുഷ്യന്റെ നന്മയോടുള്ള ആഭിമുഖ്യത്തെ പിശാച് അട്ടിമറിക്കും. പ്രവാചകന്‍മാരും ആചാര്യന്‍മാരും വേദങ്ങളും ധര്‍മപ്രകൃതിയെ ഉത്തേജിപ്പിക്കുമ്പോള്‍ പൈശാചികശക്തികള്‍ അധര്‍മപ്രകൃതിയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നു. ”മനുഷ്യമനസ്സിന് ധര്‍മവും അധര്‍മവും ദൈവം ബോധനം നല്‍കിയിരിക്കുന്നു. മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ (അതിന്റെ സദ്ഭാവങ്ങളെ) ചവിട്ടിതാഴ്ത്തിയവന്‍ പരാജയപ്പെട്ടു.” (ഖുര്‍ആന്‍ 91:810) ഭൂമിയിലെ ജീവിതം മനുഷ്യന് പരീക്ഷയാണ്. സ്വന്തം മോഹങ്ങള്‍ക്കും ഇഷ്ടത്തിനും എതിരായിപ്പോലും ധര്‍മം ഉയര്‍ത്തിപ്പിടിച്ചവന് ശാശ്വതമായ സ്വര്‍ഗവും സ്വാര്‍ത്ഥത്തിന് വഴിപ്പെട്ട് ദൈവികപ്രാതിനിധ്യത്തെ തള്ളിയവന് നരകവും വാഗ്ദാനം ചെയ്തിരിക്കുന്നു. മനുഷ്യര്‍ ഓരോരുത്തരും പാപികളായാണ് ജനിച്ച് വീഴുന്നതെന്ന സങ്കല്‍പം ഇസ്‌ലാം നിരാകരിക്കുന്നു. ആദിപിതാവ് ആദം ദൈവാജ്ഞ മറന്ന് ധിക്കാരം പ്രവര്‍ത്തിച്ചു. അദ്ദേഹം പശ്ചാതപിച്ചപ്പോള്‍ ദൈവം പൊറുത്തുകൊടുക്കുകയും ചെയ്തു. ഭൂമിയില്‍ ഓരോ മനുഷ്യനും പരിശുദ്ധമായ പ്രകൃതത്തോടെയാണ് ജനിക്കുന്നത്. അവന്‍ ആരുടെയും പാപം ഏല്‍ക്കുന്നില്ല. അവന്റെ പാപം മറ്റാരും ഏല്‍ക്കുകയുമില്ല. അനീതിയും അക്രമവും ധര്‍മനിഷേധമാണ്. ജീവന്‍ ഈശ്വരന്റെ ദാനമാണ്. അത് തിരികെ എടുക്കാന്‍ അവന് മാത്രമേ അധികാരമുള്ളൂ. ഒരാളെ കൊലപ്പെടുത്തുന്നത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തുന്നതിന് തുല്ല്യമാണ്. ആരും ആരെയും മതകാര്യങ്ങളില്‍ നിര്‍ബന്ധിച്ചുകൂടാത്തതാണ്. ചുരുക്കത്തില്‍ സ്വന്തം ആത്മാവിന് ഓരോരുത്തരും ഉത്തരവാദിയാണെന്നും സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി അതിനെ ഭൗതികജീവിതമെന്ന പരീക്ഷയില്‍ വിജയിപ്പിക്കലാണ് പരമമായ ലക്ഷ്യമെന്നും ഇസ്‌ലാം പറയുന്നു. മനുഷ്യന് ജീവിതത്തില്‍ പരമമായ ബാധ്യത ദൈവത്തോടുമാത്രമാണ്.

Related Post