ദുഃഖമുണ്ടോ; പരിഹാരമുണ്ട് ഇസ്ലാമില്‍
വികസിതരാജ്യങ്ങളില്‍ ഏതാണ്ടെല്ലാ മനുഷ്യരും പലവിധപ്രശ്നങ്ങളാലും മനക്ലേശമനുഭവിക്കുന്നവരും ദുഃഖിക്കുന്നവരുമാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ലോകത്ത് ബഹുഭൂരിപക്ഷവും കടുത്ത ദാരിദ്ര്യവും വരള്‍ച്ചയും യുദ്ധവും നിരാശയും ഉയര്‍ത്തുന്ന ഭീഷണികളുടെ നിഴലിലാണ് ജീവിക്കുന്നത്. അത്തരക്കാരെ അപേക്ഷിച്ച് ആധുനികജീവിതസൗകര്യങ്ങളില് അഭിരമിക്കുന്നവര്‍ ഭയത്തെയും ജീവിതസമ്മര്ദ്ദങ്ങളെയും ഉത്കണ്ഠയെയും അതിജീവിക്കാനുള്ള ഉപായങ്ങള്‍ അറിയേണ്ടവരാണ്. പക്ഷേ, സമ്പന്നതയുടെ മടിത്തട്ടിലായിരുന്നിട്ടും അവര്‍ക്ക് ഏകാന്തതയും നിരാശയും അനുഭവപ്പെടുന്നതെന്തുകൊണ്ടാണ്?
സമ്മര്‍ദ്ദം, ഉത്കണ്ഠ, മനോവിഷമം
നാം നമ്മുടെ സകലകഴിവും ഉപയോഗപ്പെടുത്തി ഒരുമിച്ചുകൂട്ടിയ ഭൗതികവിഭവങ്ങള്‍ യഥേഷ്ടമുണ്ടായിട്ടും ഹൃദയശാന്തി ലഭിക്കാത്തതെന്തുകൊണ്ടെന്ന ചോദ്യത്തിനുമുന്നില്‍ ഉത്തരമില്ല. മനുഷ്യചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം കടുത്ത മാനസികപ്രശ്നങ്ങളും ഉത്കണ്ഠകളും വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. മതവിശ്വാസം ഇതിനുപരിഹാരമായി അനുഭവപ്പെടേണ്ടതല്ലേ? ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് ദൈവവുമായി ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്. ജീവിതത്തെക്കുറിച്ച ചിന്തകളൊന്നും തന്നെ ഒറ്റപ്പെടലിന്റെ അവസ്ഥയില്‍നിന്ന് അവനെ കരകയറ്റുന്നില്ല. ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്ന ഭൗതികവിഭവങ്ങള്ക്കായി പ്രയത്നിക്കുന്നത് ന്യായമാണെങ്കിലും അത് പക്ഷേ വിഷമങ്ങള്‍ക്കും മനഃപ്രയാസങ്ങള്‍ക്കും വഴിയൊരുക്കുന്നതില്‍ കലാശിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യം പ്രസക്തമാണ്?
ഇവിടെ നാമാഗ്രഹിക്കുന്നതെല്ലാം കിട്ടുന്നുണ്ട്. എന്നിട്ടും ഒന്നും ആസ്വദിക്കാനാകാതെ ജീവിതം തള്ളിനീക്കുകയാണ്. കാരണം, ആത്മാവിന് തൃപ്തിയാവുന്നില്ല. ഇരുട്ടുനിറഞ്ഞരാവില് തിളങ്ങുന്ന ഫര്‍ണീച്ചറുകള്‍ നമ്മെ കൈപിടിച്ച് ആശ്വസിപ്പിക്കുന്നില്ല. നവയുഗത്തിലെ വിനോദപരിപാടികള്പോലും നമ്മുടെ കണ്ണീര്തുടക്കുന്നില്ല.
വേദനയിലും ദുഃഖത്തിലും കഷ്ടപ്പാടുകളിലും കഴിഞ്ഞുകൂടുന്നവര്‍ ആരോരുമില്ലാത്തവരെപ്പോലെ ജീവിതം തള്ളിനീക്കുകയാണ്. തീരംകാണാത്ത പുറംകടലില്‍ തുഴനഷ്ടപ്പെട്ടവരെപ്പോലെയാണ് അവര്‍. ഏതുനിമിഷവും വലിയ തിരമാല തങ്ങളെ വിഴുങ്ങിയേക്കുമോയെന്നതാണ് അവരുടെ ആശങ്ക. നമ്മുടെ ആഗ്രഹങ്ങളും അതിനെക്കാള്‍ ഉയരത്തിലെത്തിയ കടബാധ്യതകളും ശിക്ഷയുടെ മാലാഖമാരെപ്പോലെ നമ്മെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്നു. അതില്‍നിന്നെല്ലാം ആശ്വാസം നല്‍കുമെന്ന മിഥ്യാധാരണയില്‍ സര്‍വനാശിയായ മയക്കുമരുന്നുകളെ പ്രാപിക്കുന്നു. ഈ വിഷമസന്ധിയില്‍നിന്ന് ഒരു കരകയറ്റം സാധ്യമോ? അതിനുള്ള ഉത്തരമാണ് ചുവടെ:
ഇസ്ലാമാണ് പ്രതിവിധി
വളരെ ലളിതമാണ് പരിഹാരം. നാം നമ്മുടെ സ്രഷ്ടാവിലേക്ക് തിരിയുക. തന്റെ സൃഷ്ടികളെ ഏറ്റവും നന്നായി അറിയുന്നവന് സ്രഷ്ടാവാണല്ലോ. സൃഷ്ടികളുടെ മനോഘടന ഏറ്റവുമടുത്തറിയുന്നതും അവന്‍തന്നെ. അതിനാല്‍ ദുഃഖവും വേദനയും നിരാശയും എല്ലാം അവനറിയുന്നു. ഇരുട്ടില്‍ തപ്പിത്തടയുമ്പോള്‍ നാം അവനെയാണല്ലോ ആശ്രയിക്കുന്നത്. നമ്മുടെ വിഷമങ്ങളെല്ലാം അവനെയേല്പിച്ചാല് മനോവേദന കുറയുന്നു.
‘അറിയുക: ദൈവസ്മരണകൊണ്ട് മാത്രമാണ് മനസ്സുകള്‍ ശാന്തമാകുന്നത് ‘(അര്‍റഅ്ദ് 28).
പൊള്ളയായ അനുഷ്ഠാനങ്ങളും ആചാരങ്ങളും കടുത്ത നിയമങ്ങളും മാത്രമുള്ള വിശ്വാസസംഹിതയാണ് ഇസ്ലാമെന്ന് ജീവിതലക്ഷ്യമറിയാത്ത ആളുകള്‍ക്ക് തോന്നാം. എന്നാല്‍ മനുഷ്യരായ നാം അല്ലാഹുവിന് കീഴ്പ്പെടാനുള്ളവരാണ്. അതിനപ്പുറം മറ്റൊന്നുമില്ല. എന്നാല്‍ പരീക്ഷണങ്ങളും പ്രതിസന്ധികളും നിറഞ്ഞ ലോകത്ത് കരുണാമയനായ അവന് നമ്മെ നിരാശ്രയം അലയാന്‍ വിട്ടയച്ചിട്ടില്ല. അതിനോടെല്ലാം പൊരുതാനുള്ള ആയുധവും അവന് നമുക്കുനല്കിയിട്ടുണ്ട്. ഇന്നത്തെ ഉത്തരാധുനിക ആയുധങ്ങളെക്കാള്‍ ശക്തമാണവ. അല്ലാഹു നമുക്കുനല്കിയ ഖുര്‍ആനും സുന്നത്തുമാണ് അത്.
ഖുര്‍ആന്‍ മനുഷ്യന് മാര്‍ഗദര്‍ശകമാണ്. അതിന്റെ വിശദീകരണമായാണ് പ്രവാചകജീവിതചര്യ കടന്നുവരുന്നത്. അല്ലാഹുവുമായി സദാ ബന്ധം കാത്തുസൂക്ഷിക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന ദര്‍ശനമാണ് ഇസ്ലാം. അതിലൂടെ ദുഃഖവും വിഷമതകളും കൈകാര്യംചെയ്യുകയെളുപ്പമാണ്. എല്ലാം താറുമാറാകുകയും ലോകം അവസാനിക്കുകയും ചെയ്താല്‍ പോലും യാതൊരു മാറ്റവുമില്ലാതെ ബാക്കിയാകുന്നത് അല്ലാഹുമാത്രമാണ്. വിശ്വാസി കാര്യങ്ങളെ മതപരമെന്നും ഭൗതികമെന്നും വിഭജിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ‘സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ടെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു'(അല്‍മാഇദ 9)
നമ്മുടെ അനുസരണവും കീഴ്വണക്കവും അടിമത്തവും അല്ലാഹുവിന് മാത്രമാക്കിയാല്‍ ജീവിതത്തിന് പുതിയ അര്ഥതലങ്ങളുണ്ടാകും. വിശ്വാസി താന്‍ എത്രതന്നെ പരീക്ഷണവിധേയനായാല് പോലും അല്ലാഹുവില്‍നിന്ന് അകലുകയില്ല. നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവവേദ്യമാകുന്നതോടെ അവന്റെ വാഗ്ദാനം സത്യമെന്ന് നാം തിരിച്ചറിയും. പ്രയാസങ്ങളും വിഷമതകളും പ്രഭാതത്തെപ്പോലെ നിത്യസന്ദര്ശകനാകുമ്പോള് അവനിലേക്ക് തിരിയുന്നത് സമാധാനം പകര്ന്നുനല്കും. നാം അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ജിവിക്കുന്നപക്ഷം എല്ലാ പ്രതിസന്ധികളെയും തരണംചെയ്യാനുള്ള കരുത്ത് ആര്‍ജിക്കാം.
നന്മ
വിശ്വാസിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നന്മയാണെന്ന് മുഹമ്മദ് നബി(സ)പറഞ്ഞിരിക്കുന്നു: ‘മുഅ്മിനിന്റെ കാര്യം അത്ഭുതംതന്നെ. എല്ലാം അവന് നേട്ടമായി സംഭവിക്കുന്നു. അവന് എളുപ്പം നല്കിയാല് അവന് അതിന് നന്ദിപ്രകാശിപ്പിക്കുന്നു. അത് അവന് ഗുണമായിരിക്കും. അവന് പ്രതിസന്ധികളിലകപ്പെട്ടാലോ ക്ഷമ കൈക്കൊള്ളുന്നു. അതും അവന് നന്മയാണ്.'(മുസ്ലിം)
മനുഷ്യനെ അലട്ടുന്ന സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം ഇസ്ലാമിലുണ്ട്. തന്റെ ഭൗതികകാമനകളെ പൂര്‍ത്തീകരിക്കാനുള്ള നെട്ടോട്ടത്തിനപ്പുറം കാര്യങ്ങളെ വീക്ഷിക്കാന്‍ അത് ഉണര്‍ത്തുന്നു. ശാശ്വതമായ ജീവിതത്തിന്റെ ഇടത്താവളം മാത്രമാണ് ഇഹലോകം എന്ന് അത് ഓര്‍മിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ ഇഹലോകജീവിതം നൈമിഷികമാണ്. അത് സുഖ-ദുഃഖസമ്മിശ്രമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതം അങ്ങനെയായിരിക്കും.
ഈ സുഖ-ദുഃഖ നിമിഷങ്ങളെ എങ്ങനെ കൈകാര്യംചെയ്യണമെന്നാണ് ഖുര്‍ആനും സുന്നത്തും നമ്മെ പഠിപ്പിക്കുന്നത്. അതെപ്പറ്റി അടുത്ത ലേഖനത്തില്‍ നമുക്ക് വായിക്കാം.