എങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗം ഉറപ്പുനല്‍കാം’

 

എഴുതിയത് : അര്‍ഷദ് മുഹമ്മദ് നദ്‌വി
കുറ്റവാളികള്‍പോലും കുറ്റകൃത്യങ്ങള്‍ നിര്‍ത്തിവച്ച് നോമ്പെടുത്തു പള്ളിയില്‍ കയറുന്ന മാസമാണല്ലോ റമദാന്‍. ഏതു പള്ളിയും നോമ്പുകാലമായാല്‍ ദൈവവിശ്വാസവും പരലോകചിന്തയും ഉയര്‍ന്ന സാംസ്‌കാരികവിചാരങ്ങളും കൊണ്ടു നിറയും. നന്മനിറഞ്ഞ ആ മാസത്തെ വിശ്00000000000000വാസികള്‍ കണ്ണീരോടെയാണു യാത്രയാക്കാറ്.
റമദാന്‍ വിടപറയാന്‍ ഒന്നുരണ്ടു ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാട്ടിലെ ഇമാമുമായി സൗഹൃദവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു ചില ചെറുപ്പക്കാര്‍. അതിനിടയില്‍ അവരിലൊരാള്‍ പറഞ്ഞു: ”അല്ല ഉസ്താദേ, ഇസ്‌ലാമിത്ര മനോഹരമാണെന്ന് ഞങ്ങള്‍ക്കിപ്പോഴാണു മനസ്സിലായത്. തെറ്റിദ്ധാരണകള്‍ പലതും തിരുത്താനും നല്ല കാര്യങ്ങള്‍ പലതും പഠിക്കാനും കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ആത്മാഭിമാനം തോന്നുന്നു. ഇനി പഴയ വഴിയില്‍നിന്നൊക്കെ മാറിനടക്കാനുള്ള ഉറച്ച തീരുമാനത്തിലാണ്. എങ്കിലും പഴയ പരിസരത്തേക്കു തിരിച്ചുപോകുമ്പോള്‍ മേനിയഴകു കാട്ടിക്കൊണ്ടുള്ള പെണ്‍കുട്ടികളുടെ ഘോഷയാത്രകള്‍ ഞങ്ങളെ എത്രത്തോളം പ്രകോപിപ്പിക്കുമെന്നതാണ് പേടി…”

 
മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന ആണിനും പെണ്ണിനും തങ്ങള്‍ ജീവിക്കുന്ന മലിനമായ സാമൂഹികപരിസരം കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്. ജീര്‍ണസംസ്‌കാരങ്ങളുടെ ഇരച്ചുകയറ്റത്തിനു മുമ്പില്‍ മനോബലമുള്ളവര്‍പോലും പതറിപ്പോവുകയാണ്. ആരെയാണു നമ്മള്‍ കുറ്റപ്പെടുത്തേണ്ടത്? രോഗബീജത്തെയാണോ അവയെ പടച്ചുവിടുന്ന മാലിന്യത്തെയാണോ? അതുമല്ല, മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെയും അവര്‍ക്ക് ഒത്താശചെയ്യുന്നവരെയുമാണോ?
ആര്‍ക്കും പരിചയമുള്ള ആരോഗ്യശാസ്ത്രതത്ത്വമാണല്ലോ, രോഗംവന്ന് ചികില്‍സയേക്കാള്‍ നല്ലത് രോഗപ്രതിരോധമാണെന്ന്. പക്ഷേ, നമ്മള്‍ പലപ്പോഴും തലകീഴായാണു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പാരിസ്ഥിതികവും സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്‌നങ്ങളോടൊക്കെയുള്ള നമ്മുടെ സമീപനം ആ നിലയ്ക്കുള്ളതാണ്.
വായുവും വെള്ളവും മണ്ണും വിഷമയമാക്കാന്‍ കുത്തകക്കമ്പനികള്‍ക്കു സര്‍വവിധ ഒത്താശയും ചെയ്തുകൊടുത്തിട്ട് പൊതുജനാരോഗ്യത്തെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ചും സര്‍ക്കാര്‍വക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്?

 
ചെറുതും വലുതുമായ ഞെളിയന്‍പറമ്പുകളും വിളപ്പില്‍ശാലകളും നിലനിര്‍ത്തിക്കൊണ്ട് കൊതുകുകളുടെ ഇനങ്ങളെപ്പറ്റിയും അവ പരത്തുന്ന വിവിധയിനം രോഗങ്ങളെപ്പറ്റിയും പ്രതിരോധകുത്തിവയ്പുകളെപ്പറ്റിയും പ്രചാരണം നടത്തുന്നത് എത്രമാത്രം പരിഹാസ്യമാണ്! മദ്യവും  സിഗരറ്റും യഥേഷ്ടം ലഭ്യമാക്കി അവ ആരോഗ്യത്തിനു ഹാനികരമാണെന്ന് എഴുതിവയ്ക്കുന്നതിലെ അശ്ലീലത എത്ര വലുതാണ്! ലൈംഗികത്തൊഴിലാളികള്‍ക്കു ലൈസന്‍സ് നല്‍കുകയും സ്വതന്ത്ര ലൈംഗികതയ്ക്ക് അനുകൂലമായ അന്തരീക്ഷമൊരുക്കുകയും ചെയ്ത് എയിഡ്‌സിനെതിരേ ബോധവല്‍ക്കരണപരിപാടികള്‍ നടത്തുന്നതില്‍  എന്ത് ആത്മാര്‍ഥതയാണുള്ളത്?സാമൂഹികരംഗത്തു കടുത്ത വിവേചനങ്ങളും നീതിനിഷേധവും  വരുത്തിവച്ചിട്ട്,  പ്രതിഷേധിക്കുന്നവരെ കരിനിയമങ്ങള്‍ കൊണ്ട്  അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതു ശാസ്ത്രീയമായ പരിഹാരരീതിയാണോ? ഇപ്പോള്‍ ശക്തിപ്പെട്ടുവരുന്ന  സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത ശിക്ഷാനടപടികളാണു വേണ്ടതെന്നു പലരും വാദിക്കുന്നു. ശിക്ഷാനടപടികള്‍ ശിക്ഷണക്രമങ്ങളില്‍ അവസാനമായി പരിഗണിക്കേണ്ട സംഗതിയാണ്. കുറ്റംചെയ്യാന്‍ സഹായകമായ  പരിസരമാണ് ഒന്നാമതായി  ഇല്ലായ്മചെയ്യേണ്ടത്. നാം കാലങ്ങളായി നിലനിര്‍ത്തിപ്പോന്നിരുന്ന ജീവിതസംസ്‌കാരത്തിനു കാതലായ പോറലേറ്റിരിക്കുകയാണ്. മാതാക്കളുടെ സൗഹൃദസംഭാഷണങ്ങളിലും ഈ ആശങ്കയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അവര്‍ ചോദിക്കുന്നു: ”നമ്മളെങ്ങനെയാണ് ഈ പെണ്‍മക്കളെ പഠിക്കാനയക്കുക. ഇപ്പോഴത്തെ പെണ്‍മക്കളുടെ കോലംകണ്ടിട്ട് തൊലിപൊളിയുന്നു. ആണ്‍മക്കളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല….”

 
കലാലയങ്ങളിലും ഓഫിസുകളിലും തൊഴിലിടങ്ങളിലും പൊതുനിരത്തുകളിലും കാണുകയും ഇടപഴകുകയും ചെയ്യുന്ന സ്ത്രീകളുടെ വസ്ത്രധാരണരീതികള്‍ പുരുഷന്മാരില്‍ ലൈംഗികോത്തേജനം സൃഷ്ടിക്കുന്ന തരത്തിലുള്ളവയാണ്.
സ്ത്രീകള്‍ സമൂഹത്തിന്റെ അര്‍ധാംശമാണ്. അവര്‍ കഴുകക്കണ്ണുകള്‍ക്കു മുമ്പില്‍ ചമഞ്ഞൊരുങ്ങി നില്‍ക്കേണ്ടവരല്ല. തങ്ങള്‍ കമ്പോളത്തിലെ പരസ്യമോഡലുകളല്ലെന്നു പറയാന്‍ അവര്‍ ധൈര്യം കാണിക്കേണ്ടതുണ്ട്. ശരീരപ്രധാനമായ വസ്ത്രത്തേക്കാള്‍ അവരുടെ പദവിക്ക് അനുയോജ്യം വ്യക്തിത്വപ്രധാനമായ വസ്ത്രമാണ്.
ഇവിടെ ഭരണകൂടത്തിന്റെ ശ്രദ്ധപതിയേണ്ടതുണ്ട്. നാണം മറയാത്ത വസ്ത്രധാരണരീതികള്‍ നിരോധിക്കാന്‍ രാജ്യത്തു നിയമങ്ങളുണ്ടാവേണ്ടതുണ്ട്. അതിനു  ഭരണകൂടവും നീതിന്യായ കേന്ദ്രങ്ങളും മുന്‍കൈയെടുക്കേണ്ടതുമുണ്ട്.സാംസ്‌കാരികപരിസരത്തെ മലിനമാക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണു സാങ്കേതികവിദ്യകളുടെ ദുരുപയോഗം. മൊബൈല്‍ഫോണും ഇന്റര്‍നെറ്റും പുതുതലമുറയെ അതിരുവിട്ട ബന്ധങ്ങള്‍ക്കും അശ്ലീലചിത്രങ്ങളുടെ ആസ്വാദനത്തിനും പ്രേരിപ്പിക്കുന്നു.  പക്വതയെത്താത്ത കുഞ്ഞുമനസ്സുകളെ  ഇക്കിളിപ്പെടുത്തി അസ്വസ്ഥമാക്കാനും രതിവൈകൃതങ്ങള്‍ക്ക് അടിമപ്പെടുത്താനും  അവ ദുരുപയോഗം ചെയ്യപ്പെടുകയാണ്. അശ്ലീലസൈറ്റുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടും വിദ്യാലയങ്ങളില്‍ കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ടും ഈ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാവും.

 
ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി വര്‍ധിച്ചുവരുന്നുവെന്നതാണ്  അവിഹിതബന്ധങ്ങള്‍ വര്‍ധിക്കാനുള്ള മറ്റൊരു കാരണം.  ഒരിക്കല്‍ ഒരുമ്മ തന്റെ മകന്റെ ധാര്‍മിക വിശുദ്ധി നിലനിര്‍ത്താനായി അവരുടെ മരുമകളെ ഉപദേശിച്ചത് ഇങ്ങനെയാണ്: ”മോളേ, വീട്ടിലെ ഊണ് നന്നായിരിക്കണം, രുചികരമായിരിക്കണം. വീട്ടിലെ ഊണ് പറ്റാതെ വരുമ്പോഴാണ് പലരും ഹോട്ടലില്‍നിന്നു കഴിക്കുന്നത്…”
ദാമ്പത്യജീവിതം ആസ്വാദ്യകരമാക്കാനുള്ള ബോധവല്‍ക്കരണപരിപാടികള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. പ്രീമാരിറ്റല്‍, മാരിറ്റല്‍ കൗണ്‍സലിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മുഖേന നിരവധി സദാചാരപ്രശ്‌നങ്ങളുടെ മൂലകാരണങ്ങള്‍ക്കു പരിഹാരം കണെ്ടത്താം.ജീവിതമൂല്യങ്ങളെപ്പറ്റി ഇളംതലമുറയ്ക്ക് ബോധം നല്‍കാതിരിക്കുകയും അവരുടെ ധാര്‍മികച്യുതിയില്‍ വ്യാകുലപ്പെടുകയും ചെയ്യുന്നതിലര്‍ഥമില്ല. ധാര്‍മികചിന്തകളാല്‍ വിദ്യാര്‍ഥികളെ ഉദ്ബുദ്ധരാക്കാന്‍ പാഠശാലകളില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. അതിനുതകും വിധം പാഠ്യപദ്ധതികളും പാഠപുസ്തകങ്ങളും പരിഷ്‌കരിക്കണം. ഇരകളാവുന്ന സ്ത്രീകള്‍ പലപ്പോഴും ദുര്‍ബലരായതിനാല്‍ അക്രമികള്‍ക്കു ചൂഷണം ചെയ്യാന്‍ എളുപ്പമാണ്.

 

പെണ്‍കുട്ടികളെ ആത്മബലമുള്ളവരാക്കാന്‍ അനുയോജ്യമായ പദ്ധതികള്‍ ഏര്‍പ്പെടുത്തണം.
വേലിതന്നെ വിളതിന്നുകയല്ലേ, പിന്നെ നമുക്കായാലെന്താ എന്നാണു പലര്‍ക്കും തോന്നുന്നത്. താന്തോന്നിത്തം പ്രവര്‍ത്തിക്കുന്ന മതാധ്യക്ഷന്മാരെയും നേതാക്കളെയും കര്‍ശനമായി വിചാരണചെയ്യാനും അനുയായികള്‍ ജാഗരൂകരാകേണ്ടതുണ്ട്. അതോടൊപ്പം മതസംഘടനകള്‍ ഇത്തരം ജനോപകാരപ്രദമായ അജണ്ടകളിലൂടെ  രാജ്യത്തു ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ കൈകോര്‍ക്കേണ്ടതും അനിവാര്യമാണ്. കുറ്റവാളികളെ കണ്ടെത്തി പൊതുജനങ്ങള്‍ക്കു പാഠമാവുന്ന വിധത്തില്‍  മാതൃകാപരമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും നമുക്കു കഴിയണം. ഇത്തരത്തില്‍  രാജ്യത്തെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരുടെ യോജിച്ചുള്ള നീക്കത്തിലൂടെ സാംസ്‌കാരികപരിസരം വിമലീകരിക്കാനും സംശുദ്ധമാക്കാനും സാധിക്കും. അപ്പോഴാണു ഭാവിതലമുറ പിറന്നുവീഴുന്നതു മാനവികത മലിനപ്പടാത്ത അന്തരീക്ഷത്തിലാണെന്നു നമുക്ക് ആശ്വസിക്കാനാവുക.

 
പ്രവാചകന്‍(സ) ഇവിടെ  മാലോകര്‍ക്കു വഴികാട്ടുകയാണ്. അദ്ദേഹം അനുചരന്മാര്‍ക്കു ചിന്തോദ്ദീപകമായൊരു സംഭവം വിവരിച്ചുകൊടുത്തു: 99 പേരെ കൊലപ്പെടുത്തിയ ഒരു മനുഷ്യന്‍ പശ്ചാത്താപവിവശനായി വലിയൊരു ഭക്തന്റെ അടുക്കല്‍ ചെന്ന് ചോദിച്ചു. തനിക്ക് പശ്ചാത്തപിക്കാന്‍ അവസരമുണ്ടോയെന്ന്. അയാള്‍ പറഞ്ഞു: ”സാധ്യമേയല്ല.” ക്ഷുഭിതനായ കൊലപാതകി അയാളെക്കൂടി കൊന്ന് നൂറു തികച്ചു. തുടര്‍ന്ന് ഒരു ജ്ഞാനിയെ സമീപിച്ചു. അദ്ദേഹം പറഞ്ഞു: ”നിന്റെ പശ്ചാത്താപം സ്വീകാര്യമാണ്. താങ്കളെ അതില്‍നിന്നു തടയാന്‍ ആര്‍ക്കുമാവില്ല. നീ തിന്മകള്‍ നിറഞ്ഞ നിന്റെ നാടുപേക്ഷിക്കണം. അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന നല്ല മനുഷ്യരുള്ള നാട്ടിലേക്കു പൊയ്‌ക്കൊള്ളുക.” അയാള്‍ തന്റെ നാടുപേക്ഷിച്ച് സച്ചരിതരുടെ നാട് തിരക്കി യാത്രയായി (മുസ്‌ലിം).

 
നന്മനിറഞ്ഞ നാടിനെ രൂപപ്പെടുത്തുന്നതിലും അത്തരമൊരു നാട്ടില്‍ കുടുംബസമേതം താമസിക്കുന്നതിലും വലിയ പ്രാധാന്യം കാണുന്നവരാണ് മനുഷ്യരെല്ലാം. മദ്യപാനവും അവിഹിതവേഴ്ചകളും കളവും വഞ്ചനയും നാട്ടുനടപ്പാക്കിയ ഒരു പ്രദേശത്തു സ്വന്തം മക്കളുമായി ജീവിക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ?വിദേശത്ത് ഒരു കമ്പനിയില്‍ ജോലിചെയ്യുന്ന സദാചാരബോധമുള്ള മുസ്‌ലിംയുവാവ്. അയാള്‍ക്കൊപ്പം നിരവധി വിദേശവനിതകളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാന്യമായി വസ്ത്രധാരണം ചെയ്യാത്ത അവര്‍ കാഴ്ചയില്‍ത്തന്നെ അയാളെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. അതിലുപരി അവരുടെ ഇടപെടലുകള്‍ കൂടിയായപ്പോള്‍ അയാള്‍ക്കു തന്നെ നിയന്ത്രിക്കാനാവുമോ എന്ന സംശയം ബലപ്പെട്ടു. അതിനിടയില്‍ അയാളുടെ സുഹൃത്തുക്കള്‍ പലരും അവരുടെ ഇംഗിതങ്ങള്‍ക്കു കീഴടങ്ങിക്കഴിഞ്ഞിരുന്നു. യുവാവ് ആ പ്രതികൂലാവസ്ഥയെ മറികടക്കുന്നതിനെപ്പറ്റി തന്റെ ആദര്‍ശസഹോദരനുമായി ചര്‍ച്ചചെയ്തു. ആ ജോലി ഉപേക്ഷിച്ച്  അനുയോജ്യമായ മറ്റൊരിടത്തു കയറാന്‍ അയാള്‍ സഹോദരനെ ഉപദേശിച്ചു. ജീവിക്കുന്ന പരിസരം മലിനമായിത്തീരുമ്പോള്‍ അവിടെനിന്ന് അതു മാറ്റിയെടുക്കാന്‍ ബാധ്യതയുള്ളവരാണു  സല്‍ക്കര്‍മകാരികള്‍. അതിനു കഴിയാതെ വരുമ്പോള്‍ തിന്മകളില്‍ പെട്ടുപോകാതെ സാഹസികതയോടെ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കു കഴിയണം. അതിനും കഴിയാത്തപ്പോള്‍ അവിടെവിട്ട്  നല്ല സ്ഥലം തിരഞ്ഞെടുക്കുകയാണു വേണ്ടത്.

 
ഇപ്പോള്‍ വരുന്ന ചില ആനുകാലികങ്ങളുടെ സര്‍വേ റിപോര്‍ട്ടുകളും പത്രവാര്‍ത്തകളും കണ്ടാല്‍ തോന്നുക, ലോകം മുഴുവന്‍ തിന്മയ്ക്കു കീഴടങ്ങിക്കഴിഞ്ഞിരിക്കുകയാണ്, തങ്ങളും ഇനി അങ്ങനെയാവാതിരിക്കാന്‍ തരമില്ലെന്നുമാണ്. ഇപ്പോഴും മഹദ്ജീവിതങ്ങളെ അനുസ്മരിപ്പിക്കുന്ന നൂറുകണക്കിനു സാധാരണക്കാരെ നമുക്കു കാണാന്‍ കഴിയുമെന്ന് ആരും മറക്കാതിരിക്കണം. പ്രവാചകന്‍(സ) പറയുന്നു: ”ആറു കാര്യങ്ങള്‍ നിങ്ങള്‍ ഉറപ്പുനല്‍കിയാല്‍ ഞാന്‍ നിങ്ങള്‍ക്കു സ്വര്‍ഗം ഉറപ്പുനല്‍കാം. സംസാരം സത്യസന്ധമാക്കുക, വാഗ്ദാനം പാലിക്കുക, ഉത്തരവാദിത്തം നിര്‍വഹിക്കുക, ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കുക, കണ്ണുകള്‍ നിയന്ത്രിക്കുക, കൈകള്‍ തടയുക” (അഹ്മദ്)

Related Post