നന്മകള്‍ റമദാനില്‍ മാത്രമല്ല പൂക്കുന്നത്

നന്മകള്‍ റമദാനില്‍ മാത്രമല്ല പൂക്കുന്നത്

നോമ്പ്

                                                                                                      നന്മകള്‍ റമദാനില്‍ മാത്രമല്ല പൂക്കുന്നത്

ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗ്ഗത്തിലേക്കാണ് ആദമിനെയും ഇണയെയും അയച്ചത്. ഒരു മരം ഒഴികെ വിശാലമായ സ്വര്‍ഗത്തില്‍ അവര്‍ക്കു എവിടെയും പോകാനും കഴിക്കാനും സ്വാതന്ത്രം നല്‍കി. ആ മരത്തെ അവഗണിച്ചു മുന്നോട്ടു പോയാല്‍ തീരുന്നതായിരുന്നു പ്രശ്‌നം. ആ വിശാലമായ ലോകത്തും ഒരു മരത്തിലേക്ക് ആദമിനെ കൊണ്ട് വരാന്‍ പിശാചിന് കഴിഞ്ഞു. വിശാലമായ നന്മയുടെ ലോകത്തു നിന്നും തിന്മയുടെ ഇടുങ്ങിയ ലോകത്തേക്ക് മനുഷ്യനെ കൊണ്ട് വരിക എന്നതാണ് ഇന്നും പിശാച് ചെയ്യുന്ന പണി. സ്വര്‍ഗത്തെ കുറിച്ച് പറയുമ്പോള്‍ ഖുര്‍ആന്‍ ഉപയോഗിച്ച പ്രയോഗം വിശാലതയും നരകത്തിന്റേതു ഇടുക്കവുമാണ്.  ഹൃദയ വിശാലതയാണ് വിശ്വാസം നല്‍കുന്നതു. അതെ സമയം ഹൃദയത്തിന്റെ കുടുസ്സാണ് പിശാച് നല്‍കുന്നതും.

ഹൃദയത്തെ വിശാലമാക്കുന്ന പ്രക്രിയയാണ് റമദാനില്‍ നടക്കുന്നത്. മനുഷ്യന്റെ ഇച്ഛകളെയും വികാരങ്ങളായുമാണ് പിശാച് പിടികൂടുക. ആ ഇച്ഛകളെയും വികാരങ്ങളെയും തടഞ്ഞു നിര്‍ത്തുക എന്നതാണ് നോമ്പ് ചെയ്യുന്നതും. ഒരു സംഗതി ഇരുപത്തിയൊന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ അത് ജീവിതത്തിന്റെ ഭാഗമാകും എന്നാണു പറഞ്ഞു വരുന്നത്. റമദാനില്‍ മുപ്പതു ദിവസത്തെ തുടര്‍ച്ചയായ നടപടി ക്രമം ആ മാസം അവസാനിക്കുമ്പോള്‍ അവസാനിക്കുന്നു എന്നതാണ് പലരിലെയും അനുഭവം. റമദാനില്‍ ബന്ധിക്കപ്പെട്ട പിശാചുക്കള്‍ തിരിച്ചു വരുമ്പോള്‍ പഴയ  കൂട്ടുകാര്‍ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടു വരാറ്. അപ്പോള്‍ റമദാനില്‍ നിറഞ്ഞു കവിഞ്ഞ പള്ളികള്‍ കാലിയാകും. റമദാനില്‍ നല്ല നടപ്പിന് വിധിച്ചവര്‍ വീണും പഴയ ലാവണങ്ങള്‍ തേടി പോകും. അവിടെയാണ് പ്രവാചകന്റെ വാക്കുകള്‍ പ്രസക്തമാകുന്നത് ‘ വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും നേടാന്‍ കഴിയാത്ത നോമ്പുകാര്‍’.

ആരാധനകള്‍ വിശ്വാസികളുടെ സംസ്‌കരണത്തില്‍ വലിയ പങ്കു വഹിക്കുന്നു. പ്രത്യേകിച്ച് നോമ്പ്. ഇത്ര ദീര്‍ഘമായ മറ്റൊരു ആരാധനയും ഇസ്ലാമിലില്ല. പകല്‍ നോമ്പ് എന്നത് പോലെ രാത്രികളിലും വിശ്വാസികള്‍ തിരക്കിലാണ്. ഒരു മാസം പൂര്‍ണമായി ഒരാരാധനയെ അവര്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നു. അല്ലാഹുവിനു വേണ്ടി എന്തും ഒഴിവാക്കാന്‍ തയ്യാറാണ് എന്ന സന്ദേശം അതിലൂടെ വിശ്വാസി പ്രകടിപ്പിക്കുന്നു. തന്റെ സമ്പത്തു ദൈവീക പ്രീതി മാത്രം കാംക്ഷിച്ചു അര്ഹര്ക്കു നല്‍കാനും അവര്‍ സമയം കണ്ടെത്തുന്നു. വിശ്വാസിയുടെ കാര്യത്തില്‍ നന്മകള്‍ റമദാനില്‍ മാത്രം പൂക്കുന്ന ഒന്നല്ല. വിശ്വാസി ഖുര്‍ആന്‍ പറഞ്ഞ നല്ല വൃക്ഷമാണ്. വിശ്വാസം എന്ന വേരില്‍ അത് ഉറച്ചു നില്‍ക്കുന്നു. എന്നും നന്മ മാത്രമാണ് അതില്‍ നിന്നും വരിക. തിന്മ വന്നാല്‍ അത് നല്ല വൃക്ഷമാണ് എന്ന് വരും. ഇടയ്ക്കു അതിനെയും കീടങ്ങള്‍ ബാധിക്കും. അപ്പോള്‍ നടത്തുന്ന ചികിത്സയാണ് പാപമോചനവും തൗബയും. അതിലൂടെ ആ വൃക്ഷത്തിന്റെ പരിശുദ്ധി എന്നും നില നിര്‍ത്താന്‍ കഴിയും.

പിശാചിനെ ശത്രുവായി കാണണം എന്ന് ആദമിനെ ഉപദേശിച്ചിരുന്നു. പ്രലോഭനങ്ങളില്‍ വീഴുന്നവനാണ് മനുഷ്യന്‍ എന്ന തിരിച്ചറിവ് ഇബ്ലീസ് കണ്ടെത്തി. ഒരുപാട്  തവണ പിശാചിനെ കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കി. എന്നിട്ടും പിശാചിനെ കൂട്ടുകാരാക്കുന്നവര്‍ വിശ്വാസികളുടെ കൂട്ടത്തിലും ഉണ്ടെന്നു വരുന്നു. അവരെയാണ് റമദാനിനു ശേഷം പിശാച് നോട്ടമിട്ടിരിക്കുന്നതു. വിശ്വാസത്തിന്റെ വിശാലതയില്‍ നിന്നും നിഷേധത്തിന്റെയും തിന്മയുടെയും ഇടുങ്ങിയ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകാന്‍.

Related Post