ആത്മ പരിശോധന റമദാന് ശേഷം

ആത്മ പരിശോധന റമദാന് ശേഷം

റമദാനുശേഷം ഓരോ വിശ്വാസിയും സ്വന്തത്തോടു ചോദിക്കേണ്ട എട്ടുചോദ്യങ്ങളാണ് താഴെ കൊടുക്കുന്നത്. അതൊരുവേള നമ്മിലെ ഈമാനികസ്ഥിരതയും റമദാന്‍ചൈതന്യവും ഊട്ടിയുറപ്പിക്കാന്‍  പ്രചോദനമായേക്കാം.
1. ആത്മപരിശോധന
അല്ലാഹുവിനെ ഭയപ്പെടുന്ന ഓരോ മനസ്സും റമദാനിലെ കര്‍മങ്ങള്‍ സ്വയം വിലയിരുത്തേണ്ടതുണ്ട്. ഹൃദയത്തെ സംസ്‌കരിക്കാനും, നന്മയിലേക്ക് വഴി നടത്താനും അതിന് സാധിച്ചേക്കും. നാം അനുഗൃഹീതമായ റമദാനെ യാത്രയാക്കിയിരിക്കുന്നു. അടുത്ത വര്‍ഷം സൗരഭ്യം പരത്തുന്ന ആ ദിനരാത്രങ്ങള്‍ നമുക്ക് ലഭിക്കുമോ എന്ന കാര്യത്തില്‍ യാതൊരുറപ്പുമില്ല.
നാമതിനെ യാത്രയാക്കി. അതിനെ  നന്മയിലോ, തിന്മയിലോ യാത്രയാക്കിയതെന്ന് നമുക്ക്ുമാത്രമെ അറിയൂ.
ദൈവബോധമെന്ന സദ്ഗുണം നേടിയെടുത്താണോ നാം റമദാനില്‍ നിന്ന് പുറത്തുകടന്നിരിക്കുന്നത് ? ക്ഷമിക്കാനും സഹിക്കാനും, നന്മപ്രവര്‍ത്തിക്കാനും തിന്മവെടിയാനും ദേഹേഛയോട് പോരാടാനുമുള്ള കരുത്ത് റമദാന്‍ നമുക്ക് പകര്‍ന്നുനല്‍കിയോ?
വിശപ്പും ദാഹവും സഹിച്ച് നോമ്പെടുത്ത ശേഷം ദരിദ്രനോട് കരുണ കാണിക്കാനും, അവനെ ആശ്വസിപ്പിക്കാനുമുള്ള വികാരം നമ്മുടെ ഹൃദയത്തില്‍ രൂപപ്പെട്ടിട്ടുണ്ടോ?
കാരുണ്യവും പാപമോചനവും നരകമോക്ഷവും ലഭിക്കാനുള്ള വഴിയില്‍ നാം പ്രവേശിച്ചിട്ടുണ്ടോ?
അസൂയ, കുശുമ്പ്, വഞ്ചന, വിദ്വേഷം, വെറുപ്പ് തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്ന് ഹൃദയത്തെ വിമലീകരിക്കാനും സ്‌നേഹവും കാരുണ്യവും സാഹോദര്യബോധവും നിറഞ്ഞ പുതുചരിതം രചിക്കാനും നമുക്ക് സാധിച്ചിട്ടുണ്ടോ?
2. മരണം വരെ ആരാധനകള്‍ നിര്‍വഹിക്കുക
അല്ലാഹുവിന്റെ അടിമ അവനുള്ള ആരാധനയിലും അനുസരണത്തിലും നൈരന്തര്യം കാത്തുസൂക്ഷിക്കല്‍ നിര്‍ബന്ധമാണ്. അല്ലാഹുവിന്റെ ദീനില്‍ അടിയുറച്ചുനിന്ന്, നിയമങ്ങള്‍ മുറുകെ പിടിച്ച്, പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോവാന്‍ അവന് സാധിക്കണം. റമദാനില്‍ മാത്രമോ, പ്രത്യേക സ്ഥലത്തുമാത്രമോ ആരാധനകള്‍ നിര്‍വഹിച്ചാല്‍ പോരാ, മറിച്ച് ജീവിതകാലം മുഴുവന്‍ അവ മുറുകെ പിടിക്കേണ്ടതുണ്ട്.
റമദാന്റെ നാഥന്‍, ബാക്കിയുള്ള മാസങ്ങളുടെയും ദിവസങ്ങളുടെയും കൂടി നാഥനാണ്. അതിനാല്‍ റമദാനില്‍ അവനെ വണങ്ങുന്നവര്‍ മറ്റ് മാസങ്ങളിലും  അവനെ വണങ്ങുകതന്നെ വേണം.
റമദാന്‍ നോമ്പ് അവസാനിച്ചാല്‍ മറ്റ് മാസങ്ങളില്‍ ഐഛിക നോമ്പുകളുണ്ട്. ശവ്വാലില്‍ ആറ് ദിനങ്ങളും, എല്ലാ തിങ്കളാഴ്ചയും വ്യാഴായ്ചയും, ആശൂറാ അറഫാ ദിനങ്ങളിലും നോമ്പെടുക്കല്‍ സുന്നത്താണ്.
റമദാനിലെ രാത്രി നമസ്‌കാരം മാത്രമല്ല, മറ്റെല്ലാ ദിവസങ്ങളിലും രാത്രി നമസ്‌കരിക്കുന്നത് സുന്നത്താണ്. ‘രാത്രിയില്‍ അല്‍പനേരമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.
അവര്‍ രാവിന്റെ അന്ത്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമായിരുന്നു’. (ദാരിയാത് 17-18.)
ദാനധര്‍മങ്ങളും ഫിത്വ്ര്‍ സകാത്തും അവസാനിച്ചെങ്കിലും നിര്‍ബന്ധ സകാത്ത് ഇനിയും ബാക്കിയുണ്ട്. ഖുര്‍ആന്‍ പഠനവും  പാരായണവും റമദാനില്‍ മാത്രം പ്രത്യേകമല്ല. മറിച്ച് എല്ലാ സന്ദര്‍ഭങ്ങളിലും നടത്തണം.
ഇപ്രകാരം സല്‍കര്‍മങ്ങളെല്ലാംതന്നെ  സ്ഥലകാലഭേദമില്ലാതെ നിര്‍വഹിക്കേണ്ടവയാണ്. അതിനാല്‍ നന്മ പ്രവര്‍ത്തിക്കാന്‍ നാം അധ്വാനപരിശ്രമങ്ങള്‍ നടത്തണം. ക്ഷീണവും ആലസ്യവും വെടിയേണ്ടതുണ്ട്. ഐഛിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചില്ലെങ്കിലും നിര്‍ബന്ധ കര്‍മത്തില്‍ നാം ഒട്ടുംതന്നെ വീഴ്ചവരുത്തരുത്. നമസ്‌കാരം ഒരു നിലക്കും നാം പാഴാക്കരുത്. നിഷിദ്ധ കാര്യങ്ങളിലേര്‍പെടുകയോ, അതിന് ഒത്താശചെയ്യുകയോ അരുത്.
3. സൂക്ഷിക്കുക…
അല്ലാഹുവിനോട് നാമെടുത്ത കരാര്‍ നാം ലംഘിക്കരുത്. നമ്മുടെ പശ്ചാത്താപവും, കഠിനാധ്വാനവും പാഴാക്കരുത്. റമദാനില്‍ കെട്ടിപ്പടുത്ത ദൈവസ്മരണയുടെ എടുപ്പുകള്‍ നാം തകര്‍ത്തുകളയരുത്. ഇതുവരെ ഖുര്‍ആന്‍ കേട്ടിടത്ത് ഇനി അശ്ലീല ഗാനങ്ങളെ പ്രതിഷ്ഠിക്കരുത്. സിനിമയോ സീരിയലുകളോ അവക്കുപകരം വെക്കരുത്. ഖുര്‍ആനെ കൂട്ടുകാരനായി സ്വീകരിച്ച ശേഷം അതിനെ ഉപേക്ഷിക്കരുത്. സ്വര്‍ഗകവാടങ്ങള്‍ നമുക്കായി തുറന്നുവെച്ച നാഥനെ ഒരിക്കലും വിസ്മരിക്കരുത്.
4. സ്വീകരിക്കപ്പെട്ട കര്‍മങ്ങള്‍
റമദാന് ശേഷവും നന്മ ചെയ്യാനുള്ള മനസ്സുണ്ടാവുകയെന്നതാണ് നമ്മുടെ റമദാനിലെ കര്‍മങ്ങള്‍ സ്വീകരിക്കപ്പെട്ടതിന്റെ തെളിവ്. റമദാന് ശേഷം തിന്മയിലേക്കാണ് നാം തിരിയുന്നതെങ്കില്‍, അവയാണ് സഹചാരികളെങ്കില്‍ നമ്മുടെ കര്‍മങ്ങള്‍ തള്ളപ്പെട്ടിരിക്കുന്നുവെന്നര്‍ത്ഥം. നമുക്ക് സ്വന്തത്തോടുതന്നെ ചോദിക്കാം, കര്‍മങ്ങളുടെ സ്ഥാനം എവിടെയെന്ന്. ‘മഹാഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല ‘. (ഫുസ്സ്വിലത് 35).
5. നിനക്കതിന് കഴിയും
നന്മയില്‍ അടിയുറച്ചുനില്‍ക്കാനും ജമാഅത്തായി നമസ്‌കരിക്കാനും തിന്മയില്‍ നിന്നകലാനും നമുക്ക് കഴിയുമെന്ന് റമദാന്‍ നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.ദൃഢനിശ്ചയമുള്ളവരെങ്കില്‍ അത് തുടര്‍ന്നും  ജീവിതത്തില്‍ മുറുകെപ്പിടിക്കാന്‍ സാധിക്കുമെന്നാണ് റമദാന്‍ നല്‍കുന്ന സന്ദേശം.
6. പെരുന്നാളിലെ തിന്മകള്‍
പെരുന്നാളിനോട് അനുബന്ധിച്ച് സമൂഹത്തില്‍ കണ്ടുവരുന്ന ഒരുപാട് തിന്മകളുണ്ട്. അങ്ങാടികളിലും വീടുകളിലും പാര്‍ക്കുകളിലും സ്ത്രീകളും പുരുഷന്മാരും യാതൊരു പരിധിയുമില്ലാതെ ഇടകലരുന്നതാണ് അതിലൊന്ന്. അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ കൈകൊടുക്കുന്നത് നിഷിദ്ധമാണ്. തിരുമേനി(സ) അപ്രകാരം ചെയ്തിരുന്നില്ല, എന്ന് മാത്രമല്ല അത് ശക്തമായി വിലക്കുക കൂടി ചെയ്തിരിക്കുന്നു.
നമസ്‌കാര സമയത്തില്‍ വീഴ്ച വരുത്തുന്നതും, ജമാഅത്ത് ഉപേക്ഷിക്കുന്നതും യാതൊരു ന്യായവുമില്ലാത്ത കുറ്റങ്ങളാണ്. വിനോദങ്ങളും നിഷിദ്ധങ്ങളിലും ദൈവസ്മരണയില്‍നിന്ന് തെറ്റിക്കുന്ന വിനോദങ്ങളിലും മുഴുകിക്കഴിയുന്നത് ശുഭസൂചനയല്ല.
ആഘോഷ ദിനങ്ങളില്‍ ചിലര്‍ തങ്ങളുടെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ തീര്‍ത്തും അശ്രദ്ധരാണ്. അവരെന്താഗ്രഹിക്കുന്നുവോ അതുപോലെ ചെയ്യാനും എവിടെയും പോകാനും എന്തുപരിപാടികളും പങ്കെടുക്കാനും സ്വാതന്ത്ര്യം നല്‍കുന്നു. സമൂഹത്തില്‍ തോന്നിവാസവും അശ്ലീലതയും വ്യാപിക്കാനാണ് അത് വഴിവെക്കുക.
7. മുസ്‌ലിംകളും പെരുന്നാളും
നാം നമ്മുടെ കുടുംബത്തോടൊപ്പം വീട്ടില്‍ സന്തോഷത്തോടും ആനന്ദത്തോടും ചെലവഴിക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലേശമനുഭവിക്കുന്ന സഹോദരങ്ങളെ മറന്നുപോകരുത്. വേദനയും കയ്പുനീരും നിറഞ്ഞ ജീവിതം തള്ളിനീക്കുന്നവരാണ് അവര്‍. അവരുടെ വേദനകളുടെ ആഴവും, പ്രയാസത്തിന്റെ തോതും അല്ലാഹുവിന് മാത്രമെ അറിയൂ. വിശപ്പും രോഗവും കാരണം ദിനേന മരിച്ചുവീഴുന്നവര്‍ അവരിലുണ്ട്. അഭിമാനം പിച്ചിച്ചീന്തപ്പെട്ട് ഒളിച്ചുജിവിക്കുന്നവര്‍ അവരിലുണ്ട്. അവരെ അപേക്ഷിച്ച് എത്ര സൗഭാഗ്യവാന്മാരാണ് നാം!
8. പെരുന്നാളില്‍ സന്തോഷിക്കുന്നവര്‍
പെരുന്നാള്‍ ആഗതമായാല്‍ എല്ലാവര്‍ക്കും സന്തോഷവും ആനന്ദവുമാണ്. യഥാര്‍ത്ഥത്തില്‍ ആരാണ് പെരുന്നാളില്‍ സന്തോഷിക്കേണ്ടത്?
പുതുവസ്ത്രങ്ങള്‍ ധരിച്ചവര്‍ക്കോ, സമ്പന്നര്‍ക്കോ ഉള്ളതല്ല പെരുന്നാള്‍. അല്ലാഹുവിനെ അനുസരിക്കുകയും അവന്റെ വാഗ്ദത്ത ദിനം പ്രതീക്ഷിച്ചവര്‍ക്കുമുള്ളതാണ് പെരുന്നാള്‍. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കി അന്ത്യനാളില്‍ അവന്റെ മുഖത്ത് നോക്കാനുള്ള സൗഭാഗ്യം ലഭിച്ചവര്‍ക്കുള്ളതാണ് പെരുന്നാള്‍.

റമദാന് ശേഷം ?

അനുഗൃഹീത റമദാന്‍ അവസാനിക്കുന്നതോടെ മിക്ക പണ്ഡിതരും ഉന്നയിക്കുന്ന ചോദ്യമാണ് റമദാനുശേഷം എന്തെന്നത്. റമദാനില്‍ നമസ്‌കാരത്തിലും നോമ്പിലും ഖുര്‍ആന്‍ പാരായണത്തിലും മറ്റ് സുകൃതങ്ങളിലും മുഴുകിയതിന് ശേഷം വിനോദത്തിലേക്കും തിന്മകളിലേക്കും വഴിമാറിപ്പോകുന്ന വര്‍ത്തമാനകാല മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥ കാണുമ്പോഴുള്ള ആശങ്കയാണ് അവര്‍ ഈ ചോദ്യത്തിലൂടെ പങ്കുവെക്കുന്നത്. മുസ്ലിം ഉമ്മത്തില്‍ ഇതൊരു പതിവായിരിക്കുന്നു. റമദാനില്‍ പള്ളികള്‍ നമസ്‌കാരക്കാരെയും, ഖുര്‍ആന്‍ പഠിതാക്കളെയും, ദിക്ര്‍ ചൊല്ലുന്നവരെയും കൊണ്ട് നിബിഢമാവുകയും റമദാനുശേഷം അവ വിജനമാവുകയും ചെയ്യുന്നു. മുസ്‌ലിം ഉമ്മത്തിനെ ബാധിച്ച ഈ ഗുരുതരരോഗത്തിന് അടിയന്തരചികിത്സ നല്‍കേണ്ടിയിരിക്കുന്നുവെന്ന് പണ്ഡിതന്മാരും പ്രബോധകന്മാരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
മിക്ക ആളുകള്‍ക്കും റമദാന്‍   ആരാധനയെന്നതിനേക്കാള്‍ ആചാരവും സമ്പ്രദായവുമായി മാറിയിരിക്കുന്നതായാണ് ഈ രോഗത്തിന്റെ  കാരണം പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത്. കേവലം ചില ആരാധനകള്‍ നിര്‍വഹിക്കാനുള്ള നിശ്ചിത സന്ദര്‍ഭമെന്ന നിലക്കാണ് കൂടുതല്‍പേരും റമദാനെ സമീപിക്കുന്നത്. തറാവീഹ് നമസ്‌കാരം, നോമ്പ് തുടങ്ങിയവയാണ് അവയില്‍ പ്രധാനം. അവരത് മുടങ്ങാതെ നിര്‍വഹിക്കുകയും റമദാനുശേഷം എല്ലാം അവഗണിക്കുകയും ചെയ്യുന്നു. നാട്ടിലെ സമ്പ്രദായത്തെയും, ആചാരത്തെയുമാണ് അവര്‍ മാനിക്കുന്നത്. അല്ലാതെ, അതുമായി ബന്ധപ്പെട്ട അല്ലാഹുവിന്റെ കല്‍പനകളെയോ നിര്‍ദേശങ്ങളെയോ അല്ല. അതിനാല്‍ തന്നെ റമദാന്‍ അവരുടെ ജീവിതത്തില്‍ ആവശ്യമായ മാറ്റമോ പരിവര്‍ത്തനമോ സൃഷ്ടിക്കുന്നില്ല. റമദാന്‍ കഴിയുന്നതോടെ  പതിവനുസരിച്ച് തിന്മകളിലേക്ക് അവര്‍ മടങ്ങുകയും ചെയ്യുന്നു.
സമൂഹത്തില്‍ തിന്മയുടെ പ്രേരകങ്ങളും അതിലേക്കുള്ള വഴികളും അടച്ച്, റമദാന്‍ ഒരുക്കുന്ന ആത്മീയ അന്തരീക്ഷം മറ്റുമാസങ്ങളിലുണ്ടാകുന്നില്ല എന്നത് ഒരു കാരണമായിരിക്കാം. റമദാനിലെ  സാഹചര്യങ്ങള്‍ നന്മ പ്രവര്‍ത്തിക്കാനും, ആരാധനകള്‍ നിര്‍വഹിക്കാനുമുള്ള ഒരു താല്‍പര്യം ഉണര്‍ത്തുകയും തിന്മകളില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. റമദാന്‍ അവസാനിക്കുന്നതോടെ മേല്‍പറഞ്ഞ സാഹചര്യം ഒഴിവാകുകയും സാമൂഹികാന്തരീക്ഷം പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്നു.
ഉന്മേഷത്തിനും താല്‍പര്യത്തിനും ശേഷം മനസ്സുമടുക്കുകയും ഈമാന്‍ ദുര്‍ബലമാവുകയും ചെയ്യുന്നുവെന്നതും ഒരു  കാരണമാണ്. റമദാന്റെ പ്രഥമദിനങ്ങളിലും  അവസാനദിനങ്ങളിലും പള്ളിയിലെത്തുന്നവരുടെ എണ്ണം താരതമ്യംചെയ്താല്‍ ഇതു ബോധ്യപ്പെടുന്നതാണ്. ആരാധനകള്‍ മനസ്സിന് ആവേശവും, സമാധാനവും നല്‍കുമെന്നത് ശരി തന്നെയാണ്. പക്ഷേ, അതിന് ദേഹേഛയേയും താല്‍പര്യങ്ങളെയും അതിജയിച്ചേ പറ്റൂ. ഭൗതികാസക്തിയും, ആലസ്യവും, വിശ്രമവുമാണ് മനസ്സ്  കൊതിക്കുന്നത്. ഇതില്‍നിന്ന് മനസ്സിനെ കാത്തുസൂക്ഷിക്കുക എന്നതാണ് പരിഹാരം.
ഈ രോഗത്തെ ചികിത്സിക്കുന്നതിന്റെ പ്രഥമ പടി ആരാധനകളെ പ്പറ്റിയുള്ള കാഴ്ചപ്പാട് മാറ്റുകയെന്നതാണ്. ദൈവത്തിന് വേണ്ടി നിര്‍വഹിക്കുന്ന ആരാധനകള്‍ സ്ഥലകാല ബന്ധിതമല്ല. മരണം വരെ തുടര്‍ന്നുകൊണ്ടേയിരിക്കേണ്ടതാണ് വിശ്വാസിയുടെ കര്‍മങ്ങള്‍. ഹസന്‍ ബസ്വരി പറയുന്നു:’അല്ലാഹു സല്‍ക്കര്‍മങ്ങള്‍ക്ക് മരണമല്ലാത്ത മറ്റൊരവധിയും നമുക്ക് നല്‍കിയിട്ടില്ല’. അല്ലാഹു പറയുന്നത് മരണം വരെ ആരാധനകള്‍ നിര്‍വഹിക്കാനാണ്. (ഹിജ്ര്‍ 99.)
റമദാന്ന് അല്ലാഹു ശ്രേഷ്ഠത കല്‍പിച്ചുനല്‍കി എന്നതുമാത്രമാണ് അതിന്റെ പ്രത്യേകത. നന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം തേടാന്‍ വേണ്ടിയാണ് അത്. പ്രസ്തുത സാമീപ്യവും ദൈവസ്മരണയും ഒരു വിശ്വാസിയുടെ മനസ്സില്‍ അടിയുറച്ചാല്‍ ജീവിത കാലം മുഴുവന്‍ ആരാധനകളനുഷ്ഠിക്കാന്‍ വിശ്വാസി വെമ്പല്‍കൊള്ളും. ആരാധനകള്‍ പലപ്പോഴും അടിമയുടെ ദേഹേഛക്കും ആഗ്രഹത്തിനും വഴിപ്പെടുകയില്ലെന്ന് വിശ്വാസി തിരിച്ചറിയുകയെന്നതാണ് മടിയും ആലസ്യവും സ്വന്തത്തെ കീഴ്‌പ്പെടുത്താതിരിക്കാനുള്ള മാര്‍ഗം. ഈ തിരിച്ചറിവ് ലഭിക്കുന്നതോടെ പ്രാരംഭത്തില്‍ കൂടുതല്‍ ജാഗ്രത്തായി കഠിനാധ്വാനം ചെയ്യാന്‍ അവന്‍ തയ്യാറാവുന്നു. മനസ്സ് അനുസരണത്തിനും ദൈവിക വിധേയത്വത്തിനും കീഴ്‌പെടുംവരെ  പ്രയത്‌നിക്കേണ്ടി വരും. അല്ലാഹു പറയുന്നു:’നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും. സംശയമില്ല; അല്ലാഹു സച്ചരിതരോടൊപ്പമാണ്’. നബിതിരുമേനി(സ) പറയുന്നു:’സ്വര്‍ഗം പ്രയാസങ്ങളാലും നരകം വികാരങ്ങളാലും വലയം ചെയപ്പെട്ടിരിക്കുന്നു’.
കര്‍മനൈരന്തര്യത്തെ തുടര്‍ന്ന് ക്ഷീണവും പ്രയാസവും അനുഭവപ്പെടുമെന്നതില്‍ സംശയമില്ല. പക്ഷേ ക്ഷീണം ആലസ്യത്തിലേക്കും നിര്‍ബന്ധബാധ്യതയില്‍ വീഴ്ച വരുത്തുന്നതിലേക്കും കൊണ്ടെത്തിക്കുന്നതാണ് സൂക്ഷിക്കേണ്ടത്.
ക്ഷീണവും മടുപ്പും അനുഭവപ്പെടുമ്പോള്‍ എല്ലാ കര്‍മങ്ങളും ഉപേക്ഷിക്കുകയല്ല വേണ്ടത്, മറിച്ച് തന്ത്രപൂര്‍വം മനസ്സിനെ ചികിത്സിക്കുകയാണ് . ആവശ്യമായ ആശ്വാസവും ഉല്ലാസവും മനസ്സിന് നല്‍കുകയും കര്‍മങ്ങളില്‍ സന്തുലിതത്വം കാത്ത് സൂക്ഷിക്കുകയുമാണ് വേണ്ടത്. മടുപ്പുളവാക്കുവോളം ആരാധനയിലോ, ദൈവത്തെ വിസ്മരിക്കുവോളം വിനോദത്തിലോ മുഴുകാന്‍ പാടുള്ളതല്ല.
റമദാന് മുമ്പുള്ള ജീവിതത്തേക്കാള്‍ ഉത്തമമായിരിക്കണം റമദാന് ശേഷമുള്ള ജീവിതം. നന്മ സ്വീകരിക്കുന്നതിന്റെ അടയാളം തുടര്‍ന്നുകൊണ്ടിരിക്കുന്ന നന്മ തന്നെയാണ്. നന്മ തിരസ്‌കരിക്കപ്പെട്ടതിന്റെ അടയാളം  തിന്മകളില്‍ മുഴുകുക എന്നതാണ്.
അതിനാല്‍ റമദാനില്‍ ആര്‍ജിച്ചെടുത്ത സുകൃതങ്ങള്‍ നമുക്ക് ഇനിയും തുടരാം. കാരണം കര്‍മനൈരന്തര്യമാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത്.  പ്രവാചകന്‍(സ)യുടെ കര്‍മത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ആഇശ(റ) ഇപ്രകാരമാണ് പറഞ്ഞത് ‘അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ക്ക് നൈരന്തര്യമുണ്ടായിരുന്നു. നിലച്ചുപോവാത്ത മഴയെപ്പോലെയായിരുന്നു അത്’.
നാം റമദാനെ യാത്രയാക്കിയിരിക്കുന്നു. ഹൃദയം തുടിക്കുന്ന കാലത്തോളം വിശ്വാസി ആരാധനയോടും സുകൃതങ്ങളോടും വിടപറയുകയില്ല. പെരുന്നാള്‍ പിറക്കുന്നതോടെ പള്ളികളും നന്മകളും വെടിയുന്നവരെ അല്ലാഹു സംസ്‌കരിക്കട്ടെ. ‘പറയുക: ‘നിശ്ചയമായും എന്റെ നമസ്‌കാരവും ആരാധനാകര്‍മങ്ങളും ജീവിതവും മരണവുമെല്ലാം പ്രപഞ്ചനാഥനായ അല്ലാഹുവിനുള്ളതാണ്. ‘അവന് പങ്കാളികളാരുമില്ല. അവ്വിധമാണ് എന്നോട് കല്‍പിച്ചിരിക്കുന്നത്. അവനെ അനുസരിക്കുന്നവരില്‍ ഒന്നാമനാണ് ഞാന്‍’. (അന്‍ആം 162). ജീവിതത്തിന്റെ സമസ്തമേഖലയും  അല്ലാഹുവിന്് സമര്‍പ്പിച്ചുകൊണ്ടുള്ളതാവട്ടെ നമ്മുടെ ഇനിയുള്ള ജീവിതം..

Related Post