പ്രാര്‍ഥനകള്‍

ഇസ്ലാം ഓണ്‍ ലൈവ്  അവലംബം dua

 

മനുഷ്യരുടെ എല്ലാആവശ്യങ്ങളും നിറവേറ്റാനും അവരെ ആപത്തുകളില്‍നിന്നും ദോഷങ്ങളില്‍ നിന്നും രക്ഷിക്കാനും കഴിവുള്ളത് സൃഷ്ടാവായ അല്ലാഹുവിനു മാത്രമാണ്.അതിനാല്‍ നമ്മുടെ എന്താവശ്യവും സാധിക്കാനും ദോഷങ്ങള്‍ തടുക്കാനും അല്ലാഹുവോടു മാത്രമേപ്രാര്‍ഥിക്കാവൂ. اُدعُوني أستَجِب لَكُم (നിങ്ങള്‍ എന്നോടു പ്രാര്‍ഥിക്കുവിന്‍. ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കാം) എന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നു.
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ (البقرة: 186)  أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ
(എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് നിന്നോട് ചോദിച്ചാല്‍ പറയുക: ഞാന്‍ സമീപസ്ഥനാണ്. എന്നോട് പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനയ്ക്ക് ഞാന്‍ ഉത്തരം നല്കും) എന്നും ഖുര്‍ആനില്‍ കാണാം. അല്ലാഹു അല്ലാത്ത മറ്റാരോടും പ്രാര്‍ഥിക്കുന്നത് നിഷിദ്ധമാണ്.
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (الجن: 18)
(ആരാധനാലയങ്ങള്‍ അല്ലാഹുവിന്റെ ഉടമയിലാണ്. ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരാളോടും നിങ്ങള്‍ പ്രാര്‍ഥിക്കരുത്). മനുഷ്യര്‍ ബോധപൂര്‍വമോ അറിവില്ലാത്തതിനാലോ ചെയ്യുന്ന പാപങ്ങള്‍ പൊറുക്കാനും സല്‍കര്‍മമനുഷ്ഠിച്ച് ദൈവസാമീപ്യം നേടാനുമൊക്കെ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതുപോലെ ഐഹികമായ ആവശ്യങ്ങള്‍ നിറവേറ്റാനും അവനോട് പ്രാര്‍ഥിക്കാം. രോഗം സുഖപ്പെടാനും, ദാരിദ്ര്യവും കഷ്ടപ്പാടും നീങ്ങാനും, പരീക്ഷയില്‍ വിജയിക്കാനും ജീവിതത്തില്‍ സന്തോഷവും മനഃസമാധാനവും ഉണ്ടാകാനുമെല്ലാം പ്രാര്‍ഥിക്കാവുന്നതാണ്. വിവിധകാര്യങ്ങള്‍ക്ക് നബി(സ) അല്ലാഹുവോട് പ്രാര്‍ഥിച്ചതായുംപ്രാര്‍ഥനകള്‍പഠിപ്പിച്ചതായും ഹദീഥുകളില്‍നിന്ന് ഗ്രഹിക്കാം. അല്ലാഹുവില്‍ പൂര്‍ണമായ വിശ്വാസത്തോടെയും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് പ്രാര്‍ഥിക്കേണ്ടത്. ദുഷ്‌കര്‍മങ്ങളില്‍ നിന്നും നിഷിദ്ധ സമ്പാദ്യങ്ങളില്‍നിന്നും വിട്ടുനിന്നുകൊണ്ട് പരിശുദ്ധഹൃദയത്തോടെ പ്രാര്‍ഥിക്കുന്നവര്‍ക്കാണ് പ്രാര്‍ഥനയ്ക്കുത്തരം ലഭിക്കുക. ഇങ്ങനെ പ്രാര്‍ഥിക്കുന്നവരുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുന്നത് മൂന്നിലൊരു വിധത്തിലായിരിക്കുമെന്ന് റസൂല്‍(സ) അറിയിച്ചിട്ടുണ്ട്. ഒന്നുകില്‍ പ്രാര്‍ഥിച്ച കാര്യം അതേപടി നിറവേറ്റും. അത് നിറവേറ്റുന്നതിന് വല്ല പ്രതിബന്ധവുമുണ്ടെങ്കില്‍ മറ്റൊരനുഗ്രഹം നല്‍കുകയോ ദോഷം തടുക്കുകയോ ചെയ്യും. അല്ലാത്തപക്ഷം അത് പരലോകത്ത് നല്കാനായി നീട്ടിവെക്കും. മൂന്നുതരത്തിലായാലുംപ്രാര്‍ഥനകൊണ്ട് ഗുണം സിദ്ധിക്കുമെന്നര്‍ഥം. വിവിധപ്രാര്‍ഥനകള്‍പോലെവ്യത്യസ്തസന്ദര്‍ഭങ്ങളില്‍അല്ലാഹുവിനെസ്മരിക്കുകയുംപ്രകീര്‍ത്തിക്കുകയും ചെയ്യാനായിറസൂല്‍(സ) പഠിപ്പിച്ച ദിക്‌റുകളും തസ്ബീഹുകളുമുണ്ട്. അവയിലൂടെ അല്ലാഹുവിനെസ്മരിക്കുകയും സ്തുതിക്കുകയും വേണം. ഖുര്‍ആന്‍ പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا. وَسَبِّحُوهُ بُكْرَةً وَأَصِيلًا (الأحزاب: 41، 42)
(സത്യവിശ്വാസികളേ, നിങ്ങള്‍അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പ്രഭാതത്തിലും പ്രദോഷത്തിലും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.)
പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കാന്‍ കൂടുതല്‍ അര്‍ഹമായ സന്ദര്‍ഭങ്ങളും ശ്രേഷ്ഠസമയങ്ങളുമുണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കുശേഷം, നോമ്പുതുറക്കുമ്പോള്‍, രാത്രിയുടെ അന്ത്യയാമങ്ങളില്‍ തുടങ്ങിയവ അതില്‍പ്പെടുന്നു. നമസ്‌കാരാനന്തര പ്രാര്‍ഥന ഉത്തരം ലഭിക്കാന്‍ ഏറെ അര്‍ഹമാണ്. അബൂഉമാമ(റ)പറയുന്നു:
قِيلَ : يَا رَسُولَ اللَّهِ ، أَيُّ الدُّعَاءِ أَسْمَعُ ؟ قَالَ : ” جَوْفَ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوبَاتِ ”
(അല്ലാഹുവിന്റെദൂതരേ, ഉത്തരം ലഭിക്കാന്‍ കൂടുതല്‍ അര്‍ഹമായപ്രാര്‍ഥന ഏതാണ് എന്ന ചോദ്യം വന്നു.നബി(സ) പറഞ്ഞു:പാതിരാ നേരത്തും നിര്‍ബന്ധന മസ്‌കാരങ്ങള്‍ക്കുശേഷവും.)
(സല്‍മാനില്‍നിന്ന്‌നിവേദനം.നബി(സ)പറഞ്ഞു:നിങ്ങളുടെ നാഥന്‍ലജ്ജാശീലനാണ്, ഉദാരനാണ്. തന്റെ നേരെ അടിമ ഉയര്‍ത്തിയ കൈ വെറുതെ മടക്കാന്‍ അവന്‍ ലജ്ജിക്കുന്നു.)
അല്ലാഹുവിനെ സ്തുതിച്ചും അവനെ പ്രകീര്‍ത്തിച്ചും നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലിയും വേണം പ്രാര്‍ഥന തുടങ്ങാന്‍. വിനയവും വിധേയത്വവും പ്രകടിപ്പിച്ചും ഹൃദയസാന്നിധ്യം ഉറപ്പുവരുത്തിയുമാവണം അത്. കുറ്റകരമായ കാര്യത്തിനോ ബന്ധവിച്ഛേദത്തിനോ ആവരുത് പ്രാര്‍ഥന. ഉത്തരം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിച്ചും ഉത്തരം ലഭിക്കുന്നതു വൈകിപ്പോകുന്നു എന്ന ദുഷ്ചിന്തയില്ലാതെയും വേണം അത്.

Related Post