പരിശുദ്ധ റമദാന്റെ അനുഗ്രഹീത നിമിഷങ്ങളിലാണ് നാമുള്ളത്. ആകാശം ഭൂമിയെ ആലിംഗനം ചെയ്യുന്ന സമയമാണിത്. ഇഹലോക നന്മയുടെ ഏകകമാക്കി അല്ലാഹു റമദാനെയാണ് നിര്‍ണയിച്ചത്. വിശുദ്ധ വേദത്തിന്റെ അവതരണത്തിന് റമദാനെ തെരഞ്ഞെടുത്തത് ഈയര്‍ത്ഥത്തിലാണ്. ഭൂമിയിലെ ഏറ്റവും പരിശുദ്ധമായ ഹൃദയത്തിലേക്കാണ് അവ അവതരിപ്പിക്കപ്പെട്ടത്. റമദാന് സമാഗതമായാല്‍ പൂര്‍വസൂരികള്‍ ഇപ്രകാരം കവിതയാലപിക്കാറുണ്ടായിരുന്നു.
‘ അല്ലയോ സംസാരിച്ച് കൊണ്ടിരിക്കുന്നവനെ റമദാന് ആഗതമായിരിക്കുന്നു. സംസ്കരണത്തിന്റെയും ദൈവവിധേയത്വത്തിന്റെയും സമയമാണിത്. റമദാനിലെ വ്രതത്തിന്റെയും, നമസ്കാരത്തിന്റെയും പ്രതിഫലം നീ നേടിയെടുക്കുക. വിജയവും, അനശ്വര നന്മകൊണ്ടും നീ സന്തോഷിക്കുക.’
ഖുര്‍ആന്റെ റമദാന്
പതിതാവസ്ഥയില്‍ നിന്നും ഔന്നത്യത്തിലേക്കുള്ള മാറ്റം അടയാളപ്പെടുത്തുന്ന മാസമാണ് റമദാന്. ദൈവത്തിന്റെ ഏറ്റവും വിലകൂടിയ ഉപഹാരം മാനവലോകത്തിന് സമര്‍പ്പിക്കപ്പെട്ടത് ഇക്കാലത്താണ്. ‘മാനവര്‍ക്ക് സന്മാര്ഗ ദര്‍ശനമായി വിശുദ്ധ വേദം അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്. സന്മാര്ഗത്തില് നിന്നുള്ള വിശദീകരണവും അതിലുണ്ട്. സത്യാസത്യ വിവേചനവുമാണത്.’ ഇഹലോകത്തിന്റെ മുഖം സുന്ദരമാക്കിയത് വിശുദ്ധ ഖുര്‍ആനാണ്. ജീവിതത്തിന്റെ മുഖം അത് അലങ്കൃതമാക്കി. മലിനമായ മനസ്സുകളെ കഴുകിവൃത്തിയാക്കുകയും, വഴിതെറ്റിയ ഹൃദയങ്ങളെ നേര്‍മാര്‍ഗത്തില്‍ നടത്തുകയും ചെയ്ത നിയമങ്ങളാണവ. കഠിനഹൃദയങ്ങളെ ഉരച്ച് നൈര്മല്യമാക്കിയ വേദം കാലികളെ മേച്ചിരുന്ന സമൂഹത്തെ ലോകത്തെ മേയ്ക്കാന്‍ പ്രാപ്തമാക്കി. ആരാധനകളര്പ്പിച്ചിരുന്ന മരങ്ങളെയും കല്ലുകളെയും വലിച്ചെറിഞ്ഞ് അവര്‍ ലോകരക്ഷിതാവിനെ വാഴ്ത്തി. നാം വിശുദ്ധ വേദത്തിലേക്ക് മടങ്ങല്‍ അനിവാര്യമാണ്. വിജയത്തിന്റെയും പ്രതാപത്തിന്റെയും തെളിമയാര്‍ന്ന ദീപങ്ങള്‍ നാം കൊളുത്തിയെടുക്കേണ്ടിയിരിക്കുന്നു. നവോത്ഥാനം സാധ്യമാക്കുന്ന അധ്യാപനങ്ങളാണവ. ‘ ഈ വിശുദ്ധ വേദം നിങ്ങളെ ഏറ്റവും ഉത്തമമായതിലേക്ക് നയിക്കുന്നു.’
വിജയങ്ങളുടെ വസന്തം
മഹത്തായ ബദ്റിന്റെ പൊന്‍പ്രഭ പരന്നത് ഈ മാസത്തിലാണ്. സത്യാസത്യ വിവേചനമായിരുന്നു അത്. പ്രവാചക പ്രബോധനത്തിന്റെ അന്ത്യമടുത്തുവെന്ന് ശത്രുക്കള്‍ വ്യാമോഹിച്ചിരുന്നു. അതിനാല്‍ ഫലം വളരെ നിര്‍ണായകമായിരുന്നു. അല്ലാഹു അബൂ ജഹ്ലിന്റെ സൈന്യത്തെ പരാജയപ്പെടുത്തി. മുഹമ്മദ് പ്രവാചകനും ഏതാനും ദുര്‍ബലരും വിജയപീഠത്തിലേറി. അറേബ്യന്‍ ഉപദ്വീപില്‍ മഹത്തായ അനുരണനങ്ങള്‍ സൃഷ്ടിച്ച വിജയം. ദൈവിക പിന്തുണ പ്രവാചകനുണ്ടെന്ന് പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങി. ഇവര്‍ കേവലം ദുര്ബലദരിദ്ര ജനങ്ങളല്ല. ആകാശം തണലിട്ട വിശുദ്ധാത്മാക്കളാണ് വിശ്വാസികള്‍ എന്ന് പൊതുജനം വിലയിരുത്തി.
വ്യക്തമായ വിജയം പൂത്തുലഞ്ഞതും റമദാനിന്റെ വസന്തത്തില്‍ തന്നെയായിരുന്നു. ഹിജ്റ എട്ടിലെ മക്കാ വിജയം. അറേബ്യന്‍ ഉപദ്വീപിലെ അത്യസാധാരണ ഗതിമാറ്റമായിരുന്നു അത്. ഇമാം ബുഖാരി പറയുന്നു. ‘അറബികള്‍ ഇസ്ലാമാശ്ലേഷിക്കാന്‍ ഫത്ഹ് കാത്തിരിക്കുകയായിരുന്നു. അവര്‍ പറയാറുണ്ടായിരുന്നു. അദ്ദേഹത്തെയും അനുയായികളെയും വിട്ടേക്കൂ. അവരില്‍ പ്രത്യക്ഷപ്പെട്ടവന് സത്യസന്ധനായ പ്രവാചകന് തന്നെയാണ്. മക്കാ വിജയം ആസന്നമായതോടെ എല്ലാവരും ഇസ്ലാമിലേക്ക് മത്സരിച്ച് കടന്ന് വന്നു.’ അവര്‍ മറ്റുള്ളവരെ ഭയപ്പെട്ട് ഒളിഞ്ഞ് വരികയായിരുന്നില്ല. സംഘം സംഘമായി, പരസ്യമായി ദൈവികദീനില്‍ പ്രവേശിച്ചു അവര്‍. ‘അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍. ജനങ്ങള്‍ സംഘടിതരായി ദീനില്‍ പ്രവേശിക്കുന്നതായി താങ്കള്‍ കാണുകയും ചെയ്താല്‍. താങ്കളുടെ റബ്ബിന്റെ മഹത്വം ഉരുവിട്ട്, അവനോട് പാപമോചനം അര്‍ത്ഥിച്ച് കൊള്ളുക. തീര്‍ച്ചയായും അവന് പൊറുക്കുന്നവനാകുന്നു.’
ഈ അനുഗ്രഹീത മാസത്തില്‍ അല്ലാഹു മുസ്ലിംകളെ ഐന്‍ ജാലൂത്തില്‍ സഹായിച്ചു. ബഗ്ദാദിലെ ബൈസന്റിയന് സൈന്യത്തിന്റെ തകര്‍ച്ചക്ക് ശേഷമായിരുന്നു അത്. വ്രതത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ പ്രബോധകര്‍ ഉദ്ബോധിപ്പിച്ച സന്ദര്‍ഭമായിരുന്നു അത്. താര്‍ത്താരികളെ നേരിടാന്‍ അവര്‍ ഐന്‍ ജാലൂത്തിലേക്ക് പുറപ്പെട്ടു. അല്ലാഹു അവരെ സഹായിച്ചു. ചരിത്രത്തിലെ അപൂര്‍വം ചില അട്ടിമറികളില്‍ ഒന്ന് അവിടെ സംഭവിച്ചു. അല്‍ഭുതകരമായ സമാപനമായിരുന്നു പ്രസ്തുത യുദ്ധത്തിന്. ശ്ത്രുക്കളായി വന്ന താര്‍ത്താരികള്‍ ഇസ്ലാം സ്വീകരിച്ച് മടങ്ങി. ചരിത്രത്തിലാദ്യമായി പരാജയപ്പെട്ട സൈനികള്‍ വിജയിച്ചവരുടെ ആദര്‍ശം സ്വീകരിച്ചു. സുശക്തമായ ഇസ്ലാമിക രാഷ്ട്രം ലോകത്ത് തലയുയര്‍ത്തി നിന്നു.
ഇവയെല്ലാം റമദാന് നല്കുന്ന വിപ്ലവ സൂചനകളാണ്. നാം റമദാനെ ഹൃദയംഗമായി പുണരുന്നുവെങ്കില് വ്യക്തമായ വിജയം കൊണ്ടും, സമൂലമായ നന്മ കൊണ്ടും റമദാന് നമ്മെ അനുഗ്രഹിക്കും. നാം റമദാനോടൊപ്പം സഹവസിക്കേണ്ട നിമിഷങ്ങളാണിത്. പ്രതാപവും, സഹായവും, ഔന്നത്യവും നാം കാംക്ഷിക്കുന്നുവെങ്കില്‍. അല്ലാഹു നമ്മോട് കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ റമദാനാണ് അനുയോജ്യമായ അവസരം. നവലോകക്രമത്തിലെ പ്രഥമ റമദാനാണ് ഇത്. മുസ്ലിം ഉമ്മത്ത് നിശ്ചയദാര്‍ഢ്യത്തോടെ രംഗത്തിറങ്ങിയ, വിപ്ലവ വസന്തങ്ങളാഘോഷിച്ച ദിനരാത്രങ്ങള്‍. പൊതുജനങ്ങളുടെ സ്വതന്ത്ര തീരുമാനത്തോടെ ഭരണാധികാരി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നവോത്ഥാനത്തിനുതകുന്ന പദ്ധതികള്‍ സമര്പിക്കപ്പെട്ടിരിക്കുന്നു. മാറ്റത്തിന് വേണ്ടി കൊതിക്കുന്ന ഹൃദയങ്ങളുണ്ട് ഇവിടെ. അതിന് വേണ്ട വിളിക്ക് ഉത്തരം നല്‍കേണ്ടത് നമ്മെപ്പോലുള്ള സ്വതന്ത്ര സമൂഹങ്ങളാണ്. പ്രതിബന്ധങ്ങളും, പ്രതിലോമപരമായ നിലപാടുകളും നാം അതിജയിക്കേണ്ടതുണ്ട്.
നിശ്ചയ ദാര്ഢ്യങ്ങളുടെ വിജയമാണ് റമദാന്റെ വിജയങ്ങള്‍. സ്വാര്‍ത്ഥതക്ക് മേല്‍, ദേഹേഛകള്‍ക്ക് മേല്‍ അന്നപാനീയ വര്‍ജ്ജനത്തിലൂടെ, ആസ്വാദനങ്ങളെ ബലിയര്‍പ്പിക്കുന്നതിലൂടെ വിശ്വാസികള്‍ നേടിയ വിജയത്തിന്റെ പൂര്‍ണതയായിരുന്നു റമദാനിലെ ചരിത്രവിജയ മുഹൂര്‍ത്തങ്ങള്‍.
വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി