റമദാന്‍: ചരിത്രമുറങ്ങുന്ന പകലിരവുകള്‍

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

റമദാന്‍: ചരിത്രമുറങ്ങുന്ന പകലിരവുകള്‍

റമദാന്‍: ചരിത്രമുറങ്ങുന്ന പകലിരവുകള്‍

മാനവ ജനതയുടെ സഞ്ചാരത്തില്‍ പൊതുവായും ഇസ്‌ലാമിക നാഗരികതയുടെ പ്രയാണത്തില്‍ സവിശേഷമായും നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച നിരവധി സംഭവങ്ങള്‍ റമദാന്‍ മാസത്തില്‍ അരങ്ങേറിയിട്ടുണ്ട്. എക്കാലത്തെയും വിശ്വാസികള്‍ ആവേശപൂര്‍വം ഓര്‍ക്കുന്ന ഉജ്ജ്വലമുഹൂര്‍ത്തങ്ങളാണവ. ചരിത്രത്തിന്റെ ചുവരുകളില്‍ ഇന്നും മായാതെ കിടക്കുന്ന റമദാനില്‍ നടന്ന സുപ്രധാന സംഭവങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:

1. ദിവ്യസന്ദേശത്തിന്റെ അവതരണം

പ്രവാചകന് (സ) അല്ലാഹു ആദ്യമായി ദിവ്യസന്ദേശം നല്‍കിയത് ഒരു റമദാന്‍ രാവിലായിരുന്നു. ക്രി. 623 പ്രവാചകത്വത്തിന്റെ ഒന്നാം വര്‍ഷം. മനുഷ്യ ചരി ത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം സൃഷ്ടിച്ച സംഭവം എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം. അജ്ഞതയുടെ അന്ധകാരത്തില്‍ പകച്ചുനില്‍ക്കുകയായിരുന്നു മനുഷ്യര്‍. അവരെ സന്മാര്‍ഗത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വഴികാട്ടാനുള്ള വിളക്കായി വിശുദ്ധ ഖുര്‍ആന്‍ മണ്ണിലേക്ക് ഇറങ്ങിവന്ന നിമിഷങ്ങളായിരുന്നു അത്.

പലതരം അടിമത്തങ്ങളുടെ ചങ്ങലകളില്‍ ബന്ധിതരായിരുന്നല്ലോ ആദം സന്തതികള്‍. ആ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് സ്രഷ്ടാവിന്റെ ഏകത്വം എന്ന സ്വാതന്ത്ര്യത്തിലേക്ക് അവരെ കൈപിടിച്ചുയര്‍ത്താന്‍ ഒരു വിമോചകന്‍ നിയോഗിതനായ രാവ്. അങ്ങനെയൊരു മുഹൂര്‍ത്തം സംഭവിച്ചിട്ടില്ലായിരുന്നുവെങ്കില്‍ മാനവകുലം ഇന്നും ഇരുട്ടിലാകുമായിരുന്നു. അധഃപതനത്തില്‍നിന്നും അധഃപതനത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു.

2. ബദ്ര്‍ 

ഹിജ്‌റ വര്‍ഷം രണ്ട്, റമദാന്‍ 17 ഇസ്‌ലാമിക നാഗരികതയുടെ ഭാഗധേയം നിര്‍ണയിക്കപ്പെട്ട ദിനമായിരുന്നു. ലോകം അന്നോളം അംഗീകരിച്ചുപോന്ന ചില സമവാക്യങ്ങള്‍ പൊളി ച്ചെഴുതിയ ബദ്ര്‍ എന്ന ഉജ്ജ്വല പോരാട്ടത്തിന് സാക്ഷിയായ സന്ദര്‍ഭം. അംറുബ്‌നു ഹിശാമിന്റെ (അബൂജഹ്ല്‍) നേതൃത്വത്തിലുള്ള അസത്യത്തിന്റെ ദുശ്ശക്തിയും പ്രവാചകന്‍ (സ) നേതൃത്വം കൊടുത്ത സത്യവാഹക സംഘവും ബദ്‌റിന്റെ രണഭൂമിയില്‍ ഏറ്റുമുട്ടി.

313 പോരാളികള്‍ ആയിരം പടയാളികളെ ആധികാരികമായി പരാജയപ്പെടുത്തി. ഇന്നാണെങ്കില്‍ അട്ടിമറി വിജയം എന്ന് വിശേഷിപ്പിക്കപ്പെടുമായിരുന്നു. കേവല അട്ടിമറി ജയമായിരുന്നില്ല ബദ്ര്‍. ആത്മാര്‍ഥമായ ത്യാഗ സമര്‍പ്പണത്തിന്റെ അനിവാര്യമായ ഫലമായിരുന്നു. സത്യത്തിനുവേണ്ടി മണ്ണില്‍ പോരാടുന്നവര്‍ക്ക് വിണ്ണില്‍നിന്നും സഹായമിറങ്ങും എന്ന ഓര്‍മപ്പെടുത്തലാണ് ഓരോ റമദാന്‍ പതിനേഴും സത്യവിശ്വാസികള്‍ക്ക് സമ്മാനിക്കുന്നത്.

3. മക്കാ വിജയം

ഹിജ്‌റ വര്‍ഷം 8, റമദാന്‍ 20-ന് ഇസ്‌ലാമിന്റെ വിജയപതാക ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നു. ലോക മുസ്‌ലിം ചരിത്രത്തിലെ ആത്മാഭിമാനത്തിന്റെ സുവര്‍ണ നിമിഷങ്ങളാണത്. പതിനായിരത്തിലധികം വരുന്ന അനുയായികളുമായി പ്രവാചകന്‍ (സ) മക്കയിലേക്ക് മാര്‍ച്ച് ചെയ്തു. മുസ്‌ലിംകളും മക്കാ മുശ്‌രിക്കുകളും ഹുദൈബിയ സന്ധിയില്‍ ഒപ്പു വെച്ചിരുന്നു.

രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മുശ്‌രിക്കുകള്‍ സന്ധിയിലെ ഉടമ്പടികള്‍ ലംഘിച്ചു. മക്കയിലേക്ക് പുറപ്പെടാന്‍ പ്രവാചകന് (സ) സാഹചര്യമൊരുക്കിയത് ഈ കരാര്‍ലംഘനമായിരുന്നു. ഹുദൈബിയ സന്ധി അംഗീകരിച്ച നിമിഷം തന്നെ ഇങ്ങനെയൊരു സന്ദര്‍ഭം പ്രവാചകന്‍ (സ) സ്വപ്‌നം കണ്ടിരിക്കണം. രക്തം ചിന്താതെ മുസ്‌ലിം സൈന്യം മക്കയില്‍ പ്രവേശിച്ചു. പ്രതിരോധിക്കാന്‍ ശേഷിയില്ലാതെ ശത്രുക്കള്‍ തലകുനിച്ചുനിന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മനുഷ്യത്വം മരവിക്കുംവിധമുള്ള ക്രൂരതകള്‍ മുസ്‌ലിം സമൂഹത്തിനെതിരെ അഴിച്ചുവിട്ട ശത്രുക്കള്‍ പകച്ചുനില്‍ക്കുന്നത് കണ്ടപ്പോള്‍ പലരും പറഞ്ഞുപോയി: ”ഇത് പ്രതികാരത്തിന്റെ ദിനമാണ്, ഇന്ന് പല തലകളും ഉരുളും.” അങ്ങനെ ധരിക്കുക സ്വാഭാവികം മാത്രം. ആ സന്ദര്‍ഭത്തിലാണ് ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രഖ്യാപനം പ്രവാചകന്‍ (സ) നടത്തിയത്: ”ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല. പൊയ്‌കൊള്ളുക. നിങ്ങള്‍ സ്വതന്ത്രരാണ്.” ശത്രുക്കളെ ജയിച്ചടക്കിയ ശേഷം പൊതുമാപ്പ് പ്രഖ്യാപിച്ച ഒരു നേതാവ് അതിനുമുമ്പ് കഴിഞ്ഞുപോയിട്ടില്ല. പ്രവാചകന്റെ (സ) അതിരുകളില്ലാത്ത കാരുണ്യം മക്കാ മുശ്‌രിക്കുകളെ ആഴത്തില്‍ സ്വാധീനിച്ചു. പ്രമുഖരായ ഖുറൈശി നേതാക്കളടക്കം അവരിലധികവും ഇസ്‌ലാം സ്വീകരിച്ചു. അബൂസുഫ്‌യാനുബ്‌നു ഹറബ്, അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദ്, അബൂജഹ്‌ലിന്റെ പുത്രന്‍ ഇക്‌രിമ, സുഹൈലുബ്‌നു അംറ്, സ്വഫ്‌വാനുബ്‌നു ഉമയ്യ എന്നിവര്‍ അവരില്‍ ചിലരാണ്. കഅ്ബയുടെ മുകളില്‍ കയറി ബിലാല്‍ (റ) ബാങ്കൊലി മുഴക്കിയപ്പോള്‍ നടന്നത് മക്കയുടെ വിജയ പ്രഖ്യാപനം മാത്രമല്ല. ഒരു പുതുയുഗപ്പിറവിയുടെ വിളംബരം കൂടിയാണ്.

4. സ്‌പെയ്ന്‍ വിജയം

ഹിജ്‌റ 92, റമദാനില്‍ മുസ്‌ലിംകള്‍ സ്‌പെയ്ന്‍ ജയിച്ചടക്കി. എട്ടു നൂറ്റാണ്ടുകാലം അവര്‍ അവിടെ ഭരണം നടത്തി. വൈജ്ഞാനിക സാംസ്‌കാരിക-നാഗരിക മണ്ഡലങ്ങളില്‍ അസാധാരണമായ വളര്‍ച്ചകള്‍ കൈവരിച്ചാണ് മുസ്‌ലിം സ്‌പെയിന്‍ മുന്നോട്ടുഗമിച്ചത്. സ്‌പെയ്ന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് ത്വാരിഖുബ്‌നു സിയാദായിരുന്നു. ജബലുത്ത്വാരിഖ് (ജിബ്രാള്‍ട്ടര്‍) എന്ന് ഇന്നറിയപ്പെടുന്ന മലയിടുക്കുകള്‍ താണ്ടി സൈന്യം മുന്നോട്ടു നീങ്ങി. മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ വടക്കു തീരത്തെത്തിയപ്പോള്‍ തന്റെ സൈന്യം സഞ്ചരിച്ചിരുന്ന മുഴുവന്‍ കപ്പലുകളും ത്വാരിഖുബ്‌നു സിയാദ് കത്തിച്ചുകളഞ്ഞു. കഠിനമായ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കാം.

ആ സന്ദര്‍ഭത്തില്‍ പിന്തിരിഞ്ഞോടാനുള്ള ചിന്തപോലും സൈനികരില്‍ ഇല്ലാതാക്കാനാണ് അദ്ദേഹം അപ്രകാരം ചെയ്തത്. സൈന്യത്തെ അഭിമുഖീകരിച്ച് അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണം അവരെ ആവേശഭരിതരാക്കി. അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ശത്രുകോട്ടകള്‍ തകര്‍ത്തുകൊണ്ട് സൈന്യം മുന്നേറി. ഇന്നത്തെ സ്‌പെയ്ന്‍, ഹോളണ്ട് എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ മുസ്‌ലിംകള്‍ അധികാരം വാണു. ഇസ്‌ലാമിക നാഗരിക ചരിത്രത്തില്‍ ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന ഏടുകളാണ് മുസ്‌ലിം സ്‌പെയ്ന്‍ കാലഘട്ടം.

5. ബൈത്തുല്‍ മഖ്ദിസ് മോചനം  (ഹിത്വീന്‍ യുദ്ധം)

മുസ്‌ലിം ലോകത്തിന്റെ ഒന്നാമത്തെ ഖിബ്‌ല, പുണ്യംപ്രതീക്ഷിച്ചുകൊണ്ട് തീര്‍ഥാടനം നടത്താന്‍ അനുവദിക്കപ്പെട്ട ലോകത്തെ മൂന്ന് പള്ളികളിലൊന്ന്, പരിശുദ്ധ പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ് പവിത്രമായ മണ്ണ്, ബൈത്തുല്‍ മഖ്ദിസിന്റെ മഹത്വങ്ങള്‍ ഇങ്ങനെ അനവധിയാണ്. അക്കാരണത്താല്‍ തന്നെ ലോകമുസ്ലിംകളുടെ ഹൃദയത്തിലാണത് സ്ഥിതിചെയ്യുന്നത്. മഹാനായ ഉമറി(റ)ന്റെ കാലത്താണ് ബൈത്തുല്‍ മഖ്ദിസ് ആദ്യമായി മോചിപ്പിക്കപ്പെടുന്നത്. സല്‍ജൂഖി ഭരണത്തിന്റെ പതനത്തിനു ശേഷം ബൈത്തുല്‍ മഖ്ദിസ് ലക്ഷ്യമാക്കിയുള്ള ക്രൈസ്തവ പടനീക്കം ആരംഭിച്ചു. എട്ടു കുരിശു യുദ്ധങ്ങളാണ് അതിനുവേണ്ടി യൂറോപ്യര്‍ നടത്തിയത്. ക്രി. 1096 മുതല്‍ 1099 വരെ നടന്ന ഒന്നാം കുരിശു യുദ്ധത്തില്‍ ക്രൈസ്തവ സൈന്യം ബൈത്തുല്‍ മഖ്ദിസ്, ഫലസ്ത്വീന്‍, സിറിയയുടെ തീരം എന്നിവ അധീനപ്പെടുത്തി.

ബൈത്തുല്‍ മഖ്ദിസിന്റെ വിമോചനം എന്ന ചരിത്രദൗത്യം ഏറ്റെടുക്കാന്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി കടന്നുവരുന്നത് ഈ ഘട്ടത്തിലാണ്. ക്രി.1187 റമദാനില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം ബൈത്തുല്‍ മഖ്ദിസ് മോചിപ്പിക്കാന്‍ ഫലസ്ത്വീനിലേക്ക് പുറപ്പെട്ടു. ഹിത്വീനില്‍ വെച്ച് കുരിശു സേനയുമായി കനത്ത

പോരാട്ടം നടന്നു. ക്രൈസ്തവ ഭടന്മാര്‍ പരാജയപ്പെട്ടു. സൈന്യവുമായി മുന്നോട്ടു ഗമിച്ച സ്വലാഹുദ്ദീന്‍ ബൈത്തുല്‍ മഖ്ദിസ് ജയിച്ചടക്കി. ഫലസ്ത്വീന്‍ കീഴടക്കിയപ്പോള്‍ ക്രൈസ്തവ സൈന്യം നടത്തിയ ക്രൂരകൃത്യങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. എന്നല്ല, എല്ലാ ക്രൈസ്തവര്‍ക്കും അദ്ദേഹം അഭയം നല്‍കി. എല്ലാവരോടും നീതിയോടെ വര്‍ത്തിച്ചു. ബൈത്തുല്‍ മഖ്ദിസ് തിരിച്ചുപിടിച്ചതോടെ 1099 മുതല്‍ ഫലസ്ത്വീനില്‍ നിലനിന്ന ക്രൈസ്തവാധിപത്യം അവസാനിച്ചു. ഏറെ വൈകാതെ ഫലസ്ത്വീന്‍ മുഴുവന്‍ മുസലിംകളുടെ കീഴിലായി.

ലോക മുസ്‌ലിംകളുടെ അഭിമാനമായ ബൈത്തുല്‍ മഖ്ദിസ് ഇന്ന് സയണിസ്റ്റ് ഭീകരരുടെ അധീനതയിലാണ്. ആ പരിശുദ്ധ ഭവനത്തെ മോചിപ്പിക്കാന്‍ സുല്‍ത്താന്‍ സ്വലാഹുദ്ദീനു ശേഷം ഇനിയാര് എന്ന ചോദ്യമാണ് ഓരോ റമദാനും മുസ്‌ലിം ലോകത്ത് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

6. ഉമൂറിയാ വിജയം

 ഹിജ്‌റ 223 റമദാനില്‍ അബ്ബാസി ഖലീഫ മുഅ്തസിമിന്റെ നേതൃത്വത്തില്‍ നടന്ന ശ്രദ്ധേയ സംഭവമാണ് റോമാ ആക്രമണം. റോമാ രാജാവ് മുസ്‌ലിംകള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്ന സന്ദര്‍ഭം. നിരവധി മുസ്‌ലിംകള്‍ ദാരുണമായി വധിക്കപ്പെട്ടു. പലരെയും തടവിലാക്കി.

സ്ത്രീകളുടെ അഭിമാനം പിച്ചിച്ചീന്തി. തടവുകാരില്‍ ഒരു വൃദ്ധ സ്ത്രീയുണ്ടായിരുന്നു. ‘വാമുഅ്തസിം’ എന്ന് മുഅ്തസിമിന്റെ പേര് വിളിച്ചുകൊണ്ട് അവര്‍ നിലവിളികൂട്ടി. വിവരമറിഞ്ഞ മുഅ്തസിം ഉടനെ സൈന്യത്തെ സജ്ജമാക്കാന്‍ കല്‍പന നല്‍കി. അദ്ദേഹം ചോദിച്ചു: ”റോമയിലെ ഏത് പട്ടണമാണ് ഏറ്റവും സുശക്തം?” സൈനികര്‍ പറഞ്ഞു. ”ഉമൂറിയ. റോമാ സാമ്രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകമാണ് ഉമൂറിയ പട്ടണം. ഇതിനു മുമ്പ് ഒരു മുസ്‌ലിമും അതിനെതിരെ തിരിഞ്ഞിട്ടില്ല.” അപ്പോള്‍ മുഅ്തസിം പറഞ്ഞു: ”എങ്കില്‍ ആ പട്ടണം തന്നെയാണ് നമ്മുടെ ലക്ഷ്യം.”

ശകുനപ്പിഴയുള്ള സമയമായതിനാല്‍ യാത്ര പുറപ്പെടരുതെന്ന് അന്നേരം ഒരു ഗണികന്‍ അദ്ദേഹത്തെ ഉപദേശിച്ചു. അത് വകവെക്കാതെ മുഅ്തസിം യുദ്ധത്തിന് പുറപ്പെട്ടു. റോമാ സൈന്യത്തെ പരാജയപ്പെടുത്തുകയും തടവിലാക്കപ്പെട്ട ആ വൃദ്ധസ്ത്രീയെ മോചിപ്പിക്കുകയും ചെയ്ത ശേഷമാണ് അദ്ദേഹം തിരിച്ചുവന്നത്.

ഈ പോരാട്ടത്തില്‍ ഉമൂറിയ, അങ്കാറ എന്നിവിടങ്ങളിലെ കോട്ടകള്‍ ഭേദിച്ച് കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ എത്തിയ മുഅ്തസിം റോമന്‍ ആസ്ഥാനം അധീനപ്പെടുത്താന്‍ തയാറെടുക്കുകയായിരുന്നു. അപ്പോഴാണ് തന്റെ പൗത്രനായ അബ്ബാസ് ഒരു കലാപത്തിനുള്ള സന്നാഹം സജ്ജമാക്കുന്നുണ്ടെന്ന വിവരമറിഞ്ഞത്. ഉടനെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം മടങ്ങിവന്നു. ‘ഭാഗധേയം നിര്‍ണയിക്കുന്നത് നക്ഷത്രങ്ങളല്ല, ഖഡ്ഗങ്ങളാണ്’ എന്ന് അബൂതമാം പാടിയത് മുഅ്തസിമിന്റെ ഈ പടയോട്ടത്തെക്കുറിച്ചാണ്.

7. ഐന്‍ജാലൂത്ത് സംഘട്ടനം

 ഹി. 656 (ക്രി. 1258) ഹുലാഗുവിന്റെ നേതൃത്വത്തിലുള്ള മംഗോളിയന്‍ സൈന്യം ബഗ്ദാദില്‍ പ്രവേശിച്ചു. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്നു അന്ന് ബഗ്ദാദ്. നാല്‍പതു ദിവസം മംഗോളിയന്‍ സൈന്യം അവിടെ താണ്ഡവമാടി. ജനങ്ങളെ കൂട്ടക്കൊല ചെയ്തു. നഗരം കൊള്ളയടിച്ചു. ബഗ്ദാദിന്റെ കീര്‍ത്തിസ്തംഭങ്ങളായിരുന്ന മദ്‌റസകളും ആശുപത്രികളും തരിപ്പണമാക്കി. ലോകത്തിലെ ഏറ്റവും വലിയ ആ നഗരം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ശവപ്പറമ്പായി മാറി. സ്ത്രീകളെയും കുട്ടികളെയുമടക്കം പതിനാലു ലക്ഷം ആളുകളെയാണ് ബഗ്ദാദില്‍ മംഗോളി യന്‍ കിരാതര്‍ കൊന്നൊടുക്കിയത്. ഇറാഖിലെ ഇതര നഗരങ്ങളിലും ഹുലാഗുവിന്റെ സൈന്യം ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.

ഹി. 658 (ക്രി.1260) റമദാനില്‍ ഈജിപ്ത് രാജാവായ ഖുതുസ് ബേബര്‍സ് ഫലസ്ത്വീനിലെ ഐന്‍ജാലൂത്ത് എന്ന സ്ഥലത്തു വെച്ച് മംഗോളിയന്‍ സൈന്യവുമായി ഏറ്റുമുട്ടി. അവരെ തകര്‍ത്ത് ഈജിപ്തിനെയും സിറിയയെയും രക്ഷപ്പെടുത്തി. ഈ പരാജയത്തിലൂടെ മംഗോളിയന്‍ സൈന്യം ഇസ്‌ലാമിക ലോകത്തുനിന്നും പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടു. അപ്പോഴേക്കും ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയഭാഗമായിരുന്ന ബഗ്ദാദ് തകര്‍ന്നുകഴിഞ്ഞിരുന്നു. മംഗോളിയന്‍ ആക്രമണത്തിനു ശേഷം നൂറ്റാണ്ടുകള്‍ പലതു കഴിഞ്ഞെങ്കിലും ആക്രമണത്തിന് മുമ്പുണ്ടായിരുന്ന ക്ഷേമൈശ്വര്യങ്ങളോ വൈജ്ഞാനിക-കലാ പുരോഗതിയോ പിന്നീടൊരു കാലത്തും ബഗ്ദാദിന് തിരിച്ചുപിടിക്കാനായിട്ടില്ല.

8. അന്തോഖ്യ തിരിച്ചുപിടിക്കുന്നു 

 ഉമറി(റ)ന്റെ കാലത്ത് മുസ്‌ലിംകള്‍ ജയിച്ചടക്കിയ ശാമിലെ പട്ടണമാണ് അന്തോഖ്യ. ഹി. 491-ല്‍ കുരിശു സേന ഇസ്‌ലാമിക ലോകം ആക്രമിക്കുന്നതുവരെ ആ പട്ടണം മുസ്‌ലിംകളുടെ അധീനതയിലായിരുന്നു. ഇസ്‌ലാമിന്റെ എല്ലാ അടയാളങ്ങളും അവിടെനിന്നും തുടച്ചുനീക്കാന്‍ കുരിശുസേന ശ്രമിച്ചു. പള്ളികള്‍ ചര്‍ച്ചുകളാക്കി മാറ്റി. പന്ത്രണ്ട് മൈല്‍ നീളമുള്ള ചുറ്റുമതില്‍ കെട്ടി തങ്ങളുടെ ശക്തമായ കോട്ടയാക്കി അന്തോഖ്യ പട്ടണത്തെ മാറ്റി.

ഹി. 666 (ക്രി. 1268) റമദാന്‍ നാലിന് മംലൂകി രാജാവ് ള്വാഹിര്‍ ബേബര്‍സിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സൈന്യം കുരിശുസേനയില്‍നിന്നും അന്തോഖ്യ തിരിച്ചുപിടിച്ചു. 170 വര്‍ഷം നീണ്ട കുരിശുസേനയുടെ അധിനിവേശത്തിന് അറുതിവരുത്തി. ള്വാഹിര്‍ ബേബര്‍സ് ഒരു വലിയ സൈന്യവുമൊരുക്കി അന്തോഖ്യ ലക്ഷ്യമാക്കി നീങ്ങി. പട്ടണം ഉപരോധിച്ചു. ഉജ്ജ്വലമായ മുന്നേറ്റം നടത്തി അന്തോഖ്യ ജയിച്ചടക്കി. ബന്ധനസ്ഥരായിരുന്ന മുസ്‌ലിംകളെ മോചിപ്പിച്ചു. സ്വലാഹുദ്ദീന്‍ അയ്യൂബി നയിച്ച ഹിത്വീന്‍ യുദ്ധത്തിനു ശേഷം കുരിശുസേന നേരിട്ട കടുത്ത പരാജയമായിരുന്നു ഇത്.

9. അല്‍ അസ്ഹറിന്റെ ഉദയം

ക്രി. 968 റമദാന്‍ മാസത്തില്‍ ലോകപ്രശസ്ത ഇസ്‌ലാമിക സര്‍വകലാശാലയായ അല്‍ അസ്ഹര്‍ ഈജിപ്തില്‍ സ്ഥാപിതമായി. ഫാത്വിമീ ഭരണാധികാരികളാണ് ഈ വിജ്ഞാന ഗോപുരം പടുത്തുയര്‍ത്തിയത്. ലോകത്തെങ്ങുമുള്ള വിജ്ഞാന കുതുകികളുടെ സ്വപ്‌ന കേന്ദ്രമായി അല്‍ അസ്ഹര്‍ വളരെ വേഗം വളര്‍ന്നു. വൈജ്ഞാനിക-മത-സാംസ്‌കാരിക-സാഹിത്യ-രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ അതിന് സാധിച്ചിട്ടുണ്ട്.

10. അറബ്-ഇസ്രയേല്‍ യുദ്ധം

 ക്രി. 1973 (ഹി. 1393) റമദാന്‍ 10. ഈജിപ്തും സിറിയയും ഇസ്രയേല്‍ സേനയെ നേരിട്ടു. മുറിച്ചുകടക്കാന്‍ പ്രയാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ജലക്കോട്ട എന്നറിയപ്പെടുന്ന സൂയസ് കനാല്‍ താണ്ടിക്കടന്ന് ഈജിപ്ഷ്യന്‍ സൈന്യം മുന്നോട്ടുകുതിച്ചു. സുശക്തമായ ബാര്‍ലീഫ് രേഖ തകര്‍ത്തു.

ബാര്‍ലീഫിന്റെ ശക്തിയിലും കരുത്തിലും പ്രൗഢി നടിച്ചവരായിരുന്നു ഇസ്രയേല്‍. ആധുനിക കാലത്ത് സയണിസ്റ്റ് ശക്തികള്‍ക്കെതിരെ മുസ്‌ലിംകള്‍ നേടിയ ഒന്നാമത്തെ വിജയമായാണ് ഈ സംഭവത്തെ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്. സൂയസ് കനാലും സീനാ ഉപഭൂഖണ്ഡത്തിലെ മുഴുവന്‍ ഭൂമികളും മുസ്‌ലിംകള്‍ക്ക് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതാണ് ഈ പോരാട്ടം സമ്മാനിച്ച ഏറ്റവും വലിയ നേട്ടം.

ഹൃദയത്തിന്റെ ആഴങ്ങളില്‍ വേരൂന്നിയ ആത്മീയതയുടെ കരുത്തിലാണ് ലോകത്ത് നടന്ന ഇസ്‌ലാമിക വിപ്ലവങ്ങള്‍ വിജയകിരീടമണിഞ്ഞത്. ലോക ചരിത്രത്തിന്റെ ഗതിവിഗതികള്‍ നിര്‍ണയിച്ച സംഭവങ്ങള്‍ക്ക് സാക്ഷിയാകാന്‍ റമദാന്‍ മാസം തെരഞ്ഞെടുക്കപ്പെട്ടതും അതുകൊണ്ടുതന്നെയാണ്.

ആത്മീയതയില്‍ കുളിച്ചു നില്‍ക്കുന്ന മാസമാണല്ലോ റമദാന്‍. ആത്മീയതയും പോരാട്ടവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. റമദാനില്‍ നടന്ന സംഭവങ്ങള്‍ ഈ ബന്ധത്തെ തുറന്നുകാട്ടുന്നു. അനീതിക്കും അക്രമത്തിനും അസത്യത്തിനുമെതിരെ പോരാടാനുള്ള പ്രേരകശക്തി കൂടിയാണ് റമദാന്‍.

Related Post