‘സത്യ വിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവരോട് കല്പ്പിച്ചിരുന്നത് പോലെതന്നെ നിങ്ങള്‍ക്കും നോമ്പ്് നിര്‍ബന്ധമായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയ ഭക്തിയുളളവരാകാന്‍ വേണ്ടി’.(അല്‍ ബഖറ :183)
സത്യ വിശ്വാസികളെ വിളിച്ച് അഭിസംബോധന ചെയ്ത ശേഷം ഈ സൂക്തം അല്ലാഹു ആരംഭിക്കുന്നത് ‘നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു’ എന്ന വചനത്തോടെയാണ്. എന്നിട്ട് വീണ്ടും പറയുന്നു.’നിങ്ങള്‍ക്ക് മുമ്പുളളവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നത് പോലെ’. അഥവാ മുസ്്ലിംകള്‍ക്ക് മാത്രം ബാധകമായ ഒരു ആരാധനയായിരുന്നില്ലെന്ന് സാരം. ഇങ്ങനെ ചെയ്യാന്‍ അല്ലാഹു കല്‍പ്പിക്കുന്നത് നിങ്ങള്‍ ഭയഭക്തിയുളളവരാകാന് വേണ്ടിയാണ്. മനുഷ്യന് ഭയഭക്തി ഉണ്ടാക്കുന്ന നിരവധി മാര്‍ഗ്ഗങ്ങളിലൊന്നാണ് വൃതം. മാനസികവും ശാരീരികവുമായ സംസ്കരണമാണ് നോമ്പ്. മനുഷ്യനെ തിന്മകളില് നിന്ന് അത് തടയുന്നു.
അല്ലാഹു മനുഷ്യന് വേണ്ടി നിയമമാക്കിയ മുഴുവന്‍ കാര്യങ്ങളിലും ഒട്ടേറെ പ്രയോജനങ്ങള്‍ ഉണ്ട്. അല്ലാഹുവിന്റെ നിയമങ്ങള്‍ തീര്‍ത്തും യുക്തി പൂര്‍വ്വകമാണ്. അവന്റെ നിയമങ്ങളിലെയും കല്‍പ്പനകളിലെയും യുക്തി പൂര്‍ണ്ണമായും കണ്ടെത്തുക മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്.
നോമ്പിനെ മനുഷ്യന് നിര്‍ബന്ധമാക്കിയതിനു പിന്നിലെ പ്രധാന യുക്തി, അല്ലാഹുവിന്റെ വിധി വിലക്കുകളില്‍, നിലനിര്‍ത്തേണ്ടുന്ന ദൈവ ഭയം കരസ്ഥമാക്കുകയെന്നതാണ്. വൃതമാസത്തില്‍ അല്ലാഹുവിന്റെ അടിയാറുകളോടുളള അവന്റെ കല്‍പ്പന, ഉദ്ധ്യേശ ശുദ്ധിയോടെ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കാനും, വികാര വിചാരങ്ങള്‍ നിയന്ത്രിക്കാനുമാണ്. മനുഷ്യ പ്രകൃതി ഇഛിക്കുന്ന ഭക്ഷണ പാനീയങ്ങള്‍ അവര്‍ കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍, അതിനെ ഒഴിവാക്കി അല്ലാഹുവിനോടുളള അനുസരണത്തിന് വിശ്വാസിയെ പരിശീലിപ്പിക്കുകയാണ് വൃതം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പൂര്‍ത്തീകരിക്കാന്‍ അവന് കിണഞ്ഞു പരിശ്രമിക്കുന്നു.
ശരീരവും ഇഛയും
ആഗ്രഹത്തിന് വിപരീതമായി ആത്മാവ് ശരീരത്തെ, നിയന്ത്രിക്കുകയാണ് നോമ്പിലൂടെ. ഇങ്ങനെ ലഭിക്കുന്ന ദൈവഭയം കൊണ്ടും ആത്മീയ ഔന്നിത്യം കൊണ്ടും ഈ ഉമ്മത്തിനെ, വലിയ ദൗത്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാക്കുകയാണ് അല്ലാഹു.
‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുളളവരോട് കല്പ്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നാം നോമ്പ്് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ ഭയ ഭക്തിയുളളവരാകാന്‍ വേണ്ടി.'(അല്‍ ബഖറ : 183)
‘എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കെിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിനു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുളള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മ ചെയ്താല്‍ ഗുണകരമാകുന്നു.നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണങ്കില് നോമ്പനുഷ്ടിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം ‘ (അല്‍ ബഖറ : 184)
‘ ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായി കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ച് കാട്ടുന്നതുമായ സുവ്യക്ത തെളിവുകളായി കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്. അതുകൊണ്ട് നിങ്ങളില്‍ ആര് ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന് ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു തന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുളളവരായിരിക്കുവാനും വേണ്ടിയത്രെ ഇത്.'( അല്‍ ബഖറ : 185 )
‘ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് നേര്‍വഴി കാണിക്കുന്നതത്രെ അത്.’ (അല്‍ ബഖറ : 2)
മേല്‍ സൂചിപ്പിച്ച ഖുര്‍ആനിക സൂക്തങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍ അതിലെ പ്രധാന കാര്യം ദൈവഭയമാണന്ന് കാണാം.
വിശുദ്ധ ഖുര്‍ആനില്‍ തഖ്വയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ട മറ്റു ആയത്തുകള്‍ കൂടി പരിശോധിച്ചാല്‍ കൂടുതല്‍ വ്യക്തമാകും.
‘ ദൈവ ഭയമുളളവര്‍ക്ക് സന്മാര്ഗ്ഗം’ (അല്‍ബഖറ : 2)
‘ ദൈവ ഭയമുളളവര്ക്കല്ലാതെ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനാകില്ല.’ (അല്‍ബഖറ : 183)
നോമ്പ് ദൈവ ഭയത്തിന്റെ വഴികളിലേക്ക് നമ്മെ എത്തിക്കുന്നു.
അല്ലാഹു നിങ്ങളോട് കല്‍പ്പിക്കുന്ന വിധം പ്രവര്‍ത്തിക്കുകയാണങ്കില്‍ നിങ്ങള്‍ നന്ദിയുളളവരാകും. അല്ലാഹു സത്യവിശ്വാസികള്‍ക്ക് എളുപ്പമാക്കി കൊടുത്തിട്ടുളള സന്മാര്ഗത്തിന്റെ യഥാര്‍ത്ഥ വില തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. നോമ്പ് വേളകളില്‍ വിശ്വാസി അനുഭവിക്കുന്ന ആനന്ദമതാണ്. മേല്‍ സൂചിപ്പിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വൃതത്തിന്റെ യുക്തി വെളിവാക്കുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ .
1 നോമ്പിലൂടെ ഭൗതിക ലോകത്തോടും ദേഹേച്ഛകളോടും വിരക്തിയുണ്ടാകാന്‍ വിശ്വാസി പരിശീലിക്കുന്നു. എന്നെന്നും നിലനില്ക്കുന്നതും ഏറ്റവും ഉത്തമവുമായ അല്ലാഹുവിന്റെ പ്രതിഫലം കരസ്ഥമാക്കുവാന്‍ അതവന് ഉപകരിക്കും.
2 അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് താനെന്ന വിശ്വാസം അടിമയില്‍ എപ്പോഴും ഉണ്ടാകും. തെറ്റുകള്‍ ചെയ്യാന്‍ കഴിയുന്ന സന്ദര്‍ഭത്തിലും അതിനെ നിയന്ത്രിക്കാന്‍ വിശ്വാസി ശീലിക്കുന്നു.
3 അധികമധികം നന്മകള് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു.
4 പിശാചിന്റെ ദുര്ബോധനങ്ങളില് നിന്നകന്ന് നില്ക്കാന് സാധിക്കുന്നു. അതുവഴി പാപങ്ങളില്‍ നിന്നകലാനും നന്മകളില് മുന്നേറാനും കഴിയും.
5 ദരിദ്ര-അവശ വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിശപ്പും ദാഹവും തിരിച്ചറിയുന്ന വിശ്വാസി, അഗതികളോടും ദരിദ്രരോടും അനുകമ്പയുളളവനായി തീരും.
6 അല്ലാഹുവിന്റെ ശിക്ഷകളെ സംബന്ധിച്ചുളള ഭയവും അവന്റെ തൃപ്തിയെ സംബന്ധിച്ചുള്ള ആശ്വാസവും പാപങ്ങളില്‍ നിന്ന് വിശ്വാസിയെ തടയുന്നു.
7 അല്ലാഹുവിന്റെ കല്‍പ്പനകള്‍ ശിരസാവഹിക്കാന്‍ നോമ്പ് വിശ്വാസിയെ പ്രാപ്തനാക്കുന്നു.