عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ: أَقْبَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَ: ” يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ، وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ: لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا، وَلَمْ يَنْقُصُوا الْمِكْيَالَ وَالْمِيزَانَ، إِلَّا أُخِذُوا بِالسِّنِينَ، وَشِدَّةِ الْمَئُونَةِ، وَجَوْرِ السُّلْطَانِ عَلَيْهِمْ، وَلَمْ يَمْنَعُوا زَكَاةَ أَمْوَالِهِمْ، إِلَّا مُنِعُوا الْقَطْرَ مِنَ السَّمَاءِ، وَلَوْلَا الْبَهَائِمُ لَمْ يُمْطَرُوا، وَلَمْ يَنْقُضُوا عَهْدَ اللَّهِ، وَعَهْدَ رَسُولِهِ، إِلَّا سَلَّطَ اللَّهُ عَلَيْهِمْ عَدُوًّا مِنْ غَيْرِهِمْ، فَأَخَذُوا بَعْضَ مَا فِي أَيْدِيهِمْ، وَمَا لَمْ تَحْكُمْ أَئِمَّتُهُمْ بِكِتَابِ اللَّهِ، وَيَتَخَيَّرُوا مِمَّا أَنْزَلَ اللَّهُ، إِلَّا جَعَلَ اللَّهُ بَأْسَهُمْ بَيْنَهُمْأَ
ഇബനു ഉമറില്‍ നിന്ന് നിവേദനം. നബി(സ) ഞങ്ങളുടെ അടുക്കല്‍ വന്ന് പറഞ്ഞു: മുഹാജിര്‍ സമൂഹമേ, അഞ്ച് കാര്യങ്ങള്‍കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍ (അത് നിങ്ങള്‍ക്ക് ഗുണകരമാവില്ല/പലവിധത്തില്‍ നിങ്ങള്‍ ദുരിതം അനുഭവിക്കേണ്ടിവരും). അവ നിങ്ങളില്‍ വന്നണയുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു. ഏതെങ്കിലും ഒരു ജനതയില്‍ മ്ലേഛത പ്രത്യക്ഷപ്പെടുകയും അവരത് പരസ്യപ്പെടുത്തുകയും ചെയ്യുന്നപക്ഷം മുന്‍ഗാമികളില്‍ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള മഹാമാ രികളും രോഗങ്ങളും അവരില്‍ വ്യാപിക്കാതിരിക്കില്ല. അവര്‍ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുകയാണെങ്കില്‍ വളര്‍ച്ചയും ക്ഷാമവും അവരെ ബാധിക്കും. ഭരണാധികാരിയുടെ അക്രത്തിനും അവര്‍ ഇരയാവും. അവര്‍ സകാത്ത് കൊടുക്കാതിരുന്നാല്‍ അവര്‍ക്ക് മഴ വിലക്കപ്പെടും. കന്നുകാലികള്‍ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്ക് തീരെ മഴ ലഭിക്കുകയില്ല. അവര്‍ അല്ലാഹുവോടും റസൂലിനോടുമുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറാവാതിരുന്നാല്‍ വേറെ ജനതയില്‍ പെട്ട ശത്രുവിന് അവരുടെ മേല്‍ അല്ലാഹു ആധിപത്യം നല്‍കും. അങ്ങനെ ആ ശത്രു അവരുടെ കൈവശമുള്ള ചിലതെല്ലാം പിടിച്ചെടുക്കും. അവരുടെ നായകന്‍മാര്‍ അല്ലാഹുവിന്റെ കിതാബ് അനുസരിച്ച് ഭരണം നടത്തുകയും അവന്‍ അവതരിപ്പിച്ചത് തെരഞ്ഞെടുക്കുകയും ചെയ്യാത്തപക്ഷം അവര്‍ പരസ്പരം സംഘട്ടനം നടത്തുന്ന അവസ്ഥയുണ്ടാക്കും. (ഇബ്‌നു മാജ)
ഉപകാരപ്രദമായ കാര്യങ്ങളെല്ലാം പഠിപ്പിക്കുകയും, ദോഷകരമായതിനെ കുറിച്ചെല്ലാം മുന്നറിയിപ്പ് തരികയും ചെയ്ത ശേഷമാണ് മുഹമ്മദ് നബി(സ) ഇഹലോകവാസം വെടിഞ്ഞത്. വിവിധ ജനസമൂഹങ്ങളുടെ നാശത്തിന്റെ കാരണങ്ങളും അതിന്റെ അനന്തരഫലങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു പ്രവാചക വചനമാണിത്.
ബലാല്‍സംഘം, സ്വവര്‍ഗരിതി, വ്യഭിചാരം തുടങ്ങിയ ലൈംഗികാതിക്രമങ്ങളും അശ്ലീലതയും ദിനംപ്രതി പെരുകിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണല്ലോ നാം ജീവിക്കു ന്നത്. അശ്ലീല വായനയും കാഴ്ചയും കേള്‍വിയും പ്രവര്‍ത്തിയും ഇന്ന് സര്‍വസാധാരണമായിരിക്കുന്നു. സമരങ്ങളുടെ പേരില്‍ ആഭാസങ്ങള്‍ ന്യായീകരിക്കപ്പെടുന്നു. മാതാവും സഹോദരിയും മകളും വരെ കാമഭ്രാന്തിന്റെ ഇരകളാക്കപ്പെടുന്നു. സ്ത്രീ സുരക്ഷക്കുവേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നു. സൂക്ഷ്മവിശകലനത്തില്‍ സ്ത്രീ യും പുരുഷനും ഈ അരക്ഷിതാവസ്ഥക്ക് കാരണക്കാരാണ് എന്ന് മനസ്സിലാക്കാം. ധാര്‍മികതയുടെ അഭാവത്തിലുള്ള പരിഹാര നടപടികള്‍ ഫലം ചെയ്യില്ല എന്നതത്രെ യാഥാര്‍ഥ്യം. അശ്ലീലതകള്‍കൊണ്ട് മലീമസമായ ഈ സമൂഹത്തില്‍ എയ്ഡ്‌സ്, സിഫിലിസ് തുടങ്ങി മുന്‍കാലങ്ങളില്‍ പരിചയമില്ലാത്ത പല രോഗങ്ങളും വിരുന്നെത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യപ്രകൃതിയുടെ താല്‍പര്യങ്ങളോട് പോരാടുന്ന ഒന്നല്ല ഇസ്‌ലാമിക ശരീഅത്ത്. അതിനെ ക്രമീകരിക്കുകയും വിശുദ്ധമാക്കുകയും മൃഗീയതയില്‍ നിന്ന് മനുഷ്യത്വ ത്തിലേക്ക് ഉയര്‍ത്തുകയുമാണ് ശരീഅത്ത് ചെയ്യുന്നത്. ഇണയായി ജീവിക്കാനുള്ള താല്‍പര്യത്തെ വിവാഹത്തിലൂടെ നിയമാനുസൃതമാക്കിയ ഇസ്‌ലാം വിവാഹേതര ലൈംഗികത നിഷിദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. വഴി വിട്ട ലൈംഗികത സമൂഹത്തെ മലീമസമാക്കുകയും അതിന്റെ സ്വസ്ഥത നശിപ്പിക്കുകയും ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.
ലൈംഗിക അരാചകത്വത്തിന് അല്ലാഹു നല്‍കിയ ശിക്ഷയുടെ തെളിഞ്ഞ ഉദാഹരമാണ് ലൂത്വ്‌നബിയുടെ ജനതക്ക് നേരിടേണ്ടി വന്നത്. ആ ജനതക്കുമേല്‍ തീ മഴ വര്‍ഷിക്കു കയും അവര്‍ താമസിച്ചിരുന്ന പ്രദേശത്തെ കീഴ്‌മേല്‍ മറിച്ചിടുകയും ചെയ്തു അല്ലാഹു.
ഇസ്‌ലാം വളരെ പ്രാധാന്യപൂര്‍വം കൈകാര്യം ചെയ്ത വിഷയമാണ് സാമ്പത്തിക രംഗത്തെ സൂക്ഷ്മത. തെറ്റായ വഴിയിലൂടെ ധനം സമ്പാദിക്കാന്‍ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കല്‍. മറ്റുള്ളവരുടെ അവകാശം ഹനിക്കലും അവരെ വഞ്ചിക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്. അത്തരം ആളുകള്‍ക്ക് നാശം ആശംസിക്കുന്നു ഖുര്‍ആന്‍ (അല്‍മുത്വഫ്ഫിഫീന്‍). ഒരു സമൂഹത്തില്‍ ഈ പ്രവണത വ്യാപിച്ചാല്‍ മൂന്ന് രീതിയില്‍ അവര്‍ ശിക്ഷിക്കപ്പെടും. ഒന്ന്, പൂര്‍ണമായോ ഭാഗികമായോ മഴ നിഷേധിക്കപ്പെടും. അതുവഴി വരള്‍ച്ചയുണ്ടാവും. വളര്‍ച്ച മറ്റു പല പ്രതിസന്ധികള്‍ക്കും വഴിവെക്കും. രണ്ട്, ക്ഷാമം ഉണ്ടാവും. ഭക്ഷ്യവിഭവങ്ങളുടെ അഭാവമോ വിലക്കയറ്റമോ ഒക്കെയാവാം അതിന്റെ ഹേതു. അങ്ങനെ ജീവിതം ദുരിതപൂര്‍ണമാവും. മൂന്ന്, ഭരണീയരോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത, അവരെ പലവിധത്തില്‍ ദ്രോഹിക്കുന്ന ആളുകളെ ആ ജനതയുടെ ഭരണാധികാരിയാക്കും അല്ലാഹു.
സകാത്ത് നിഷേധം സഹജീവികളോടുള്ള ഉത്തരവാദിത്ത ലംഘനമാണ്. സകാത്തിന്റെ നിര്‍വഹണം കാര്യക്ഷമമായി നടക്കാത്ത ജനത അല്ലാഹുവിന്റെ കോപത്തിന്നിരയാവും. തല്‍ഫലമായി മഴ വര്‍ഷിക്കാതാവും. ഇനി അഥവാ എപ്പോഴെങ്കിലും മഴ വര്‍ഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഇതര ജീവജാലങ്ങളെ പരിഗണിച്ചാണുണ്ടാവുക. പരസ്പരബാധ്യതകള്‍ നിറവേറ്റാത്ത സമൂഹം മഴ എന്ന അനുഗ്രഹത്തിന് അര്‍ഹരല്ല എന്നാണ് അല്ലാഹുവിന്റെ തീരുമാനം. സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ അത് നല്‍കുകയും ഉത്തരവാദപ്പെട്ടവര്‍ അക്കാര്യത്തില്‍ ശ്രദ്ധ കാണിക്കുകയും ചെയ്തില്ലെങ്കില്‍ അനുഗ്രഹത്തിന് പകരം കോപമായിരിക്കും ഒരു സമൂഹത്തില്‍ വര്‍ഷിക്കപ്പെടുക എന്നര്‍ഥം.
അല്ലാഹുവിനെ റബ്ബായും മുഹമ്മദ് നബിയെ അല്ലാഹുവിന്റെ ദൂതനായും അംഗീകരിച്ച് പ്രതിജ്ഞ ചെയ്തവര്‍ ആ പ്രതിജ്ഞയുടെ താല്‍പര്യത്തിനനുസരിച്ച്, ഇസ്‌ലാം പഠിപ്പിച്ച വിധിവിലക്കുകള്‍ പാലിച്ച് ജീവിച്ചില്ലെങ്കില്‍ ശത്രുക്കള്‍ക്ക് അധികാരം നല്‍കുകയും അവരുടെ സമ്പത്തും നാടും മറ്റുമെല്ലാം ആ ശത്രുക്കള്‍ കൈയടക്കുകയും ചെയ്യും.
അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് പാലിക്കപ്പെടേണ്ടത്. അത് വ്യക്തിജീവിതത്തിലായാലും രാഷ്ട്രത്തിന്റെ ഭരണകാര്യത്തിലായാലും. ഇക്കാര്യം അംഗീകരിക്കാതെ അല്ലാഹുവിന്റെ ഇഷ്ടനിഷ്ടങ്ങളെ മനുഷ്യജീവിതത്തിന്റെ പരിമിതമായ ചില വശങ്ങളില്‍ മാത്രം പരിഗണിച്ചാല്‍ മതി, രാഷ്ട്രീയത്തില്‍ മനുഷ്യന്റെ ഇഷ്ടത്തിനും താല്‍പര്യത്തിനുമാണ് മുന്‍ഗണന എന്ന അവസ്ഥ വന്നാല്‍ ആളുകളെ തമ്മിലടിപ്പിച്ച് നശിപ്പിക്കാന്‍ അല്ലാഹു തീരുമാനമെടുക്കും (അല്‍ബഖറ 137).
നമ്മുടെ കാലഘട്ടത്തെ മുന്നില്‍ വെച്ച് ആവര്‍ത്തിച്ച് പരിശോധിക്കപ്പെടേണ്ട സുപ്രധാന മുന്നറിയിപ്പുകളാണ് ഉപരിസൂചിത പ്രവാചക വചനത്തില്‍ ഉള്‍ച്ചേര്‍ന്നിരി ക്കുന്നത്.
(ശൈഖ് അല്‍ബാനി ഹസന്‍ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്).