ഇസ്ലാമും ഇസ്ലമിക പ്രബോധനവും
ലോകാന്ത്യം വരെ നിലനില്‍ക്കേണ്ട ഒരു മഹാദൗത്യവുമായിട്ടാണ് നബിതിരുമേനിയെ അല്ലാഹു ജനങ്ങളിലേക്ക് നിയോഗിച്ചത്. ഇഹ പരസൗഭാഗ്യം നേടിത്തരുന്ന സത്യസരണിയിലേക്ക് മാനവതയെ നയിക്കുകയായിരുന്നു പ്രവാചകദൗത്യത്തിന്റെ മൗലികമായ ലക്ഷ്യം. എന്നെന്നും നിലനില്‍ക്കുന്നതും ശുഭകരവുമാണ് പാരത്രികസൗഭാഗ്യം. പ്രവാചകദൗത്യം മുഴുവന്‍ മനുഷ്യരിലേക്കുമായിരുന്നു എന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
‘പറയുക, ജനങ്ങളേ നിങ്ങള്‍ എല്ലാവരിലേക്കുമായി നിയുക്തനായ ദൈവദൂതനാണ് ഞാന്‍ ‘(അഅ്‌റാഫ് 158).
‘സര്‍വലോകര്‍ക്കും കാരുണ്യമായിട്ടാണ് നിന്നെ നാം അയച്ചിട്ടുള്ളത്'(അല്‍അമ്പിയാഅ് 107)
‘അല്ലാഹുവിന്റെ അനുമതിയോടെ ജനങ്ങളെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും നേരായ വഴിയിലേക്കും നയിക്കുന്നതിനുവേണ്ടി നിനക്ക് അവതരിപ്പിച്ചുതന്ന വേദഗ്രന്ഥമാണിത്.'(ഇബ്‌റാഹീം :1)
പ്രവാചകന്‍ തിരുമേനി ഈ മഹാദൗത്യം ഭംഗിയായി ജനങ്ങളിലെത്തിച്ചു. തിരുദൂതരുടെ വിയോഗാനന്തരം അവിടത്തെ അനുചരന്‍മാര്‍ ഏറ്റവും ഫലപ്രദമായി സത്യപ്രബോധനം ഏറ്റെടുത്ത് നിര്‍വഹിച്ചു. ഈയൊരു ദൗത്യം ശാശ്വതവും സമഗ്രവുമാണെങ്കില്‍ തീര്‍ച്ചയായും ഭൂമുഖത്ത് മനുഷ്യവാസമുള്ള സമസ്തനാടുകളിലും മുക്കുമൂലകളിലും സത്യപ്രബോധനം നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. ജനങ്ങളെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് ആനയിക്കുന്നതിനും വഴികാണിക്കുന്നതിനുമായി സമര്‍ഥരായ പ്രബോധകര്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വൈയക്തികവും സാമൂഹികവുമായ ഒരു ബാധ്യതയാണിത്. ഖുര്‍ആന്‍ ഇതിലേക്ക് വിരല്‍ചൂണ്ടിയിട്ടുണ്ട്.
സത്യ സാക്ഷ്യം
‘നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനും വേണ്ടി നിങ്ങളെ നാം ഒരു മധ്യമസമുദായമാക്കിയിരിക്കുന്നു'(അല്‍ബഖറ 143). അതുകൊണ്ട് പ്രവാചകനുശേഷം ഇസ്‌ലാമികപ്രബോധനം എന്ന മഹാദൗത്യം ഏറ്റെടുത്ത് മുന്നോട്ടുവരാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. കാരണം അല്ലാഹുവിനുവേണ്ടി ജനങ്ങള്‍ക്ക് സാക്ഷികളാകേണ്ടവരാണ് അവര്‍.
സത്യപ്രബോധനത്തിന്റെയും സത്യപ്രബോധകരുടെയും പ്രാധാന്യത്തെക്കുറിച്ചും പ്രബോധകര്‍ക്ക് ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്റെ മഹത്ത്വത്തെക്കുറിച്ചും ഖുര്‍ആന്‍ സൂചിപ്പിച്ചിട്ടുണ്ട്:’അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ഞാന്‍ ‘അനുസരണയുള്ളവരില്‍പെട്ടവനാണ്’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ നല്ല വാക്ക് പറയുന്നവനാരാണ്(ഫുസ്സ്വിലത് 33).’
ഒരു പ്രബോധകന് അല്ലാഹുവിന്റെയടുത്ത് ലഭിക്കാനിരിക്കുന്ന പ്രതിഫലം മഹത്തരമാണ്. പ്രവാചകന്‍ പറഞ്ഞു: ‘ മറ്റുള്ളവരെ സന്‍മാര്‍ഗത്തിലേക്ക് ആരാണോ ക്ഷണിക്കുന്നത് അവന്ന് അതിന്റെ പ്രതിഫലമുണ്ട്. സന്‍മാര്‍ഗത്തിലേക്ക് വരുന്നവര്‍ക്ക് കിട്ടാനിടയുള്ളതിന് സമാനമായ പ്രതിഫലം.’
മറ്റൊരു തിരുവചനംകാണുക:’താങ്കള്‍ മുഖേന അല്ലാഹു ആരെയെങ്കിലും സന്‍മാര്‍ഗത്തിലാക്കിയാല്‍ മുന്തിയ ഒട്ടകങ്ങളെ ദാനംചെയ്യുന്നതിനേക്കാള്‍ പുണ്യകരമാണത്.’
മുസ്‌ലിംസമുദായത്തെ വിനാശത്തില്‍നിന്നും അരാജകത്വത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ പ്രബോധനത്തിന്റെ നൈരന്തര്യം ഉറപ്പാക്കേണ്ടതുണ്ട്. ഒരു നാട്ടില്‍ അല്ലെങ്കില്‍ ഒരു സമൂഹത്തില്‍, വിനാശത്തിന്റെ വിഴുപ്പുകളും പ്രത്യാഘാതങ്ങളും പേറേണ്ടിവരിക അതിനു കാരണക്കാരായവര്‍ മാത്രമായിരിക്കില്ല. മുഴുവനാളുകളുമായിരിക്കും. അല്ലാഹു അക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്.
‘അരാജകത്വം നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങളിലെ അക്രമികളെമാത്രമല്ല അതുപിടികൂടുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുക(അല്‍ അന്‍ഫാല്‍: 25)’
മഹാനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ് പറഞ്ഞു:’തിന്‍മകളില്‍ ഉറച്ചുനില്‍ക്കാതിരിക്കാന്‍ വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ ശിക്ഷ അവരെ വന്നുപൊതിയും.’സദ്‌വൃത്തനെയും ദുര്‍വൃത്തനെയും ശിക്ഷ പിടികൂടുമെന്ന് സാരം.
വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട ചില മൗലികസവിശേഷതകളിലേക്ക് അല്ലാഹു ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. അത്തരം സവിശേഷതകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലൂടെ ശക്തിയും അധികാരവും അവര്‍ക്ക് ലഭ്യമാകും.
‘ഭൂമിയില്‍ നാം അവര്‍ക്ക് സൗകര്യപ്രദമായൊരു ജീവിതം തരപ്പെടുത്തിക്കൊടുത്താല്‍ അവര്‍ നമസ്‌കാരം നിര്‍വഹിക്കും. സകാത്ത് കൊടുക്കും. നന്‍മ കല്‍പ്പിക്കുകയും തിന്‍മ നിരോധിക്കുകയുംചെയ്യും. കാര്യങ്ങളുടെയെല്ലാം പരിണതി അല്ലാഹുവിന്റെയടുത്താണ്'(അല്‍ഹജ്ജ് 41).
നമസ്‌കാരം, സക്കാത്ത്, ശിര്‍ക്ക്-ബിദ്അത്ത് തുടങ്ങിയ സമസ്തതിന്‍മകള്‍ക്കെതിരിലുള്ള പ്രചാരണം ,നന്‍മയുടെ പ്രബോധനം തുടങ്ങിയവയെല്ലാം വിശ്വാസികളുടെ ഗുണവിശേഷങ്ങളാണ്. സന്തോഷകരവും സംതൃപ്തവും സമ്പന്നവുമായൊരു ജീവിതം ഭൂമുഖത്ത് കാഴ്ചവെക്കാന്‍ ഈ ഗുണവിശേഷങ്ങള്‍ ആവശ്യമാണ്. മറ്റിതരസമൂഹങ്ങളില്‍നിന്ന് ഇസ്‌ലാമികസമൂഹത്തിന്റെ ചടുലതയെയും സജീവതയെയും നന്‍മയെയും കൃത്യമായി അടയാളപ്പെടുത്തുന്ന സൂചകങ്ങള്‍ ഇപ്പറഞ്ഞ ഗുണവിശേഷങ്ങളാണ്.
സത്യപ്രബോധനം എന്നത് എക്കാലത്തും ഏതുപ്രദേശത്തും നിര്‍വഹിക്കപ്പെട്ട പ്രവാചകദൗത്യമായിരുന്നെങ്കില്‍ അതില്‍ ആദ്യം സ്ഥാനംപിടിച്ചിരുന്നത് ബഹുദൈവത്വത്തിന്റെ സമസ്തവകഭേദങ്ങളില്‍നിന്ന് മുക്തമായി ഏകദൈവത്വത്തിലേക്ക് മടങ്ങാനുള്ള ക്ഷണമായിരുന്നു. പിന്നീട് നന്‍മകളുടെ പ്രചാരണങ്ങളും തിന്‍മകളുടെ വിപാടനവും. ഭൂമുഖത്ത് മനുഷ്യര്‍ക്കിടയില്‍ അന്തരാളതയും ബഹുദൈവത്വവും വിഗ്രഹാരാധനയും നിലനില്‍ക്കുവോളം ഈ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുഷ്‌ചെയ്തികളും വിഗ്രഹാരാധനയും വ്യാപകമായിക്കഴിഞ്ഞ നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് എന്താണ് യഥാര്‍ഥത്തില്‍ നമ്മുടെ നിയോഗം? സന്ദര്‍ഭത്തിന്റെ തേട്ടമനുസരിച്ച് ഏതുകാലത്തും എവിടെയും സത്യപ്രബോധനം അനിവാര്യമാണ്. ഒരു പ്രവിശ്യയില്‍ നിലനില്‍ക്കുന്ന നിഷേധങ്ങളും ബഹുദൈവത്വവും ദ്രുതഗതിയിലോ പതുക്കെയോ മറ്റൊരു പ്രവിശ്യയെ സ്വാധീനിച്ചേക്കുമെന്ന് കണ്ടാല്‍ ആദ്യമേ തന്നെ സ്വന്തം പ്രവിശ്യയില്‍ ആ രോഗത്തെ പ്രതിരോധിക്കേണ്ട ബാധ്യത പ്രബോധകര്‍ക്കുണ്ട്. അടുത്ത പ്രവിശ്യയിലേക്ക് ആ രോഗം പടരാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അവര്‍ക്കുതന്നെ.
ലോകാരംഭം മുതല്‍ തുടങ്ങിയതും ലോകാവസാനം വരെ നിലനില്‍ക്കുന്നതുമാണ് നന്‍മ തിന്‍മകള്‍ക്കിടയിലുള്ള സംഘട്ടനവും സത്യാസത്യസംഘട്ടനവും . ഒരിക്കല്‍ പ്രവാചകതിരുമേനിയോടൊരാള്‍ ചോദിച്ചു:’ദൈവദൂതരേ, സദ്‌വൃത്തരായ ആളുകള്‍ കൂട്ടത്തിലുണ്ടായിരിക്കെ നാം നശിപ്പിക്കപ്പെടുമോ?’ ‘തീര്‍ച്ചയായും, മ്ലേഛത അധികരിച്ചാല്‍ നാം നശിപ്പിക്കപ്പെടും’. ദൈവദൂതന്റെ മറുപടി അങ്ങനെയായിരുന്നു.
രീതി ശാസ്ത്രം
ജനങ്ങള്‍ പ്രതികരിച്ചാലും ഇല്ലെങ്കിലും തിന്‍മകളും ജീര്‍ണതകളും വ്യാപകമാകുന്നിടത്തോളം കാലം നിരന്തരമായി സത്യപ്രബോധനംചെയ്യുക എന്നത് അനിവാര്യമാണ്. പ്രബോധനലക്ഷ്യം അല്ലാഹുതന്നെ സ്പഷ്ടമാക്കിയിട്ടുണ്ട്. ‘ദൈവദൂതന്റെ ബാധ്യത വ്യക്തമായ പ്രബോധനമാണ്'(അന്നൂര്‍ 54).
പ്രബോധനമെന്നത് പ്രവാചകന്റെ അനിവാര്യബാധ്യതയായിരുന്നെങ്കില്‍ ഇസ്‌ലാമികസമൂഹത്തിലെ ഒരാളും ആ ബാധ്യതയില്‍നിന്നൊഴിവാകുകയില്ല. നന്‍മ കല്‍പിക്കുക, തിന്‍മ വിരോധിക്കുക എന്നത് വിശ്വാസികളുടെ ദൗത്യമാണ്. ജനങ്ങള്‍ പ്രതികരിക്കുന്നുണ്ടോ എന്നത് മറ്റൊരു കാര്യം. ആത്യന്തികമായി സന്‍മാര്‍ഗപ്രവേശം തീരുമാനിക്കുന്നത് അല്ലാഹുവാണ്. പ്രവാചകനോട് സംവദിച്ചുകൊണ്ട് അല്ലാഹു പറയുന്നു:’തീര്‍ച്ചയായും നിനക്കിഷ്ടപ്പെട്ടവരെ സന്‍മാര്‍ഗത്തിലാക്കാന്‍ നിനക്ക് സാധിക്കണമെന്നില്ല. എന്നാല്‍ അല്ലാഹുവാണ് അവനുദ്ദേശിക്കുന്നവരെ സന്‍മാര്‍ഗത്തിലാക്കുന്നത്.’
സത്യപ്രബോധനം ദൈവികതുലാസില്‍ നിറഞ്ഞുനില്‍ക്കുന്ന ശ്രേഷ്ഠവചനങ്ങളായിരിക്കും. നാട്ടില്‍ ജീര്‍ണതയും മ്ലേഛതയും വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിര്‍വഹിക്കപ്പെടുന്ന സത്യപ്രബോധനം കൂടുതല്‍ മഹത്തരമായിരിക്കും. ഒരു യഥാര്‍ഥ സത്യപ്രബോധകന്‍ വെറുപ്പോ മടുപ്പോ കാണിക്കാതെ തന്റെ ദൗത്യം നിര്‍വഹിച്ചുകൊണ്ടിരിക്കും. ജനങ്ങള്‍ക്ക് സത്യസന്ദേശമെത്തിച്ചുകൊടുക്കുക, സാരോപദേശം നല്‍കുക, സന്‍മാര്‍ഗം കാട്ടിക്കൊടുക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്ന് അയാള്‍ക്കറിയാം. പണമോ പദവിയോ മറ്റുള്ളവരില്‍ നിന്ന് അയാള്‍ ആഗ്രഹിക്കുകയില്ല. അന്തരാളതയും ബഹുദൈവത്വവും അനാചാരങ്ങളും ദുര്‍മാര്‍ഗവും സ്വഭാവജീര്‍ണതയും സാമൂഹികഅപചയവും കൊടികുത്തിവാഴുന്ന സമൂഹങ്ങളില്‍ സത്യപ്രബോധനത്തിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിവും അറിവും ചിന്തയും ശക്തിയും സമ്പത്തുമെല്ലാം പ്രയോജനപ്പെടുത്തി ഓരോ വിശ്വാസിയും പ്രബോധനദൗത്യം ഏറ്റെടുക്കണം. കഠിനാധ്വാനവും പഠനവും കൃത്യമായ ആസൂത്രണവും അതിന് ആവശ്യമാണ്. നാടിന്റെ വിവിധഭാഗങ്ങളില്‍ ദുര്‍വൃത്തസംഘങ്ങള്‍ പെരുകുകയും ദുഷ്ടശക്തികള്‍ വ്യാപിക്കുകയും അരാജകവാദികള്‍ അധികരിക്കുകയുംചെയ്യുമ്പോള്‍ സത്യപ്രബോധനത്തിന്റെ അനിവാര്യത കൂടുതല്‍ തീഷ്ണമാവും.
നന്‍മയുടെ പ്രചാരണവും തിന്‍മയുടെ വിപാടനവും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് അനിവാര്യമാണ.് മതങ്ങള്‍ ഉടലെടുത്തതും ദൈവദൂതന്‍മാര്‍ നിയുക്തരായതും ഈയൊരു ലക്ഷ്യം സാക്ഷാത്കരിക്കാനാണ്. മനുഷ്യന്റെ യഥാര്‍ഥ നന്‍മ കിടക്കുന്നത് ദൈവനിയമസംഹിത പിന്തുടരുന്നതിലാണ്. മൂന്നുതരം നന്‍മകളാണുള്ളത്.
1. ഒഴിച്ചുകൂടാനാകാത്തത്
2. ആവശ്യമായത്
3. പൂര്‍ണതയ്ക്കുവേണ്ടിയുള്ളത്
ഈ നന്‍മകള്‍ സാക്ഷാത്കരിക്കാനും സംരക്ഷിക്കാനും തദ്വാരാ ജനങ്ങള്‍ക്ക് അവരുടെ ഐഹികജീവിതം സൗഭാഗ്യപൂര്‍ണമാക്കാനും വേണ്ടിയാണ് ഇസ്‌ലാം നിയമങ്ങളാവിഷ്‌കരിച്ചത്. യഥാര്‍ഥത്തില്‍ ഐഹികജീവിതത്തിലെ നന്‍മ എന്നത് ഇഹലോകത്ത് പരിമിതമല്ല. അത് പാരത്രികനന്‍മയിലേക്കുള്ള മാര്‍ഗം കൂടിയാണ്. ഇസ്‌ലാമികദൃഷ്ട്യാ മാത്രമല്ല, ബുദ്ധിമാന്‍മാരുടെ ദൃഷ്ടിയിലും ചെറിയ നന്‍മകളെക്കാള്‍ പ്രാമുഖ്യം കല്‍പിക്കപ്പെടുക വലിയ നന്‍മകള്‍ക്കാണ്. എന്നല്ല, മനുഷ്യപ്രകൃതത്തിന്റെ തേട്ടവും അതുതന്നെയാണ്. പാരത്രികലോകത്തേതാണ് അനശ്വരവും ശുഭകരവുമായ ജീവിതം. പാരത്രികസൗഭാഗ്യവും അതിന്റെ അനുഭൂതികളും ഒരിക്കലും നിലക്കാത്തവിധം സുന്ദരമായി ഒഴുകുന്നവയാണ്. ഐഹികസൗഭാഗ്യവും അതിന്റെ അനുഭൂതികളുമാകട്ടെ നിര്‍ണിതവും മനുഷ്യായുസ്സോടെ അവസാനിക്കുന്നതുമാണ്. അനശ്വരമായ പാരത്രികസൗഭാഗ്യത്തിനുമുമ്പില്‍ നശ്വരമായ ഐഹികസൗഭാഗ്യം താരതമ്യംപോലും അര്‍ഹിക്കുന്നില്ല. ചുരുക്കത്തില്‍ സത്യപ്രബോധനം ദൈവദൂതന്‍ നിര്‍വഹിച്ചതും ഇസ്‌ലാമികസമൂഹം നിര്‍വഹിക്കേണ്ടതുമായ ഒന്നാണ്. അന്ത്യനാള്‍വരെയുള്ള വിശ്വാസികളുടെയും വിശ്വാസിനികളുടെയും എടുത്തുപറയേണ്ട സവിശേഷതയും സത്യപ്രബോധനമാണ്. മാനവതയെ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നതില്‍ സത്യപ്രബോധനത്തിനും സത്യപ്രബോധകര്‍ക്കുമുള്ള പങ്കാണ് ഇവിടെ വ്യക്തമാകുന്നത്.