മലയാളത്തില്‍ ഇസ്‌ലാമിക ചരിത്രശാഖ താരതമ്യേന ശുഷ്‌കമാണ്. ഉള്ളവ തന്നെ അധികവും വിവര്‍ത്തനവും. ഇസ്‌ലാമിക ചരിത്രത്തെ സമഗ്രമായി സ്പര്‍ശിക്കുന്ന മൗലി ക രചനകള്‍ തീരെയില്ല എന്നു തന്നെ പറയാം. ആദ്യകാല പത്രപ്രവര്‍ത്തകനും മതപണ്ഡിതനുമായിരുന്ന കെ.സി. കോമുക്കുട്ടി മൗലവി രചിച്ച ചില ചരിത്ര ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി ആദ്യ സംരംഭം എന്ന നിലയില്‍ ശ്രദ്ധേയമാണ്. മൗലാനാ മുഹമ്മദ് അസ്‌ലം ജീറാജ്പൂരി ഉര്‍ദുവില്‍ രചിച്ച എട്ടു വാല്യങ്ങളുള്ള താരീഖുല്‍ഉമ്മഃ എന്ന ബൃഹദ്ഗ്രന്ഥത്തിന്റെ ആദ്യ നാലു വാല്യങ്ങള്‍ യഥാക്രമം റസൂല്‍ കരീം, ഖുലഫാഉര്‍റാശിദീന്‍, ബനൂഉമയ്യഃ ഖലീഫഃമാര്‍, അബ്ബാസിയാ ഭരണം എന്നീ പേരുകളില്‍ അദ്ദേഹം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. ടി. ജമാല്‍ മുഹമ്മദിന്റെ അറബികളുടെ ചരിത്രവും ഒ. ആബുവിന്റെ മുസ്‌ലിം രാജ്യ ചരിത്രവുമാണ് ഇസ്‌ലാമിക ചരിത്രം കൈകാര്യം ചെയ്യുന്ന മറ്റു രണ്ട് പ്രധാന ഗ്രന്ഥങ്ങള്‍. അറബികളുടെ ചരിത്രത്തില്‍ അബ്ബാസികളുടെ പതനം വരെയുള്ള ചരിത്രമേ പ്രതിപാദിക്കുന്നുള്ളൂ. ഒ. ആബുവിന്റെ മുസ്‌ലിം രാജ്യ ചരിത്രത്തില്‍ ആധുനിക കാലഘട്ടം വരെയുള്ള ചരിത്രം പരാമര്‍ശിക്കുന്നുണ്ടെങ്കിലും അത് വളരെ ഹ്രസ്വവും ബാഹ്യതല സ്പര്‍ശിയും മാത്രമാണ്.
ഉഥ്മാനീ രാജ്യചരിത്രം എന്ന പേരില്‍ ഉഥ്മാനികളുടെ ഒരു പ്രത്യേക ചരിത്രവും ഒ. ആബുവിന്റേതായുണ്ട്. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമിന്റെ ഖുലഫാഉര്‍റാശി ദീനും (നാല് വാല്യം) അബ്ദുല്‍ ഖാദിര്‍ മൗലവി അസ്ഹരിയുടെ ഇസ്‌ലാമിക സാമ്രാജ്യവും ഖിലാഫതുര്‍റാശിദഃയുടെ അന്ത്യം വരെയുള്ള ഇസ്‌ലാമിക ചരിത്രം പ്രതി പാദിക്കുന്നു. കെ.കെ. മുഹമ്മദ് മദനിയുടെ മുസ്‌ലിം ഭരണം സ്‌പെയ്‌നിലും സിസിലിയിലും എന്ന ഗ്രന്ഥം മുസ്‌ലിം സ്‌പെയ്‌നിന്റെ ചരിത്രം ഏറക്കുറേ ഉള്‍ക്കൊള്ളുന്നു. ഡോ. സി.കെ. കരീമിന്റെ ചരിത്ര പഠനങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്തെക്കുറിച്ചുള്ള പഠനമാണ്. കെ.പി. ബാലചന്ദ്രന്‍ ഇന്ത്യയിലെ മുഗള്‍ ഭരണാധികാരി കളെക്കുറിച്ച് എട്ട് ചെറിയ വാല്യങ്ങളിലായി ഒരു ഗ്രന്ഥപരമ്പരയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജീവചരിത്രത്തില്‍ വിശിഷ്യാ, പ്രവാചകന്മാരുടെയും സ്വഹാബികളുടെയും ജീവചരിത്രത്തില്‍ ഒട്ടേറെ മലയാള ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പി.കെ. മുഹമ്മദ് അലിയുടെ മുഹമ്മദ്‌നബിയുടെ ജീവിതവും സന്ദേശവും, ഷാഹുല്‍ ഹമീദിന്റെ മുഹമ്മദ്‌നബിയുടെ ജീവിതസന്ദേശം, അബ്ദുര്‍റഹ്മാന്‍ മേത്തറുടെ മുഹമ്മദ്‌നബി നിത്യ പൗര്‍ണമി, എ.എസ്. മുഹമ്മദ് ആലപ്പുഴയുടെ കര്‍മയോഗി, കാടേരി അബുല്‍കമാല്‍ മുഹമ്മദ് മൗലവിയുടെ ലോകഗുരു തുടങ്ങിയവ പ്രവാചക ചരിത്രവും കെ.സി. കോമുക്കുട്ടി മൗലവിയുടെ ഉമര്‍ ഫാറൂഖ്, കെ.കെ. മുഹമ്മദ് മദനിയുടെ സ്വഹാബികള്‍, സ്വഹാബി വനിതകള്‍, അബ്ദുല്‍ ഖാദിര്‍ പുല്ലങ്കോടിന്റെ സഹാബിമാരുടെ ചരിത്രം, ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ഫാറൂഖ് ഉമര്‍, ഉമറുബ്‌നു അബ്ദില്‍ അസീസ്, അബൂഹുറയ്‌റഃ, അബൂദര്‍രില്‍ ഗിഫാരി, ഇ.എന്‍. ഇബ്‌റാഹീം മൗലവിയുടെ സ്വിദ്ദീഖുല്‍ അക്ബര്‍, അബ്ദുല്‍ ഖാദിര്‍ കൊടുവള്ളിയുടെ ഒന്നാം ഖലീഫഃ, ഹദ്‌റത് ആഇശഃ, അബ്ദുസ്സലാം സുല്ലമിയുടെ അബൂഹുറയ്‌റഃ, അബൂബക്ര്‍ നദ്‌വിയുടെ ഇസ്‌ലാമിലെ മാതൃകാവനിതകള്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമിന്റെ ഹദ്‌റത് ആഇശഃ, ടി.കെ. മുഹമ്മദ് വെളിയംകോടിന്റെ ഖദീജതുല്‍ കുബ്‌റാ തുടങ്ങിയവ സ്വഹാബികളുടെ ചരിത്രവുമാണ്. കൂടാതെ ഹൈക്കലിന്റെ ഹയാതു മുഹമ്മദ്, അബൂബക്ര്‍, കെ.എല്‍. ഗൗബയുടെ ദ പ്രോഫറ്റ് ഓഫ് ഡസര്‍ട്ട്, ഖുദ്‌രീബകിന്റെ നൂറുല്‍ യഖീന്‍, അബൂസലീം അബ്ദുല്‍ ഹയ്യിന്റെ ഹയാതെ ത്വയ്യിബഃ തുടങ്ങിയ നബിചരിത്ര ഗ്രന്ഥങ്ങളും ഷാ മുഈനുദ്ദീന്‍ നദ്‌വിയുടെ ഖുലഫായെ റാശിദീനും ശിബ്‌ലി നുഅ്മാനിയുടെ അല്‍ഫാറൂഖും സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ സീറത് ആഇശഃയുംമലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സംക്ഷിപ്തമെങ്കിലും ഇസ്‌ലാമിക ചരിത്രം സമഗ്രമായി സ്പര്‍ശിക്കുന്ന ഥര്‍വത് സ്വൗലതിന്റെ മില്ലതെ ഇസ്‌ലാമിയ്യഃ കീ മുഖ്തസ്വര്‍ താരീഖ്, ഇസ്‌ലാമിക സമൂഹം ചരിത്ര സംഗ്രഹം എന്ന പേരില്‍ നാല് വാല്യങ്ങളായി റഹ്മാന്‍ മുന്നൂര് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രകാരനും ഇസ്‌ലാമിക ചരിത്ര ദര്‍ശനത്തിന്റെ പിതാവുമായ ഇബ്‌നുഖല്‍ദൂന്റെ മുഖദ്ദിമഃ മുട്ടാണിശ്ശേരില്‍ എം. കോയക്കുട്ടി മൗലവി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എ. സെയ്തു മുഹമ്മദിന്റെ കേരള മുസ്‌ലിം ചരിത്രം, പി.കെ. മുഹമ്മദ് കുഞ്ഞിയുടെ മുസ്‌ലിംകളും കേരള സംസ്‌കാരവും, സി.കെ. കരീമിന്റെ കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം, സി.എന്‍. അഹ്മദ് മൗലവിയും കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമും കൂടി രചിച്ച മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, പ്രൊഫ. കെ.എം. ബഹാവുദ്ദീന്റെ കേരള മുസ്‌ലിംകള്‍: പോരാട്ടത്തിന്റെ ചരിത്രം തുടങ്ങിയവ കേരള മുസ്‌ലിംകളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശ്രദ്ധേയമായ രചനകളാണ്. അറബി ഭാഷയിലാണെങ്കിലും സൈനുദ്ദീന്‍ മഖ്ദൂം എഴുതിയ തുഹ്ഫതുല്‍ മുജാഹിദീനും {പത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ആദ്യകാല കേരള മുസ്‌ലിം ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ കൃതി മൂസാന്‍ കുട്ടി, വേലായുധന്‍ പണിക്കശ്ശേരി, സി. ഹംസഃ തുടങ്ങിയവര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മലയാളിയായ ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് അറബി ഭാഷയില്‍ രചിച്ച ഗ്രന്ഥമാണ് അദ്ദഅ്‌വതുല്‍ ഇസ്‌ലാമിയ്യഃ വ തത്വവ്വുറുഹാ ഫീ ശിബ്ഹില്‍ ഖാര്‍റതില്‍ ഹിന്ദിയ്യഃ. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രബോധനത്തെയും അതിന്റെ വികാസത്തെയും കുറിച്ച നല്ലൊരു പഠനമാണിത്.
അറബിമലയാളത്തിലും ആദ്യകാലത്ത് ഇസ്‌ലാമിക ചരിത്രം രചിക്കപ്പെട്ടിരുന്നു. ശുജാഇ മൊയ്തു മുസ്‌ലിയാര്‍ മൂന്ന് വാല്യങ്ങളിലായി രചിച്ച ഫത്ഹുല്‍ ഫത്താഹ് അറബി മലയാളത്തിലെ ശ്രദ്ധേയമായ ഇസ്‌ലാമിക ചരിത്ര ഗ്രന്ഥമാണ്. ആദംനബി മുതല്‍ അവസാന തുര്‍കി ഖലീഫഃ സുല്‍ത്വാന്‍ അബ്ദുല്‍ ഹമീദിന്റെ സ്ഥാനഭ്രംശം വരെയുള്ള ചരിത്രം ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഇ.കെ. മൗലവി കടവത്തൂര്‍ രചിച്ച ഖുലാസ്വതു സീറതുന്നബവിയ്യഃ, വി.പി. മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും പി.എന്‍. മുഹമ്മദ് മൗലവിയും ചേര്‍ന്നു രചിച്ച ഖുലാസ്വതു താരീഖില്‍ ഇസ്‌ലാമിയ്യഃ, സി.എച്ച്. അബ്ദുല്ലാ മൗലവി അറബിയില്‍നിന്ന് വിവര്‍ത്തനം ചെയ്ത സീറതുന്നബവിയ്യഃ, കെ.സി. കോമുക്കുട്ടി മൗലവി ഉര്‍ദുവില്‍നിന്ന് വിവര്‍ത്തനം ചെയ്ത സീറതുര്‍റസൂല്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം രചിച്ച ഫത്ഹുല്‍ ബയാന്‍ ഫീ സീറതിന്നബിയ്യില്‍ അമീന്‍, അബ്ദുല്ലാ മൗലവി(തലശ്ശേരി)യുടെ സീറതു അഹ്മദിയ്യഃ തുടങ്ങിയവ അറബി മലയാളത്തിലെ പ്രധാന നബിചരിത്ര ഗ്രന്ഥങ്ങളാണ്.
അവലംബം : ഇസ്‌ലാമിക വിജ്ഞാന കോശം