എഴുതിയത് : അബ്ദുല്ലത്തീഫ് |
അപഹരിക്കപ്പെട്ട സീതയെ അന്വേഷിച്ചു വനത്തിലൂടെ പോകുമ്പോള്‍ കണ്ടുകിട്ടുന്ന കാതുകളിലെയും കഴുത്തിലെയും ആഭരണങ്ങള്‍ സീതയുടെയാണെന്നു പറയാന്‍ ലക്ഷ്മണനു കഴിയുന്നില്ല. പാദങ്ങളിലണിഞ്ഞ ആഭരണങ്ങള്‍ കണ്ടപ്പോള്‍ മാത്രമാണ് ജ്യേഷ്ഠത്തിയമ്മയുടേതാണെന്നു തിരിച്ചറിയാന്‍ ശ്രീരാമന്റെ അനുജന്‍ ലക്ഷ്മണനു കഴിഞ്ഞുള്ളൂ. കാഴ്ചകളെക്കുറിച്ചുള്ള ആലോചനകള്‍ക്ക് ഏറെ പഴക്കമുണ്ട്.
”മനുഷ്യനോടുള്ള ദൈവത്തിന്റെ കാരുണ്യത്തിന്റെയും ദൈവീകസംരക്ഷണത്തിന്റെയും നിദര്‍ശനമാണ് മനുഷ്യനു നല്‍കിയിട്ടുള്ള കണ്ണുകള്‍. അവനു നാം കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും നല്‍കുകയും തെളിഞ്ഞുനില്‍ക്കുന്ന രണ്ടുപാതകള്‍ കാട്ടിക്കൊടുക്കുകയും ചെയ്തില്ലേ?”(90:8-10) എന്നു ചോദിക്കുന്ന ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു: നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയവും നല്‍കിയിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കുവിന്‍.
‘കണ്ണുകള്‍ അവനെ കാണുന്നില്ല; കണ്ണുകളെ അവന്‍ കാണുന്നു.’ ഖുര്‍ആനിലെ പ്രശസ്തമായ ഈ വചനം ബുദ്ധിജീവികളെ ഹഠാതാകര്‍ഷിച്ചിട്ടുണ്ട്. ബൈബിളില്‍ ദൈവത്തിന്റെ ആ കാഴ്ച അതീവ സൂക്ഷ്മമാണെന്നു പറയുന്നുണ്ട്. കര്‍ത്താവിന്റെ ദൃഷ്ടികള്‍ എല്ലായിടത്തും പതിയുന്നു. ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന് ഉറ്റുനോക്കുന്നു. (സുഭാഷിതങ്ങള്‍)
കണ്ണുകള്‍ നല്‍കിയ ദൈവം അവകൊണ്ടു കാണേണ്ടതും കാണരുതാത്തതും എന്തെല്ലാം എന്നുകൂടി പഠിപ്പിക്കുന്നു. സദാചാരനിര്‍ദേശങ്ങളില്‍ ആത്മനിയന്ത്രണത്തിന്റെ പ്രത്യക്ഷാംശമാണ് കണ്ണുകളുടെ സൂക്ഷ്മത.
പരസ്ത്രീകളോട് ലൈംഗികാസക്തിഉളവാക്കുന്ന നോട്ടം വിലക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ ശ്രദ്ധിക്കുക: ”(നബിയേ) സത്യവിശ്വാസികളോട് അവരുടെ കണ്ണുകള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ്.”(24:30)
സത്യവിശ്വാസികളോടും അവരുടെ കണ്ണുകള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍നിന്നു പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക(24:31)
കണ്ണുകള്‍ നടത്തുന്ന ഒളിനോട്ടങ്ങളെല്ലാം ദൈവം കാണുന്നു എന്ന താക്കീതും ഖുര്‍ആന്‍ നല്‍കുന്നു. ബൈബിളിലെ പ്രഭാഷകന്‍ കണ്ണുകളുടെ നിയന്ത്രണത്തിനു നല്‍കുന്ന ഉപദേശം ഓര്‍ക്കുക:
”രൂപവതിയില്‍ കണ്ണു പതിയരുത്.
മറ്റൊരുവനു സ്വന്തമായ
സൗന്ദര്യത്തെ അഭിലഷിക്കരുത്.
സ്ത്രീസൗന്ദര്യം
അനേകരെ വഴിതെറ്റിച്ചിട്ടുണ്ട്.
വികാരം അഗ്നിപോലെ
ആളിക്കത്തുന്നു.
അന്യന്റെ ഭാര്യയുമായി
ഭക്ഷണത്തിനിരിക്കരുത്.
വീഞ്ഞുകുടിച്ചു
മദിക്കുകയുമരുത്.
നിന്റെ ഹൃദയം
അവളിലേക്ക് ആകൃഷ്ടമാവും.
നീ നാശത്തിലേക്കു
തെന്നിവീഴും”(9-8,9)
സനാതനമായ ഇത്യാദി സന്മാര്‍ഗതത്ത്വങ്ങള്‍ ഇന്നത്തെ സമൂഹം ചിന്താവിധേയമാക്കേണ്ടതാണ്. കണ്ണുകളെ ധര്‍മാധിഷ്ഠിതമാക്കുന്ന വ്രതശുദ്ധി മനുഷ്യസാധ്യമാണെന്നും നാം മനസ്സിലാക്കണം.