കര്‍മങ്ങള്‍

عَنْ عُمَرَ بْنِ الْخَطَّابِ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّمَا الْأَعْمَالُ بِالنِّيَّةِ، وَإِنَّمَا لِامْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللهِ وَرَسُولِهِ، فَهِجْرَتُهُ إِلَى اللهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْه

ഉമറി(റ)ല്‍ നിന്ന് നിവേദനം. നബി(സ) പറയുന്നത് ഞാന്‍ കേട്ടു: നിശ്ചയം കര്‍മങ്ങള്‍ ഉദ്ദേശ്യമനുസരിച്ചാണ്. ഒരു മനുഷ്യന് അവന്‍ ഉദ്ദേശിച്ചത് മാത്രമാണുണ്ടാവുക. ആരുടെയെങ്കിലും പലായനം അല്ലാഹുവിലേക്കും റസൂലിലേക്കുമാണെങ്കില്‍ അവന്റെ പലായനം അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. ആരുടെയെങ്കിലും പലായനം ലൗകിക നേട്ടങ്ങള്‍ക്കോ, ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യാനോ ആണെങ്കില്‍, അവന്റെ പലായനം അവന്‍ ലക്ഷ്യം വെച്ചതിലേക്ക് തന്നെയായിരിക്കും (ബുഖാരി).

إِنَّمَا الأَعْمَالُ بِالنِّيَّةِ

إنّْما എന്ന പദം ‘മാത്രം’ എന്ന അര്‍ഥത്തെ കുറിക്കുന്നു. عمل(കര്‍മം) എന്നതിന്റെ ബഹുവചനമാണ് أعْمَال. നിയ്യത്ത് എന്നതിനെയാണ് ഉദ്ദേശ്യം എന്ന് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. അതിന്റെ ബഹുവചനമാണ് നിയ്യാത്ത്. ഹൃദയത്തിലാണ് അത് നിലകൊള്ളുന്നത്.
ഇബാദത്തുകള്‍ നിര്‍വഹിക്കുമ്പോള്‍ അല്ലാഹുവിന്റെ പ്രീതി നേടലാവണം അതിന്റെ ഉദ്ദേശ്യം എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

ومَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ

നിസ്വാര്‍ഥമായി അല്ലാഹുവിന് ഇബാദത്ത് ചെയ്യാനല്ലാതെ അവര്‍ കല്‍പിക്കപ്പെട്ടിട്ടില്ല (അല്‍ബയ്യിന).
അങ്ങനെയെങ്കില്‍ എന്താണ് നിയ്യത്ത്? നമസ്‌കാരം നമുക്കൊരു ഉദാഹരണമായെടുക്കാം. ഏത് നമസ്‌കാരമാണോ നിര്‍വഹിക്കുന്നത് അതിനെ കുറിച്ച ബോധം, ഭൗതികമായ എന്തെങ്കിലും താല്‍പര്യങ്ങള്‍ക്കു വേണ്ടിയല്ല പ്രത്യുത അല്ലാഹുവിന്റെ പ്രീതിയാണ് ഇതിന്റെ ലക്ഷ്യം, ഇത് അല്ലാഹുവിന്റെ കല്‍പന പാലിക്കലാണെന്ന ധാരണ എന്നീ മൂന്ന് ഘടകങ്ങളും ചേര്‍ന്നതാണ് നമസ്‌കാരത്തിലെ നിയ്യത്ത്.
പ്രത്യക്ഷത്തില്‍ സല്‍കര്‍മമെന്ന് തോന്നിക്കുന്ന പലതും ഉദ്ദേശ്യശുദ്ധി കളങ്കിതമാവുന്നതോടെ അല്ലാഹുവിങ്കല്‍ സ്വീകാര്യമാവാതെ പോവും. കാരണം ബാഹ്യവശം മാത്രം നോക്കി തീരുമാനമെടുക്കുന്നവനല്ലല്ലോ അല്ലാഹു. ആകാരത്തിലേക്കോ രൂപത്തിലേക്കോ അല്ല, ഹൃദയങ്ങളിലേക്കാണ് അല്ലാഹുവിന്റെ നോട്ടം എന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ اللهَ لَا يَنْظُرُ إِلَى صُوَرِكُمْ وَأَمْوَالِكُمْ، وَلَكِنْ يَنْظُرُ إِلَى قُلُوبِكُمْ وَأَعْمَالِكُمْ

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ രൂപത്തിലേക്കോ സമ്പത്തിലേക്കോ നോക്കുന്നില്ല. മറിച്ച് നിങ്ങളുടെ ഹൃദയങ്ങളിലേക്കും കര്‍മങ്ങളിലേക്കുമാണ് (മുസ്‌ലിം 2564)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ” قَالَ اللهُ تَبَارَكَ وَتَعَالَى: أَنَا أَغْنَى الشُّرَكَاءِ عَنِ الشِّرْكِ، مَنْ عَمِلَ عَمَلًا أَشْرَكَ فِيهِ مَعِي غَيْرِي، تَرَكْتُهُ وَشِرْكَهُ

അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ അരുളുന്നു: പങ്കാളികളുടെ ശിര്‍ക്കില്‍ നിന്നും ഞാന്‍ ഏറെ ഐശ്വര്യവാനാണ്. ആരെങ്കിലും എന്റെ കൂടെ മറ്റാരെയെങ്കിലും ചേര്‍ത്തുകൊണ്ട് വല്ല കര്‍മവും ചെയ്താല്‍ ഞാന്‍ അതും ആ പങ്കാളിത്തവും ഉപേക്ഷിക്കും. (മുസ്‌ലിം 2985).
സ്വബോധത്തോടെ, സ്വഭീഷ്ടപ്രകാരം മനുഷ്യന്‍ ചെയ്യുന്ന ഏതൊരു കര്‍മവും സോദ്ദേശ്യപരമായിരിക്കും. അതേസമയം ആ ഉദ്ദേശ്യങ്ങള്‍ തമ്മില്‍ അജഗജാന്തരമുണ്ടായിരിക്കാം. ഒരേ പ്രവൃത്തി ചെയ്യുന്നവരില്‍ തന്നെ ചിലരുടെ ഉദ്ദേശ്യം അത്യുന്നതമായിരിക്കും. ചിലരുടേത് അങ്ങേയറ്റം നീചവും. ആ പ്രവൃത്തിയുടെ തുടക്കവും ഒടുക്കവും രീതികളുമെല്ലാം പ്രത്യക്ഷത്തില്‍ സമമായിരിക്കാം.
ചുരുക്കത്തില്‍ നിയ്യത്തില്ലാതെ സ്വബോധത്തോടെ ആരും ഒന്നും ചെയ്യുന്നില്ല എന്ന യാഥാര്‍ഥ്യമാണ് ഈ ഹദീസിലെ ആദ്യവചനം നമ്മോട് പറയുന്നത്. ആ ഉദ്ദേശ്യത്തിന്റെ ഫലത്തെ കുറിച്ചാണ് രണ്ടാമത്തെ വാചകം. അതായത്,

وَإِنَّمَا لِامْرِئٍ مَا نَوَى

എല്ലാം, എല്ലാവരും :كل
മനുഷ്യന്‍ :امرؤ
ഉദ്ദേശിച്ചു :نوى

അല്ലാഹുവിന്റെ പ്രീതിയും അതിനോടനുബന്ധമായി പരലോക വിജയവുമാണ് ഒരു കര്‍മത്തിലൂടെ ഒരാള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവനത് ലഭിക്കും. എന്നാല്‍ ഐഹികമായ കാര്യങ്ങളാണ് ലക്ഷ്യമാക്കുന്നതെങ്കില്‍ അത് ലഭിക്കുകയോ ലഭിക്കാതിരിക്കുകയോ ചെയ്യാം. അല്ലാഹു പറയുന്നു:

مَنْ كَانَ يُرِيدُ الْعَاجِلَةَ عَجَّلْنَا لَهُ فِيهَا مَا نَشَاءُ لِمَنْ نُرِيدُ

ക്ഷണികമായതിനെ (ഇഹലോകത്തെ)യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് (അവരില്‍ നിന്ന്) നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ചുതന്നെ വേഗത്തില്‍ നല്‍കുന്നതാണ്(അല്‍ ഇസ്‌റാഅ് 18).

അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്, അല്ലാഹു ഉദ്ദേശിക്കുന്നത് നല്‍കുമെന്നേ ഇവിടെ പറയുന്നുള്ളൂ. എല്ലാവര്‍ക്കും അവര്‍ ഉദ്ദേശിക്കുന്നതെല്ലാം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ല. ചിലര്‍ക്ക് അവര്‍ ഉദ്ദേശിച്ചത് പൂര്‍ണമായും, മറ്റു ചിലര്‍ക്ക് ഭാഗികമായും ലഭിച്ചേക്കാം. ചിലര്‍ക്ക് ഒന്നും ലഭിച്ചില്ല എന്നും വരാം. ഇതാണ് ഐഹിക ജീവിതത്തിന്റെ സ്വഭാവം.
എന്നാല്‍ പരലോകത്തിന്റെ കാര്യം അങ്ങനെയല്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചവര്‍ക്ക് അത് കിട്ടുക തന്നെ ചെയ്യും. അല്ലാഹു പറയുന്നു:

وَمَنْ أَرَادَ الْآخِرَةَ وَسَعَى لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَئِكَ كَانَ سَعْيُهُمْ مَشْكُورًا

ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും (അല്‍ ഇസ്‌റാഅ് 19).
കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന്റെ ആന്തരികമായ മാനദണ്ഡമാണ് നിയ്യത്ത്. ഖുര്‍ആനിനും സുന്നത്തിനും അനുരോധമായിരിക്കുക എന്നതാണ് ഒരു കര്‍മത്തിന്റെ സ്വീകാര്യത നിര്‍ണയിക്കുന്ന ബാഹ്യമായ അളവുകോല്‍.

عَنْ عَائِشَةَ، قَالَتْ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ

നബി(സ) പറഞ്ഞു: ആരെങ്കിലും നമ്മുടെ ഈ കാര്യത്തില്‍ ഇല്ലാത്തത് പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ് (മുസ്‌ലിം 1718).(ബുഖാരി 2697).
ശേഷം, മുമ്പ് പറഞ്ഞ രണ്ട് കാര്യങ്ങളെയും ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് പ്രവാചകന്‍.

فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ
ഇഹലോകം :دنيا
നേടുന്നു :يصيب
സ്ത്രീ :امرأة
വിവാഹം കഴിക്കുന്നു :ينكح

വെടിയുക, ഉപേക്ഷിക്കുക, പിണങ്ങുക, തെറ്റിപ്പിരിയുക, വെറുക്കുക എന്നൊക്കെയാണ് ഹജറ എന്ന പദത്തിന്റെ ഭാഷാര്‍ഥം. ഒരു നാടുവിട്ട് മറ്റൊരു നാട്ടിലേക്ക് പോവുക, അഭയാര്‍ഥിയായി പോവുക എന്ന അര്‍ഥത്തിനാണ് ഹാജറ എന്ന പദം ഉപയോഗിക്കുക. അനിസ്‌ലാമിക ദേശത്തുനിന്ന് ഇസ്‌ലാമിക ദേശത്തേക്ക് മാറി താമസിക്കുന്നതിനെയാണ് സാങ്കേതികഭാഷയില്‍ ഹിജ്‌റ എന്നു പറയുന്നത്. അതിന്റെ പ്രചോദനങ്ങളും കാരണങ്ങളും വിഭിന്നങ്ങളാവാം.
അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിച്ചും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചും പൂര്‍ണ മുസ്‌ലിമായി ജീവിക്കലാണ് അവയിലൊന്ന്. പ്രസ്തുത ഉദ്ദേശ്യത്തോടെ പലായനം ചെയ്യുന്നവന് അതിന്റെ പ്രതിഫലം അല്ലാഹു നല്‍കും.
ഭൗതിക ലാഭങ്ങള്‍ നേടാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് മറ്റൊന്ന്. ഇസ്‌ലാമിക രാജ്യത്തെ സുഭിക്ഷതയെയും ഉയര്‍ന്ന ശമ്പളമുള്ള ജോലി സാധ്യകളെയും കുറിച്ച് കേട്ടറിഞ്ഞ ഒരാള്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത് ഉദാഹരണം. അവന് അവന്റെ ഉദ്ദേശ്യം സഫലമായേക്കാം.
അതല്ലെങ്കില്‍ ഇസ്‌ലാമിക രാജ്യത്ത് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ ഒരാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, ഒരു അനിസ്‌ലാമിക രാജ്യത്തേക്ക് മകളെ വിവാഹം ചെയ്തയക്കാന്‍ അവളുടെ രക്ഷിതാക്കള്‍ തയ്യാറല്ല. ഈ സാഹചര്യത്തില്‍ അവന്‍ അവളെ വിവാഹം കഴിക്കാനായി അങ്ങോട്ട് താമസം മാറുന്നു. ഇതാവാം ഹിജ്‌റയുടെ മറ്റൊരു പ്രചോദനം.
ഇവിടെ സമ്പത്തോ വിവാഹമോ മറ്റു ഇതര ഭൗതിക നേട്ടങ്ങളോ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ പലായനത്തിലൂടെ ലക്ഷ്യമാക്കുന്നത് ആദര്‍ശ സംരക്ഷണമോ അതിനനുയോജ്യമായ നാടോ അല്ല. അതിനാല്‍ പ്രവാചകന്‍ പറഞ്ഞു:

فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ

ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം ഇതാണ്. അതായത്, ആദര്‍ശ സംരക്ഷണാര്‍ഥമുള്ള ഹിജ്‌റയെ കുറിച്ച് പറഞ്ഞതിന്റെ അവസാനം പ്രവാചകന്‍ പറഞ്ഞത്:

فَهِجْرَتُهُ إِلَى اللهِ وَرَسُولِهِ

എന്നാണ്. എന്നാല്‍ ആ ശൈലിയില്‍ നിന്ന് ഭിന്നമായ സ്വരമാണ് അവസാനം നാം കാണുന്നത്.

فهجرته إلى دنيا يصيبها أو امرأة يتزوجها

എന്നല്ല പ്രവാചകന്‍ പറഞ്ഞത്. എന്തുകൊണ്ടായിരിക്കും ഈ മാറ്റം?
വാചകത്തിന്റെ ദൈര്‍ഘ്യം കുറക്കാനാണെന്നാണ് ചിലരുടെ അഭിപ്രായം. അതല്ല, ഇവിടെ പറയപ്പെട്ട കാര്യങ്ങളെ നിസ്സാരമാക്കലും അവയോടുള്ള അവഗണനയുമാണ് അതിന് കാണമെന്ന് മറ്റുചിലര്‍. അഥവാ പരലോകത്തെ അപേക്ഷിച്ച് അവ രണ്ടും എത്രയോ നിസ്സാരമാണ്. ഭൗതിക വിഭവങ്ങളോ വിവാഹമോ ഉദ്ദേശിച്ചുകൊണ്ടുള്ള ഹിജ്‌റ വളരെ നിലവാരം കുറഞ്ഞ പ്രവൃത്തിയാണ്. വിവാഹം കഴിക്കാനോ മറ്റു ഭൗതിക ലാഭങ്ങളോ ലക്ഷ്യമാക്കി ഇസ്‌ലാം സ്വീകരിക്കുന്നതും ഇതുപോലെ തന്നെയാണ്. അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ തീരുമാനമെടുക്കലാണ് ഇസ്‌ലാമാശ്ലേഷം. അതിന് മാത്രമേ അല്ലാഹുവിന്റെ പരിഗണന കിട്ടുകയുള്ളൂ.

അനുബന്ധം:
മറ്റൊരു രീതിയില്‍ ഹിജ്‌റയെ നമുക്ക് മൂന്നായി തരം തിരിക്കാം:
1. സ്വദേശം വെടിയല്‍ അഥവാ ആദര്‍ശ, ധാര്‍മിക, സദാചാര സംരക്ഷണാര്‍ഥമുള്ള പലായനം.
2. അധര്‍മവും ധിക്കാരവും വെടിയല്‍

عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: المُسْلِمُ مَنْ سَلِمَ المُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ

നബി(സ) പറഞ്ഞു: ആരുടെ കയ്യില്‍ നിന്നും നാവില്‍ നിന്നും മറ്റു മുസ്‌ലിംകള്‍ സുരക്ഷിതരായോ അവനാണ് മുസ്‌ലിം. അല്ലാഹു വിരോധിച്ചവ ഉപേക്ഷിക്കുന്നവനാണ് മുഹാജിര്‍(മുസ്‌ലിം 41).

3. ബഹിഷ്‌കരണം. പരസ്യമായി തെറ്റു ചെയ്യുകയും അതില്‍ യാതൊരു മനസ്താപവുമില്ലാതിരിക്കുകയും ചെയ്യുന്ന മുസ്‌ലിമിനെ ബഹിഷ്‌കരിക്കല്‍ ചില സന്ദര്‍ഭങ്ങളില്‍ നിര്‍ബന്ധമാണെന്ന് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് പ്രയോജനമുണ്ടാവണമെന്നുമാത്രം. ബഹിഷ്‌കരിക്കപ്പെടുന്നവന് തിരിച്ചറിവുണ്ടാവുകയും തെറ്റില്‍ നിന്ന് പിന്‍മാറുകയും ചെയ്യുക എന്നതാണ് ആ ഉദ്ദിഷ്ട പ്രയോജനം. ഉദാഹരണമായി കച്ചവടത്തില്‍ ചതിയും വഞ്ചനയും ശീലമാക്കിയവനെയോ പലിശയിടപാട് നടത്തുകയോ നമസ്‌കരിക്കാതിരിക്കുകയോ ചെയ്യുന്നവനെ ബഹിഷ്‌കരിച്ചാല്‍ ? അവരുമായി സംസാരിക്കാതിരിക്കുക, ഇടപാടുകള്‍ നടത്താതിരിക്കുക അതുകൊണ്ട് ഫലമുണ്ടാവുമെങ്കില്‍ ഒരു ചികിത്സ എന്ന നിലക്ക് അത് ആവശ്യമാണെന്നര്‍ഥം. എന്നാല്‍ പ്രയോജനരഹിതമാണെങ്കില്‍ ബഹിഷ്‌കരണം പാടില്ലാത്തതാകുന്നു.

عَنْ أَبِي أَيُّوبَ الْأَنْصَارِيِّ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: «لَا يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلَاثِ لَيَالٍ، يَلْتَقِيَانِ فَيُعْرِضُ هَذَا وَيُعْرِضُ هَذَا، وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلَامِ

അബൂഅയ്യൂബില്‍ അന്‍സാരിയില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ഒരു മുസ്‌ലിമിനും തന്റെ സഹോദരനോട് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പിണങ്ങി നില്‍ക്കുന്നത് അനുവദനീയമല്ല. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നു. അപ്പോള്‍ അവര്‍ പരസ്പരം തിരിഞ്ഞുകളയുന്നു (അത് പാടില്ല). അവരില്‍ ഉത്തമന്‍ ആദ്യം സലാം പറയുന്നവനാണ് (മുസ്‌ലിം 2560).

Related Post