കുടുംബം ബന്ധം
ഒരിക്കല്‍ ഒരാള്‍ എന്നോട് ചോദിച്ചു : എങ്ങനെയാണ് ഞാന്‍ കുടുംബ ബന്ധം കാത്തുസൂക്ഷിക്കേണ്ടത്? റമദാനിലും രണ്ട് പെരുന്നാള്‍ ദിനങ്ങളിലും കുടുംബാംഗങ്ങള്‍ക്ക് ആശംസ അറിയിച്ചാല്‍ മാത്രം മതിയോ?
ഞാന്‍ പറഞ്ഞു : ആശംസ അറിയിക്കല്‍ കുടുംബ ബന്ധം ചേര്‍ക്കലിന്റെ ഭാഗം തന്നെയാണെങ്കിലും അത് മാത്രം പോരാ. കുടുംബം ബന്ധം നിലനിര്‍ത്താന്‍ വേറെയും നിരവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും.
1. കുടുംബാംഗങ്ങളെയും കുടുംബ വീടുകളും ഇടക്കിടക്ക് സന്ദര്‍ശിക്കുക. പരസ്പരം സന്ദര്‍ശനം നടത്തുന്ന മുസ്‌ലിംകളെ അല്ലാഹു സ്‌നേഹിക്കുമെന്നതില്‍ സംശയമില്ല.
2. ബന്ധുക്കളെ സഹായിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുക. പ്രവാചകന്‍ പറഞ്ഞിരിക്കുന്നു : ‘അഗതിയെ സഹായിക്കല്‍ സ്വദഖയാണ്, ബന്ധുവിനെ സഹായിക്കല്‍ സ്വദഖയും കുടുംബ ബന്ധം ചേര്‍ക്കലുമാണ്’. ബന്ധുക്കളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ മാത്രമാണ് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അത് പരിഹരിക്കാനും സാധിക്കുക.
3. ബന്ധുക്കള്‍ക്ക് പാരിതോഷികങ്ങള്‍ കൈമാറുക. ‘പരസ്പരം ഇഷ്ടപ്പെടാനും സമ്മാനങ്ങള്‍ കൈമാറാനും’ പ്രവാചകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത് സ്‌നേഹം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതാണ്. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കുമ്പോള്‍ കുടുംബ ബന്ധം കൂടുതല്‍ ശക്തമാകും.
4. ബന്ധുക്കളുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുക. പ്രവാചകന്‍ പറഞ്ഞു ‘സലാം പറഞ്ഞുകൊണ്ടാണെങ്കിലും നിങ്ങള്‍ കുടുംബ ബന്ധം ചേര്‍ക്കുക’.
5. അനന്തരാവകാശികളല്ലാത്ത ബന്ധുക്കള്‍ക്ക് സ്വത്തില്‍ നിന്നും ഓഹരി നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യല്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കും. അല്ലാഹു പറഞ്ഞിരിക്കുന്നു : ‘നിങ്ങളിലാരെങ്കിലും മരണാസന്നരായാല്‍ അവര്‍ക്കു ശേഷിപ്പു സ്വത്തുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ന്യായമായ നിലയില്‍ ഒസ്യത്ത് ചെയ്യാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്'(അല്‍ ബഖറ 180)
6. ബന്ധുക്കളെ പ്രയാസപ്പെടുത്താതിരിക്കുകയും വേദനിപ്പിക്കാതിരിക്കുകയും ചെയ്യുക. ‘അല്ലാഹുവിന്റെ സിംഹാസനവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുടംബ ബന്ധം. എന്നെ ചേര്‍ത്തവന്‍ അല്ലാഹുവുമായുള്ള ബന്ധം ചേര്‍ത്തിരിക്കുന്നുവെന്നും എന്നെ മുറിച്ചവന്‍ അല്ലാഹുവുമായുള്ള ബന്ധം മുറിച്ചിരിക്കുന്നുവെന്നും അത് പറഞ്ഞുകൊണ്ടിരിക്കുന്നു’ എന്ന് പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹുവുമായുള്ള ബന്ധം മുറിച്ചവന്‍ എങ്ങനെ വിജയിക്കും? കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ പുതിയ കാലത്ത് ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്താവുന്നതാണ്.
7. നമസ്‌കാരമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനാ വേളകളില്‍ ബന്ധുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക.
മുകളില്‍ സൂചിപ്പിച്ച ഏഴ് കാര്യങ്ങളും കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ഉപകരിക്കുന്ന മാര്‍ഗങ്ങളാണ്. ഇതല്ലാത്ത വേറെയും നിരവധി മാര്‍ഗങ്ങളുണ്ട്. ഏതേത് മാര്‍ഗങ്ങള്‍ ഉപയോഗിച്ചായാലും, കുടുംബ ബന്ധം ചേര്‍ക്കുന്നവന് പ്രവാചകന്‍ വാഗ്ദാനം ചെയ്ത മഹത്തായ അനുഗ്രഹങ്ങള്‍ നേടിയെടുക്കാനാകും. പ്രവാചകന്‍ പറഞ്ഞു : ‘ഏതെങ്കിലുമൊരുത്തന്‍ തന്റെ ആഹാരത്തില്‍ വിശാലത നല്‍കപ്പെടാനും ആയുസ്സ് പിന്തിക്കപ്പെടാനും ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ കുടുംബ ബന്ധം ചേര്‍ത്തുകൊള്ളട്ടെ’.