ചൈനയില്‍ പ്രതിവര്‍ഷം 2000 അറബിഭാഷ പണ്ഡിതന്മാര്‍ പുറത്തിറങ്ങുന്നു

By:

ത്വാഇഫ് : അറബിഭാഷയെയും സാഹിത്യത്തെയുംപരിചയപ്പെടുത്താനും കൂടുതല്‍ العربية في الصينതദ്ദേശീയരിലേക്ക് എത്തിക്കുന്നതിനും സാംസ്‌കാരിക മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ചൈനയില്‍ സജീവ ശ്രമം നടന്നുവരുന്നതായി അവിടെ നിന്നെത്തിയ അറബി പണ്ഡിതന്മാര്‍. സൂഖ് ഉക്കാളില്‍ നടന്ന സെമിനാറിലാണ് മുഖ്യാതിഥികളായെത്തിയ ചൈനീസ് പ്രതിനിധികള്‍ അറബിഭാഷയുടെ ചൈനയിലെ വളര്‍ച്ചയും വികാസവും വിശദീകരിച്ചത്.

അറബ് വ്യാപാരികളിലൂടെ ചൈനയില്‍ കടന്നുവന്ന ഭാഷ ഖുര്‍ആന്‍ പഠനത്തിലൂടെയും വിവര്‍ത്തനത്തിലൂടെയും പുഷ്ടിപ്പെടുകയും പിന്നീട് അക്കാദമികതലങ്ങളില്‍ കൂടുതല്‍ സ്വീകാര്യത കൈവരിക്കുകയും ചെയ്തതായി ഡോ. സാബിഖ് ജിയാ മിന്‍ വ്യക്തമാക്കി. മധ്യനൂറ്റാണ്ടുകളില്‍ അറബ്‌ചൈന വ്യാപാരബന്ധം ശക്തമായിരുന്നതിനാല്‍ മറ്റു ബോധപൂര്‍വമായ ശ്രമങ്ങളില്ലാതെയാണ് അറബിഭാഷയുടെ പ്രചാരം ചൈനയിലുണ്ടായത്. 15-ാം നൂറ്റാണ്ടില്‍ ചൈനയില്‍ ഇസ്‌ലാമികപഠനം സജീവമായതോടെ ഇത് വളര്‍ന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ധാരാളം ഇസ്‌ലാമികകലാലയങ്ങള്‍ രാജ്യത്ത് സ്ഥാപിതമായത് അറബിയുടെ പ്രചാരണത്തിന് ആക്കം കൂട്ടി. ഖുര്‍ആന്‍ പരിഭാഷയും ചില ഗോളശാസ്ത്രഗ്രന്ഥങ്ങളുടെ വിവര്‍ത്തനവും ചൈനയില്‍ പുറത്തിറങ്ങിഅദ്ദേഹം വിശദീകരിച്ചു.

1945ല്‍ രണ്ടാം ലോകയുദ്ധാനന്തരം കുറെയേറെ പണ്ഡിതന്മാര്‍ കൈറോയിലെ അല്‍അസ്ഹര്‍ കലാശാലയില്‍ നിന്നും മറ്റും പഠനം പൂര്‍ത്തിയക്കി നാട്ടില്‍ തിരിച്ചെത്തി. ഇവര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ നടത്തിയ ശ്രമങ്ങളാണ് ബെയ്ജിങ് കലാശാലയില്‍ അറബി ഡിപ്പാര്‍ട്ട്‌മെന്റിന് തുടക്കമിട്ടത്. അങ്ങനെ പള്ളിയില്‍നിന്നു സര്‍വകലാശാലയിലേക്ക് അറബിപഠനം സംക്രമിച്ചു. 1969ല്‍ അറബി – ചൈനീസ് നിഘണ്ടുവുണ്ടായി. തൊണ്ണൂറുകളോടെ അറബിപഠനത്തിന്റെ സുവര്‍ണദശയുടെ ആരംഭമായിരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 2000 പേര്‍ അറബിപണ്ഡിതന്മാരായി പുറത്തിറങ്ങുന്നുണ്ടെന്ന് ഡോ. സാബിഖ് പറഞ്ഞു.

ഖുര്‍ആന്‍ വിവര്‍ത്തനത്തിലൂടെയാണ് അറബിസാഹിത്യം ചൈനയില്‍ പ്രചാരം നേടുന്നതെന്ന് ‘അറബിസാഹിത്യവും സംസ്‌കാരവും ചൈനയില്‍’ എന്ന വിഷയമവതരിപ്പിച്ച ഡോ. സാഇദ് ചുങ് ജി കൂണ്‍ ചൂണ്ടിക്കാട്ടി. മതഗ്രന്ഥം എന്നതിലുപരി വിശിഷ്ടമായൊരു സാഹിത്യമൂല്യം കൂടി ഖുര്‍ആനിനുണ്ട്. പത്തിലേറെ ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍ ചൈനയില്‍ ലഭ്യമാണ്. 1890 ല്‍തന്നെ ഇമാം ബൂസ്വീരീയുടെ ബുര്‍ദയും 1941ല്‍ ആയിരത്തൊന്നുരാവുകളും ചൈനീസിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. ഖലീല്‍ ജിബ്രാന്‍ മുതല്‍ നജീബ് മഹ്ഫൂസും സൗദി എഴുത്തുകാരനായ ഗാസി ഖുസൈബിയും വരെ ഇന്ന് ചൈനയില്‍ ചിരപരിചിതരാണെന്ന് അദ്ദേഹം പറഞ്ഞു. ബെയ്ജിങ് കലാശാല അറബി വിഭാഗത്തിലെ ഡോ. ലൈല അറബി സപ്തഗീതകങ്ങളുടെ ചൈനയിലെ പ്രചാരം വിശദീകരിച്ചു.

Related Post